അമ്മിണി
അമ്മിണി
ചെറുകഥ |അളകനന്ദിനി
ഞാൻ ആ പെൺകുട്ടിയെ കാണുന്നതു് നഗരത്തിലെ തപാൽ ആപ്പീസിൽ ചെന്നപ്പോഴാണ്. അവൾ മാസ്ക്ക് ധരിച്ചിട്ടുണ്ടായിരുന്നു. ആ മാസ്ക്കു പോലും അവളുടെ സൗന്ദര്യത്തിനു കിരീടം വയ്ക്കുന്നതായി എനിക്കു തോന്നി. മൂന്നു വൃദ്ധർ അവൾക്കു മുമ്പിൽ പെൻഷനു വേണ്ടി നില്പ്പുണ്ടായിരുന്നു.

"എന്തേ മുഖ കവചം ധരിക്കാത്തത്?
അവൾ ചോദിച്ചു. വൃദ്ധൻ ചിരിച്ചു. വേദനയിൽ പൊതിഞ്ഞ ചിരി. അവൾ പുതിയ ഒരു മുഖ കവചം ബലമായി അയാളുടെ മുഖത്ത് വെച്ചു കൊടുത്തു. മകൾ അച്ഛനെ മുഖ കവചം ധരിപ്പിക്കുന്നതു പോലെ. മറ്റുള്ളവർക്കും അവൾ മുഖ കവചം കൊടുത്തു എന്നിട്ട് ഒരു ചിരിയിൽ പൊതിഞ്ഞ മുന്നറിയിപ്പും."മാസ്ക്ക് ധരിക്കുക, അകലം പാലിക്കുക, ആരോഗ്യം ശ്രദ്ധിക്കുക " ഒരു തുക തപാൽ ആപ്പീസ് സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ വന്നതായിരുന്നു. പത്രിക കിട്ടി. പക്ഷെ നിറയെ സംശയങ്ങൾ. അവൾ ഫോറം വാങ്ങി ക്ഷമയോടെ എൻ്റെ വിവരങ്ങൾ ചോദിച്ചു മനസിലാക്കി പൂരിപ്പിച്ചു പണം വാങ്ങി.
അവൾ എല്ലാവരോടും വളരെ സ്നേഹത്തോടും ക്ഷമയോടും കൂടി ഇടപെടുന്നതു ഞാൻ ശ്രദ്ധിച്ചു.
ആ ഇരുണ്ട മുറിയിലെ കൗണ്ടറിലിരിക്കുന്ന ആ പെൺകുട്ടിയുടെ മുഖശ്രീയാണ് അവിടം അല്പ്മെങ്കിലും പ്രകാശം പരത്തുന്നത്.
തിരക്കെല്ലാം കുറഞ്ഞപ്പോൾ ഞാൻ കൗണ്ടറിൻ്റെ മുന്നിലേക്കു ചെന്നു.
"എന്താ നിങ്ങൾ പോകാത്തത്?"
എനിക്ക് പാസ് ബുക്ക് കിട്ടിയില്ല.' ഞാൻ വിനീതനായി പറഞ്ഞു.
"ഓ ഐ ആം സോറി. നിങ്ങളുടെ കാര്യം മറന്നു. ഞാൻ വേഗം തയ്യാറാക്കിത്തരാം"
ക്ഷണികമായ ഈ മർത്യ ജീവിതത്തിൽ അപൂർവ്വമായി മാത്രം കിട്ടുന്ന കൊച്ചു കൊച്ചു ആനന്ദങ്ങൾ മാത്രമാണ് ദുരിതങ്ങളുടെ ലോകത്തിലെ ആകെയുള്ള ലാഭം! ഞാനോർത്തു.
അല്പ്പ സമയം കഴിഞ്ഞ് അവൾ എന്നെ മാടി വിളിച്ചു.
"മാത്തുക്കുട്ടി കെ.റ്റി. "നിങ്ങളുടെ മാതാവിൻ്റെ പാസ് ബുക്ക് ശരിയായി. മൂന്നു മാസം കൂടുമ്പോൾ പലിശ വന്നു വാങ്ങാം"
പിന്നെ അവൾ കുലുങ്ങി ചിരിച്ചു. ആയിരം മുല്ലമൊട്ടുകൾ ഒന്നിച്ചു വിരിഞ്ഞ പോലെ. ഞാൻ കീറ്റ്സിൻ്റെ വരികളോർത്തു.
"A Thing of beauty is a joy forever". സൗന്ദര്യമുള്ളതെല്ലാം എന്നും സന്തോഷദായകമാണ്"
ഞാൻ താഴെയിറങ്ങി കരയുന്ന മര ഗോവണി വഴി സാവധാനത്തിലിറങ്ങി വീട്ടിലേക്ക് പോയി. പാസ് ബുക്ക് അമ്മയെ ഏല്പ്പിച്ചു. കൊറോണ രോഗം നാട്ടിൽ പടർന്നു പിടിക്കുന്ന കാലം.
പ്രായം ചെന്ന ആളുകൾ മാത്രമല്ല യൗവ്വനക്കാരും മരിച്ചു വീഴുന്നു. രാവിലെ ഓഫീസിൽ എത്തിയപ്പോഴാണ് സുജാത പറയുന്നത്
"അറിഞ്ഞില്ലേ നമ്മുടെ ഗോവിന്ദ വാര്യർ മരിച്ചു. കൊറോണാ നെഗറ്റീവ് ആയിരുന്നു എന്നിട്ടും...... പരിശോധനകളൊന്നും കൃത്യമല്ല . മരണത്തിന് സമയമോ രോഗമോ വലിപ്പമോ ചെറുപ്പമോ ഒന്നും പ്രശ്നമല്ല. മരിച്ചിടത്ത് പോകാതിരിക്കുന്നതാണ് അഭികാമ്യം" സുജാത തുറന്നു പറഞ്ഞു.
സുജാതയും ഞാനും മാഷടെ ശിഷ്യഗണങ്ങളിൽ പെടുന്നവരാണ്.
പക്ഷേ, ഞാൻ തളർന്നു പോയി. തിരക്കിനിടയിൽ ഞാൻ മാഷെ മറന്നു. എത്ര ക്രൂരനാണ് ഞാൻ. എൻ്റെ പിതാവിൻ്റെ സ്ഥാനത്തു നിന്ന് എനിക്കും അമ്മയ്ക്കും താങ്ങും തണലുമായി നിന്ന മാഷ്. എൻ്റെ ദൈവമെ.
