അതിഥി
അതിഥി
ചെറുകഥ അളകനന്ദിനിഅവസാന ഭാഗം
പടിഞ്ഞാറെ ചക്രവാളത്തിൽ സന്ധ്യ നിലവിളക്കു കൊളുത്തുമ്പോൾ കടവിലെ കൽപ്പടവിലെ ഇലഞ്ഞിമരച്ചോട്ടിൽ ജോക്കു നിതാന്ത ജാഗ്രതയിൽ മുൻകാലുകൾ നീട്ടിക്കിടക്കും ആരെയോ പ്രതീക്ഷിച്ചെന്ന പോലെ. തോട്ടിലേക്ക് ചാഞ്ഞു നില്ക്കുന്ന അരയാൽ മരത്തിൽ വർഷങ്ങളായി കൂടുകൂട്ടിയിരിക്കുന്ന കിളികളും ആരെയോ കാത്തിരിക്കയാണ്.
അത്താഴം കഴിഞ്ഞ് സുജാത നൈറ്റി ധരിച്ചു കിടപ്പറയിലേക്കു ചെന്നു. മുറിയിൽ സുമിയും സുമയും കെട്ടിപ്പിടിച്ചുറങ്ങുന്നു.
"എൻ്റ ചേച്ചി സുധയുടെ പിഞ്ചോമനകൾ ". ഒമ്പതുവർഷം മുമ്പു് അതു സംഭവിച്ചു. അവൾ നെടുവീർപ്പോടെ ഓർത്തു. നാളെയാണ് ആ ഒമ്പതു വർഷം തികയുന്നത്.
വാതിൽപ്പടിയിൽ നിന്ന് സുജാത മങ്ങിയ സീറോ വാൾട്ട് ബൾബു വെട്ടത്തിൽ ആ സഹോദരിമാരെ ഇമവെട്ടാതെ നോക്കി നിന്നു. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. ആ കുരുന്നുകളുടെ അമ്മയുടെ മരണം. സുജാതയുടെ ഓർമ്മകൾ കായലിലെ വേലിയേറ്റം പോലെ മനസ്സിൻ്റെ തീരത്തേയ്ക്ക് തള്ളി വരുന്നു.
"ഞങ്ങൾ ഇണപിരിയാത്ത കൂട്ടുകാരികളെപ്പോലായിരുന്നു. അവളുടെ വിവാഹം വരെ ഞങ്ങൾ ഈ മുറിയിൽ ഒരു കട്ടിലിലായിരുന്നു ഉറങ്ങിയിരുന്നത്. ഇന്ന് അവളുടെ കുഞ്ഞുങ്ങളും അങ്ങിനെ തന്നെ. എൻ്റെ സുധ വളരെ സുന്ദരിയായിരുന്നു. ഇലഞ്ഞിപ്പൂക്കളോടു് അവൾക്ക് ഭ്രാന്തമായ ഇഷ്ടമായിരുന്നു. മുറ്റത്തു വീഴുന്ന ഇലഞ്ഞിപ്പൂക്കളെല്ലാം വാഴനൂലിൽ കോർത്ത് മാലയുണ്ടാക്കും. ആദ്യമാല ശ്രീകൃഷ്ണൻ്റെ ചിത്രത്തിൽ ചാർത്തും. ബാക്കിയുള്ള മാലകൾ നഗരത്തിലെ പൂക്കട കളിൽ വില്ക്കും. പട്ടിണിയിൽ നിന്നും കരകയറാൻ ചേച്ചി പല വഴികളും നോക്കിയിരുന്നു.
