top of page
2.png

സ്വപ്നാടനം 

സ്വപ്നാടനം    ചെറുകഥ ||അളകനന്ദിനി

"ങും എന്താ ഇത്ര നേരത്തേ പോകുന്നത്?"

 മാനേജർ നെറ്റി ചുളിച്ചു.  അയാളുടെ മുഖക്കുരുവടുക്കൾ നിറഞ്ഞ  മുഖം ക്രൗര്യം നിറയുമ്പോൾ  ശവക്കുഴി തോണ്ടിക്കിടക്കുന്ന കാഴ്ച പോലെ  അസ്സഹനീയമാണ്.

 

  "ഞാൻ തന്ന ഫയലുകളെല്ലാം തീർത്തോ?"

അവൾ മുഖം കുനിച്ചു.

''രണ്ടു കത്തു കൂടി തീരാനുണ്ട് " .  

"ങും പൊക്കോളൂ. നാളെ രാവിലെ വന്നാലുടൻ അതു തീർത്ത് മേശപ്പുറത്തു വയ്ക്കണം".

"യേസ് സർ;

1.jpeg

കർക്കശക്കാരനായ ഓഫീസറുടെ മുന്നിൽ നിന്നും സാറ രക്ഷപെട്ട് ലിഫ്റ്റിൽ കയറി താഴെയെത്തിയ ശേഷം സ്കൂട്ടർ ഓടിച്ചു പോയി.

 

 തുടക്കത്തിൽ അവർ നാലു പേരായിരുന്നു.   കുറച്ചു കഴിഞ്ഞപ്പോൾ മൂന്നു പേർ ജോലിയുപേക്ഷിച്ചു പോയി.

 

 ഇപ്പോൾ മൂന്നാളുടെ പണി സാറ ഒറ്റയ്ക്കു ചെയ്യുന്നു.  എന്നിട്ടും ഒരു കരുണയും കാണിയ്ക്കുന്നില്ല. ദുഷ്ടൻ. കണ്ണിൽ ചോരയില്ലാത്ത മനുഷ്യൻ. അവളോർത്തു.

 

പള്ളിമുക്കിലെത്തിയപ്പോൾ ഒരുത്തി വട്ടം ചാടി.  ആ തടിച്ചിപ്പെണ്ണു  മൊബൈലിൻ്റ ലോകത്തു നാണിച്ചു നടക്കുന്നു.

 

 അപ്പോഴേക്കും സിഗ്നൽ ചുവപ്പായി. നാശം. എല്ലാം അശുഭം. അവൾ വാച്ചിൽ നോക്കി പ്രാകി. ബാഗിൽ കിടന്ന മൊബൈൽ കരയാൻ തുടങ്ങി.  അമ്മയോ അനിയത്തിമാരോ ആയിരിക്കും അവൾ ക്ഷമയോടെ പച്ച സിഗ്നലിനു വേണ്ടി കാത്തു നിന്നു. 

 

സിഗ്നൽ  പച്ച വെളിച്ചം വന്നു.

സ്കൂട്ടർ കുതിച്ചു.

 

 റാഹേലമ്മയുടെ ബംഗ്ളാവിൻ്റെ മുറ്റത്തുള്ള കാർപോർച്ചിൽ സ്കൂട്ടർ പൂട്ടിവെച്ചിട്ട് അവൾ കടവിലേക്ക് ഓടി. 

പൂവരശു മരത്തിൽ കെട്ടിയിട്ടിരുന്ന കൊതുമ്പുവള്ളത്തിൻ്റെ ചങ്ങലയഴിച്ചു സാരി മുട്ടറ്റം പൊക്കി വച്ച് വളളത്തെ മുന്നോട്ടു തള്ളി, ചാടിക്കയറി ഏറ്റവും പിറകിലത്തെ പടിയിലിരുന്ന് തുഴയെടുത്തു വെള്ളത്തിലാഞ്ഞു വീശി, വള്ളം മുന്നോട്ടു കുതിച്ചു. അച്ചാച്ചൻ മരിക്കുന്നതു വരെ പൊന്നുപോലെ നോക്കിയിരുന്ന കൊച്ചുവള്ളമാണ്. കായലോളങ്ങൾ  അവൾക്കു ചുറ്റും നൃത്ത ലോലയായി.  

2.png

 അങ്ങകലെ അവളുടെ പ്രിയപ്പെട്ട രാമൻ തുരുത്തിലെ പള്ളിയും മുന്നിലെ യേശുവിൻ്റെ പ്രതിമയും കുരിശും ഒളിഞ്ഞും തെളിഞ്ഞും തെങ്ങോലകൾക്കിടയിലൂടെ എത്തി വലിഞ്ഞു നോക്കുന്നു.