ഞാൻ അവധിയെടുത്തു പുറപ്പെട്ടു. എൻ്റെ മോട്ടോർ സൈക്കിൾ പാടത്തിൻ്റെ അരുകിൽ വെച്ചു
പൂട്ടി. നോക്കെത്താദൂരത്തോളം നീണ്ടു നിവർന്നു കിടക്കുന്ന പച്ചപ്പട്ടു വിരിച്ച നെൽപ്പാടങ്ങൾ. പാടവരമ്പത്തുകൂടി ഞാൻ വേഗത്തിൽ നടന്നു. പാടവരമ്പു് ചെന്നുവീഴുന്നതു ഒരു തോട്ടിലേക്കാണ്. തൊട് ചാടിക്കടന്ന് ഞാൻ വീണ്ടും നടന്നു.
ഗോവിന്ദ വാര്യരുടെ മനയിലെത്തി. പോയി മറഞ്ഞ ഭൂതകാലത്തിൻ്റെ മധുര സ്മരണകൾ അയവിറക്കുന്ന രണ്ടു

നിലയിൽ പണിതുയർത്തിയ മന. ഓടുകളെല്ലാം പൊട്ടിത്തകർന്ന നിലയിൽ. ഭിത്തിയും ഗോപുരങ്ങളും പായലും ചെളിയും നിറഞ്ഞ് ഇരുണ്ടിരിക്കുന്നു. ചുറ്റും കാടുപിടിച്ചു ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറിക്കഴിഞ്ഞിരിക്കുന്നു. വിശാലമായ മുറ്റത്തിൻ്റെ ഒരു കോണിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന അരയാലിൻ്റെ വേരുകൾ കീഴോട്ട് ഊർന്നിറങ്ങി സർപ്പങ്ങളെപ്പോലെ ഭീതി ജനിപ്പിക്കുന്നു. ഞാനും കണ്ണനും കളിച്ചു നടന്ന വഴിത്താരകൾ. വേദനിപ്പിക്കുന്ന ഓർമ്മകൾ.
അയൽക്കാർ പറഞ്ഞു,
"ആരോഗ്യവകുപ്പിലെ ജീവനക്കാർ അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ദഹിപ്പിക്കാൻ ശ്മശാനത്തിലേക്കു കൊണ്ടുപോയിരിക്കയാണ് ". എനിക്കു നിരാശ തോന്നി.
കേന്ദ്ര സർക്കാരിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും ധാരാളം പുരസ്ക്കാരങ്ങൾ ആ മൃദംഗ വിദ്വാനെ തേടി വന്നു. കോളജിൽ ഞങ്ങളുടെ മലയാളം അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിൻ്റെ ക്ലാസ് മലയാള കവിതകളുടെ ആസ്വാദനത്തിലേക്ക് വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു.അത് ഒരു ഒരു നവ്യാനുഭൂതിയായിരുന്നു എല്ലാവർക്കും. അപ്പൻ്റെ ആകസ്മിക മരണശേഷം, അദ്ദേഹത്തിൻ്റെ ബാല്യകാല സുഹൃത്തായ ഗോവിന്ദ വാര്യരായിരുന്നു വിധവയും പൂർണ്ണ ഗർഭിണിയുമായ എൻ്റെ അമ്മക്ക് അഭയം കൊടുത്തത്. അമ്മയുടെ ഏകമകനായ എന്നോടല്ലാതെ വേറെ ആരോടാണ് ഈ രഹസ്യങ്ങളെല്ലാം പറയും? ഒരു വീടും പത്തു സെൻ്റ് സ്ഥലവും ഞങ്ങൾക്കുവിട്ടു തന്ന മഹാമനസ്ക്കത. മാസം തോറും ചിലവിനുള്ള പണവും പരമരഹസ്യമായി വീട്ടിലെത്തിച്ചിരുന്നു. മനയിൽ വന്നു കാണണ്ടാ എന്നു മാഷ് പറയും. വാരസ്യാർ ഒരു സംശയ രോഗിയായിരുന്നു. പുറമെ നിന്നും ആരേയും ഇല്ലത്തേക്ക് കയറ്റില്ല.
ഞാൻ പാടവരമ്പത്തു കണ്ണനെ കാത്തു നില്ക്കും. ഞങ്ങളുടെ കൊച്ചു ലോകത്ത് ഞാവൽപ്പഴങ്ങളും ഇലഞ്ഞിപ്പൂക്കളും പറങ്കിപ്പഴങ്ങളും, പച്ച മാങ്ങയും ഓലപ്പന്തും ഓലപ്പീപ്പിയും ഞങ്ങൾക്കു ആഹ്ളാദം തന്നിരുന്നു. പെട്ടെന്നാണ് അത്യാഹിതം ഉണ്ടായത്.
"ആരാ വന്നിരിക്കണെ" ഒരു ബന്ധുവാണെന്നു തോന്നുന്നു."
"അല്ല,ഞാൻ മാഷടെ ഒരു ശിഷ്യനാ, ''
"ആരേയും കാണാറില്ല. ഉം, അയാൾ ഇരുത്തി മൂളി.പറഞ്ഞിട്ടെന്താ ഫലം? പോയില്ലേ?".ബന്ധു പറഞ്ഞു.
ഓർമ്മകളുടെ കയത്തിൽ നിന്നും ഞാൻ ഉണർന്നു.
ചാരുകസേരയിൽ തളർന്നിരിക്കുന്ന വാരസ്യാർ എന്നെ കണ്ടപ്പോൾ മുഖം പൊത്തിക്കരഞ്ഞു. എന്നെ അവർക്കറിഞ്ഞുകൂടാ. ഭർത്താവിൻ്റെ ശിഷ്യഗണങ്ങളിൽ ഒരുവൻ എന്നു വിചാരിച്ചു കാണും. അകത്തു് സ്ത്രീകളുടെ അടക്കിപ്പിടിച്ചുള്ള ഗദ്ഗദം കേൾക്കാം. എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാൻ തളർന്നു അരയാൽച്ചുവട്ടിൽത്തന്നെ നിന്നു. പിന്നെ നിശബ്ദ നിമിഷങ്ങൾ കൊഴിഞ്ഞു വീണപ്പോൾ ഞാൻ ആംഗ്യം കാട്ടി. പോവുകയാണ്. അവർ കൈകൂപ്പി. ഞാനും. മരവിച്ച നാലു കണ്ണുകൾ യാത്ര പറഞ്ഞു.
പാടത്തേക്കിറങ്ങി നടന്നു.
ഞാൻ മോട്ടോർ സൈക്കിൾ സ്റ്റാർട്ടു ചെയ്ത് വീട്ടിലെത്തി. ആഴ്ചകൾ കടന്നു പോയി.
ജീവിതത്തിൽ ചില നിമിത്തങ്ങൾ ആകസ്മികമായി കടന്നു വരും. പിന്നെ, അതു വരെയുള്ള ജീവിതത്തെത്തന്നെ അതു മാറ്റിമറിക്കും.
