top of page
4r_edited.jpg

ദുർഗ്ഗ  

ദുർഗ്ഗ                    ചെറുകഥ                  അളകനന്ദിനി

ഞാൻ ആ എഴുത്തുകാരിയെ തേടി ചെന്നു. ഒരു പഴയ ഓടിട്ട വീട്.   വാതിലിൽ മുട്ടി. അല്പം കഴിഞ്ഞപ്പോൾ ചടച്ചു മെലിഞ്ഞ ഒരു വികൃതരൂപം വാതിൽ തുറന്നു.  തലയിൽ  പഞ്ഞിക്കെട്ടു നിറച്ചു വച്ചിരിക്കുന്നപോലെയുള്ള വെള്ളി മുടികൾ. താടിയിൽ കറുപ്പും വെളുപ്പുമുള്ള രോമക്കുഞ്ഞുങ്ങൾ ചിരിച്ചു മറിയുന്നു.  മുഖത്തു പ്രായം മുപ്പത്തഞ്ചിൽ ഒട്ടും കൂടുകയില്ല. മെലിഞ്ഞ വൃത്തികെട്ട കൈകൾ. നഖങ്ങൾ പോലും നേരേ ചൊവ്വേ വെട്ടിയിട്ടില്ല. നിറം മങ്ങിയ മഞ്ഞ പൈജാമയാണ് ധരിച്ചിരിക്കുന്നത്.

1 r.jpeg

മുറി മുഴുവൻ പുസ്തകങ്ങളും എഴുതിത്തള്ളിയ കടലാസു കൂമ്പാരങ്ങളും അവിടെയിവിടെ ചിന്നിച്ചിതറിക്കിടക്കുന്നു.

 "എന്താ വന്നത് ?" പഞ്ഞിക്കെട്ടുകാരി ഈർഷ്യയോടെ ചോദിച്ചു. ഞാൻ പരുങ്ങി. 

" പറയൂ.  എനിക്ക് ഒരു പാടു ജോലിയുണ്ട്. അവർ പൊട്ടിത്തെറിച്ചു. 

"എന്നെക്കുറിച്ച് നിങ്ങൾ എഴുതണം. ഞാൻ പണം തരാം".

 

 "ഞാൻ പണത്തിനു വേണ്ടി എഴുതാറില്ല. "  

"നിങ്ങൾ എന്നെക്കുറിച്ചെഴുതണം". ഞാൻ ആവേശത്തോടെ ആവർത്തിച്ചു. 

 

"നിങ്ങൾ എന്നെക്കുറിച്ചെഴുതിയേ പറ്റൂ ". 

"വട്ടു കേസാണെന്നു തോന്നുന്നു. എന്താ ചെയ്യുക?" അവൾ പിറുപിറുത്തു നിന്നു. പിന്നെ തലചൊറിഞ്ഞു കട്ടൻ ചായ മോന്തി പൈജാമയുടെ അറ്റം പൊക്കി കിറി തുടച്ചു.

" ഉം ശരി,  കഥ പറയൂ.  നല്ലതാണെങ്കിൽ എടുക്കാം അല്ലെങ്കിൽ ചവറ്റുകൊട്ടയിൽ."

  "സമ്മതിച്ചു ".

' അവർ കയ്യിൽ ഒരു പടവാൾ പോലെ തോന്നിക്കുന്ന തൂലികയെടുത്തു മഷിയിലമർത്തി. ഞാൻ കഥ പറയാൻ തുടങ്ങി. പലയിടത്തും പഞ്ഞിക്കെട്ടുകാരി എൻ്റെ വായ്ത്താരിയുടെ വ്യാകരണത്തെറ്റുകളും പദവിന്യാസങ്ങളുടെ പൊരുത്തക്കേടുകളും തിരുത്തിക്കൊണ്ടിരുന്നു. 

അവളുടെ മേശപ്പുറത്തെ ശബ്ദം ശേഖരിക്കുന്ന യന്ത്രൻ ഞങ്ങളുടെ സംഭാഷണം വള്ളി പുള്ളി തെറ്റാതെ  ഒപ്പിയെടുക്കുന്നുണ്ടായിരുന്നു പൂമ്പാറ്റ മധു നുകരുന്ന മൗനത്തോടെ.  

 

"ശരി - പൊക്കോളു. അടുത്തയാഴ്ച കഥ പ്രസിദ്ധീകരിക്കാം" 

അവർ വാതിൽക്കലേക്ക് വിരൽ ചൂണ്ടി. ഞാൻ പുറത്ത് കാറിൽ കയറിയിരുന്നു.

സഖി വനജ കാർ അബംദകർ കോളനിയെ ലക്ഷ്യമാക്കി ഓടിച്ചു. വീടെത്തി. 