 

 ഒഴുകി വരുന്ന നീർപ്പോളക്കൂട്ടങ്ങളെ പിന്നിലാക്കി അവളുടെ കൊതുമ്പു വള്ളം  തുരുത്തിലെ തോട്ടിലേയ്ക്കു തിരിഞ്ഞു. വീട്ടുകടവിലെ അരയാൽ മരത്തിൽ വള്ളം കെട്ടിയിട്ട് അവൾ തിടുക്കത്തിൽ കല്പടവുകൾ കയറി.

 

 മനസ്സിൽ മരിച്ചു കിടന്ന മോഹങ്ങൾ ഒരിക്കൽ കൂടി തലപൊക്കി, ചത്ത പുൽനാമ്പുകൾ വേനൽമഴയിൽ തല നീട്ടുന്നതു പോലെ. അടുക്കള വാതിലിലൂടെ അകത്തേ മുറിയിലേക്കു കയറി കിതച്ചു നിന്നു തൂവാല കൊണ്ടു വിയർപ്പു തുടച്ചു. 

അവളെ പെണ്ണു കാണാൻ വന്ന ചെക്കനെ കിളിവാതിലിലൂടെ ഒളിഞ്ഞു നോക്കി.  ഇരു നിറം, പകുതി കഷണ്ടി കയറിയ തല, എങ്കിലും തരക്കേടില്ല. 

 

അമ്മയും അനുജത്തിമാരും അടുക്കളയിൽ തിരക്കിലാണ്. ഇത് അഞ്ചാമത്തെ ലേലംവിളിയാണ്. 

 

"സാരി മാറിയിട്ട്, ഈ ചായ അവർക്കു കൊണ്ടുപോയി കൊടുക്കൂ ''.

അമ്മയുടെ പതിവു പല്ലവി.  സാരി മാറാൻ കൂട്ടാക്കിയില്ല. ട്രേയുമായി അവൾ മുൻവശത്തെ മുറിയിലേക്കു നടന്നു. പിന്നെയെല്ലാം പതിവുള്ള ഉപചാരങ്ങൾ,  കെട്ടുകാഴ്ചകൾ. പക്ഷെ ഇത്തവണയും ലേലം ഉറപ്പിച്ചില്ല. 

 

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ദല്ലാൾ വിളിച്ചു പറഞ്ഞു.   സ്ത്രീ സ്വത്ത് അവൻ്റെ പേരിൽ എഴുതി കൊടുക്കണം. ആകെയുള്ള സ്വത്ത് താമസിക്കുന്ന വീടും അഞ്ചു സെൻ്റ് സ്ഥലവുമാണ്. 

"എനിക്ക് ആ വിവാഹം വേണ്ട. "

 

" വേറെ നോക്കാം " ദല്ലാൾ മൊഴിഞ്ഞു

 

രാവിലെ സ്കൂട്ടർ ഗ്യാരേജിൽ ഒതുക്കി വെച്ചിട്ട് തലയുയർത്തി നോക്കിയത് ചായക്കടക്കാരൻ ദാമോദരൻ ചേട്ടൻ്റെ മുഖത്തേയ്ക്കാണ്.

"എന്തായി?" 

"ചെക്കൻ്റെ പേരിലേക്ക് താമസിക്കുന്ന വീട് എഴുതിക്കൊടുക്കണം".

 ഓരോരുത്തരുടെ തലയിലും ദൈവം എഴുതി വച്ച സമയത്തേ കാര്യങ്ങൾ നടക്കൂ.ദാമോദരേട്ടൻ്റെ തത്വശാസ്ത്രം,

 

ഓഫീസിലെത്തിയപ്പോൾ പ്യൂൺ രമ പറഞ്ഞു. " അങ്ങേര് ഭയങ്കര ചൂടിലാ. നിന്നെ രണ്ടു 

പ്രാവശ്യം വിളിച്ചു ". 

 

വേഗം ടൈപ്പു ചെയ്ത കത്തുകളുമായി ക്യാബിനിലേക്കോടി. സ്വതവേയുള്ള ഭീകരമുഖം കടന്നൽ കുത്തിയ പോലെ കാണപ്പെട്ടു. 

 

അവൾക്ക് ഭയം കൂടുമ്പോൾ മൂത്രശങ്ക തോന്നും.   

''ദൽഹിയ്ക്ക് അയക്കേണ്ട കത്തെവിടെ?" അയാൾ പൊട്ടിത്തെറിച്ചു. 

 

" അതു ടൈപ്പു ചെയ്തു തീർന്നില്ല."

 " ഇഡിയറ്റ്. ഇന്നലെ തന്നതല്ലേ? "

 

"ഞാൻ വേഗം തരാം"

അവൾ വീണ്ടും ഇരിപ്പിടത്തേക്ക് ഓടി. പോയ വഴിക്ക് ശുചിമുറിയിലെ വാതിൽ കൊട്ടിയടച്ച് ക്ലോസറ്റിൽ ഇരുന്നു കിതച്ചു.