ഒരു തിങ്കളാഴ്ചരാവിലെ ഞാൻ ഓഫീസിലേക്ക് ബൈക്കിൽ പോവുകയായിരുന്നു. വഴിയിൽ ഒരു ആട് കൂട്ടത്തിൽ നിന്നും മാറി റോഡിൻ്റെ കുറുകെ ചാടി എൻ്റെ ബൈക്കിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ആട് റോഡിൽ തെറിച്ചു വീണു. ആളുകൾ ഓടി കൂടുന്നതിനു മുമ്പേ ഞാൻ വേഗത്തിൽ ബൈക്കു പായിച്ചു രക്ഷപെട്ടു ഓഫീസിലെത്തി ജോലിയിൽ വ്യാപൃതനായി. പക്ഷെ ഭയം മൂലം ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. അടുത്തിരുന്ന സുജാത ചോദിച്ചു.
"എന്താ മാത്തുക്കുട്ടി സന്തോഷമില്ലാത്തത്?
എന്തു പറ്റി? ".
സുജാതയോട് അന്നു രാവിലെ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ മനസിനൊരു ആശ്വാസം .
ഒരാഴ്ച കടന്നു പോയി. ഒരു ദിവസം പോലീസ് സ്റ്റേഷനിൽ നിന്നും ഒരു വിളി വന്നു. അടുത്ത ദിവസം രാവിലെ പത്തു മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാൻ. ഞാൻ ആകെ പരിഭ്രമിച്ചു. രാവിലെ പത്തു മണിയായപ്പോൾ "ജനമൈത്രി പോലിസ് സ്റ്റേഷനിൽ " ഹാജരായി.

കൗണ്ടറിൽ ഇരുന്ന ഒരു വനിതാപോലിസിനോടു് കാര്യം പറഞ്ഞു. വനിതാ കാക്കി ചിരിച്ചു. അകത്തേക്ക് വിരൽ ചൂണ്ടി. കസേരയിൽ ഇരുന്നിരുന്ന കാക്കി ഉദ്യോഗസ്ഥൻ്റെ മുമ്പിൽ വിനയത്തോടെ നിന്നു.
" അപ്പോൾ ഈയാളാണ് പ്രതി"
അയാൾ മീശ പിരിച്ചു കൊണ്ട് എന്നെ രൂക്ഷമായി നോക്കി. പേരും വിലാസവും തൊഴിലും ചോദിച്ചു. ഒന്നു ഇരുത്തി മൂളി. പിന്നെ സഹായിയെ വിളിച്ചു പറഞ്ഞു.
"ആ പരാതിക്കാരി സ്ത്രീയെ ഇങ്ങോട്ട് അയക്കൂ ". കാഴ്ചയിൽ വളരെ കുലീനത്വം തോന്നുന്ന അമ്പതുകഴിഞ്ഞ പ്രൗഢയായൊരു സ്ത്രീ.
" കഴിഞ്ഞ വെള്ളിയാഴ്ച രാവിലെഏതാണ്ട് 9 മണിക്ക് നിങ്ങൾ ഓടിച്ചിരുന്ന യമഹാKL1210 മോട്ടോർ സൈക്കിൾ ഇടിച്ചു ഇവരുടെ ഗർഭിണിയായ ആടു് ഗുരുതരമായി പരുക്കു പറ്റി റോഡിൽ വീണു കിടന്നപ്പോൾ നിങ്ങൾ ഒന്നും സംഭവിക്കാത്ത മട്ടിൽ വാഹനം ഓടിച്ചു സ്ഥലം വിട്ടു. സമീപത്തെ സി സി ടി വി ക്യാമറ മൂലമാണ് കുറ്റവാളിയെ തിരിച്ചറിഞ്ഞത്. കുറ്റകൃത്യം നടത്തിയ ശേഷം കുറ്റവാളി ഒളിവിൽ പോയി. ഇതിനെല്ലാം കൂടി കുറഞ്ഞ പക്ഷം ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് ".
"സർ, ഞാൻ ഈ കുറ്റങ്ങളെല്ലാം ചെയ്തതാണന്ന് സമ്മതിക്കുന്നു. പക്ഷെ ആടിനെ അശ്രദ്ധമായി തിരക്കേറിയ വീഥിയിൽ ചുറ്റിത്തിരിയാൻ വിട്ട ഉടമയല്ലേ യഥാർത്ഥ പ്രതി?"
എസ് ഐ എൻ്റെ നേരെ ക്രൂദ്ധമായി നോക്കിയ ശേഷം പറഞ്ഞു.
"അവർ പറയുന്നത് അതു് കയർപൊട്ടിച്ച് ഓടിയതാണെന്നാണ്. ആടിൻ്റെ കഴുത്തിൽ കെട്ടിയിരിക്കുന്ന കയർപൊട്ടിയതാണെന്നു തെളിഞ്ഞു. അവർ ചോദിക്കുന്നതു് അരലക്ഷം രൂപയാണ് " ഇതനീതിയാണു്. നടപ്പില്ല" ഞാനെതിർത്തു.
''ഇരുപത്തയ്യായിരം രൂപാ വാങ്ങി നമുക്ക് ഈ കേസ് സെറ്റിൽ ചെയ്യാം.എന്താ പങ്കജാക്ഷിയമ്മേ ' ''
''അയ്യോ സാറെ അതു വളരെ കുറഞ്ഞു പോയി നാല്പ്പതു രൂപയെങ്കിലും കിട്ടണം"
"എന്ത്? നാല്പ്പതിനായിരം രൂപയോ? ഞാൻ കോടതിയിൽ കേസിനു പൊക്കോളാം കോടതി പറയുന്ന തുക കെട്ടിവെയ്ക്കാൻ ഞാൻ തയ്യാറാണ്"" ഞാൻ വിട്ടു കൊടുത്തില്ല.
"പങ്കജാക്ഷിയമ്മ എന്തു പറയുന്നു? കേസിന് പോയാൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും എടുക്കും" എസ്.ഐ കാര്യങ്ങൾ ഒത്തുതീർപ്പാക്കാൻ ആഗ്രഹിച്ചു.
"ശരി, ഞാൻ മുപ്പത്തഞ്ചിന് തയ്യാറാണ്" പങ്കജാക്ഷിയമ്മ അല്പം താഴോട്ടു വന്നു.
" ഞാൻ സമ്മതിച്ചിരിക്കുന്നു. പക്ഷെ ആടിനെ ഞാൻ എടുക്കും " ഞാൻ കട്ടായം പറഞ്ഞു.