രാത്രിയിൽ ജനാലയിലൂടെ മഴയുടെ സംഗീതവും തണുപ്പും ഒഴുകിയെത്തി എന്നെ താരാട്ടുപാടിയുറക്കി. 

രാവിലെ മഴ തോർന്നിരുന്നു.

 

വാതിലിൽ മുട്ടുകേട്ടു തുറന്നപ്പോൾ റഹ്‌മത്തുമ്മച്ചിയുടെ ചിരിക്കുന്ന മുഖം. ഒരു കുഞ്ഞിൻ്റെ നിഷക്കളങ്ക 

ഭാവമാണവരുടേത്.  അലമാരയിൽ നിന്നു പണമെണ്ണി ഉമ്മച്ചിക്ക് കൊടുത്തു. ആ നോട്ടുകൾ വാങ്ങി നെറ്റിയുടെ ഇരു വശങ്ങളിലും വച്ച് വണങ്ങിയപ്പോൾ ആ ചുളിവുകൾ കോറിയിട്ട  മുഖത്തു സൂര്യൻ ഉദിച്ചു നിന്നു. മുകളിലേക്കു കണ്ണുകളുയർത്തി "അള്ളാഹു ' എൻ്റെ 

മോളെ കാക്കണേ " എന്ന പ്രാർത്ഥന. എൻ്റെ മനസ്സിൽ സംതൃപ്തിയും. 

 

വരാന്തയിൽ അപ്പോൾ  ചുമച്ചു കൊണ്ട് കേശവൻ നായർ ഊന്നുവടിയുടെ സഹായത്തോടെ എത്തിക്കഴിഞ്ഞു. പിറകെ നാരായണിയമ്മയും ലക്ഷമിയമ്മയും വേച്ചു വേച്ചു കയറി വന്നു.  എല്ലാവർക്കും പണവും സ്നേഹചുംബനങ്ങളും നൽകി വിട്ടു.  ഭക്ഷണം കഴിച്ച ശേഷം കിടക്കയിലേക്ക് മറിയാൻ നേരം വനജ ഓടി വന്നു. 

"പൈലിച്ചേട്ടൻ മരിച്ചു. " ​​​​​​​​​​​​​​​​​

ഇടിവെട്ടേറ്റതു പോലെ ഞാൻ നിന്നു. പിന്നെ കുറെ നേരം കരഞ്ഞു. എനിക്കു പുനർജന്മം തന്ന എൻ്റെ വളർത്തച്ഛൻ. ഓർമ്മകൾ കൊടുങ്കാറ്റായി എൻ്റെ മനസ്സിൻ്റെ തീരത്തേക്കാഞ്ഞടിക്കുന്നു.

" കരയാൻ സമയമില്ല. നമുക്കു പുറപ്പെടാം" 

വനജയുടെ വാക്കുകൾ. ഞങ്ങൾ കടവിലേക്കു നടന്നു.  വനജ വള്ളത്തിൻ്റെ കെട്ടഴിച്ചു. ഞാൻ മുന്നിലെ പടിയിലിരുന്നപ്പോൾ അവൾ തുഴയാൻ തുടങ്ങി.  പൈലിച്ചേട്ടനെക്കുറിച്ചുള്ള ഓർമ്മയുടെ ഓളങ്ങളിലൂടെ ഞാൻ ഒരു ഓടിവളളമായി പിറകോട്ടോഴുകി. 

കൽപ്പടവിൽ വള്ളമടുത്തപ്പോൾ വനജ വിളിച്ചു. 

 "ദുർഗ്ഗേ ഇറങ്ങി വാ "

.വനജയുടെ കൈ പിടിച്ച് തടിപ്പാലം കടന്നു മഴവെള്ളം കെട്ടി നില്ക്കുന്ന ചതുപ്പുനിലങ്ങളിലൂടെ നടന്നു മരണവീട്ടിൽ എത്തി. ബംഗ്ളാവിൻ്റെ മുറ്റത്തു ടാർപോളിൻ  പന്തലിൻ്റെ കീഴിൽ മേശപ്പുറത്തെ ശവപ്പെട്ടിയിൽ ഞാൻ ഒന്നേ നോക്കിയുള്ളു.  ഹൃദയം മുറിഞ്ഞു പോകുന്ന വേദന. എന്തിനാണ് അദ്ദേഹം ഇത്രയധികം എന്നെ സ്നേഹിച്ചത്? പക്ഷെ, പലവട്ടം  "പൊന്നുമോളെ  പൈലിച്ചേട്ടൻ ഒന്നു കൺകുളിർക്കെ കണ്ടോട്ടെ" എന്നു പറയുമ്പോഴും,

 എൻ്റെ ബാല്യകാലാനുഭവങ്ങൾ പുരുഷവർഗ്ഗത്തെ വെറുക്കാൻ പ്രേരിപ്പിച്ചിരുന്നതുകൊണ്ടു ഞാൻ കഴിയുന്നിടത്തോളം അദ്ദേഹത്തിൽനിന്നകന്നു നിന്നു. 