 

ആർത്തവം ആരംഭിച്ചു കഴിഞ്ഞു. ഇന്നലെ രാത്രിയിലേ ലക്ഷണം കണ്ടു തുടങ്ങിയിരുന്നു. ചെറിയ വേദന. 

 തുടയിലൂടെ പാമ്പു് ഇഴയുന്നു.അവൾ സാവധാനം നടന്ന് സീറ്റിലിരിക്കുന്ന ബാഗിൽ നിന്ന് തുണിയെടുത്തു  ഒലിച്ചു വീഴുന്ന രക്തം തുടച്ചു വൃത്തിയാക്കി.  പുറത്തു കടന്നപ്പോൾ ആ മൃഗം മുന്നിൽ നില്ക്കുന്നു.  

 

മനസ്സു വിങ്ങിപ്പൊട്ടുന്നു. വിവേകം മന്ത്രിച്ചു. സൂക്ഷിച്ചു ടൈപ്പു ചെയ്യുക. സമയം എടുക്കട്ടെ. തെറ്റു വരുത്തരുത്.

 

 രമയുടെ കയ്യിൽ കത്തുകൾ കൊടുത്തു വിട്ടു. അല്പം കഴിഞ്ഞപ്പോൾ  ഒപ്പിട്ടു കിട്ടി. അവ ഡെസ്പാച്ചിലേക്ക് അയച്ചു. 

ടിഫിൻ വാരിവലിച്ചു തിന്നിട്ട് കയ്യും മുഖവും കഴുകി വീണ്ടും ഫയലുമായി മല്ലിടുമ്പോൾ രമ വന്നു ചെവിയിൽ പറഞ്ഞു. 

"സാറു പോയി. എന്നോടു ക്യാബിൻ പൂട്ടിയേക്കാൻ പറഞ്ഞു. "

ഹാവൂ ആശ്വാസമായി. രാവിലത്തെ പത്രം ഒന്നുമറിച്ചു നോക്കുമ്പോഴേക്കും രമ കസേര വലിച്ചടുപ്പിച്ചിട്ട് വർത്തമാനം തുടങ്ങി.അവൾ തുടങ്ങിയാൽ ഫുൾ സ്റ്റോപ്പില്ല. ചീവീടുപോലെ. എല്ലാം മൂളി കേൾക്കണം. 

 

അവളെ പിണക്കാൻ വയ്യാ.  യാന്ത്രികമായി എല്ലാം മൂളിക്കേട്ടിരിക്കുമ്പോൾ അമ്മയുടെ മരുന്ന്,പച്ചക്കറികളും  മീനും മേടിക്കുന്നതിനെക്കുറിച്ചാണ് ചിന്തിച്ചത്. ഇന്ന് പതിനഞ്ചേ ആയുളളു. അടുത്ത മാസം അഞ്ചാം തീയതിയാണ് ശമ്പളം കിട്ടുക. 

 

ഭിത്തിയിലെ ഘടികാരത്തിൽ സൂചികൾ രണ്ടും അഞ്ചിൽ ഉമ്മ വെച്ചപ്പോൾ  രമ എഴുന്നേറ്റു ഓഫീസ് പൂട്ടാൻ പോകുന്നു. 

ബാഗും തോളിൽ തൂക്കി ലിഫ്റ്റിലേക്കു നടന്നു. താഴെയിറങ്ങിയപ്പോൾ വാച്ചർ കുര്യാച്ചനെ കണ്ടു പരുങ്ങി നിന്നു.

"എന്തു വേണം, സാറാക്കുട്ടീ?"

  ഇത്തിരി പൈസാ വേണം"

 " എത്ര ?"

."അഞ്ഞൂറു റുപ്പിക . അഞ്ചാം തീയതി ... '"

"ശരി,ശരി"

 അയാൾ പോക്കറ്റിൽ നിന്നും പണമെടുത്തു കൊടുത്തു. ഈ സംഭാഷണങ്ങൾ കഴിഞ്ഞ മൂന്നു വർഷമായി ആവർത്തന വിരസതയോടെ നടക്കുന്നതാണ്.  ഇതറിയുന്ന വേറൊരാളുമുണ്ട്. ദാമോദരേട്ടൻ.

3.png

"വളരെ നന്ദി "

 വാക്കുകൾ കിട്ടാതെ വീർപ്പുമുട്ടിയ അവളെ ശ്രദ്ധിക്കാതെ ലിഫ്റ്റിനടുത്തേക്ക് അയാൾ നടന്നു. അതാണ് കുര്യാച്ചൻ.  പുറമേ പരുക്കൻ.  ഹൃദയം നിറയെ സ്നേഹം.  