അയ്യോ സാറെ ഞാൻ ആടിനെ ഇറച്ചിക്കട ഹുസൈനു വിറ്റു. "
"ഏയ് അതു സാദ്ധ്യമല്ല. അതു തൊണ്ടിമുതലാണ്. ആരോടു ചോദിച്ചിട്ടാണ് നിങ്ങൾ ആടിനെ വിറ്റത് ?"
സബ്ബ് ഇൻസ്പക്ടർ ചൂടായി. പകജാക്ഷിയമ്മ പരുങ്ങി.
"വിറ്റില്ല പക്ഷെ അഡ്വാൻസ് വാങ്ങി "
" എയ്, അതു സാദ്ധ്യമല്ല.പ്രതി പണം തരുമ്പോൾ ചാകാറായ ആടിനെ അയാൾക്കു നല്കണം'.
"എന്താ നിങ്ങൾക്കൊരു വല്ലായ്മ ?'' '
എസ് ഐ ചോദിച്ചു.പങ്കജാക്ഷിയമ്മ ശബ്ദം താഴ്ത്തി രഹസ്യം വെളിപ്പെടുത്തി. കൂടാതെ, ഒരു കിലോ മട്ടൻ അയാൾ തരാമെന്നു പറഞ്ഞു ".
"ഓ എൻ്റെ തള്ളേ ഇത്രയും കാലം നിങ്ങൾക്കു പാലും ആട്ടിൻകുട്ടികളേയും തന്ന ആ ഗർഭിണി ആടിൻ്റെ ഇറച്ചി തിന്നാൻ നിങ്ങൾ കാണിക്കുന്ന താല്പര്യം ഏറ്റവും ക്രൂരമാണ് "
എസ്.ഐ പങ്കജാക്ഷിയുടെ മുഖത്തു നോക്കി പറഞ്ഞു. അവർ കുനിഞ്ഞ ശിരസ്സോടെ നിന്നു - അവസാനം കരാർ എഴുതി ഒപ്പിട്ടു.
പിറ്റെ ദിവസം രാവിലെ പത്തു മണിക്ക് പങ്കജാക്ഷിയമ്മയുടെ വസതിയിൽ വച്ച് ഞാനെന്ന പ്രതി മുളയ്ക്കൽ കത്രീനാ മകൻ 27 വയസ്സുള്ള മാത്തുക്കുട്ടി കെ.പി. നാല്പ്പതിനായിരം രൂപാ വാദി പങ്കജാക്ഷിയമ്മക്കു കൊടുത്ത് അവശനിലയിൽ ചത്തതു പോലെകിടക്കുന്ന ആടിനെ ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിൽ കൊണ്ടുവന്നു.
മൂന്നു ദിവസം വെള്ളം പോലും ആട് കുടിച്ചില്ല. ഞാൻ മാനസികമായി തളർന്നു. അമ്മയുടെ ശകാരം.
"ചത്ത ആടിനെ നാല്പ്പതിനായിരം രൂപാക്ക് വാങ്ങിയ കഴുത "
എൻ്റെ സുഹൃത്ത് വെറ്റിനറി ഡോക്ടർ സുനിൽ ആടിനെ പരിശോധിച്ചു മരുന്നു നല്കി.
''ഒരാഴ്ച നമുക്കു കാത്തിരിക്കാം. വലിയ പ്രതീക്ഷയൊന്നും വേണ്ട. ദിവസങ്ങളോളം പട്ടിണി കിടന്നു് അതിൻ്റെ കുടലുകൾ ചുരുങ്ങിയുണങ്ങി.
സുനിൽ മുന്നറിയിപ്പു നല്കി. അവൻ്റെ നിർദ്ദേശപ്രകാരം ഒരു കമ്പിളിപുതപ്പു കൊണ്ട് ആടിൻ്റെ ശരീരം മൂടി.തല മാത്രം പുറത്തേക്കിട്ടു പായയിൽ കിടത്തി. കൂട്ടിൽ സീലിംഗ് ഫാൻ ഫിറ്റു ചെയ്തു.
ഒരാഴ്ച ഞെരുങ്ങി ഞെരുങ്ങി കടന്നു പോയി. ഞാൻ വന്നാലുടൻ കൂട്ടിൽ ചെന്ന് മരണത്തോടു് മല്ലിടുന്ന ആടിൻ്റെ മുഖത്തു തടവും. കാലുകൾ തിരുമ്മും. സ്പൂണിൽ വെള്ളം എടുത്ത് ചുണ്ടിൽ വച്ചു കൊടുക്കും. പക്ഷെ ആട് കണ്ണടച്ചു ചത്തതുപോലെ കിടക്കുന്നു. ശ്വാസം മാത്രം ഉണ്ടു്. അതിൻ്റെ വയറു് വലിയ ബലൂൺ വീർത്തതുപോലെ. രണ്ടാഴ്ച തിരുമ്മിയും തടവിയും കടന്നു പോയി. പ്രതീക്ഷകളെല്ലാം കാറ്റുപോയ ബലൂൺ പോലെ വീണു കൊണ്ടിരുന്നു.
ഒരു വൈകുന്നേരം ഞാൻ അതിൻ്റെ മുഖത്തും കഴുത്തിലും തടവിക്കൊണ്ടിരുന്നപ്പോൾ അതിൻ്റെ കണ്ണിൽ നിന്നു കണ്ണീർ തുള്ളികൾ എൻ്റെ കൈകളിലേക്കു് വീണു. ഒരു വൈകുന്നേരം ഞാൻ അതിൻ്റെ മുഖത്തും കഴുത്തിലും തടവിക്കൊണ്ടിരുന്നപ്പോൾ അതിൻ്റെ കണ്ണിൽ നിന്നു കണ്ണീർ തുള്ളികൾ എൻ്റെ കൈകളിലേക്കു് വീണു.
"നീ എന്തിനാണ് കരയുന്നത്? ഞങ്ങളില്ലേ നിന്നെ സഹായിക്കാൻ? ഞാൻ ചോദിച്ചു.
വീണ്ടും കണ്ണീർത്തുള്ളികൾ.
ഞാൻ സുനിലിനെ ഫോണിൽ വിളിച്ചു. അവൻ പറഞ്ഞു അതു നല്ല ലക്ഷണമാണ്. മരുന്ന് പ്രവർത്തിച്ചു തുടങ്ങിയതിൻ്റെ സൂചന. ഒരാഴ്ച കഴിഞ്ഞപ്പോൾ ആട് തലയാട്ടാൻ തുടങ്ങി. ജീവൻ്റെ കണികകൾ അതിൻ്റെ ശരീരത്തിൽ മുളപൊട്ടുന്നതു പോലെ തോന്നി. ആടിന് വെള്ളം സ്പൂണിൽ കൊടുത്തു. അതു നാവു നീട്ടി കുടിച്ചു. ദ്രവരൂപത്തിലുള്ള ഭക്ഷണം കുറേശ്ശേ കഴിക്കാൻ ആരംഭിച്ചു. അതു് മൂത്രമൊഴിക്കാനും കാഷ്ടമിടാനും തുടങ്ങി. ഡോക്ടർ സുനിൽ മൂന്നുദിവസത്തിലൊരിക്കൽ വന്നു ആടിനെ പരിശോധിക്കും.