4r_edited.jpg

ഇപ്പോൾ ഞാൻ കൊതിക്കുന്നു. അദ്ദേഹം മിഴിവാതിൽ തുറന്നെന്നെ  നോക്കിയെങ്കിൽ. 

വനജ തന്ന റോസദളങ്ങൾ ആ നെഞ്ചിൽ വിതറി കൈകൂപ്പി ഒരു നിമിഷം നിന്നിട്ട് അകത്തു കയറി അമ്മിണി ചേച്ചിയെ ആലിംഗനം ചെയ്തു.

"മോളേ കാത്തിരിക്കുകയായിരുന്നു കഴിഞ്ഞയാഴ്ച മുഴുവൻ."

 "ദുർഗ്ഗയെ ഒന്നു കണ്ടിട്ടു കണ്ണടച്ചാൽ മതിയായിരുന്നു." എന്നു പൈലിച്ചൻ എപ്പോഴും പറയുമായിരുന്നു." 

"അമ്മേ, മാപ്പാക്കണം. ഞാൻ തിരക്കിലായിരുന്നു " നോട്ടുകെട്ടുകൾ അമ്മിണി ചേച്ചിയുടെ കയ്യിൽ അമർത്തിവച്ചു കൊണ്ട് ഞാൻ പറഞ്ഞു. 

 ഞാൻ വനജയൊപ്പം പുറത്തേക്കു നടന്നു. കായൽത്തീരത്തെ യേശുവിൻ്റെ പ്രതിമക്കരുകിലെ അരമതിലിൽ ഇരുന്നു ഞാൻ മൗനമായിക്കരഞ്ഞു. കായൽക്കാറ്റ് എൻ്റെ കണ്ണീരൊപ്പിക്കൊണ്ട് എന്നോടു മന്ത്രിക്കുന്നതായി  തോന്നി. ജനിമൃതികൾക്കിടയിലെ നിമിഷാർദ്ധങ്ങൾ കരയാനല്ല, കർമ്മം ചെയ്യാനുള്ളതാണ്'".

 

വനജ പറഞ്ഞു. 

" ദേ അച്ചനും കൂട്ടരും വന്നു. വിലാപയാത്ര പള്ളിയിലേക്കു മറഞ്ഞപ്പോൾ ഞാനും വനജയും സിമിത്തേരിയിലേക്കു നടന്നു. 

അമ്മിണിചേച്ചിയോടു യാത്ര പറഞ്ഞിട്ടു ഞാനും വനജയും കടവിലെത്തി.വനജ വള്ളച്ചങ്ങലയഴിച്ചു മുന്നോട്ടു തുഴയാൻ തുടങ്ങി. എൻ്റെ ഓർമ്മകളിലേക്കു ഞാൻ പുറകോട്ടു നീന്തി.

 

 എൻ്റെ ഉമ്മ എനിക്ക് കഷ്ടിച്ച് അഞ്ചു വയസ്സുള്ളപ്പോൾ മയ്യത്തായി.  അപ്പച്ചി രണ്ടാമതും നിക്കാഹു കഴിച്ചു. അതോടെ എൻ്റെ ദുരിതം തുടങ്ങി. എനിക്കു പ്രായത്തേക്കാൾ കവിഞ്ഞ വളർച്ചയുണ്ടായിരുന്നു. എന്നെപ്പോലും അൽഭുതപ്പെടുത്തി എൻ്റെ അംഗലാവണ്യം വളർന്നു പൊങ്ങി. അപ്പോഴാണ് അപ്പച്ചിയുടെ അതിരുകവിഞ്ഞ സ്നേഹം എനിക്കു നരകമായത്. വീട്ടിൽ ആരുമില്ലാത്തപ്പോൾ എന്നെ കയ്യിലെടുത്തു പൊക്കാനും,  മടിയിലിരുത്തി ലാളിക്കാനും തുടങ്ങി. എൻ്റെ മാറിടത്തിലെ വികാരതന്തികളിൽ അമർത്തിയാണ് അദ്ദേഹം സ്നേഹവാത്സല്യങ്ങൾ പൊഴിച്ചത്. ആദ്യം എനിക്കൊന്നും മനസ്സിലായില്ല.  പലപ്പോഴും ദേഹത്ത് അവിടെയിവിടെ നീറിത്തുടങ്ങുമ്പോൾ മുറിയുടെ കോണിലെ ഇരുട്ടിൽ പതുങ്ങിയിരുന്നു വിങ്ങിക്കരയും. ഭയവും വെറുപ്പും എൻ്റെ ശക്തമായ വികാരങ്ങളായി.