നാല്പത്തഞ്ചു വയസ്സു തികഞ്ഞിട്ടില്ല. പക്ഷെ ഭാഗ്യം അയാളെ കടാക്ഷിച്ചില്ല.  രണ്ടു വർഷം മുമ്പ് ഭാര്യ മരിച്ചു. രക്തത്തിൽ ക്യാൻസറായിരുന്നു. അപ്പോൾ ഇളയ പുത്രന് മൂന്നു വയസ് മാത്രം.

 

മൂത്ത പെൺകുട്ടി സൂസി, മെഡിസിന് രണ്ടാം വർഷം പഠിച്ചു കൊണ്ടിരിക്കുമ്പോൾ തീവണ്ടിയപകടത്തിൽ കൊല്ലപ്പെട്ടു.

 

സാറാ തൻ്റെ കൊതുമ്പുവള്ളം നിറയെ സാധനങ്ങളുമായി കടവിലടുത്തു. ചേച്ചിയുടെ വരവു കാത്തിരുന്ന അമ്മയും ജയമോളും കടവിലേക്കോടി വന്നു പച്ചക്കറികളും റേഷനും മീനും മരുന്നുകളും മിൽമാപാൽപായ്ക്കറ്റും മാറോട് അടുക്കിപ്പിടിച്ച് അടുക്കളയിലേക്കു കൊണ്ടുപോയി.  

 

കടവിൽ ഇരുട്ടു വ്യാപിച്ചു കഴിഞ്ഞിരുന്നു. കടവിനോടു ചേർന്നു നിൽക്കുന്ന പുവരശു മരങ്ങൾക്കിടയിൽ ഓലകൊണ്ടു മറച്ച കുളിമുറിയിൽ സാറാ വിസ്തരിച്ചു കുളിച്ചു. ജ്ഞാനസ്നാനം കഴിഞ്ഞു വന്ന കുഞ്ഞിനെപ്പോലെ മനസ്സും ശരീരവും ശുദ്ധമായി.

 

സെലീന കുര്യാച്ചൻ്റെ ബംഗ്ലാവിലെ വീട്ടുപണി കഴിഞ്ഞു ക്ഷീണിച്ചു വന്നു കയറിയതേയുള്ളു. 

സാറാ പ്രാർത്ഥന മുറിയിലേക്കു വന്നപ്പോൾ അമ്മ  കൊന്തനമസ്ക്കാരത്തിനു തുടക്കമിട്ടു. 

 

പ്രാർത്ഥന കഴിഞ്ഞപ്പോൾ, നാലുപേരും മേശയ്ക്കു ചുറ്റുമിരുന്ന് അത്താഴം കഴിക്കാൻ തുടങ്ങി. 

 

ഈയാഴ്ചത്തെ റേഷനരി നല്ല കുത്തരിയായിരുന്നു. വല്ലാർപാടത്തമ്മക്കു നന്ദി. അമ്മ  തുടങ്ങി വെച്ചു. നാട്ടുവർത്തമാനങ്ങളും സ്കൂളിലെ കാര്യങ്ങളും ഒന്നൊന്നായി കെട്ടഴിയുന്നു.  അതിൽ പൊട്ടിച്ചിരിയും തമാശകളും നിറയും. സെലീനക്ക് കുര്യാച്ചൻ്റെ ഇളയ മകൻ റോയിയെക്കുറിച്ചു പറയാൻ ആയിരം നാവാണ്.

 

 സാറയുടെ ഹൃദയഭാരം കായൽക്കാറ്റിൽ ചിറകടിച്ചു പോകുന്ന നിമിഷങ്ങൾ  അത്താഴ വേളയിലാണ്. 

കത്രീനച്ചേടത്തി തുടർന്നു

"ഇന്നു ജയമോൾ  ബൈബിളിൽ സ്വപ്നത്തെ കുറിച്ചു വായിച്ചപ്പോൾ ഞാൻ ഓർത്തത്  പണ്ടു ഞാൻ കണ്ട കനവിനെക്കുറിച്ചാ. അന്ന്  നിങ്ങടപ്പൻ  എന്നെ കെട്ടീട്ടില്ല.  ആ  കനവ് എന്താന്ന് നിങ്ങക്കറിയ്യോ?"     "ഇല്ല. അമ്മ വേഗം പറ".ജയമോൾ അമ്മയെ നുള്ളി.

 

 മൂന്നു പെൺമക്കളും ആകാംക്ഷയോടെ അമ്മയെ ഉറ്റുനോക്കി.

" രാത്രി ഒരുത്തൻ എന്നെ ബലമായി വീട്ടീന്നു പിടിച്ചിറക്കിക്കൊണ്ടു കായൽ തീരത്തേക്കുപോകുന്നു.  ഞാൻ കൈകാലിട്ടടിച്ചു കരഞ്ഞു. അയാൾ ബലമായി എന്നെ ഉമ്മ വെച്ചു. 