സ്ത്രീധനം ഒന്നും വേണ്ട, പെണ്ണിനെ മാത്രം മതിയെന്നു പറഞ്ഞാണ് ഡോ. ജയചന്ദ്രൻ്റെ അമ്മയും സഹോദരിയും അവളെ കാണാൻ ഈ വീട്ടിൽ വന്നത്. കട്ടൻ കാപ്പി തന്നെ ധാരാളം എന്നാണ് ജയേട്ടൻ്റെ അമ്മയും പെങ്ങളും ഞങ്ങളോടു പറഞ്ഞത്. നഗരത്തിലെ മുന്തിയ ഹോട്ടലിലായിരുന്നു വിവാഹ പാർട്ടി നടത്തിയത്. അന്നു തന്നെ വിമാനത്തിൽ വധൂവരന്മാരും സംഘവും ബാംഗ്ളൂർക്ക് തിരിച്ചു പോയി. എനിക്കും അമ്മയ്ക്കും വമ്പൻ ലോട്ടറി അടിച്ചപോലായിരുന്നു ആ വിവാഹം.
അവിടെ ചെന്നപ്പോഴാണ് ചേച്ചി അറിയുന്നതു് ഈ വിവാഹം അയാളുടെ അഞ്ചാമത്തേത് ആയിരുന്നു എന്ന്. അയാൾക്ക് മൂന്നേ മുന്ന് ആവശ്യങ്ങളാണുള്ളത്.
ഓരോ വധുവും വളരെ സുന്ദരിയും വെളുത്തതുമായിരിക്കണം. അവൾ അചുംബിത കന്യകയായിരിക്കണം.ബന്ധുക്കൾ പാവങ്ങളും ബലഹീനരുമാണെങ്കിൽ അത്രയും നല്ലത്.
കല്യാണം കഴിഞ്ഞാൽ ആദ്യത്തെ ആറു മാസം വിദേശങ്ങളിലും സ്വദേശങ്ങളിലുള്ള ഫൈവ് സ്റ്റാർ റിസോർട്ടുകളിലും പിന്നെ യൂറോപ്പിലും അമേരിക്കയിലും മധുവിധു ആഘോഷങ്ങൾ.
പിന്നെയുള്ള നാളുകൾ വധു വെറുമൊരു വേലക്കാരിയായി അടുക്കളയിൽ ഒതുങ്ങിക്കൂടണം. ഭർത്താവിൻ്റെ ഒരു കാര്യത്തിലും ഇടപെടാൻ അവകാശമില്ല. എതിർത്താൽ ജീവൻ നഷ്ടപ്പെടും. ഏതെങ്കിലും ഒരു റെയിൽവേ ട്രാക്കിൽ ചത്തുകിടക്കും. പക്ഷെ ചേച്ചി ഗർഭിണിയായി പ്രസവിച്ചു. ഇരട്ടക്കുട്ടികൾ രണ്ടും പെണ്ണ്. അതോടെ സുധ ചേച്ചിയുടെ അധോഗതി ആരംഭിച്ചു.
ബാഗ്ലൂർ നഗരത്തിലെ ഒരു റെയിൽവേ ട്രാക്കിലായിരുന്നു അവളുടെ ജഡം കണ്ടെത്തിയത്. അവൾ അപ്പോൾ വീണ്ടും മൂന്നു മാസം ഗർഭിണിയായിരുന്നു. ഗർഭിണിയായപ്പോൾ അവൾ ഒരു രാത്രിയിൽ എന്നെ വിളിച്ചു. ശബ്ദം വളരെ താഴ്ത്തിയാണ് ചേച്ചി സംസാരിച്ചത്. സ്ക്കാൻ ചെയ്തപ്പോൾ വീണ്ടും ഇരട്ട പെൺകുട്ടികളാണന്ന് ഭർത്താവിനു മനസ്സിലായി. ആ രാത്രി ചേച്ചി വളരെ നേരം കരഞ്ഞു. പിന്നെ അവൾ എന്നെ വിളിച്ചിട്ടില്ല. എപ്പോഴും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
നാട്ടുകാരും ഭർതൃവീട്ടുകാരും ചേച്ചിയുടെ മരണം ആത്മഹത്യയെന്ന് പ്രചരിപ്പിച്ചു. അവസാനം പോലീസും ആത്മഹത്യയാണെന്ന് എഴുതിത്തള്ളി.
രണ്ടു മാസത്തിനുശേഷമാണ് സുധ ചേച്ചിയുടെ മരണവാർത്ത ഞങ്ങളെ അറിയിക്കുന്നത്.