2r2.jpeg

രണ്ടാനമ്മയോടു പരാതിപ്പെട്ടപ്പോൾ അത് അപ്പച്ചീടെ അവകാശമാണെന്ന് പറഞ്ഞ് എന്നെ വഴക്കു പറഞ്ഞു. പക്ഷെ രണ്ടാനമ്മയുടെ പെൺമക്കളെ തൊടാൻ അപ്പച്ചിയെ അവർ അനുവദിച്ചിരുന്നില്ല.

 

 അപ്പോഴാണ് അത്താണിയായി മേരി ദാസൻ എൻ്റെ ജീവിതത്തിൽ കടന്നു വന്നത്. അവൻ ക്ലാസ്സിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായിരുന്നെങ്കിൽ ഞാൻ നേരെ മറിച്ചായിരുന്നു.

 

ഒരിക്കൽ ഡെസ്ക്കിൽ മുഖം പൂഴ്ത്തി ഒട്ടകപ്പക്ഷിയായി കിടന്ന എൻ്റെ അടുക്കൽ അവൻ വന്നു നിന്നു. "കഴുത കരയും. കുതിര കുതിക്കും" 

 

ഞാൻ കണ്ണീരണിഞ്ഞ മിഴികളാൽ അവനെ നോക്കി. അവൻ എൻ്റെ  കണ്ണീർ തുടച്ചു. ഞാൻ ഞെട്ടി. എൻ്റെ മിഴികളിലെ അഗ്നി കണ്ട് അവനോടി മറഞ്ഞു. 

 

അന്നു വൈകുന്നേരം അയൽവക്കത്തെ ജാനകിയമ്മയുടെ മകൾ ലീല വഴിക്കു വെച്ച് ഒരു പൊതി എനിക്കു തന്നു. അത് ഒരു പഴയ മൊബൈൽ ആയിരുന്നു.

അവൻ്റെ കുറിമാനം.   

 "ഫാത്തിമ ക്ഷമിക്കണം. അറിയാതെ പററിപ്പോയി. ആരോടും പറയരുത്. എന്നെ സ്കൂളിൽ നിന്നും പുറത്താക്കും.  എൻ്റെ മൊബൈൽ ഉപയോഗിച്ചാൽ എന്നോടു ക്ഷമിച്ചുവെന്നു ഞാൻ കരുതും. 

സ്വന്തം ദാസൻ. "

 

പിന്നെ നാളുകൾ പുവിൻ്റെ ഇതളുകൾ പോലെ കൊഴിഞ്ഞു വീണപ്പോൾ, മൊബൈലിലൂടെ അവൻ എൻ്റെ ട്യൂഷൻ മാസ്റ്ററായി. എൻ്റെ വിരലിൽപ്പോലും തൊടാതിരിക്കാൻ ആ പാവത്താൻ വളരെ ശ്രദ്ധിച്ചിരുന്നു. ഞാൻ കുതിരയായി. എട്ടും ഒമ്പതും ക്ലാസ്സുകൾ പിന്നിട്ട് ഞാൻ കുതിച്ചു പാഞ്ഞു. 

 

വീട്ടിലെത്തുന്നതിനു മുമ്പ് അയൽവക്കത്തെ ജാനകിയമ്മയുടെ വീട്ടിൽ മൊബൈൽ കൊടുക്കും.

 

"ദുർഗ്ഗേ, വീടെത്തി" .വീട്ടുവാതുക്കൽ എന്നെ കണ്ടപ്പോൾ  ത്രേസ്യാചേച്ചി ഓടി വന്നു. "മോളെ  ഉഴിച്ചിലിനു ഞാൻ കാത്തിരിക്കുകയാണ്. 

 

ഞാൻ കണ്ടെത്തിയ രണ്ടു കൂട്ടുകാരാണ് വനജയും ത്രേസ്യാ ചേച്ചിയും. എൻ്റെ തൊഴിലിൽ മാസത്തിൽ രണ്ടു തവണയെങ്കിലും വിസ്തരിച്ചൊരു ഉഴിച്ചിൽ ആവശ്യമാണ്. ശരീരത്തിൻ്റെ യൗവ്വനം പിടിച്ചു നിർത്താൻ.

വനജയെ ഞാൻ കണ്ടുമുട്ടുന്നത് ചെന്നൈയിലെ ചൂളൈമേട്ടിൽ വച്ചാണ്. വേശ്യകളും പാവങ്ങളും തെമ്മാടികളും തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശം. വനജ മൂന്നു ഭർത്താക്കന്മാരുടെ കൂടെ പൊറുത്തു. മൂന്നും പാതിവഴിയിൽ അവളെ ബീഡിക്കുറ്റിയാക്കിത്തള്ളി. ഞാൻ ഞൊടിച്ചപ്പോൾ അവളെൻ്റെ നിഴലായി.