ശബ്ദം കേട്ട് എൻ്റെമ്മ ഓടി വന്നു. ദുഃസ്വപ്നം കണ്ടു ഞാൻ കരഞ്ഞതാണന്ന് അമ്മക്ക് മനസ്സിലായി.ആ ഇരുട്ടിൽ ഞങ്ങൾ മുട്ടുകുത്തി പ്രാർത്ഥിച്ചിട്ടാണ്  ഉറങ്ങാൻ കിടന്നത്.

 "എന്നെ പെണ്ണുകാണാൻ വന്ന ആളെക്കണ്ട് ഞാൻ അന്തംവിട്ടു നിന്നു.   സ്വപ്നത്തിൽക്കണ്ടയാളു തന്നെയായിരുന്നു ചെറുക്കൻ ".

 "അതാരായിരുന്നു?'' 

മൂന്നു പേരും ഒന്നിച്ചു ചോദിച്ചു. 

"നിങ്ങടപ്പൻ.  അല്ലാണ്ടാരാ?" 

"അയ്യോ അച്ചാച്ചനോ? "

ജയമോൾ നാണിച്ചു വാ പൊളിച്ചു കണ്ണു മിഴിച്ചിരുന്നു.  പിന്നെ അവരെല്ലാം ചിരിയുടെ മാലപ്പടക്കത്തിനു തിരി കൊളുത്തി. 

സാറാ മനസ്സിൽ കൊതിച്ചു ''എൻ്റെ കിനാവും ഫലിക്കണേ, വല്ലാർപാടത്തമ്മേ "

 

ജയമോൾ അമ്മയോടൊപ്പമാണ് കിടക്കുന്നത്. സാറയും സെലീനയും അടുത്ത മുറിയിലെ കട്ടിലിൽ.  സാറ കിടന്നപാടെ ഉറക്കം പിടിച്ചു. 

 

ആരോ കതകിൽ മുട്ടിവിളിക്കുന്നു. നോക്കിയപ്പോൾ കുര്യാച്ചൻ. രാത്രി വരുന്ന കാര്യം എന്തേ പറയാഞ്ഞേ? എന്നു ചോദിക്കാൻ അവൾ വാ പൊളിച്ചപ്പോഴേയ്ക്കും 

കുര്യാച്ചൻ അവളുടെ വാ പൊത്തിപ്പിടിച്ചു. 

 

അയാൾ അവളെ പൊക്കിയെടുത്തു പുറത്തേക്കിറങ്ങി.  അയാളുടെ തോളിൽ കിടന്നു കൊണ്ട് സാറ ഇടതു കയ്യാൽ വാതിൽ മെല്ലെ ചാരി പുറത്തേ കൊളുത്തിട്ടു.

സെലീന ഭിത്തിയിലേക്ക് ചെരിഞ്ഞു കിടന്നുറങ്ങുന്നു. പാവം ഒന്നും അറിയുന്നില്ല. അവൾ എപ്പോഴും അങ്ങിനെയാണ്. എൻ്റെ ഭാഗ്യം. സാറ ഓർത്തു.

 

സാറയുടെ മിഴികളിൽ  താമരപ്പൂ  വിടർന്നു. അയാളുടെ കക്ഷത്തിലെ വിയർപ്പിൻ്റെ  രതി ലഹരിയിൽ അവൾ ഉന്മത്തയായി. 

 

പുറത്തെ നിലാവിൽ അയാൾ നടന്നു. പൂഴി മണ്ണിൽ അയാളുടെ പദവിന്യാസം അവൾക്കു ഇലഞ്ഞിത്തറമേളമായി. 

 

 കായലിൻ്റെ  തീരത്തെ പുക്കൈതകളുടെ മറവിലെ മണൽത്തിട്ടയിൽ  അയാൾ അവളെ കിടത്തി. അവൾ രതി ലോലയായി കണ്ണടച്ചു കിടന്നു അയാളുടെ ആലിംഗനത്തിനായി. തണുത്ത കായൽക്കാറ്റ്  അവളുടെ നിശാവസ്ത്രത്തെ തഴുകിക്കൊണ്ടിരുന്നു.  

അയാളുടെ വിരലുകൾ ശരീരത്തിൽ നാഗങ്ങളായി ഇഴഞ്ഞു നടന്നു. 

അപ്പോഴാണ് താൻ മുറ്റത്തെ അമ്മിണി പ്ലാവിൻ്റെ തുഞ്ചത്തിലാണെന്ന് അവൾ ഭീതിയോടെ തിരിച്ചറിഞ്ഞത്. 

 

വീഴാതിരിക്കാൻ അവൾ അടുത്ത കൊമ്പിൽ മുറുകെപ്പിടിച്ചു.

