top of page
AQOpUF69gCdXamXcCk61qcl_g7Gp64DQKEbCfbC14GhLilWtEBBXjEhZz8SwVdgv6efVtfhKTRyhcPJLAfY4MvU6_e

ആമ്പൽപ്പൂവിൻ്റെ  വലിപ്പമുള്ള ഇലഞ്ഞിപ്പൂക്കൾ

ആമ്പൽപ്പൂവിൻ്റെ
വലിപ്പമുള്ള ഇലഞ്ഞിപ്പൂക്കൾ.   
       
 ചെറുകഥ.       അളകാനന്ദിനി

പീറ്റർ എന്നും അതിരാവിലെഎഴുന്നേറ്റ് ദിനചര്യകളെല്ലാം വേഗത്തിൽ തീർക്കും. അടുക്കളയിൽ കയറി ഒരു ഗ്രീൻ റ്റീ ഉണ്ടാക്കി കുടിച്ചിട്ട്. കറുത്ത ബർമുഡയും ചുവന്ന ബനിയനും കാലിൽ സോക്സും ഷൂസും ധരിച്ച് പടപടാ ശബ്ദമുണ്ടാക്കി വാതിൽ തുറന്നു പുറത്തുചാടും.

 
ഭാര്യയും മരുമകളും ഉണരണമെങ്കിൽ ഏഴര കഴിയും. അപ്പോഴേക്കും സഞ്ചിയിൽ മിൽമാ പാലും പച്ചക്കറികളുമായി അയാൾ തിരിച്ചെത്തും. 
വേഗത്തിൽ നടത്തം. രണ്ടു കൈകളും നന്നായി ഉയർത്തിവീശി ഒരു ചെറുപ്പക്കാരനെപ്പോലെ നടക്കാൻ ശ്രമിക്കും.
പക്ഷെ കുറച്ചു ദൂരം ചെല്ലുമ്പോൾ നന്നായി കിതപ്പ് അനുഭവപ്പെടും. അപ്പോൾ  വേഗത കുറയ്ക്കും. വീണ്ടും നടത്തം തുടങ്ങും. 
പ്രായം ഒരിക്കൽക്കൂടി സൂര്യനെ വലം വച്ച് ഇന്നലെ 69 ൽ എത്തി നിന്നു. ജന്മദിനത്തിൽ ആഘോഷങ്ങളൊന്നും ഇല്ലായിരുന്നു. എങ്കിലും പതിവുപോലെ മേരിക്കുട്ടി രാത്രിയിൽ പീറ്ററിൻ്റെ കഴുത്തിൽ അല്പം വാടിയതെങ്കിലും ഓർമ്മകളുടെ സുഗന്ധമുള്ള ഇലഞ്ഞിപ്പുമാല ചാർത്തി ഉമ്മ നല്കി.

എല്ലാ വർഷവും മേരിക്കുട്ടി ആ പരിശുദ്ധ കർത്തവ്യം ചെയ്യും. പകരം പീറ്റർ തൻ്റെ കയ്യിലെ ഞാവൽപ്പഴം പ്രിയതമയുടെ വായിൽ ഇട്ടു കൊടുക്കം. അതിൻ്റെ പുളിപ്പും കവർപ്പും അവൾ ആസ്വദിച്ചു കഴിയ്ക്കും.

 ഇന്നു മഴയില്ല, പക്ഷെ ആകാശം കറുത്തിരിക്കുന്നു.  അയാൾ ഫുട്ട്പാത്തിലൂടെ വേഗത്തിൽ കാലുകൾ വലിച്ചു നീട്ടി നടന്നു മൈതാനത്തേയ്ക്ക്. 

രണ്ടു പെൺകുട്ടികൾ സംസാരത്തിൽ ലയിച്ചു മൊബൈലിൽ ചാമ്പിക്കൊണ്ടു്  തന്നെ മറികടന്ന് നീങ്ങി. 

വൃദ്ധന് ദേഷ്യം വന്നു. അമ്പടി കേമികളെ ഞാൻ നിങ്ങളെക്കാൾ വേഗത്തിൽ നടക്കുന്നവനാണ്. ഞാനും ചെറുപ്പക്കാരനാണ്. 

 പിറുപിറുത്തു കൊണ്ട് അയാൾ വേഗത്തിൽ
നടന്നപ്പോൾ ' കീഴ്ശ്വാസം പെരുമ്പറ കൊട്ടി പുറത്തേക്ക് പോകുന്ന ശബ്ദം. ഒന്നല്ല, രണ്ടല്ല, മൂന്നുവട്ടം കേട്ടു. കതിനക്കു തീ കൊളത്തിയതുപോലെ.