അമ്മിണി എന്നു വിളിക്കുമ്പോൾ അവൾ തലയുയർത്തി നാലുപാടും നോക്കും. എന്നിട്ട് മൃദുവായി ശബ്ദമുണ്ടാക്കും. എൻ്റെ യമഹാ മോട്ടോർ സൈക്കിൾ വില്ക്കേണ്ടി വന്നു അമ്മിണിയെ സ്വന്തമാക്കാൻ. പക്ഷെ എനിക്ക് നിരാശയില്ല. ഇതൊക്കെ ഓരോ നിമിത്തങ്ങളാണ്. നമ്മുടെ കയ്യിൽ ഒതുങ്ങാത്ത കാര്യങ്ങൾ.
ഞാനും അമ്മയും ചേർന്ന് അമ്മിണിക്ക് ഒരു "എയർ കണ്ടീഷൻഡ് " കൂടുണ്ടാക്കി. തറയിൽ നിന്നും രണ്ടടി ഉയരത്തിൽ ആഞ്ഞിലി പലക കൊണ്ടാണ് കൂടിൻ്റെ തറ. തറയിൽ ചൂടു പകരാനുള്ള പ്രത്യേകമായ ക്യാൻവാസ് ഷീറ്റ്. മേൽക്കൂര ഓടാണെങ്കിലും അതിൻ്റെ മുകളിൽ വള്ളിച്ചെടികൾ പടർത്തിയിരിക്കുന്നു. സീലിംഗ് ഫാൻ നേരത്തെ ഫിറ്റു ചെയ്തിരുന്നു. എല്ലാ ദിവസവും ക്യാൻവാസ് തറയും പരിസരങ്ങളുംവൃത്തിയായി കഴുകും. പതിഞ്ഞ ശബ്ദത്തിലുള്ള ക്ളാസ്സിക്കൽ സംഗീതം രാവിലെയും വൈകുന്നേരവും കൂട്ടിൽ ഒഴുകി.
അയൽവാസികൾ എന്നെ കളിയാക്കി.
"നിനക്ക് ആടു ഭ്രാന്താണ് "

അമ്മിണി പകൽ മുഴുവൻ മേഞ്ഞുനടന്നിട്ടു് വൈകിട്ട് കൂട്ടിൽ കയറാൻ പഠിച്ചു.
മാസങ്ങൾ കടന്നു പോയി. ഒരു സന്ധ്യയിൽ അമ്മിണി പ്രസവിച്ചു. അമ്മ എന്നെ അറിയിച്ചില്ല. കണ്ണു ദോഷം കിട്ടാതിരിക്കാനാണെന്നാണ് അമ്മ പറഞ്ഞത്. വയറ്റാട്ടി ഒരു പോള കണ്ണടച്ചില്ല. അമ്മയായിരുന്നു വയറ്റാട്ടി.
നേരം വെളുത്തപ്പോൾ കണി കാണുന്നത് മുറ്റത്ത് പ്രാഞ്ചി പ്രാഞ്ചി നടക്കാൻ ശ്രമിക്കുന്ന മൂന്ന് ഓമനകളെയാണ്. രണ്ടു പെണ്ണാടും ഒരു മുട്ടനാടും. വെള്ളയും കറുപ്പും കലർന്ന മൂന്നു ആട്ടിൻ കുട്ടികൾ. ഞാൻ അമ്മിണിയെ നോക്കി. അവൾ അഭിമാനത്തോടെ എന്നെ നോക്കി മുരണ്ടു. അമ്മയുടെ മുലപ്പാലിനു വേണ്ടി കശപിശ കൂട്ടുന്ന മക്കൾ.
ദിവസങ്ങൾ നീങ്ങിയപ്പോൾ, ഞങ്ങളുടെ വീട്ടിലേക്ക് രാവിലെയും വൈകുന്നേരവും ആട്ടിൻ പാൽ ആവശ്യപ്പെട്ട് അയൽക്കാരുടെ ഒഴുക്കായി. ദിവസം രണ്ടര ലിറ്റർ പാൽ അമ്മിണി ഞങ്ങൾക്കു തന്നു. ഡോക്ടർ സുനിൽ വന്നു കണ്ടു വിശ്വസിച്ചു ഈ അത്ഭുതം. സുനിൽ പറഞ്ഞത് ഇത് അതിശയമല്ല. പല ഘടകങ്ങളെ ആശ്രയിച്ചാണ് പാലിൻ്റെ അളവു കൂടുന്നത്. അതിൻ്റെ വർഗ്ഗപരമായ പ്രത്യേകത, അകിടിൻ്റെ പ്രത്യേകത, ഭക്ഷണം, സുഖ സൗകര്യങ്ങൾ മനുഷ്യർ കൊടുക്കുന്ന സ്നേഹപരിലാളനങ്ങൾ എല്ലാം കാരണമാണ്.
ഓഫീസിൽ നിന്നും വീട്ടിൽ വന്നാലുടൻ അമ്മിണിയെയും കുഞ്ഞുങ്ങളേയും കൂട്ടി ഞാൻ പാടവരമ്പത്തേക്ക് നടക്കും. പാടവരമ്പത്തെ തെങ്ങോലകളിൽ കാറ്റു ചൂളമടിക്കുമ്പോൾ, അകലെയുള്ള കായലോരങ്ങളിൽ നിന്നും കടൽക്കാററിൻ്റെ ഒഴുക്കായി.
"ഹലോ ഒന്നു വഴിതരുമൊ?"
കിളിക്കൊഞ്ചൽ കേട്ട് ഞാൻ തിരിഞ്ഞു നോക്കി. എവിടെയോ കണ്ടു മറന്ന ഓർമ്മ. മാസങ്ങൾക്കു മുമ്പു് ഞാൻ പോസ്റ്റ് ഓഫീസിൽ വച്ചു കണ്ട ആ പെൺകുട്ടി. മനസിൽ ഒരായിരം ദീപങ്ങൾ ഒന്നിച്ചു കൊളുത്തിവച്ചതുപോലെ. ഒരിക്കലും കാണുമെന്ന് പ്രതീക്ഷിച്ചതല്ല.
" ഇതു് ആ പങ്കജാക്ഷിയമ്മേടെ ആടല്ലേ? "
"അതെ "
"ഒരു ആട്ടിൻകുട്ടിയെ എനിക്കു തരുമോ?"