 നേരേ തലയ്ക്കു മുകളിൽ വിളഞ്ഞു മുറ്റി പഴുത്ത തേൻവരിക്കച്ചക്ക  നിറയെ ഈച്ചകൾ മൂളിപ്പറക്കുന്നു. നല്ല വാസന. അവൾ ഒരു ചുള അടർത്താൻ ശ്രമിച്ച നേരം  ഒരു സർപ്പം അതിനെ ചുറ്റി വളഞ്ഞിരിക്കുന്നതു കണ്ട് അവൾ അമ്പരന്നു.

അത് തന്നെ നോക്കി പത്തി വിടർത്തിയാടുന്നു. അതിൻ്റെ മുഖം തൻ്റെ ഉടപ്പിറന്നോൾ സെലീനയുടെ മുഖം!

"ഹെൻറമ്മോ" സാറ വിളിച്ചു കൂവി. പക്ഷെ ശബ്ദം നിലച്ചിരുന്നു. 

4.jpeg

അവൾ  കിടക്കയിൽ തപ്പി നോക്കി. സെലീനയെവിടെ?

 

 കനത്ത നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് അകലെ നിന്നു കടലിൻ്റെ ഇരമ്പൽ മാത്രം കേൾക്കാം. 

വാതിൽ ചാരിയിരിക്കുന്നു. താൻ കണ്ടതു മിഥ്യയോ സത്യമോ? സാറ നടുങ്ങി.

 

പെട്ടെന്ന് വാതിൽ തുറന്ന് സെലീന അകത്തു വന്നു. വാതിൽ മെല്ലെ അടച്ച് കൊളുത്തിടാൻ ശ്രമിക്കുമ്പോൾ ഇരുട്ടിൽ ഇരിക്കുന്ന ചേച്ചിയെക്കണ്ട് അവൾ ഞെട്ടി.

 

" ഞാൻ കക്കൂസ്സിൽ പോയതാണ്.  വിളിക്കാൻ 

വിട്ടു പോയി " സെലീന കിതച്ചു.

 

സാറ രാവിലെ ഉണർന്നു, പല്ലുതേച്ചു കൊണ്ട്  മുറ്റത്തിറങ്ങി ആദ്യം നോക്കിയത് തേൻവരിക്കപ്ലാവിൻ്റെ തുഞ്ചത്തേയ്ക്കാണ്.  ഒറ്റച്ചക്ക പോലും പ്ലാവിൽ മുളച്ചിട്ടില്ല.

 

 "എന്തോന്നാ ഓഫീസിലിരുന്ന് തന്നെത്താനെ പിറുപിറുക്കുന്നത്?  പീയൂൺ രമ ചിരിച്ചു.

"ഓ, വെറുതേ ഒരോ കാര്യങ്ങൾ ഓർത്തതാണ്. സാറ വീണ്ടും കത്തുകൾ ടൈപ്പു ചെയ്യാൻ തുടങ്ങി.

 

ദിനങ്ങൾ അവളുടെ ഓടി വള്ളം പോലെ, കാലത്തിൻ കായലിലൂടെ തുഴഞ്ഞു പൊയി.

രാത്രിയിൽ സാറ പിന്നെയും കിനാവുകൾ കണ്ടു ഞെട്ടി ഉണർന്നുകൊണ്ടിരുന്നു. 

 

പതിവുപോലെ ഓഫീസ് വിട്ടു  ലിഫ്ററിൽ കയറിയിറങ്ങി  സ്കൂട്ടറിനടുത്തേക്ക് നടക്കുമ്പോൾ  കുര്യാച്ചൻ അടുത്തേക്കോടി വന്നു  ഒരു വളിച്ച ചിരിയോടെ   പരുങ്ങി നിന്നു.

 

ആദ്യമായിട്ടാണ് കുര്യാച്ചൻ തന്നെ നോക്കി ചിരിക്കുന്നതും നിന്നു പരുങ്ങുന്നതും. 

"എന്താ കുര്യാച്ചാ? 

"ഞാനൊരു കാര്യം പറഞ്ഞാൽ സാറാകുട്ടി പിണങ്ങുമോ?" അയാൾ വിനയാന്വിതനായി കയ്യിലെ ഞൊട്ടകൾ പൊട്ടിച്ചു കൊണ്ടിരുന്നു.

"എന്തിനാണു കുര്യാച്ചാ എന്നോട് ഈ മുഖവുര? നമ്മൾ എത്ര വർഷമായി കാണുന്നു."

"അതു ശരിയാ. ന്നാലും ഞാൻ അനുവാദം ചോദിക്കേണ്ടെ?' ". അയാളുടെ പരിഭ്രമം കണ്ട് അവൾക്ക് ഉള്ളിൽ ചിരി പൊട്ടി.

 

"ഞാൻ..... ഞാൻ ഈ വരുന്ന ഞായറാഴ്ച പെണ്ണുകാണാൻ  വീട്ടിൽ വരട്ടെ?" 