 

ഞാൻ വന്നു വസ്ത്രം മാറ്റി  കുളിമുറിയിൽ കയറിയിറങ്ങി ത്രേസ്യാ ചേച്ചിയുടെ മുന്നിൽ പ്രകൃതിയെപ്പോലെ  മലർന്നു കിടന്നു. എണ്ണയും കുഴമ്പും തിളപ്പിച്ചാറിയ വെള്ളവും തയ്യാർ. ത്രേസ്യാ ചേച്ചി എൻ്റെ  മേനിയിലെ ഉഴിച്ചിലിൻ്റെ കാഠിന്യത്തിൽ വെട്ടി വിയർക്കുമ്പോൾ, എൻ്റെ മാംസപേശികളുടെ യൗവ്വനം പുഞ്ചിരി പൊഴിച്ചു വിടർന്നു വികസിക്കുമ്പോൾ,  ആ സുഖസുഷുപ്തിയുടെ മഞ്ചലിൽ ഞാൻ മയങ്ങിക്കിടന്നു. 

 

വനജയും വേലക്കാരിയും ചേർന്നൊരുക്കിയ ഉച്ചയൂണു എന്നോടൊപ്പം കഴിച്ച ശേഷം പണം വാങ്ങി ത്രേസ്യാ ചേച്ചി മടങ്ങി.

ഞാൻ പറഞ്ഞു നിർത്തിയത് എവിടെ വെച്ചാണു? 

ആ ഞാനോർക്കുന്നു. 

 

ഒരു ദിവസം ലീല എനിക്കൊരു കുറിമാനം തന്നു.  

 

 "ഇന്നു വൈകിട്ട് ഏഴുമണിക്ക് കുമ്പളങ്ങിക്കടവിൽ ഞാൻ വള്ളവുമായി വരും. നിൻ്റെ കേടു പിടിച്ച മൊബൈലിനു പകരം പുതിയ നോക്കിയ ഫോൺ തരാം".

 

എനിക്കു സന്തോഷമായി.  അപ്പച്ചി പാതിരാ കഴിയും പള്ളിയും പാർട്ടി പ്രവർത്തനങ്ങളും കഴിഞ്ഞ് വീട്ടിലെത്താൻ.

 കടവിലെ കൈതക്കാട്ടിൽ ഞാൻ ഒച്ചായി മറഞ്ഞിരുന്നു. അവൻ വന്നു തൊട്ടപ്പോൾ ഞാനൊരാവണിത്തെന്നലായി പറന്നുയർന്നു.  അവൻ്റെ ഓടി വള്ളത്തിൽ രണ്ടു ഇണ താറാവുകളായി  ഞങ്ങൾ  കായലിൽ തുഴഞ്ഞു നീങ്ങി. അവൻ എനിക്കു വേണ്ടി പാടി.  വയലാറും ദേവരാജനും ഗിരീഷ് പുത്തഞ്ചേരിയും ഒ എൻ വി കുറുപ്പും, പി.ഭാസ്ക്കരനും ഞങ്ങളോടൊപ്പം കായൽക്കാറ്റിൽ ചൂളമടിച്ചൊഴുകി.   

 

നിലാവൊരുക്കിയ പാൽക്കടൽ തിരകളിൽ ഞങ്ങളുടെ ഓടി വള്ളം ലാസ്യനൃത്തമാടി. ആമ്പൽപ്പൂക്കളെ ഞാൻ തഴുകിത്തലോടി കുശലം പറഞ്ഞു. അവർ ഞങ്ങളുടെ പ്രണയ കഥകൾ കാററിനോടു പറഞ്ഞു. കാറ്റ് കായലിനോടും കുളവാഴകളോടും മാനത്തെ നക്ഷത്രങ്ങളോടും കാതോടു കാതോരം പാടിക്കൊണ്ടിരുന്നു. 

 

എന്നും പതിനൊന്നു മണിയോടെ വള്ളം കടവിലടുക്കും.   ഞാൻ ജാനകിയമ്മയുടെ വീട്ടിൽ കയറി കുശലം പറഞ്ഞിട്ടു പിറകു വാതിലിലൂടെ ഒരു നാഗമായി മുറിയിലേക്കിഴയും.

 

 പത്താം ക്ലാസിലെ ആണ്ടു പരീക്ഷക്കു തൊട്ടു മുൻപു് ഒരു സന്ധ്യയിൽ ഞാൻ കുളി കഴിഞ്ഞ് ഈറനുടുത്ത് മുറിയിലേക്കു കയറിയപ്പോൾ അപ്പച്ചിയുടെ ബലിഷ്ടമായ കരങ്ങൾ പിറകിൽ നിന്നും എന്നെ ഇറുകെപ്പുണർന്നു. എന്നെ ബലമായി കട്ടിലിൽ കിടത്തിയപ്പോൾ ഞാൻ കുതറി മാറി, കിടക്കയുടെ അടിയിൽ നിന്നും വെട്ടരുവാ  എടുത്ത് ഗർജ്ജിച്ചു.

 "എന്നെ തൊട്ടാൽ .... മോനെ, നിന്നെ അരിഞ്ഞു വീഴ്ത്തി പോലീസിൽ അഭയം തേടും " 

എൻ്റെ ജന്മത്തിൻ്റെ കാരണഭൂതൻ വെള്ളിടി വെട്ടിയ നാഗം പോലെ ഒരു മാത്ര മരച്ചു നിന്നു.  

 

അപ്പോൾ എനിക്കു ചിറകുകൾ മുളച്ചു. ജാനകിയമ്മയുടെ വീട്ടിലെത്തി . പിന്നെ പരീക്ഷ കഴിയുന്നതുവരെ ശല്യമുണ്ടായില്ല. 

പക്ഷെ ഒരു രാത്രിയിൽ ഞാൻ ഉറക്കത്തിലേക്ക് 

ഊർന്നു വീഴുമ്പോൾ ആരോ എൻ്റെ കിടക്കയിൽ എന്നെ തലയിണ കൊണ്ട് അമർത്തിക്കൊല്ലാൻ ശ്രമിച്ചു. ഞാൻ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ എന്നെ ബലമായി പിടിച്ച് വായിൽ എന്തോ ദ്രാവകം ഒഴിച്ചു. മുഖം മുഴുവൻ പൊള്ളി. ഞാൻ നിലവിളിച്ചുകൊണ്ടു കുതറിയോടി, തലചുറ്റി മുറ്റത്തു തളർന്നുവീണു. 

 

 കണ്ണു തുറന്നപ്പോൾ ഞാൻ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ അത്യാഹിത വാർഡിലാണ്.  ജാനകി ചേച്ചിയും ലീലയും എന്നെ കാണാൻ വന്നിരുന്നു.

3r_edited.jpg

എൻ്റെ പുനർജന്മത്തിൻ്റെ കഥ എന്നോടു പറഞ്ഞത് ഹോസ്പിറ്റൽ ജീവനക്കാരനായ പൈലിച്ചേട്ടനാണ്.

 

 " ഒരാഴ്ച കഴിഞ്ഞപ്പോൾ ഫാത്തിമ മരിച്ചുവെന്ന് ഡോക്ടർമാർ വിധി എഴുതി. പോസ്മോർട്ടത്തിനു ശേഷം ശരീരം മോർച്ചറിയിലേക്ക് മാറ്റി. മോർച്ചറിയുടെ ചുമതല ഞങ്ങൾ രണ്ടു പേർക്കായിരുന്നു രാഘവനും എനിക്കും. 

 

രണ്ടു ദിവസം കഴിഞ്ഞപ്പോൾ നിൻ്റെ ബന്ധുക്കൾക്ക് ശവം വിട്ടുകൊടുത്തു. പള്ളിയിൽ യഥാവിധി മയ്യത്തടക്കി.

 

 വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഒരു തമിഴത്തിയുടെ അനാഥ പ്രേതം ശ്മശാനത്തിൽ അടക്കം ചെയ്യാനായി അടുത്ത ദിവസം മോർച്ചറി തുറന്നു പരിശോധിച്ചപ്പോൾ ഞങ്ങൾ ഞെട്ടിത്തരിച്ചു നിന്നു.  ഫാത്തിമ കൊടും തണുപ്പിലുറങ്ങുന്നു. ഞങ്ങളുടെ അശ്രദ്ധയുടെ ഗൗരവം ഞങ്ങൾക്കു ബോദ്ധ്യമായി. മുമ്പും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പുറത്തേക്കെടുത്തപ്പോൾ, പ്രേതത്തിനു ചൂടുള്ളതുപോലെ എനിക്കു തോന്നി. ഒരു വിമ്മിഷ്ട ശബ്ദം ആ തുണിക്കെട്ടിൽ കെട്ടിക്കിടന്നിരുന്നു. ഞങ്ങൾ സൂപ്രണ്ടിനോടു കാര്യങ്ങൾ രഹസ്യമായി ധരിപ്പിച്ചു. ഡോക്ടറുടെ സഹായത്തോടെ  നിൻ്റെ ശരീരം  ഐസിയുവിലേയ്ക്കു മാറ്റി. മൃത്യുവിൻ്റെ കറുത്ത ഗുഹയിൽനിന്നും ജീവൻ്റെ പ്രകാശത്തിലേക്ക് നിന്നെ ഞങ്ങൾ കൊണ്ടുവന്നു. നീ ഞങ്ങളുടെ കുടിലിൽ ദുർഗ്ഗയായി പുനർജ്ജനിച്ചു "

 

 ഞാൻ കണ്ണാടിയിൽ നോക്കിയപ്പോഴാണ് എൻ്റെ  ഭീകര രൂപം എന്നെ തളർത്തിയത്.  ചത്തു കളഞ്ഞാൽ മതിയെന്നെനിക്കു തോന്നി. എൻ്റെ പുനർജന്മത്തെ ഞാൻ ശപിച്ചു.  

 

പൈലിച്ചേട്ടൻ തൻ്റെ പത്തു സെൻ്റ് പുരയിടം വിറ്റ്   എൻ്റെ മുഖം പ്ളാസ്റ്റിക് സർജറിക്കു വിധേയമാക്കി.

 

 ഹോസ്പിറ്റലിൽ നിന്നും തിരിച്ചുവന്ന ഞാൻ കണ്ണാടി നോക്കി അന്ധാളിച്ചു നിന്നു. ഞാൻ അതിസുന്ദരിയായിരിക്കുന്നു.

 എൻ്റെ മാദക സൗന്ദര്യം എന്നെ ചിന്തിപ്പിച്ചു. എനിക്ക് പണിയെടുത്തു ജീവിക്കണം. പൈലിച്ചേട്ടനേയും അമ്മിണി ചേച്ചിയേയും വാടക വീട്ടിൽ നിന്നും പട്ടിണിയിൽ നിന്നും രക്ഷിക്കണം. രോഗികളായ അവർക്ക് 

ഞാൻ കൈത്താങ്ങാകണം. 

 

 പല ഓഫീസുകളും ഞാൻ കയറിയിറങ്ങി. ഫാത്തിമ മയ്യത്തായി. ദുർഗ്ഗ ജീവിച്ചിരിക്കുന്നു എന്നതിന് ഒരു തെളിവുമില്ല, സർട്ടിഫിക്കറ്റും ഇല്ല എന്ന സത്യം എന്നെ ഭ്രാന്തു പിടിപ്പിച്ചു.

 

ഞാൻ എല്ലായിടത്തും ജോലിയന്വേഷിച്ചലഞ്ഞു. അവസാനം കണ്ടെത്തി. നഗരത്തിലെ  ഒരു കാൾഗേൾ സെൻറർ ഉടമ ജയാ സുബ്രമണ്യം എനിക്കു വഴി തുറന്നു. നഗരത്തിലെ അംബരചുംബികളുടെ ശീതീകരിച്ച മുറികളിൽ സമൂഹത്തിലെ കിരീടം വെക്കാത്ത രാജാക്കന്മാർക്കു ഒരു മണിക്കൂറിലെ രതിസുഖത്തിന് ലക്ഷങ്ങൾ വാങ്ങാൻ ജയ എന്നെ പ്രാപ്തയാക്കി. ഞങ്ങൾ രതിസുഖം വിൽക്കുന്നതിലെ പങ്കാളികളായി. രാഷ്ട്രീയ നേതാക്കളും പ്രമുഖ ഉദ്യോഗസ്ഥരും എൻ്റെ ഒരു മണിക്കൂർ സേവനത്തിനു വേണ്ടി ഓൺലൈൻ ടോക്കൻ വാങ്ങി കാത്തു നിന്നു. ഞാൻ സാവധാനത്തിൽ അവരുടെ സഹായത്തോടെ പുതിയ ആധാർകാർഡും പാൻകാർഡും സംഘടിപ്പിച്ചു.

 

മൂന്നു വർഷത്തിനുള്ളിൽ പൈലിച്ചേട്ടനും കുടുംബത്തിനും  പുതിയ രണ്ടു നില ബംഗ്ലാവ്   ഞാൻ പണിതു കൊടുത്തു. ഞാൻ പുതിയ കാർ വാങ്ങി.  

അംബദ്കർ കോളനിയിൽ വാങ്ങിയ പുതിയ ഭവനത്തിൽ ഞാനും വനജയും താമസം തുടങ്ങി. കോളനിയിലെ പാവങ്ങൾ എൻ്റെ സംരക്ഷകരായി മാറി.

 

 യാദൃശ്ചികമായി ഒരു ദിവസം ജാനകിയമ്മയുടെ മകൾ ലീലയെ കണ്ടു മുട്ടാനിടയായി. ലീല ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഇൻ്റർവ്യുവിന് വന്ന് തോറ്റ നിരാശയിൽ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. അവൾക്കെന്നെ മനസ്സിലായില്ല. കാരണം ഞാൻ രൂപത്തിലും ഭാവത്തിലും വസ്ത്രധാരണത്തിലും കോടീശ്വരിയായ ദുർഗ്ഗയാണ്. 

 

  ഞാൻ എൻ്റെ കാറിൽ അവളെ  ഫൈവ് സ്റ്റാർ ഹോട്ടലിലേക്കു ക്ഷണിച്ചു. അവൾ മടിച്ചു മടിച്ചു വന്നു. അവളുടെ പരിദേവനം കേട്ടു. പത്തു മിനിട്ടിലെ ഒരു ഫോൺ വിളിയിൽ ഞാൻ അവൾക്കു ജോലി കൊടുത്തു അവൾ ഇൻ്റർവ്യൂവിൽ തോറ്റ അതേ കമ്പനിയിൽത്തന്നെ.

 ലീല നിറകണ്ണുകളോടെ എനിക്കു നന്ദി പറഞ്ഞു. 

 

  മരിച്ചു പോയ ഫാത്തിമയെക്കുറിച്ച് ഞാൻ 

അവളോടന്വേഷിച്ചു.    

" ഫാത്തിമാ മയ്യത്തായശേഷവും ദാസൻ തൻ്റെ ഓടിവള്ളത്തിൽ രാത്രിയിൽ പാട്ടും പാടി കായലിലൂടെ തുഴഞ്ഞു പോകുന്നത് ഞങ്ങൾ,തീരവാസികൾ കണ്ടിട്ടുണ്ട്. ഒരു പകലിൽ കുമ്പളങ്ങി കായലിൽ ഒരു ശവം പൊന്തി.  അത് അവളുടെ ക്ലാസ് മേറ്റായിരുന്ന മേരിദാസൻ്റെതായിരുന്നു " ലീല പറഞ്ഞു നിർത്തി.

പോകാൻ നേരം കുറെ നോട്ടുകെട്ടുകൾ അവളുടെ കയ്യിൽ കൊടുത്തിട്ടു ഞാൻ പറഞ്ഞു. പാവപ്പെട്ട നിൻ്റെ അമ്മക്ക് ഈ പണം കൊടുക്കണം. അവൾ അത്ഭുതത്തോടെ എന്നെ നോക്കി.

ഞാൻ തടസപ്പെടുത്തുന്നതിനു മുന്നേ, അവൾ കുനിഞ്ഞ് എൻ്റെ കാൽതൊട്ടു വന്ദിച്ചു. ഞാൻ കണ്ടു ആ കണ്ണുകളിൽ കൃതജ്ഞതയുടെ തിളക്കം.

 

അന്നു രാത്രി ഞാൻ കുറ്റബോധത്തോടെ ഓർത്തു.

എത്രയോ പ്രാവശ്യം ആ കുമ്പളങ്ങി കായലിലെ പ്രണയ സുരഭിലനിശാവേളയിൽ എൻ്റെ ചുണ്ടിൽ സ്നേഹപൂർവം ചുംബിക്കാൻ അദ്ദേഹം എത്രമാത്രം കൊതിച്ചിരുന്നു.  പക്ഷെ ഞാൻ വഴങ്ങിയില്ല. എന്നിട്ടും അദ്ദേഹം എന്നോടുള്ള സ്നേഹത്തിനു ഒരു കുറവും കാണിച്ചില്ല. പലപ്പോഴും അദ്ദേഹം എൻ്റെ മിഴികളിലേക്കു നോക്കി പറഞ്ഞത് ഇത്രമാത്രം 

" നിൻ്റെ സ്നേഹം മാത്രം മതി എനിക്ക്. ഇതാണു ദൈവസ്നേഹം "' വലിയ ഭക്തനായ ദാസൻ പറഞ്ഞു. ഞാൻ ഉള്ളിൽ പരിഹസിച്ചു ചിരിച്ചു. 

കാലം ആർക്കു വേണ്ടി കാത്തു നിൽക്കാതെ പാഞ്ഞു പോയി. പതിവുപോലെ, രാത്രികളിൽ കുറ്റബോധം മൂലം ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ, ഒരു തവണ പെട്ടെന്നൊരു പ്രകാശം എൻ്റെ കിടക്കയിലേക്ക്‌ വന്നു. അതിൽ ആ എഴുത്തുകാരിയെ ഞാൻ കണ്ടു. അവൾ എൻ്റെ പുസ്തകം" ദുർഗ്ഗ " കയ്യിൽ പിടിച്ചിരുന്നു.  തല മുഴുവൻ പഞ്ഞിക്കെട്ടു നിറച്ചപോലെയുള്ള  വെള്ളി മുടികൾ കാറ്റിൽപ്പറക്കുന്നു. അവൾ എന്നെ നോക്കി മന്ത്രിച്ചു.

 "ജനി മൃതികളുടെ നിമിഷാർദ്ധ വേളകളിൽ കുറ്റബോധത്തിനു സ്ഥാനമില്ല. നിൻ്റെ കർമ്മത്തിലൂന്നി മുന്നോട്ടു കുതിക്കുക, പടക്കുതിരയായി ". ആ പ്രകാശം മെല്ലെ, മെല്ലെ മാഞ്ഞുപോയി.  നാളുകൾക്കു ശേഷം അന്നാദ്യമായി ഞാൻ നന്നായുറങ്ങി

@StoryHubCentral

bottom of page