ഞാൻ വിവർണ്ണനായി നിന്നു എന്തു പറയണമെന്നറിയാതെ.
എൻ്റെ മുഖത്തെ ഭാവം മനസിലാക്കിയിട്ടെന്ന പോലെ അവൾ മൊഴിഞ്ഞു. "എന്നാൽ വേണ്ട. സോറി "
അവൾ നടന്നു പോയി ഒരു മനോഹര ചിത്രം മായുന്നതുപോലെ. പനങ്കുല പോലെ ചിതറിക്കിടക്കുന്ന കേശഭാരവും തുളുമ്പി കുലുങ്ങി നടക്കുന്ന നിതംബവും കണ്ണിൽ നിന്നും മറഞ്ഞു. പൂത്തുലഞ്ഞ ആ വസന്തം വരമ്പത്തുകൂടി നടന്നു മറഞ്ഞപ്പോൾ കുറ്റബോധം തോന്നി.
അൽഭുതമെന്നു പറയട്ടെ,രാവിലെ അവൾ മകളെയും കൂട്ടി വന്നു പാലു വാങ്ങാൻ. എൻ്റെ അമ്മിണിയുടെ ഭാഗ്യം! ഞാൻ ഓർത്തു.
പാൽപ്പാത്രവുമായി അവർ തിരിഞ്ഞു നടക്കുമ്പോൾ മകളെ വിളിച്ചു. പക്ഷെ അവൾ ആട്ടിൻകുട്ടികളോടൊപ്പം കളിയിൽ എല്ലാം മറന്നു നില്ക്കുന്നു. അവസാനം അമ്മ ബലമായി മകളെ പിടിച്ചു കൊണ്ട് നടന്നു
"എടാ ഞായറാഴ്ച പെണ്ണു കാണാൻ പോകണം. പെണ്ണിനു രണ്ടാഴ്ചത്തെ അവധിയേ ഇനി ഉള്ളു. ഇന്നു ബുധനാഴ്ച, ഇനി മൂന്നു ദിവസമേ ഉള്ളു.അമ്മ അടുക്കളയിൽ നിന്നും എന്നെ ഓർമ്മിപ്പിച്ചു''.
ഞായറാഴ്ച അതിരാവിലെ തന്നെ അമ്മയും ഞാനും ദല്ലാളും കുറവിലങ്ങാട്ടേക്ക് കാറിൽ പുറപ്പെട്ടു. കൊട്ടാരസദൃശമായ വീടിൻ്റെ മുന്നിൽ മൂന്നു മുന്തിയ ഇനം കാറുകൾ, യൂണിഫോം ധാരികളായ കാവൽക്കാർ, പൂന്തോട്ടം നനയ്ക്കുന്ന വേലക്കാരികൾ. പണം അവിടെ ഒഴുകി നടക്കുന്നു.
ചുണ്ടത്തും കൈയ്യിലും ചുവന്ന ലിപ്സ്റ്റിക്കുവാരിത്തേച്ച ഒരു മഞ്ഞ മത്തങ്ങ രൂപം ജീൻസും നേർത്ത ബനിയനും ധരിച്ചു വന്ന് എന്നെ നന്നായി ഇൻറർവ്യം ചെയ്തു. അവളുടെ മട്ടും ഭാവവും കണ്ടാൽ തോന്നും അവളാണ് ഭർത്താവു് ഞാൻ വധുവും. അവൾ എന്നെ തിരഞ്ഞെടുത്തു കഴിഞ്ഞു. അമേരിക്കയിൽ ജീവിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെ കുറിച്ചായിരുന്നു സ്റ്റഡിക്ലാസ്. എല്ലാം ഞാൻ പുഞ്ചിരിയോടെ കേട്ടു. രാത്രി വളരെ വൈകി വീട്ടിലെത്തി. പിന്നെ അവളുടെ വിളിയെത്തി. കല്യാണം കഴിഞ്ഞതു പോലെയാണ് അവളുടെ സംസാരം. ക്ഷമയോടെ കേട്ടിരുന്ന ഞാൻ രാത്രി ഒന്നര കഴിഞ്ഞപ്പോൾ കൊട്ടുവായിടാൻ തുടങ്ങി.
രാവിലെ അമ്മയുടെ ശകാരവർഷം കെട്ടാണ് ഞെട്ടി ഉണർന്നത്.
"അവൾ വിളിച്ചപ്പോൾ ഫോൺ ഓഫാക്കി വച്ചിരിക്കുന്നു. കോടികളുടെ ആസ്തിയുള്ള,
ഏക മകൾ. അമേരിക്കയിൽ സായിപ്പുമായി ചേർന്ന് അവൾ കമ്പനി നടത്തുന്നു".
"എനിക്കു കല്യാണം വേണ്ട."
ഞാൻ തീർത്തു പറഞ്ഞു.
ഓഫീസിലേക്കു പോകുന്ന വഴിയിൽ ഒരാൾക്കൂട്ടം. ഞാനടുത്തു ചെന്നു.
ഒരു വൃദ്ധ തോട്ടിൽ വീണു കിടക്കുന്നു. എല്ലാവരും മോബൈൽ ഫോണിൽ പടമെടുത്തു കൊണ്ടിരിക്കുന്നു.
"ഏതോ വാഹനം തട്ടിയിട്ടതാണെന്നു തോന്നുന്നു "
പലരും അടക്കിപ്പിടിച്ച സംസാരിക്കുന്നു.
" കൊറോണയാണ്. പോലീസിനെ വിളിക്ക് "
പലരും വിളിച്ചു പറയുന്നു.
ഞാൻ തോട്ടിൽ ഇറങ്ങി ആ അമ്മയെ വാരിയെടുത്തു. അമ്മ മുഖകവചം ധരിച്ചിരുന്നു.
ഒരു ഓട്ടോയ്ക്കു വേണ്ടി കൈകാട്ടി. ആരും നിർത്തുന്നില്ല. അവസാനം ഒരു വൃദ്ധനായ ഓട്ടോക്കാരൻ നിർത്തി. അമ്മയെ ആശുപത്രിയിലെത്തിച്ചു. പരിശോധനകൾ നടത്തി. കൊറോണ നെഗറ്റിവ് .പക്ഷെ പ്രമേഹം കൂടുതലാണ്. വീഴ്ച്ചയിൽ നെറ്റിയിൽ മുറിവുണ്ട്. മുറിയിലേക്കു മാറ്റി. ഞാൻ സുജാതയെ വിളിച്ചു പറഞ്ഞു അവധിയെടുത്തു. ഉച്ചയോടെ അവർക്കു ബോധം വീണു. കണ്ണു തുറന്നു.. ഗോവിന്ദൻ മാഷടെ ഭാര്യ വാരസ്യാർ
"അമ്മ എന്നെ അറിയുമോ?"