കുര്യാച്ചൻ ഒറ്റശ്വാസത്തിൽ പറഞ്ഞു  തല കുമ്പിട്ടു നിന്നു കിതച്ചു. 

 

സാറ വിശ്വാസം വരാതെ അയാളെ  തുറിച്ചുനോക്കി. അമ്മയുടെ സ്വപ്നം തനിക്കും ഫലിക്കുന്നു. അവൾ മനസ്സിൽ കാൽ വിരൽ കൊണ്ടെഴുതി നാണിച്ചു നിന്നു. അയാൾ  തലതാഴ്ത്തി കൊമ്പൻ മീശ പിരിച്ചു. 

 

മനസ്സിൽ പൊട്ടി വിടർന്ന അമിതാഹ്ളാദത്തിൻ്റെ അമിട്ടുകൾ സംയമനത്തിൻ്റെ വെള്ളമൊഴിച്ചു കെടുത്തിയ ശേഷം നാണം കൂമ്പി നിന്ന നയനങ്ങൾ നിലത്തേയ്ക്കൂന്നി സാറാ  മന്ത്രിച്ചു. അതിൽ അതു വരെ ഒതുക്കി നിർത്തിയ വികാര സാഗരം ചിതറി വീണു.

"അതിനെന്താ, ഇച്ചായാ എനിക്ക്, ..... അല്ലാ സോറി, ഞങ്ങൾക്കു ആയിരം വട്ടം പൂർണ്ണ സമ്മതമാണ്‌ "

 

"ഓ ഇതു കേൾക്കാനായിരുന്നു ഞാൻ കൊതിച്ചത്‌ " കുര്യാച്ചൻ പറഞ്ഞിട്ട് വേഗം മുന്നോട്ടു നടന്നു മറഞ്ഞു.

 

സാറയുടെ മനസ്സിൻ്റെ കായലോരത്ത് ആഹ്ളാദത്തിൻ്റെ ആയിരമായിരം ആമ്പൽപ്പൂക്കൾ കാറ്റിൽ നൃത്തമാടിയുലഞ്ഞു.  

 

അവൾ സ്കൂട്ടർ സ്റ്റാർട്ടു ചെയ്ത് ഓടിച്ചു പോയി. റാഹേലമ്മയുടെ ബംഗ്ലാവിലെത്തി സ്കൂട്ടർ പൂട്ടിവെച്ചു കടവിലേക്കു ചെന്നു ഓടി വള്ളത്തിൻ്റെ ചങ്ങലയഴിച്ചപ്പോൾ കായൽ കാറ്റിൽ വള്ളം തുള്ളിച്ചാടാൻ തുടങ്ങി ഒപ്പം അവളുടെ മനസ്സും. 

 

വളളപ്പടിയിലിരുന്ന് അവൾ തുഴയുമ്പോൾ വള്ളത്തോടു കിന്നാരം ചൊല്ലി. 

"നീയറിഞ്ഞോ എനിക്കും മംഗല്യമായി. ഇനി മുതൽ എൻ്റെ കുര്യാച്ചനും നമ്മുടെ യാത്രയിലുണ്ടാകും". ഓടി വള്ളം മൂളി കേൾക്കുന്നതായി അവൾക്കു തോന്നി.  പിന്നെ അവൾ കാറ്റിനോടു മന്ത്രിച്ചു.

 

 "നിങ്ങളെ കല്യാണത്തിനു ക്ഷണിച്ചിരിക്കുന്നു. മറക്കാതെ കുടുംബസമേതം വന്നേക്കണം കേട്ടോ.  തിരകളെയും അവൾ ക്ഷണിച്ചു. നിങ്ങളെല്ലാം വന്നേക്കണം. 

 

"ഞങ്ങളെ ക്ഷണിക്കുന്നില്ലേ?"   

നീർപ്പോളകൾ കുലുങ്ങിച്ചിരിച്ചുകൊണ്ടാരാഞ്ഞു. 

"ഓ ഞാൻ വിട്ടു പോയി. സോറി. എല്ലാവരേയും ഹാർദ്ദമായി ക്ഷണിച്ചിരിക്കുന്നു" അവൾ കൈകൂപ്പി പറഞ്ഞു. 

വെള്ളി കൊലുസിട്ട കായൽത്തിരകൾ വള്ളത്തിനു ചുറ്റും പൊട്ടിച്ചിരിച്ചു. "എന്താ സാറാ ഞങ്ങളെ മറന്നോ ?"

ഓ സോറി, നിങ്ങളെൻ്റെ ജീവനല്ലേ? നിങ്ങൾ പള്ളിക്കടവിൽ വന്ന് എന്നെയും കുര്യാച്ചനെയും അനുഗ്രഹിക്കണം". "ഉറപ്പായും'' അവർ പിന്നെയും ചിരിച്ചു.

 

"ഹലോ സാറാക്കുട്ടി,   കുറെ നേരമായി ആരോടാണ് നടുക്കായലിൽ വള്ളം നിർത്തി കൈകൂപ്പി സംസാരിക്കുന്നത്? എന്തു പറ്റി?"

 

അവൾ ദിവാസ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു. മീൻകാരൻ വേലായുധൻ തൻ്റെ വള്ളത്തെ തുഴ കൊണ്ട് ചേർത്ത് മീൻ വള്ളം നിർത്തിയിരിക്കുന്നു. 

"എൻ്റെ കല്യാണം ഏറെക്കുറെ നിശ്ചയിച്ചു "

 

" ങാഹാ, കൊള്ളാമല്ലോ. ആരാ ചെക്കൻ? എന്നാ ?"

ചാള പ്ലാസ്റ്റിക്ക് കൂടിലേക്ക് തൂക്കി ഇട്ടു കൊണ്ട് അയാൾ സാറയെ നോക്കി ചോദ്യശരങ്ങൾ തൊടുത്തുവിട്ടു.

 

"അതൊക്കെ ഞാൻ പിന്നെപ്പറയാം. വന്നേക്കണേ"

 

 "തീർച്ചയായും ". 

മീൻ വള്ളം അകന്നുപോയി.

 

അവൾ വള്ളം അരയാൽച്ചോട്ടിൽ തളച്ചിട്ടു കൊണ്ടു് തിണ്ണയിലേക്കു കയറി.  കാലിൽ പറ്റിയ മണ്ണ് കുടഞ്ഞു കളഞ്ഞു.

 

 കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ അവൾ അമ്മയെ കെട്ടിപ്പിടിച്ച് നിറയെ മുത്തം കൊടുത്തിട്ടു കുര്യാച്ചൻ പറഞ്ഞ കാര്യം അമ്മയെ അറിയിച്ചു.

 

പക്ഷെ അമ്മയുടെ മുഖം മ്ലാനമായിരുന്നു. ആ നയനങ്ങൾ നനഞ്ഞിരുന്നു. മുഖത്തെ ചുളിവുകളിൽ ദുഃഖം തളം കെട്ടിനിന്നു.

 

"മോളേ, കുര്യാച്ചൻ പറഞ്ഞത് സെലീനയുടെ കാര്യമാ,  അയാൾ ഇവിടെ വന്നിരുന്നു". 

 

പിന്നെ ശബ്ദം താഴ്ത്തി ആ അമ്മ മന്ത്രിച്ചു.

 

 "സെലീനമോൾക്ക് കുളി മാറിയിട്ടു രണ്ടു മാസമായി. നമുക്ക് ഇത് എത്രയും വേഗം നടത്തണം പേരുദോഷം കേൾപ്പിക്കാതെ "

 പെട്ടെന്ന് കറണ്ടു പോയി.

മുറിയിലേക്ക് ഇരുട്ടു വ്യാപിച്ചു. സാറാ ജനാല തുറന്നിട്ടു കൊണ്ട് 

 അമ്മയെ തുറിച്ചു നോക്കി.  

ആ വൃദ്ധ കരച്ചിലിൻ്റെ വക്കത്തെത്തി. കച്ചമുറിയുടെ കോന്തല കൊണ്ട് കണ്ണു തുടച്ചിട്ട് നിർവ്വികാരയായി അവർ തുടർന്നു.

 

"അതേ മോളെ, അവൾ രണ്ടു മാസം ഗർഭിണിയാണ്. എനിക്കു സംശയം തോന്നി ചോദിച്ചപ്പഴാ ആ കൂത്തിച്ചി പറഞ്ഞത്. നിന്നോടു പറഞ്ഞില്ലന്നേയുള്ളു. ഞാൻ മാത്രം വേദന സഹിച്ചാ മതീന്നു കരുതി "

 

പിന്നെ അല്പനേരം ചിന്താധീനയായിരുന്നിട്ട് ആ വൃദ്ധ നിരാശയുടെ ഇരുട്ടിനെ വിശ്വാസത്തിൻ്റെ വാളാൽ മുറിച്ചു കൊണ്ട് തുടർന്നു.

 

"കുര്യാച്ചൻ നല്ലവനാണ്.  രണ്ടാം കല്യാണമാണെങ്കിലും അയാക്ക് എന്താ ഒരു കൊറവ്?    നമ്മുടെ സെലീനയെ പൊന്നുപോലെ നോക്കിക്കോളും.  വല്ലാർപാടത്തമ്മയുടെ അനുഗ്രഹമാണെന്നു കരുതിയാ മതി". 

 

സാറ മൗനത്തിൻ്റെ വൽമീകത്തിൽ മരവിച്ചിരുന്നു.  അമ്മ വെച്ചു വേച്ച് അടുക്കളയിലേക്ക് നടന്നു.

@StoryHubCentral

bottom of page