ച്ചേ!  നാണക്കേടായി. 
ഈ ശ്വാസത്തിന് നിശ്ശബ്ദമായി പുറത്തേയ്ക്കു പൊയ്ക്കൂടേ? അവളുമാരു കേട്ടോ. ഉവ്വ് അവർ കേട്ടു .തീർച്ച അവരുടെ പളുങ്കുമണി പോലത്തെ ചിരി ശ്രദ്ധിച്ചോ? 
നാണിച്ചു ചിരിച്ചു കൊണ്ട് അവർ വേഗത്തിൽ നടന്നു മറഞ്ഞു.
കുറച്ചു കുടി മുന്നോട്ട് നടന്നപ്പോൾ പീറ്റർ കിതക്കാൻ തുടങ്ങി. അപ്പോഴാണ് ഹൃദ് രോഗ വിദഗ്ധൻ പറഞ്ഞത് അയാൾ ഓർത്തതു്.  വേഗത കുറച്ചു. കിതപ്പും കുറഞ്ഞു. 

കുറച്ചു കൂടി മുന്നോട്ടു  നടന്നപ്പോൾ ഒരുകോണിൽനിന്ന് കുറെ ചെറുപ്പക്കാരികളും ചെറുപ്പക്കാരും വ്യായാമം ചെയ്യുന്നു. അവർ ഇറുക്കമുള്ള  വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു. 

പൊട്ടിച്ചിരികളും തമാശകളുമായി അവർ വ്യായാമം ആസ്വദിക്കുന്നു. അയാളിലെ യൗവ്വനത്തിൻ്റെ കെട്ടു കിടന്ന വികാരങ്ങൾ ഉമിത്തീ പോലെ നീറിത്തുടങ്ങി.

 ചിലർ ഇതിനിടയിൽ മൊബൈലിൽ ചിരിക്കുന്നു, കളിയാക്കുന്നു.

 ഇതാണ് ജീവിതം. അയാൾ മനസ്സിൽ പറഞ്ഞു. അവരിലൊരാളായി താൻ മാറിയിരുന്നെങ്കിൽ എന്നു പീറ്റർ വെറുതേയാശിച്ചു.

 പെൺകുട്ടികൾക്ക് ലെഗ്ഗികളും ബനിയനും വേഷം. അവർ എത്ര വേഗത്തിലും താളത്തിലുമാണ് വ്യായാമം ചെയ്യുന്നത്. അതിൻ്റെ മാസ്മരികത ആ വൃദ്ധ ഹൃദയത്തിൻ്റെ രക്തസമ്മർദ്ദം കൂട്ടുന്നു.


ഹാ! എത്ര സുന്ദരന്മാരും സുന്ദരികളും.  അയാൾക്ക് കൊതി തോന്നി. ഈ ഭുമി എത്ര മനോഹരിയാണ്, കുറെ നേരം അവിടെ നിന്ന് അവരുടെ മേനിയഴകും അവർ ചെയ്യുന്ന വ്യായാമവും കൺകളിർക്കെ കാണാൻ ആ വൃദ്ധ ഹൃദയം കൊതിച്ചു. അയാൾ ചുറ്റും നോക്കി.
പക്ഷെ ആളുകൾ എന്തു വിചാരിക്കും? അയാൾ മനസില്ലാ മനസ്സോടെ മുന്നോട്ട് നടന്നു.

ആരും കാണുന്നില്ലെന്നു ബോദ്ധ്യപ്പെട്ട പീറ്റർ  യൗവ്വനക്കാർ ചെയ്ത വ്യായാമ മുറകൾ മരങ്ങളുടെ മറവിൽ ആവർത്തിക്കാൻ തുടങ്ങി. തൻ്റെ രണ്ടു കൈകളും മുകളിലേക്കും താഴേക്കും വേഗത്തിലാട്ടി നൃത്തം ചെയ്യാൻ ശ്രമിച്ചു.
തനിക്കും ആ വ്യായാമം നന്നായി ചെയ്യാൻ കഴിയുന്നുണ്ട്. ഉവ്വ് താൻ ചെറുപ്പമായിക്കൊണ്ടിരിക്കുന്നു. 

അയാൾക്ക് അഭിമാനം തോന്നി.  നഗരത്തിലെ ഏറ്റവും വിശാലമായ കാൽപ്പന്തു മൈതാനമാണ് ഇവിടം. 

യൗവ്വനക്കാരുടെ വ്യായാമ രീതികളെല്ലാം അയാൾ മരങ്ങളുടെ മറപറ്റി നിന്ന് ശ്രദ്ധിക്കും.