"ഉം അറിയും എൻ്റെ കണ്ണനല്ലേ?"
വെറ്റിലക്കറ പുരണ്ട പല്ലുകളെല്ലാം പുറത്തു കാട്ടിയുള്ള ചിരി.
"സാരമില്ല. ഇപ്പോൾ എല്ലാം നോർമലാണ്. ഞങ്ങൾ നോക്കിക്കോളാം. അത്യാവശ്യമുണ്ടെങ്കിൽ ഫോണിൽ വിളിച്ചോളാം"
നഴ്സ് എനിക്ക് ഉറപ്പു നല്കി. ഞാൻ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് ഒന്നു മയങ്ങി.
മുറിയുടെ വാതിൽക്കൽ അവൾ നില്ക്കുന്നു പൂത്തുലഞ്ഞ വസന്തം പോലെ. മകൾ ലക്ഷമിയും അടുത്തുണ്ട്. അയൽവാസികളായിരിക്കാം. ഞാൻ കരുതി.
ഞാൻ പാത്രത്തിൽ ചൂടു പാലുമായി മുറിയിൽ കയറി. അവൾ ഗ്ലാസു കഴുകി ചൂടു പാൽ അതിലേക്കൊഴിച്ചു വാരസ്യാർക്കു നൽകി.
അമ്മ കിടക്കയിൽ ഇരുന്നു സംസാരിച്ചു. എന്നെ കണ്ടപ്പോൾ വെളുക്കെ ചിരിച്ചു.
"ഇതാ ഞാൻ പറഞ്ഞ കണ്ണൻ. കണ്ണനെ ഈശ്വരനയച്ചതാണ"
വാരസ്യാർ എന്നെ ചൂണ്ടിപ്പറഞ്ഞു.
അവൾ സ്വയം പരിചയപ്പെടുത്തി.
"എൻ്റെ അമ്മയാണ്. മരിച്ചു പോയ കണ്ണേട്ടനെക്കുറിച്ചുള്ള ചിന്തയിലാണ് ഇന്നും അമ്മ ജീവിക്കുന്നത്. ചിലപ്പോൾ ആരോടും പറയാതെ വീട്ടിൽ നിന്നും ഇറങ്ങും"
ഞാൻ മൗനിയായി. അമ്മ മകളോടു ചോദിച്ചു. "നിനക്ക് ഈ കണ്ണനെ അറിയാമോ?"
"എനിക്കറിയാം. നമ്മൾ ദിവസവുംപാലു വാങ്ങുന്നത് ഈ കണ്ണൻ്റെ വീട്ടിൽ നിന്നാണ്. നല്ല പഞ്ചാരക്കണ്ണൻ "
അവൾ കുലുങ്ങി ചിരിച്ചു. ആയിരം റോസപ്പൂക്കൾ വിടർന്നതു പോലെ. ഞാൻ ചൂളിപ്പോയി. എനിക്കും ചിരി വന്നു.
"ക്ഷമിക്കണം. ഗോവിന്ദൻ മാഷിൻ്റെ മകളാണ്, അല്ലേ? "
"അതെ, എങ്ങിനെയറിയാം?"
"അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടുണ്ട് - " , പേരു്?
" ഗായത്രി " -
ഞങ്ങളുടെ ഇടയിൽ മൗനം വലകെട്ടാൻ തുടങ്ങി.
" ഗായത്രിയോടും ഭർത്താവിനോടും ഒരു കാര്യം പറയാൻ ഞാൻ വളരെ നാളുകളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. കുറ്റബോധം എന്നെ വേട്ടയാടുന്നു.
"എന്താണ്?" എന്നോടു മാത്രം പറയാനുള്ളതാണെങ്കിൽ ഇപ്പോൾ പറയാം. എൻ്റെ ഭർത്താവു മൂന്നു വർഷം മുമ്പ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിൻ്റെ ഒഴിവിലാണ് എനിക്ക് പോസ്റ്റാഫീസിൽ ജോലി തരപ്പെട്ടത്.
"സോറി, ഇതെനിക്കൊരു പുതിയ അറിവാണ് "
"എന്താണ് കുറ്റബോധം?" ഗായത്രിയുടെ മിഴികളിൽ ജിജ്ഞാസ തുടിച്ചു നിൽക്കുന്നു.
"കുട്ടിക്കാലത്തു് മാഷോടൊപ്പം പെരിയാറ്റിൽ ഞങ്ങൾ രണ്ടു പേരും കുളിക്കാൻ പോകുമായിരുന്നു. മാഷടെ മോൻ കണ്ണനും ഞാനും. ഒരിക്കൽ നീന്തിക്കൊണ്ടിരിക്കുമ്പോൾ ഞങ്ങൾ ഒഴുക്കിൽപ്പെട്ടു. പ്രാണനുവേണ്ടിയുള്ള പിടച്ചിലിൽ, കണ്ണനെ തൊഴിച്ചു ഞാൻ മുന്നേറി, മാഷടെ കയ്യിൽ പിടിമുറുക്കി. എന്നെ രക്ഷിച്ച ശേഷം മാഷ് കണ്ണനെ തേടിച്ചെന്നു. പക്ഷെ വൈകിപ്പോയിരുന്നു. കണ്ണൻ മരണത്തിൻ്റെ കയത്തിലേയ്ക്ക്
ഒരിക്കലും തിരിച്ചു വരാത്തവണ്ണം പോയി മറഞ്ഞിരുന്നു. "
ഗായത്രിയുടെ മുഖം മ്ലാനമാകുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ അവളുടെ കണ്ണേട്ടൻ്റെ കൊലപാതകി.
" ഗായത്രീ ഞാൻ മാപ്പർഹിക്കുന്നില്ല".
ഞാൻ ശിരസു കുനിച്ചുപുറത്തേക്കു നടന്നു . ഗായത്രി പിറകിൽ നിന്നും വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ നടന്നു മറഞ്ഞു.
അടുത്ത ദിവസം ഞാൻ ഓഫീസിലായിരുന്നപ്പോൾ ഗായത്രി വീഡിയോ കോളിൽ വന്നു." മാത്തുക്കുട്ടിയോടു ഞാൻ ക്ഷമിച്ചിരിക്കുന്നു. ഇനിയെങ്കിലും വേഗം ആശുപത്രിയിലേയ്ക്കു വരണം. ഞാനും അമ്മയും കാത്തിരിക്കുന്നു, പ്ലീസ്" അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
" ഞാൻ വരാം "
ഫോൺ കണ്ണടച്ചു.