ഞങ്ങൾ ചെന്നപ്പോൾ തലേ ദിവസം ശവം ദഹിപ്പിച്ചു എന്നാണു് ഭർതൃ വീട്ടുകാർ ഞങ്ങളെ അറിയിച്ചത്. പക്ഷെ അന്വേഷണത്തിൽ മരണം സംഭവിച്ചതു രണ്ടു മാസം മുമ്പാണന്ന് മറ്റുള്ളവരിൽ നിന്നും അറിഞ്ഞു.
അന്ന് ഞാൻ കിടന്നത് സുധ ചേച്ചിയുടെ മുറിയിലായിരുന്നു.
പാതിരാ കഴിഞ്ഞപ്പോൾ അർദ്ധ സുഷുപ്തിയിൽ എൻ്റെ ചെവിയിൽ ആരോ മന്ത്രിക്കുന്നതായി എനിക്കു തോന്നി.
"മോളെ ഞാൻ ആത്മഹത്യ ചെയ്തതല്ല. എന്നെ അവർ കൊന്നതാണ് "
ഞാൻ ഞെട്ടി. സുധയുടെ ഏങ്ങലടി. അവളുടെ വിയർപ്പുഗന്ധം. അതിൽ ഇലഞ്ഞിപ്പൂവിൻ്റെ സുഗന്ധം അലിഞ്ഞു ചേർന്നിരുന്നു. നന്നായി നേരം പുലർന്നപ്പോഴാണ് ഞാൻ ഉണർന്നത്. അമ്മയാണ് എന്നെ കുലുക്കിയുണർത്തിയത്. പക്ഷെ സ്വപ്നത്തിൽ ഞാൻ കണ്ടതും കേട്ടതും എനിക്കു പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. പിറ്റേന്നു രാത്രിയിലും അവളുടെ പാദസ്പർശം ഞാൻ കേട്ടു. ഇലഞ്ഞിപ്പൂവിൻ്റെ സുഗന്ധം എൻ്റെ മൂക്കിലേക്കു ഒഴുകി വന്നു. ഇളം കാറ്റിൻ്റെ തണുപ്പിൽ ഞാൻ അലിഞ്ഞില്ലാതാകുന്നതുപോലെ.
" ഞാൻ വീണ്ടും നിൻ്റെ അടുക്കൽ എത്തും. പക്ഷെ എൻ്റെ വേഷം വ്യത്യസ്ഥമായിരിക്കും"
എനിക്ക് ഒന്നും മനസ്സിലായില്ല.
അന്നും രാവിലെ വളരെ വൈകിയാണു ഞാൻ ഉണർന്നത്. ഞാൻ എഴുതാനിരുന്നപ്പോൾ എൻ്റെ പേന എന്തൊക്കെയോ എഴുതിക്കൂട്ടുന്നു. എനിക്കു പോലും അറിഞ്ഞുകൂടാത്ത കാര്യങ്ങൾ പേന കടലാസിലേക്കു പോറിയിട്ടു.
ഞാൻ ആ പോലീസ് ഓഫീസറോട് കാര്യങ്ങൾ വിശദീകരിച്ചു. അദ്ദേഹം ആദ്യം ചിരിച്ചു തള്ളി. പക്ഷെ ഞാൻ ചില തെളിവുകൾ നല്കിയപ്പോൾ അദ്ദേഹം മൗനമായി എല്ലാം കേട്ടു. പിന്നെ എന്നോടു പറഞ്ഞു.
" വളരെ താമസിച്ചു പോയി. രാഷ്ട്രീയ അധികാരികൾ പോലും ഇടപെട്ട കേസാണ്. തെളിവുകളൊന്നും അവശേഷിച്ചിട്ടില്ല. എങ്കിലും ഞാൻ വീണ്ടും കേസ് പരിശോധിക്കാം".
ഞാൻ കൊടുത്ത പരാതി അദ്ദേഹം ഫയലിൽ സ്വീകരിച്ചു. പക്ഷെ രണ്ടു വർഷങ്ങൾ കഴിഞ്ഞു. ഒരു ദിവസം ഒരു കുറിമാനം എനിക്ക് ലഭിച്ചു. സുധ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്' ഉറപ്പിച്ചു. ഫയൽ അടച്ചു എന്നതാണ് ആ കുറിമാനത്തിൻ്റെ രത്നച്ചുരുക്കം.
പക്ഷെ സ്വപ്നത്തിൽ ദർശിച്ചത്? അതൊരു സമസ്യയായി മനസിൽക്കിടന്നു. മടങ്ങി വന്ന അമ്മ രോഗിയായി മാറി. വിഷാദ രോഗമെന്നു ഡോക്ടർമാർ വിലയിരുത്തി. കുറിച്ചു തന്ന മരുന്നുകൾ എല്ലാം വാങ്ങിക്കൊടുത്തു.
സുജാത വെളുപ്പിന് എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി. അവൾ അമ്പരന്നു നിന്നു. ഇലഞ്ഞിമരം പൂത്തുലഞ്ഞു നില്ക്കുന്നു.
അവൾ അടുക്കളയിൽ കയറി പ്രഭാത ഭക്ഷണവും കട്ടൻ കാപ്പിയും തയ്യാറാക്കി. അമ്മയുടെ മുറിയിൽ കാപ്പിയും ഭക്ഷണവും നല്കി. സുമയും സുമിയും എഴുന്നേറ്റിട്ടില്ല. പണിക്ക് പോകുന്നതിനു മുമ്പ് താറാവിനെയും കോഴികളെയും കൂട്ടിൽ നിന്നിറക്കി അവകൾക്ക് തീറ്റിയും കൊടുത്തു.
സുജാതയെ യാത്രയാക്കാൻ പതിവു തെറ്റാതെ ജോ ക്കുവും കുറിഞ്ഞിയും വാലാട്ടി ഭവ്യതയോടെ നിന്നു. വള്ളത്തിൻ്റെ കെട്ടഴിച്ചിട്ട് സുജാത അതിൻ്റെ പടിയിലിരുന്ന് തുഴയെടുത്തു ജലത്തെ പുറകോട്ട് തള്ളി. ആ കൊതുമ്പുവള്ളം കായലിലെ ഓളപ്പാത്തികളെ മുറിച്ചു മുന്നോട്ടു കുതിച്ചു.
കായലരികത്തെ ചാണ്ടിച്ചൻ്റെ ബംഗ്ലാവിലെ തൂപ്പുകാരിയാണു സുജാത. മുറ്റം അടിച്ചുവാരലിനു ശേഷം അടുക്കളപ്പണി, പാത്രം കഴുകൽ, മുറികളും കുളിമുറികളും ശുചിയാക്കൽ, എല്ലാം കഴിയുമ്പോൾ തളർന്നിരിക്കും. രണ്ടു മണി കഴിയുമ്പോൾ, അവിടെ നിന്നുള്ള ഉച്ചയൂണും കഴിഞ്ഞു് അവൾ വീട്ടിൽ എത്തുമ്പോൾ തീരെ അവശയായിരിക്കും.
അന്ന് ഉച്ചകഴിഞ്ഞ് ബംഗ്ലാവിൽ നിന്നും നടന്ന് കായലോരത്തെ കടവിലേയ്ക്കു പോകുമ്പോൾ കൂട്ടുകാരി കത്രീനാ വിളിച്ചുകൂവി
"സുജു, മോളെ നില്ക്ക്."
"എന്താ കത്രീ? "
"ദാ ഈ ആളെ കുറിച്ചാണ് ഞാൻ കഴിഞ്ഞയാഴ്ച പറഞ്ഞത്
പിറകിൽ നില്ക്കുന്നു മെലിഞ്ഞു പൊക്കമുള്ള ഒരു സ്ത്രീ.
" ഇവർക്ക് ഇവിടെ ഒരു കമ്പനിയിൽ ജോലിയാണ്. ഗുജറാത്തിയാണെങ്കിലും മലയാളം നന്നായി അറിയാം. ഇനി നിങ്ങൾ തമ്മിൽ സംസാരിച്ചോളു. ഞാൻ പോകുന്നു."
വള്ളത്തിൻ്റെ നടുക്കുള്ള പടിമേൽ അവർ സുജാതക്ക് അഭിമുഖമായി ഇരുന്നു. ഇളം നീല ജീൻസും റോസ് നിറത്തിലുള്ള കൈയ്യില്ലാത്ത ബനിയൻ മാതിരിയുള്ള ഷർട്ടുമാണ് വേഷം. കാലിൽ ഷൂസും. ചെമ്പിച്ച മുടി ക്രോപ്പു ചെയ്തിരിക്കുന്നു. മൊത്തത്തിൽ ഒരു ആംഗ്ലോ ഇൻഡ്യൻ ലുക്ക് ഉണ്ട്. കാറ്റിൽ ഇലഞ്ഞിപ്പൂമണം ഒഴുകിവരുന്നു. സുജാത ഞെട്ടലോടെ ആ അപരിചിതയുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു.
"എന്താ എന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്?"
അവർ ചിരിച്ചു കൊണ്ടു ചോദിച്ചു.
"ആദ്യമായിട്ടു കാണുന്നതുകൊണ്ടാണ് "
സുജാതയുടെ മുഖത്ത് ഒരു വിളറിയ ചിരി വിടർന്നു, മാഞ്ഞു. ഓളങ്ങളെ തഴുകി മാറ്റിക്കൊണ്ട് ആ കൊതുമ്പുവള്ളം അരയന്നപ്പിടപ്പോലെ കുണുങ്ങി നീങ്ങി. ആകാശം തെളിഞ്ഞു കത്തുന്നു. മഴ മേഘങ്ങളെല്ലാം മാഞ്ഞു പോയിരിക്കുന്നു.
കായൽക്കാറ്റിൽ അവരുടെ മുടിയിഴകൾ കിന്നാരം പറഞ്ഞു കൊണ്ടിരുന്നു.
" ഞങ്ങൾ പാവങ്ങളാണ്."
"ഒന്നും പറയണ്ടാ ' എല്ലാം എനിക്കറിയാം"
സുജാതക്ക് വീണ്ടും അമ്പരപ്പ്.
"എങ്ങിനെ? ഇതിനു മുമ്പു നിങ്ങൾ ഇവിടെ വന്നിട്ടുണ്ടോ?"
അതിനു മറുപടി പറയാതെ ആ സ്ത്രീ ചിരിച്ചു.
"പേരു പറഞ്ഞില്ല."
സുജാത ചോദിച്ചു.
"എൻ്റെയോ? എന്നെ വിളിക്കുന്നത് ഭാമിനി ഗോസാമി. "
എൻ്റ പേര് "
"അറിയാം സുജാത. കൂടാതെ അമ്മയും സുമയും സുമിയും"
അവൾ തുടർന്നു.
"എൻ്റെ ജോക്കു മിടുക്കനായോ?"
സുജാത മിഴിച്ചിരുന്നു. അവൾ അതിഥിയെ തുറിച്ചു നോക്കി.
"മുറ്റത്തെ ഇലഞ്ഞി പൂവിട്ടോ?''
" ഇന്നു രാവിലെ പൂവിട്ടു. ",
ഞെട്ടലിൽ നിന്നും വിമുക്തയാകാതെ യാന്ത്രികമായി സുജാത മൊഴിഞ്ഞു.
വള്ളം വീട്ടു കടവിലടുത്തപ്പോൾ ഭാമിനി ഗോസാമി ചിരപരിചിതയായ വീട്ടുകാരിയെപ്പോലെ കൽപ്പടവിൽ ചവിട്ടി മറ്റത്തേക്കു ചാടിയിറങ്ങി. ജോക്കു ഓടി വന്നു അവളുടെ കാലിൽ തഴുകി നിന്നു വാലാട്ടിക്കൊണ്ട്. സുജാത ജോക്കുവിൻ്റെ ചേഷ്ടകൾ ശ്രദ്ധിക്കുകയായിരുന്നു. അവന് അതിഥിയോടു് എന്തൊക്കെയൊ പരിഭവങ്ങളും പരാതികളും എണ്ണിയെണ്ണി പറയാനുള്ളതുപോലെ. അവൻ മൃദുവായി കുരച്ചു കൊണ്ട് പരാതികളുടെ ഭാണ്ഡക്കെട്ടുമായി അതിഥിയുടെ കാലിൽ അള്ളിപ്പിടിച്ചു കയറി എന്തൊക്കെയോ മുറുമുറുത്തുകൊണ്ടിരുന്നു. അവൾ അവൻ്റെ മുഖത്തു് ഉമ്മ വെച്ചു. കുറിഞ്ഞിപ്പൂച്ചയും വാലാട്ടി ഭാമിനിയുടെ കൊലുമ്പിട്ട പാദങ്ങളെ തിണ്ണവരെ പിന്തുടർന്നു.
സുമയും സുമിയും ആ അപരിചിതയായ സ്ത്രീയെ ഭയത്തോടു നോക്കി പെട്ടെന്നു ഉൾവലിഞ്ഞു. സുജാത അവർക്ക് ആ സ്ത്രീയെ പരിചയപ്പെടുത്തി.
"നമ്മുടെ വീട്ടിലെ ഒരു മുറി ഇവർക്ക് വാടകയ്ക്കു കൊടുക്കുന്ന കാര്യം ഞാൻ നേരത്തേ നിങ്ങളോടു പറഞ്ഞതല്ലേ? അവരാണു് ഇവർ ".
സുമിയും സുമയും വാതിലിനിടയിലൂടെ ഒളിഞ്ഞു നോക്കി. ആ സ്ത്രീയെക്കുറിച്ച് അനുജത്തിയുടെ ചെവിയിൽ എന്തോ മന്ത്രിച്ചു. സുമയ്ക്കു ചിരി വന്നു. അപ്പോഴേക്കും ഭാമിനി മുറിയിൽ കയറി വസ്ത്രം മാറി ഒരു കറുത്ത ഗൗൺ ധരിച്ച് അമ്മയുടെ മുറിയിലെത്തി. സുജാത അമ്മയ്ക്ക് അതിഥിയെ പരിചയപ്പെടുത്തി. ആ വൃദ്ധയുടെ നരകയറിയ കണ്ണുകൾ കവിളിലെ ചുളിവുകളിലൂടെ താഴേക്കൊഴുകി.
ഭാമിനി പുറത്തിറങ്ങി കുട്ടികളെ പരിചയപ്പെടാൻ തുടങ്ങി. "ഞാൻ ഭാമിനി ഗോസാമി. ഇവിടെ ഇൻഷുറൻസ് കമ്പനിയിൽ സ്ഥലം മാറി വന്നതാണ്. നാട് ഗുജറാത്തിൽ അഹമ്മദ് ബാദ്. നിങ്ങൾക്കെന്നെ ഭാമിനിച്ചേച്ചി എന്നൊ ഭാമിനിയമ്മ എന്നോ വിളിക്കാം. എന്താ സമ്മതമല്ലേ? ഭാമിനി ആദ്യം സുമയെ കയ്യിലെടുത്ത് കവിളിൽ തെരുതെരെ ഉമ്മ നല്കി. അപ്പോൾ സുമി" എനിക്ക് ഉമ്മയില്ലേ എന്ന് ചോദ്യഭാവത്തിൽ നോക്കുന്നതു കണ്ട ഭാമിനി അവളെയും കയ്യിൽ എടുത്ത് ഉമ്മകൾ കൊണ്ടു മൂടി. ഭാമിനിയുടെ കണ്ണിൽ നിന്നും നീർത്തുള്ളികൾ സുമിയുടെ കവിളത്തു വീഴുന്നതു കണ്ടു കൊണ്ടാണ് അകത്തെ മുറിയിൽ നിന്നും സുജാത വന്നത്.
" ചേച്ചി എന്തിനാ കരഞ്ഞത് എന്നു ചോദിക്കണമെന്ന് തോന്നി പക്ഷെ സുജാത മൗനം പൂണ്ടു.
രാവിലെ ചേച്ചിയെ വള്ളത്തിൽ കയറ്റി നഗരത്തിലെ ബോട്ട് ജട്ടിയിൽ വിട്ടിട്ട് സുജാത ബംഗ്ലാവിൽ പണിക്കു പോയി. മുറികൾ അടിച്ചുവാരി വൃത്തിയാക്കുന്നതിനിടയിൽ മേശപ്പുറത്തു കിടന്ന അന്നത്തെ പത്രത്തിൽ അവളുടെ കണ്ണുകൾ ഉടക്കി. അവൾ ചുറ്റും മിഴികൾ പായിച്ചിട്ട് ആ വാർത്ത വായിച്ചു.
"ഒരു കടുംമ്പത്തിലെ എല്ലാ അംഗങ്ങളെയും വെടിവെച്ചുകൊന്ന ശേഷം കൊലപാതകി സ്വയം വെടിയുർത്തി മരണത്തിനു കീഴടങ്ങി. വെറും 2I വയസു മാത്രമുള്ള ആ യുവാവ് കൊല്ലപ്പെട്ട ഡോ.രാജേന്ദ്രൻ്റെ ആദ്യ ഭാര്യയിലെ മകനാണ്. അയാൾ ലഹരിമരുന്നിന് അടിമയാണന്നാണ് പൊലീസ് വൃത്തങ്ങൾ കണ്ടു പിടിച്ചത്. സ്വത്തു തർക്കമാണ് കാരണമെന്നറിയുന്നു. കൊല ചെയ്യപ്പെട്ട രാജേന്ദ്രൻ ബാംഗ്ളൂരിലെ പ്രസിദ്ധമായ ഇൻഡോ അമേരിക്കൻ മൾട്ടി സ്പഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ ഉടമയും ഡയറക്ടറുമാണ്. "
കൂടുതൽ വായിക്കാൻ തുടങ്ങുമ്പോൾ ആരുടേയൊ പദവിന്യാസം കേട്ട സുജാത ഞെട്ടിത്തിരിഞ്ഞ് തൻ്റെ തൂപ്പു ജോലിയിൽ വീണ്ടും വ്യാപൃതയായി.
അന്ന് വൈകുന്നേരം സുജാത വർഷങ്ങൾക്കു ശേഷം, ആദ്യമായി കൃഷ്ണഭഗവാൻ്റെ ചിത്രത്തിൽ ഇലഞ്ഞിപ്പൂമാല ചാർത്തി നിലവിളക്കിൻ്റെ അഞ്ചുതിരികളും കൊളുത്തി കൈ കൂപ്പി പ്രാർത്ഥിച്ചു. അവളറിയാതെ മിഴികൾ നനഞ്ഞൊഴുകി കവിളിൽ വീണു. തിരിഞ്ഞപ്പോൾ കണ്ടത് കണ്ണൻ്റെ മുമ്പിൽ ഭക്തി പരവശയായി ധ്യാനനിരതയായി നില്ക്കുന്ന അവളുടെ ഭാമച്ചേച്ചിയെയാണ്. അതിഥി ചെറുകഥ അളകനന്ദിനി
അവസാന ഭാഗം

അന്ന് വൈകുന്നേരം സുജാത വർഷങ്ങൾക്കു ശേഷം, ആദ്യമായി കൃഷ്ണഭഗവാൻ്റെ ചിത്രത്തിൽ ഇലഞ്ഞിപ്പൂമാല ചാർത്തി നിലവിളക്കിൻ്റെ അഞ്ചുതിരികളും കൊളുത്തി കൈ കൂപ്പി പ്രാർത്ഥിച്ചു. അവളറിയാതെ മിഴികൾ നനഞ്ഞൊഴുകി കവിളിൽ വീണു. തിരിഞ്ഞപ്പോൾ കണ്ടത് കണ്ണൻ്റെ മുമ്പിൽ ഭക്തി പരവശയായി ധ്യാനനിരതയായി നില്ക്കുന്ന അവളുടെ ഭാമച്ചേച്ചിയെയാണ്.