 കാഴ്ച കുറവായതുകൊണ്ട് സൂത്രത്തിൽ അവർക്ക് സമീപത്തു കൂടി നടന്നു കൊണ്ട് ഓരോ വ്യായാമ മുറയും ശ്രദ്ധിച്ചു മനസിലാക്കും. 
അടുത്ത ദിവസം മൈതാനത്തെ പ്രിയപ്പെട്ട മരങ്ങളുടെ തണലത്തു നിന്നു അയാൾ ആ അഭ്യാസ മുറകൾ പരിശീലിയ്ക്കും. 

അയാൾ ചെറുപ്പമാകുന്നതു പോലെ അയാൾക്കു തോന്നി. വർഷങ്ങൾക്ക് മുമ്പു് പീറ്ററിനോടൊപ്പം രാഘവനും മത്തായിയും ചാക്കോയും ഉണ്ടായിരുന്നു. അവരെല്ലാം തന്നെക്കാൾ മിടുക്കന്മാരും ആരോഗ്യവാന്മാരുമായിരുന്നു. 

പക്ഷെ എല്ലാവരും ഒന്നൊന്നായി ഓട്ടം മതിയാക്കി മരണത്തിൻ്റെ പേടകത്തിൽ യാത്ര പോയി.

 അത്യന്തം ആയാസത്തോടെ, മടി പിടിച്ച കാലുകൾ നീട്ടി നടക്കുന്ന തടിച്ച വൃദ്ധയെ അയാൾ സഹതാപത്തോടെ നോക്കി. അവരുടെ പിറകേ ഭർത്താവും നടക്കുന്നു. അയാൾക്കു കാര്യമായ പ്രശ്നങ്ങളില്ലെന്നു തോന്നുന്നു.   പാവങ്ങൾ. നടക്കാൻ തീരെ വയ്യാ. മുട്ടുവേദന നടുവേദന കഴുത്തുവേദന കൊണ്ടു കഷ്ടപ്പെടുന്നവർ.

 അവർക്ക് അയാൾ പ്രതിവിധി ഉപദേശിക്കുന്നതു കണ്ടാൽ തോന്നും ഇപ്പോൾ ഉപരിപഠനം കഴിഞ്ഞു വന്ന  ഡോക്ടറാണെന്ന്.

കിതയ്ക്കുമ്പോൾ അയാൾ മരത്തിൽ ചാരി നിന്ന് .ചുറ്റും കണ്ണോടിക്കും.  ആർത്തു വളർന്നു പന്തലിച്ചു നില്ക്കുന്ന ഞാവൽമരങ്ങളെയും ഇലഞ്ഞിമരങ്ങളേയും തഴുകി വരുന്ന കുളിർ കാറ്റിൻ്റെ സുഖം ആ വൃദ്ധൻ ആവോളം ആസ്വദിക്കും.

ഇറുകിയ വസ്ത്രങ്ങൾ ധരിച്ചെത്തുന്ന കൗമാരസുന്ദരികളുടെ വടിവൊത്ത ശരീരം മരങ്ങളുടെ മറവിൽ നിന്നു് മതിവരുവോളം അയാൾ തൻ്റെ കണ്ണടയ്ക്കുള്ളിലൂടെ ഒളികണ്ണിട്ടു നോക്കിനില്ക്കും. അതു പാപമാണെന്ന് അയാൾക്കു തോന്നിയിട്ടില്ല.

 ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുവെന്നു തോന്നിയാൽ നടത്തം വേഗത്തിലാക്കും. പിന്നെ കിതച്ചു നില്ക്കും.  ഇടയ്ക്കിടെ അയാൾ നെടുവീർപ്പെടും.

തനിക്കെന്നെങ്കിലും വീണ്ടും ഒരു കൗമാരക്കാരനാകാൻ കഴിയുമോ? പൗലോ കൊയിലോയുടെ പ്രശസ്തമായ ഉദ്ധരണി അയാളുടെ മനസ്സിലേക്ക് ഊളിയിട്ടു വരും.

"പ്രപഞ്ചശക്തി മുഴുവൻ നിങ്ങളുടെ ശക്തമായ ആഗ്രഹത്തെ പിന്തുണയ്ക്കുന്നുണ്ടന്നു വിശ്വസിച്ചു മുന്നേറുക. അപ്പോൾ അത്ഭുതം സംഭവിക്കും."

 ആ പുത്തുണർവിൽ വീണ്ടും അയാൾ വ്യായാമം തുടർന്നു. കുറെ കഴിഞ്ഞപ്പോൾ വെട്ടി വിയർത്തു.
ഇനി വയ്യ.  

മരങ്ങളുടെ ഓരം പറ്റി നിന്ന് അയാൾ കിതച്ചു. പിന്നെ, പതിവുപോലെ  അയാൾ രാജാത്തിയമ്മാളിൻ്റെ കടയിലേക്ക് വേച്ചു വേച്ചു  നടന്നു.  

"അണ്ണാ സൗഖ്യമാ? രാജാത്തിയമ്മാൾ പതിവുപോലെ വരവേൽക്കും. മറുപടിയായിപീറ്റർ പേശും " എനക്ക് രൊ മ്പ സൌഖ്യം " പീറ്റർ ഹൃദയം തുറന്നു ചിരിക്കുന്നത് രാജാത്തിയുടെ മുമ്പിലാണ്. 

പലവ്യഞ്ജനങ്ങൾ വാങ്ങാൻ മേരിക്കുട്ടി പണം കൊടുക്കുമ്പോൾ അതിൽ നിന്നും ചില്ലറകൾ സൂത്രത്തിൽ അടിച്ചുമാറ്റും. 

 രാജാത്തിയമ്മാളിൻ്റെ ചായക്കടയിൽ നിന്നും മൂന്ന് ഇഡ്ഢലിയും ചമ്മന്തിയും വാങ്ങി കഴിക്കും. മദ്യവും പുകവലിയും വർജ്ജ്യം. ആരോഗ്യത്തിന് ഹാനികരം . 

അമ്പത് വയസുള്ള എണ്ണക്കറുമ്പി രാജാത്തിയമ്മാളിൻ്റെ യൗവ്വനം ഒരു കൊച്ചു കുട്ടിയുടെ അന്ധാളിപ്പോടെ അയാൾ നോക്കിനിൽക്കും. അവൾക്കും അതു മനസ്സിലാകുന്നുണ്ട്. അവൾ ചുണ്ടു കടിച്ചു കള്ളച്ചിരിയോടെ അയാൾക്ക് ഇഡ്ഡലി വിളമ്പും. അവൾ ഇപ്പോഴും പതിനേഴിൻ്റെ പ്രസരിപ്പോടെ ഒറ്റക്ക് നടത്തുന്ന കട. 
ഇഡ്ഢലിക്കും ചമ്മന്തിക്കും സാമ്പാറിനും നല്ല സ്വാദാണ്. രാജാത്തിയമ്മാൾ കറുത്തു തുടുത്ത ഞാവൽപ്പഴംപോലെയാണന്ന് അയാൾക്കു തോന്നി.

 അവൾക്ക് അയാളുടെ രുചിക്കൂട്ട് നന്നായി അറിയാം. ഒരു ഇഡ്ഢലി സ്റ്റീൽ പ്ലേയ്റ്റിൽ വച്ച് അതിൻ്റെ മുകളിലൂടെ ചമ്മന്തിയും സാമ്പാറും പുഴ പോലെ ഒഴുക്കും .പീറ്റർ സാമ്പാർ മൊത്തിക്കുടിക്കും. 

 കൈ കഴുകി, കാശു കൊടുത്തിട്ട് പീറ്റർ തിരികെ വീട്ടിലേക്ക്.  
കുറെ വർഷം പട്ടാളത്തിലായിരുന്നു. പിന്നെ പിരിഞ്ഞു പോന്നു. ചെറിയ പെൻഷൻ കിട്ടും. അതും ഭാര്യയെ ഏൽപ്പിക്കും.

രണ്ട് ആൺമക്കൾ. കല്യാണം കഴിഞ്ഞു. മൂത്തവൻ  കാനഡയിൽ കുടുംബമായിക്കഴിയുന്നു. ഇളയവൻ അമേരിക്കയിൽ, ഭാര്യ ഡോക്ടറാണ്. അവനും രണ്ട് പെൺകുട്ടികൾ.

 ഈ നഗരത്തിലാണ് അയാൾ ജനിച്ചതും വളർന്നതും.

 മേരിക്കുട്ടിയെ പരിചയപ്പെട്ടതും കല്യാണം കഴിച്ചതും ഇന്നലെ കഴിഞ്ഞതുപോലെ.

 നഗരത്തിൽ പത്തു സെൻ്റ് സ്ഥലത്തിൽ  രണ്ടു നില വീട്  നിർമ്മിച്ചു.  മക്കളെ പഠിപ്പിച്ചു.  അപ്പോഴേക്കും വർഷങ്ങൾ ഓടിപ്പോയി. മേരിക്കുട്ടിക്ക് പ്രമേഹവും വാതസംബന്ധമായ രോഗങ്ങളും.  തനിക്ക് ഹൃദ് രോഗം പക്ഷെ തോറ്റു പിന്മാറാൻ തയ്യാറല്ല. 

അടുക്കും ചിട്ടയുമുള്ള ലളിത ജീവിതം, നല്ല വ്യായാമം വൃദ്ധനെ ചെറുപ്പമാക്കും.  അയാൾ ഭാര്യയോടു പറയും. അവൾ ഊറിച്ചിരിക്കും. ഓർമ്മ വർദ്ധിപ്പിക്കാൻ അയാൾ തമിഴ് ഭാഷ പഠിക്കുന്നുണ്ട്. 

TV യിൽ തമിഴ് ചാനലുകൾ അയാൾക്ക് പ്രിയപ്പെട്ടതാണ്. രാജാത്തിയമ്മാളിൻ്റെ കടയിൽ പോകുന്നതു തമിഴ് പേശാൻ വേണ്ടി കൂടിയാണ്.

 എന്നും വ്യായാമം കഴിയുമ്പോൾ അയാൾ തൻ്റെ പ്രിയപ്പെട്ട ഇലഞ്ഞിമരച്ചുവട്ടിൽ ചെന്നിരിക്കും. കുറെ നേരം ആ മരങ്ങളോടു് അയാൾ സംസാരിക്കും. അവർ എല്ലാം മൂളി കേൾക്കും. മനുഷ്യരേക്കാൾ നല്ലവരാണ് മരങ്ങൾ. 

കൂട്ടുകാർ മരിച്ചതിനു ശേഷം മരങ്ങളാണ് അയാളുടെ മിത്രങ്ങൾ. 
പോകാൻ നേരം ആ മരങ്ങളെ ആരും കാണാതെ അയാൾ ഉമ്മ വയ്ക്കും. അപ്പോൾ അവയുടെ സമൃദ്ധമായ കരങ്ങളാട്ടി അവർ പ്രതികരിക്കുന്നുണ്ടെന്നു്
ആ വൃദ്ധൻ വിശ്വസിക്കുന്നു.

ഇളം കാറ്റു വന്നു ചില്ലകളെ തഴുകുമ്പോൾ ഇലഞ്ഞിപ്പൂക്കൾ വീഴും. അയാൾ അതു പെറുക്കി കൂട്ടി ഭദ്രമായി കടലാസിൽ പൊതിഞ്ഞ് സഞ്ചിയിൽ വയ്ക്കും. മേരിക്കുട്ടിക്കു മാല കോർക്കാനാണ്.

പണ്ടു പണ്ടു് അയാൾ കോളജിൽ അവസാന വർഷ ബി എസ് സിക്കു പഠിക്കുമ്പോൾ ബോട്ടണി ലാബിൻ്റെ അരികത്തുള്ള വാകമരച്ചോട്ടിൽ വെച്ച് ആരും കാണാതെ അവൾക്കു കൊടുത്ത ഇലഞ്ഞിപ്പുക്കളിലാണ് കല്യാണം വരെയെത്തിയ അവരുടെ പ്രണയത്തിൻ്റെ തുടക്കം.

മൂന്നാമത്തെ ദിവസം അവളാണ് കല്യാണമുറപ്പിച്ചതു് അവൻ്റെ തുടുത്ത കവിളിൽ ഒരു ചുംബനം. പിന്നെ ഒറ്റ ഓട്ടം. അവന് തല ചുറ്റുന്നതായി തോന്നി.

കല്യാണം കഴിഞ്ഞ രാത്രിയിൽ അയാൾ അവൾക്കു സമ്മാനിച്ചതും ഞാവൽപ്പഴങ്ങൾ തന്നെ. 
അയാൾ നടന്ന് മൈതാനത്തിൻ്റെ വടക്കേ കോണിൽ പന്തലിച്ചു നില്ക്കുന്ന ഞാവൽ മരത്തിൻ്റെ ചുവട്ടിൽ ഇരിക്കും. ആരും കാണാതെ ആ വൃക്ഷത്തെയും അയാൾ കെട്ടിപ്പിടിച്ചു മുത്തം നല്കും.

കോരിത്തരിച്ചതുപോല ആ മരച്ചില്ലകൾ കാറ്റിൽ ഉലയുമ്പോൾ ഞാവൽപ്പഴങ്ങൾ തുരുതുരെ താഴെ വീഴുന്നത് അയാൾ മണ്ണു ഊതിക്കളഞ്ഞു കടലാസിൽ കൂട്ടി വച്ച് സഞ്ചിയിൽ തിരുകും. 
പിന്നെ തിരിച്ചു വീട്ടിലേയ്ക്ക് നടത്തം.

കുളി കഴിഞ്ഞ് വസ്ത്രം മാറി അയാൾ പത്രവായനയിൽ മുഴുകും. അപ്പോൾ നന്നായി കഴുകിയെടുത്ത ഞാവൽപ്പഴങ്ങൾ അയാൾ പോലുമറിയാതെ വിരലുകളാൽ  ഒന്നൊന്നായി അയാളുടെ വായിലേക്കു വീഴും.
അന്നു വൈകുന്നേരം അപ്രതീക്ഷിതമായി ഒരു സംഭവം ആ വീട്ടിൽ അരങ്ങേറി. മൂത്ത മകനും കുടുംബവും ഇളയവനും മക്കളും എത്തിച്ചേർന്നു. പെട്ടെന്നായിരുന്നു അവരുടെ വരവു.

പീറ്ററിൻ്റേയും മേരിക്കുട്ടിയുടെയും ഹൃദയം സന്തോഷം കൊണ്ടു നിറഞ്ഞു കവിഞ്ഞു.
ആദ്യമായാണ് രണ്ടു മക്കളും കുടുംബങ്ങളും ഒന്നിച്ച്  വീട്ടിൽ വരുന്നത്. 

ഇളയമകൻ്റെ കല്യാണം അമേരിക്കയിൽ വച്ചായിരുന്നു. കുറെ വർഷങ്ങൾ ഒന്നിച്ചു താമസിച്ചശേഷം കുട്ടികളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. 

മക്കളും അവരുടെ ഭാര്യമാരും മുറിക്കകത്തിരുന്നു ഗാഢമായ ചർച്ചയിലാണ്. പീറ്റർ അതിലൊന്നും തലയിടാറില്ല. വലിയ അഭിമാനിയാണദ്ദേഹം.  

മേരിക്കുട്ടിയാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്. 
അന്ന് ആദ്യമായി അവരെല്ലാവരും ഒരു മേശയിൽ നിന്നും ഭക്ഷണം കഴിച്ചു. തമാശകൾ പറഞ്ഞു ചിരിച്ചു. ആ വൃദ്ധ ദമ്പതികൾക്ക്  അനർഘനിമിഷങ്ങളായിരുന്നു ആ രണ്ടു രാത്രികൾ സമ്മാനിച്ചത്. എന്നും ഇങ്ങനെയായിരുന്നെങ്കിൽ. മേരിക്കുട്ടിയും പീറ്ററും ഒന്നു പോലെ ആശിച്ചു പോയി. " പക്ഷെ നമ്മുടെ ഇഷ്ടമല്ല, ദൈവമേ, അങ്ങേ ഹിതം എന്തായാലും അതുമതി ഞങ്ങൾക്ക് " രണ്ടു പേരും ഒന്നിച്ചു കൊന്തയെത്തിച്ചു പ്രാർത്ഥിച്ചു.

വൃദ്ധൻ ഉറങ്ങാൻ മുറിക്കകത്തേക്കു കയറി. കുറെ കഴിഞ്ഞപ്പോൾ മക്കളും ഭാര്യമാരും മേരിക്കുട്ടിയും കയറി വന്നു.  

മൂത്ത മകൻ കാര്യങ്ങൾ അവതരിപ്പിച്ചു. പീറ്റർ എല്ലാം ശാന്തമായി കേട്ടു. അയാൾക്ക് ആ മുറിയും അതിലെ മനുഷ്യരുമെല്ലാം കീഴ്മേൽ മറിയുന്നതായി തോന്നി. അല്പം കഴിഞ്ഞപ്പോൾ കറക്കം നിന്നു. മനസ്സിലെ വടവൃക്ഷം വേരോടെ പിഴുതുവീണു. അതിൻ്റെ ശിഖരങ്ങളിൽ കൂടുകൂട്ടിയ കോടി ജീവജാലങ്ങൾ പ്രാണനു വേണ്ടി ചിറകടിച്ചു കരഞ്ഞു.

അയാളുടെ കണ്ണുകൾ മേരിക്കുട്ടിയിൽ ഉടക്കി. അവൾ പറഞ്ഞു. 
" അച്ചായാ സമ്മതിക്കൂ" അയാൾ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. ആ നയനങ്ങൾ നനഞ്ഞിരുന്നു. അയാൾക്ക് എല്ലാം മനസ്സിലായി.
 
"ശരി, മക്കളെ നിങ്ങൾ പറഞ്ഞതു പോലെ തന്നെ ".

 സന്തോഷത്തിൻ്റെ വേലിയേറ്റം രണ്ടു മക്കളുടേയും മരുമക്കളുടെയും മുഖത്തു ആ വൃദ്ധൻ ദർശിച്ചു. ഒപ്പിടേണ്ട കടലാസുകളിലെല്ലാം അയാൾ ഒരു അന്ധനെപ്പോലെ ഒപ്പ് ഇട്ടു കൊടുത്തു. 

വാതിലടച്ചു്, വെളിച്ചം കെടുത്തി മേരിക്കുട്ടി അടുത്തു വന്നു വൃദ്ധനെ കെട്ടിപ്പിടിച്ചു കിടന്നപ്പോൾ അയാൾ ചോദിച്ചു.

"അവിടെ ഇലഞ്ഞിപ്പൂക്കളും ഞാവൽപ്പഴങ്ങളും ഉണ്ടോ?"

 അക്കാര്യവും ഞാൻ ചോദിച്ചു അച്ചായാ, '' അവൾ വിക്കി വിക്കിപ്പറഞ്ഞു.
"അവർ  പറഞ്ഞതു അവിടെ ആമ്പൽപ്പൂവിൻ്റെ വലിപ്പത്തിലുള്ള ഇലഞ്ഞിപ്പൂക്കളാണ് ദിവസവും മുറ്റത്ത് കൊഴിഞ്ഞു വീഴുന്നത്‌. അവിടത്തെ ഞാവൽപ്പഴങ്ങൾക്കു് നമ്മുടെ വരിക്കച്ചക്കയുടെ വലിപ്പമുണ്ടന്നാണ് " .
പിന്നെ അവൾ ഒരു തേങ്ങലോടെ അയാളിലേക്കു ചാഞ്ഞു.

പീറ്റർ പതിവു തെറ്റിക്കാതെ അതിരാവിലെ എഴുന്നേറ്റു ദിനചര്യകളെല്ലാം വേഗത്തിൽ തീർത്തു. ഔഷധച്ചായ ഉണ്ടാക്കി കുടിച്ചു.

 ബർമുഡയും ചുവന്ന ബനിയനും ധരിച്ചു. സോക്സും ഷൂസും എടുത്തിട്ടു ഒരു ചെറുപ്പക്കാരൻ്റെ ചുറുചുറുപ്പോടെ പടിയിറങ്ങി ഗേയ്ററു തുറന്ന് വേഗത്തിൽ നടത്തം ആരംഭിച്ചു.  മൈതാനത്ത് തിരക്കു തുടങ്ങി.   പീറ്റർ നന്നായി വ്യായാമം ചെയ്തു. കുറെ കഴിഞ്ഞപ്പോൾ വെട്ടി വിയർത്തു. അയാൾ തൻ്റെ പ്രിയപ്പെട്ട ഇലഞ്ഞിമരത്തിൻ്റെ ചുവട്ടിൽ ഇരുന്നു. 

ആരും കാണുന്നില്ലെന്നു ഉറപ്പു വരുത്തി ആ മരത്തെ അയാൾ കെട്ടിപ്പുണർന്നു. അയാളുടെ മനം
മനസ്സിലാക്കിയെന്നോണം ആ മരച്ചില്ലകൾ കാററിൽ ആവേശത്തോടെ ഉലഞ്ഞു. അയാളുടെ ശിരസ്സിലും പുറത്തുമായി പൂക്കൾ വീണു കൊണ്ടിരുന്നു.,  വെളുത്ത പൂക്കൾ അവയുടെ ഗന്ധം അയാളെ വികാരാധീനനാക്കി. കണ്ണീർ അടർന്നുവീണു. അയാൾ  കയ്യിൽ കരുതിയിരുന്ന സഞ്ചിയിൽ പൂക്കൾ ശേഖരിച്ചു. പിന്നെ ഞാവൽ മരത്തിൻ്റെ ചുവട്ടിലും അയാൾ എത്തി ആ വൃക്ഷം അയാളെ കാത്തിരിക്കുന്നതു പോലെ തോന്നി. 

കാറ്റിൽ ആ വൃക്ഷക്കൊമ്പുകൾ അയാളിലേക്ക് ചായ് ഞ്ഞുലഞ്ഞുകൊണ്ടിരുന്നു. പഴങ്ങൾ മഴയായി വീണു. അയാൾ ഒരു കൊച്ചു കുട്ടിയുടെ ഉത്സാഹത്തോടെ  പഴങ്ങൾ പെറുക്കിയെടുത്തു കൊണ്ടിരുന്നു.

 ചായക്കടയിൽ ഇന്ന് രാജാത്തിയമ്മാൾ വിളമ്പിക്കൊടുത്ത ഇഡ്ഡലിയും ചമ്മന്തിയും അയാൾ ആവോളം കഴിച്ചു തൃപ്തിയടഞ്ഞു. 

 പെട്ടന്ന് പീറ്റർ എണ്ണക്കറുപ്പുള്ള അവളുടെ കയ്യിൽ ചുംബിച്ചു. അവൾ തരിച്ചുനിന്നു. 

 പക്ഷെ  കൈ പിൻവലിച്ചില്ല. അവൾ അതു കൊതിക്കുന്നതു പോലെ തോന്നി. രണ്ടു തുള്ളി കണ്ണീർ അവളുടെ കയ്യിൽ വീണു. അവൾ നടുങ്ങി. 
"അണ്ണാ " അവൾ തേങ്ങി. ആ കരിമിഴികൾ ഈറനണിഞ്ഞു.

 അയാൾ എഴുന്നേറ്റു. പണം കൊടുത്തു പുറത്തേക്കിറങ്ങി. 

നാളെ രാവിലെ ഫിലാഡെൽഫിയായിലേക്കു പുറപ്പെടണം. മക്കൾ എല്ലാ സജ്ജീകരണങ്ങളും ചെയ്തു കഴിഞ്ഞു. എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിച്ചു. മക്കളും കൊച്ചുമക്കളും കളിയും ചിരിയുമായി രാത്രി വൈകുവോളം ഇരുന്നു.

പക്ഷെ പീറ്റർ പതിവുപോലെ നേരത്തേ കിടന്നു. 

കുറച്ചു കഴിഞ്ഞപ്പോൾ മേരിക്കുട്ടിയും അടുത്തു വന്നു കിടന്നു. ഇലഞ്ഞിപ്പൂക്കളുടെ മാദക ഗന്ധം  അയാളുടെ മൂക്കിൽ തുളച്ചു കയറി.അയാൾ മേരിയെ  കെട്ടിപ്പുണർന്നു. 

വർഷങ്ങൾക്കു പുറകിലുള്ള ആദ്യരാത്രിയിലേക്ക് അവർ വഴുതിപ്പോയി. അയാൾ യുവാവായി. അവൾ മധുരപ്പതിനേഴുകാരി കോളജ് സുന്ദരി.   അയാൾ ബോട്ടണിലാബിൻ്റെ സമീപത്തുള്ള വാകമരത്തെ അമ്പരപ്പോടെ നോക്കി. പിന്നെ അയാൾ ആ വൃക്ഷത്തിൻ്റെ മുകളിലെത്തി ചുറ്റും വെളുത്ത മേഘങ്ങൾ. മരക്കമ്പുകളിൽ വാകപ്പൂക്കൾ പൂത്തുലഞ്ഞു നില്ക്കുന്നു. ചക്കയുടെ വലിപ്പത്തിലുള്ള കറുത്ത ഞാവൽപ്പഴങ്ങൾ ഞാവൽമരങ്ങളിൽ ആടിയുലയുന്നു. എന്തതിശയം! 

 ഓരോ ഞാവൽപ്പഴവും ചിരിക്കുന്നു. രാജാത്തിയ മ്മാളിൻ്റെ ചിരി പോലെ. അയാൾ ആർത്തിയോടെ പഴങ്ങൾ പറിച്ച് കുട്ടകളിൽ നിറച്ചുകൊണ്ടിരുന്നു.

താറുടുത്തു അടുത്ത മരത്തിൽ ആവേശത്തോടെ കയറി മേരിക്കുട്ടി ഇലഞ്ഞിപ്പൂക്കൾ അടർത്തിയെടുത്തു മാല കോർക്കുന്നു. ആമ്പൽപ്പൂവിൻ്റെ വലിപ്പമുള്ള ഇലഞ്ഞിപ്പൂക്കൾ. പീറ്ററും മേരിക്കുട്ടിയും പൊട്ടിച്ചിരിച്ചു. വാകപ്പൂക്കൾ അവരുടെ ശിരസ്സിൽ കീരീടങ്ങളർപ്പിച്ചു. അവർ ഒരിക്കൽക്കൂടി നവ ദമ്പതികളായി.

നേരം നന്നായി വെളുത്തു. മക്കൾ അക്ഷമരായി കാത്തിരുന്നു. അവസാനം അവർ കതകു തല്ലിത്തുറന്നു. അവർ കണ്ടു. പരിശോധിച്ചു. ഡാഡിയും മമ്മിയും ഉണരാത്ത ഉറക്കത്തിലാണ്. നിത്യനിദ്രയിൽ.

AQOpUF69gCdXamXcCk61qcl_g7Gp64DQKEbCfbC14GhLilWtEBBXjEhZz8SwVdgv6efVtfhKTRyhcPJLAfY4MvU6_e
AQNyP7znAK82bIsEaOm1jXh-bcIkT4zy03CP4HtJLUiWX3GjNBN8DrJXyH7WQp3Ui5vMGniEE4tFyktrJJMNCZsx_e

@StoryHubCentral

bottom of page