ഒരാഴ്ച്ച കഴിഞ്ഞ് വാരസ്യാരെ മനയിലേക്ക് ഓട്ടോറിക്ഷയിൽ കൂട്ടികൊണ്ടുവന്നു. അമ്മയ്ക്കുള്ള മരുന്നുകളെല്ലാം കൃത്യ സമയങ്ങളിൽ അവർക്കു കൊടുക്കേണ്ടതിനെക്കറിച്ച് ഞാൻ അവളോടു വിവരിച്ചു. അവളുടെ കണ്ണു നിറഞ്ഞു. ഈ പണം ഞാൻ തിരിച്ചു തരാം. നന്ദി പറയാൻ വാക്കുകളില്ല. മാത്തുക്കുട്ടിയാണ് ഞങ്ങളോടു ക്ഷമിക്കേണ്ടത് "
ഗായത്രിയുടെ വാക്കുകൾ എൻ്റെ മനസ്സിനെ സ്പർശിച്ചു. സായന്തനങ്ങളിൽ അമ്മിണിയേയും ആട്ടിൻ കുട്ടികളെയും പാടവരമ്പത്തെ തൊടിയിൽ കെട്ടിയശേഷം മനയിലേക്കു ചെല്ലും. കാടുകളെല്ലാം വെട്ടിത്തെളിച്ചുമുറ്റം വൃത്തിയാക്കി ആറ്റുമണൽ വിരിച്ചു. പൂജാമുറി വൃത്തിയാക്കി.ഗായത്രിയും ലക്ഷമിയും എന്നോടൊപ്പം കൂടി .
"ഞങ്ങളുടെ പൂജാ കാര്യങ്ങളിലെല്ലാം മാത്തുക്കുട്ടിക്ക് നല്ല താല്പ്പര്യമാണല്ലോ?" അവൾ സാകൂതം ചോദിച്ചു.
"എൻ്റെ മാഷാണ് ഈ താൽപ്പര്യം എന്നിൽ ഉണർത്തിയതു്. മാഷ് എപ്പോഴും പറയും പ്രകൃതിയെ സ്നേഹിക്കുമ്പോൾ നാം ഈശ്വരനെയാണ് സ്നേഹിക്കുന്നത്. പ്രകൃതി ഈശ്വരൻ്റെ കാവ്യഭാവനയിൽ ജനിച്ചതാണ് ".
വളർന്നു പന്തലിച്ചു നില്ക്കുന്ന ആൽമരച്ചോട്ടിൽ ഞങ്ങൾ നിന്നു.
" പെണ്ണുകാണാൻ പോയ കാര്യം അമ്മ പറഞ്ഞു ഞാനറിഞ്ഞു. കല്യാണം കഴിഞ്ഞാലുടൻ ഫിലാഡെൽഫിയായിലേക്ക് രണ്ടു പേരും പറക്കും അല്ലെ?"
ഞാൻ മൗനിയായി. " ഞാൻ ഒരു കാര്യം.... അല്ലെങ്കിൽ വേണ്ട "ഞാൻ അർദ്ധോക്തിയിൽ നിർത്തി.
" മാത്തുക്കുട്ടിക്ക് എന്നോടെന്തും ചോദിക്കാം. നിങ്ങടെ മാഷ് ടെ മോളാ ഞാൻ " പൂത്തുലയുന്ന പുഞ്ചിരി.
"ഗായത്രിയോട് ഞാൻ ചോദിച്ചോട്ടെ,തരുമോ?" "ചോദിച്ചോളൂ?"
അവളുടെ നക്ഷത്ര കണ്ണുകളിൽ തിളങ്ങിയ ജിജ്ഞാസ എനിക്കു പ്രചോദനമായി
"ഈ ലക്ഷമിക്കുട്ടിയെ എനിക്കു തരുമോ?" ഗായത്രിയുടെ മിഴികളിൽ കൗതുകം തിളങ്ങി.
"കണ്ണൻ്റെ മരണത്തിനു പ്രായശ്ചിത്തമായിട്ടാണോ .....? :..ഗായത്രിയുടെ ചോദ്യം മുഴുമിപ്പിക്കാൻ ഞാൻ അനുവദിച്ചില്ല. ഞാൻ ധൈര്യമായി കൈ നീട്ടി അവളുടെ വായടച്ചു. അവൾ ആ കൈപ്പത്തിയെ ചുംബിച്ചപ്പോൾ മിഴികളിൽ നിന്നുള്ള അശ്രുകണങ്ങൾ എൻ്റെ വിരലുകളൊപ്പിയെടുത്തു.
" "ശരിക്കും ആലോചിച്ചിട്ടാണോ പറയുന്നത്?" ഞാൻ ഒരു വിധവ......."
"എൻ്റെ തീരുമാനത്തിനു മാറ്റമില്ല "
അരയാലിൻ്റെ ഇലകൾ കൊഴിഞ്ഞു തളിരിലകൾ കാറ്റിൽ നൃത്തമാടുമ്പോൾ. ഇലഞ്ഞിപ്പൂക്കൾ സുഗന്ധം പരത്തുമ്പോൾ ഒഴുകുന്ന പുഴയുടെ തുടുത്ത വദനങ്ങളിൽ ചന്ദ്രിക ചുംബിക്കുമ്പോൾ ഞങ്ങളുടെ മനസിലും പ്രണയം കൂമ്പി വിടർന്നു.
പടിഞ്ഞാറെ ചക്രവാളത്തിൽ സന്ധ്യദേവി ദീപം കൊളുത്തി. ആൽമരച്ചോട്ടിൽ നിന്നും കൽപ്പടവുകളിറങ്ങി ഞങ്ങൾ നടന്നു താഴത്തെ കൽപ്പടവിലിരുന്നു ശാന്തമായി ഒഴുകുന്ന പെരിയാറിലെ വെള്ളത്തിൽ പാദങ്ങളാട്ടുമ്പോൾ, ലക്ഷമി എൻ്റെ മടിയിലിരുന്ന് ഞാൻ കൊടുത്ത ചോക്കലേറ്റ് രൂചിക്കുന്നു.
വീണ്ടും മൗനം വലകെട്ടാൻ തുടങ്ങിയപ്പോൾ അവൾ മെല്ലെ എൻ്റെ ചെവിയിൽ മന്ത്രിച്ചു.
"ഞാൻ കണ്ണേട്ടൻ എന്നു വിളിച്ചോട്ടെ ?"
മറുപടിയായി ഞാൻ അവളുടെ കണ്ണുകളിൽ ഉറ്റുനോക്കി. അവിടെ ഒരു പുതിയ സ്വപ്നത്തിൻ്റെ ഒളിമിന്നൽ ഞാൻ ദർശിച്ചു. പെരിയാർ അപ്പോഴും ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു.