
എൻ്റെ ത്രിമൂർത്തികൾ
എൻ്റെ ത്രിമൂർത്തികൾ ചെറുകഥ അളകനന്ദിനി
നിലാവുള്ള രാത്രികളിൽ കിളിവാതിലിലൂടെ എന്നെ തേടി വരുന്ന കായൽക്കാറ്റ് എൻ്റെ മുടിയിഴകളിൽ ചുംബിച്ചു പാടുമ്പോൾ എല്ലാ ഞായറാഴ്ച വൈകുന്നേരങ്ങളിലും ഞങ്ങളുടെ വീട്ടിൽ ഒന്നിച്ചു കൂടി ഞങ്ങളെ ആഹ്ളാദത്തിരകളിൽ അമ്മാനമാടുന്ന എൻ്റെ ത്രിമൂർത്തികളെ ധ്യാനിച്ചു ഞാനുറങ്ങും. ദൈവം എനിക്കു തന്ന വരപ്രസാദമാണവർ. .എൻ്റെ കഥ നിങ്ങൾക്കു കേൾക്കണ്ടേ? ഞാൻ പറയാം. ഇന്നേക്ക് അഞ്ചു വർഷം മുമ്പാണത്. അന്ന് ഞാൻ നഗരത്തിലെ ഒരു ബാങ്കിൽ ജോലിക്കു കയറിയതേയുള്ളു.
ഞാൻ ബസ് സ്റ്റോപ്പിലേക്ക് വേഗത്തിൽ നടന്നു. ഇന്നും ലേറ്റ് ആണ്. തലേ ദിവസം പെയ്ത മഴയിൽ കുളിച്ചീറനണിഞ്ഞ ഗ്രാമ വീഥി.
ആ ചെമ്മൺ പാതയിൽ മഴവെള്ളം അവിടെയും ഇവിടെയും തളം കെട്ടിക്കിടക്കുന്നു. ചെരിപ്പിലും സാരിത്തുമ്പിലും ചെളി തെറിച്ചുവീണു കൊണ്ടിരുന്നു. പാതയോരത്തെ പുളിമരക്കൊമ്പുകളിൽ ഓലവാലൻ കിളികളുടെ ഗാനമേള പൊടിപൊടിക്കുന്നു. അണ്ണാറക്കണ്ണന്മാർ ആർത്തിയോടെ ആഞ്ഞിലിച്ചക്കയിൽ ആഹരിക്കുന്നു.
തെങ്ങോലകളിൽ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ തലമുടിയിൽ വീണു തെറിക്കുന്നു.
നഗരത്തിലേക്കുള്ള ഗോമതിബസിൽ ഇടിച്ചു കയറണം. ആണുങ്ങളുടെ മുട്ടിയുരുമ്മൽ, പിന്നെ കണ്ടക്ടറുടെ വക സ്പെഷ്യൽ ഉരുമ്മൽ. എല്ലാം സഹിച്ചു ഓഫീസിലെത്തുമ്പോൾ കിട്ടുന്ന ശകാരം.

എത്രയോ നാളുകളായി മൂന്നു മദ്ധ്യവയസ്ക്കർ എൻ്റെ ചുറ്റിലും ഒതുങ്ങി കൂടുന്നു. വേറെ ശല്യമൊന്നുമില്ല. മൂവർക്കും എൻ്റെ കഴുത്തറ്റംവരയെ പൊക്കമുള്ളു. ഞാൻ മുന്നിലാണങ്കിലും പിറകിലാണെങ്കിലും അവർ മൂവരും നുഴഞ്ഞു കയറി എൻ്റെ ചുറ്റും കാവൽക്കാരെപ്പോലെ നില്ക്കും. ആദ്യമൊക്കെ ഞാൻ പ്രതിഷേധിച്ചു നോക്കി.
പക്ഷെ രക്ഷയില്ല. തള്ളയാടിൻ്റെ ചാരെ ആട്ടിൻകുട്ടികൾ നില്ക്കുന്നതുപോലെ ഭവ്യതയോടെയാണ് മൂവരുടെയും നില്പ്പു. പിന്നെ, പിന്നെ ഞാൻ അവരെ ശ്രദ്ധിക്കാതായി.
എൻ്റെ സ്റ്റോപ്പ് ആകുമ്പോൾ കണ്ടക്ടർ മറന്നാലും അവർ മറക്കില്ല. കൃത്യമായി ബെല്ലടിക്കും. ഞാൻ തിക്കിതിരക്കി പുറത്തുചാടാൻ കുതറുമ്പോൾ അവർ രണ്ടു പേരും എനിക്കു വഴി തരാൻ മറ്റുള്ളവരോട് അലറും.
നിതംബം മറഞ്ഞു താഴോട്ടു വീണു കിടക്കുന്ന എൻ്റെ കേശഭാരം പലപ്പോഴും എനിക്കു തന്നെ ഒരു ഭാരമായിത്തോന്നാറുണ്ട് അതുകൊണ്ട് ഒരു കൈ എപ്പോഴും എൻ്റെ പിറകിലുളള മുടിക്കെട്ടിനെ മറച്ചുകൊണ്ടിരിക്കും. മുടിയിലെ മുല്ലപ്പൂവും തുളസിയിലയും വളരെ വിദഗ്ദ്ധമായി മൂവർ പങ്കിട്ടെടുക്കും.
ശല്യം കൂടിയപ്പോൾ ഞാൻ എൻ്റെ വലതുകൈ കൊണ്ടു് നിതംബത്തിൽ ഒരു മറ സൃഷ്ടിച്ചു. കുറച്ചു ദിവസം വലിയ ശല്യം തോന്നിയില്ല പക്ഷെ ഒരു ദിവസത്തെ തിരക്കിനിടയിൽ എൻ്റെ കയ്യിൽ അയാളുടെ ചുണ്ടു പതിച്ചു എന്നെനിക്കു ബോദ്ധ്യമായി.ഞാൻ പെട്ടെന്നു തിരിഞ്ഞു അയാളെ രൂക്ഷമായി നോക്കിയപ്പോൾ കണ്ടക്ടറും മറ്റു യാത്രക്കാരും ഇടപെട്ടു. എന്താ? എന്തു സംഭവിച്ചു? ഞാൻ രൂക്ഷമായി നോക്കിയപ്പോൾ അയാളുടെ നരച്ച ചുളിവു നിറഞ്ഞ മുഖം മുലകുടിക്കുന്ന കുഞ്ഞിൻ്റ ദയനീയ ഭാവം പോലെ എന്നെ സ്പർശിച്ചു. കുറ്റം ചെയ്ത കൊച്ചു കുട്ടി ടീച്ചറെ ഭയത്തോടെ നോക്കുന്ന പോലെ.
ഞാൻ എല്ലാവരോടുമായിപ്പറഞ്ഞു. "എൻ്റെ കയ്യിൽ നിന്നു തൂവാല താഴെപ്പോയതാണ്. കിട്ടി ".
പിന്നെ ഞാൻ അയാളുടെ അടക്കിപ്പിടിച്ച ശബ്ദം കേട്ടു ."വളരെ നന്ദി ടീച്ചർ "
ഒരു ദിവസം ഞാൻ സ്റ്റോപ്പിൽ ഇറങ്ങുന്നതിനു തൊട്ടുമുമ്പു് കാറ്റും മഴയും ഇരച്ചു വന്നു. ബെല്ലടിച്ചപ്പോൾ ഞാൻ ചാടിയിറങ്ങി.
പെട്ടെന്ന് അവരിലൊരുവൻ കുടയുമായി പിറകേ ചാടി. ഞാൻ വേണ്ടെന്നു പറഞ്ഞിട്ടും അയാൾ ആ കാലൻ കുട എന്നെ നിർബന്ധിച്ചു തന്നു.

തുള്ളിക്കൊരു കുടം വീതം കോരിച്ചൊരിയുന്ന മഴയിലും കാറ്റത്തും ആ മനുഷ്യൻ്റെ കുട എനിക്കു വളരെ ഉപകാരപ്പെട്ടുവെന്നതു മറച്ചുവെക്കുന്നില്ല. പക്ഷെ അതുവരുത്തി വയ്ക്കാൻ പോകുന്ന ഭവിഷ്യത്ത് എന്തായിരിക്കുമോ എന്നോർത്തു ഞാൻ ഭയപ്പെട്ടു. ഭാഗ്യത്തിന് അയാൾ അടുത്തുള്ള കടയിൽ ഓടിക്കയറി കണ്ണിൽ നിന്നും മറഞ്ഞു. ഞാൻ ഓഫീസിലേക്കും.
മഴത്തുള്ളികൾ എന്നെ വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു.
മഴയിൽ നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി
ഒരു വിധത്തിൽ ഞാൻ ഓഫീസിലെത്തി. ശൗചാലയത്തിൽ കയറി സാക്ഷാ ഇട്ടു കഴിഞ്ഞപ്പോൾ മാത്രമാണ് ആശ്വാസത്തിൻ്റെ നെടുവീർപ്പുയർന്നത്.
ജോലിയിൽ മുഴുകിയിരിക്കുമ്പോൾ ഒരു വിളി കേട്ട് ഞാൻ തലയുയർത്തി. ഞെട്ടിപ്പോയി. അയാൾ ചിരിച്ചു കൊണ്ട് മുന്നിൽ നില്ക്കുന്നു.
ഞാൻ വേഗം ഉണങ്ങിയ കുടയെടുത്ത് ഭവ്യതയോടെ അദ്ദേഹത്തിൻ്റെ നേരെ നീട്ടി.
" ഞാൻ കുടയ്ക്കുവേണ്ടി വന്നതല്ല ".
"പിന്നെ? "
"ഈ ബാങ്കിൽ ഒരു അക്കൗണ്ടു തുടങ്ങാൻ വന്നതാണ് ".
പെട്ടെന്ന് എൻ്റെ മനസ്സിൽ ആഹ്ളാദം മയൂരനൃത്തമാടി. ജോലിക്കു ചേരുമ്പോൾ എനിക്ക് ടാർഗറ്റ് നിശ്ചയിച്ചിരുന്നു. അതിൻ്റെ പകുതി പോലും നേടാൻ ഇന്നുവരെ കഴിഞ്ഞില്ല.
ഞാൻ വേഗം അദ്ദേഹത്തെ എൻ്റെ മുന്നിലുള്ള കസേരയിലേയ്ക്കു ക്ഷണിച്ചു. അടുത്തിരുന്ന ബാലകൃഷ്ണൻ എന്നെ അസൂയയോടെ നോക്കി. ഞാൻ പല സ്കീമുകളും തന്മയത്വത്തോടെ അവതരിപ്പിച്ചു. അദ്ദേഹം വളരെ ശ്രദ്ധയോടെ എൻ്റെ മിഴികളിലേക്കു നോക്കി പുഞ്ചിരിയോടെ ഇരുന്നു.
" ഇതിൽ ഏതു സ്കീമിൽ പണം എത്ര വർഷത്തേക്ക് ഇടാനാണ് അങ്ങ് ആ ഗ്രഹിക്കുന്നത്?പല പ്രാവശ്യം ഞാൻ ചോദ്യം ആവർത്തിച്ചപ്പോഴും അദ്ദേഹം ഒരു വിഡ്ഢിച്ചിരിയോടെ ഇരിക്കുന്നതു കണ്ടപ്പോൾ മനസ്സിൽ നിരാശ തോന്നി.
പീയൂൺ കൊണ്ടുവന്ന ചായ ഊതി കുടിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു.
"ക്ഷമിക്കണം മാഡം എന്താണ് ആവശ്യപ്പെട്ടത്?"
അപ്പോഴാണ് എനിക്കു മനസ്സിലായത്, പ്രായം എത്ര കൂടിയാലും സ്ത്രീയോടുള്ള പുരുഷൻ്റെ കാമാസക്തിക്കു ഒരു കുറവുമില്ല. ഞാൻ തലകുനിച്ചിരുന്നു ചിരിച്ചു.
"മാഡത്തിൻ്റെ പേര്? ഒരു വിഢിച്ചിരിയോടെ അയാൾ മന്ത്രിച്ചു. എനിക്കും ചിരി വന്നു. മുന്നിലെ ബോർഡിലേക്ക് ഞാൻ വിരൽ ചൂണ്ടി. അയാൾ വായിച്ചു.
"സൂര്യാംശു "
ഓ നല്ല പേര്. അയാൾ ആ ചായ മുഴുവൻ ഒറ്റ വലിക്കു കുടിച്ചു. പിന്നെ ആ ലഹരിയുടെ കുത്തൊഴുക്കിൽ മുങ്ങിപ്പൊങ്ങി ചെക്ക് ബുക്ക് ബാഗിൽ നിന്നെടുത്ത് ഒരു ലീഫിൽ വലിയൊരു തുക എഴുതി ഒപ്പിട്ടു എൻ്റെ കയ്യിൽ തന്നു.
സത്യത്തിൽ ഞാൻ നടുങ്ങി. ഒറ്റയടിക്ക് എൻ്റെ ടാർഗറ്റിൻ്റെ ഇരട്ടി ഞാൻ നേടിയിരിക്കുന്നു. ദിവസങ്ങളായി അധികാരികളിൽ നിന്നും പലവട്ടം മുന്നറിയിപ്പു കിട്ടിയിരുന്നു. പ്രൊബേഷൻ പൂർത്തിയാക്കാതെ വീണ്ടും ഒരു പെററി ക്ലാർക്കായി തരംതാഴ്ത്തപ്പെടുമോന്നു ഭയന്നു കഴിയുകയായിരുന്നു ഞാൻ.
"ജോർജുകോശിയുടെ നോമിനിയായിട്ട് ഭാര്യയുടെ പേര് വച്ചോട്ടെ? അവർ വീട്ടിലുണ്ടോ?" ഞാൻ ചോദിച്ചു.
അല്പനേരം ആലോചനയിൽ മുങ്ങി നിവർന്ന് അയാൾ വളരെ സ്വകാര്യമായി മന്ത്രിച്ചു. "സൂര്യാംശുവിൻ്റെ പേര് വെച്ചോളൂ."
ഞാൻ പരുങ്ങി.
അയാളെ പിണക്കാൻ പാടില്ല. ദൈവം എനിക്കു തന്ന ബംപർ ലോട്ടറിയാണ്.
"എന്നാൽ ഇപ്പോൾ തൽക്കാലം ആ കോളം നിറക്കണ്ടാ ".
ഞാൻ പച്ചക്കൊടി കാട്ടി.
ശനിയാഴ്ച വൈകുന്നേരം വീട്ടിലെത്തിയപ്പോൾ, മുറ്റത്തു കളിച്ചു കൊണ്ടിരുന്ന ഹാരിമോൻ എൻ്റെ അടുത്തേക്ക് ഓടി വന്നു. അവൻ്റെ സ്വർണ്ണ അരഞ്ഞാണമണിത്താലി പള്ളിയിലെ ധൂപക്കുററിപോലെ ആടിക്കൊണ്ടിരുന്നത് എന്നെ ചിരിപ്പിച്ചു. ഞാൻ അവനെ കോരിയെടുത്ത് പതിവുള്ള ചക്കര ഉമ്മകൾ കോരിച്ചൊരിഞ്ഞു.
ഞാൻ വസ്ത്രങ്ങൾ മാറി നൈറ്റി ധരിച്ചു ഈറൻമുടി വിടർത്തിയിട്ടു. തുളസ്സിത്തറയിൽ നിന്നു തുളസിപ്പൂക്കളും സുഷമ കോർത്ത മുല്ലപ്പൂമാലയും മുടിയിൽ ചൂടി കായൽ തീരത്തെ മുല്ലമരച്ചോട്ടിൽ ഞാൻ ഇരുന്നു.
"ഡൈവോഴ്സിൻ്റെ കാര്യമെന്തായി മോളെ?"
"വിധി വന്നമ്മേ. ഞങ്ങൾ പിരിഞ്ഞു ".
" നന്നായി. ഗുരുവായൂരപ്പാ നീ തന്നെ ശരണം ".
അമ്മ പ്രാർത്ഥനയിൽ ശിരസ്സു നമിച്ചു. സുഷമ വിഷാദ മൗനം പൂകി.
പിന്നെ അങ്ങകലെ കായലിലേക്ക് കണ്ണും നട്ടിരുന്നു. പെട്ടെന്ന് ആഞ്ഞുവീശിയ കായൽക്കറ്റ് എൻ്റെ കേശഭാരത്തെ വാരിപ്പുണർന്നപ്പോൾ അതൊരു നിമിഷം ഒരു ചീനവലയായി വായുവിൽ വിരിഞ്ഞു നിന്നു.
എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. സിനിമാ നടിയാകാനുള്ള തത്രപ്പാടിൽ സ്വയം മറന്നു. ചെളിക്കുഴികളിൽ പലവട്ടം വീണു കാലിട്ടടിച്ചു കരഞ്ഞു.
ബി.എ. ആംഗലേയസാഹിത്യത്തിൽ യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്കോടെ പാസായ താൻ മോഡലിംഗിൽ ചേർന്നു. ആയിടക്കുള്ള സൗന്ദര്യ മത്സരത്തിൽ ഒന്നാം സ്ഥാനം. സംവിധായകൻ മോഹനൻ്റെ മോഹവലയിൽ വീണു. ഒരുമിച്ചു താമസിച്ചു. ആദ്യത്തെ വർഷം വലിയ പ്രശ്നങ്ങളില്ലാതെ തട്ടിയും മുട്ടിയും മുന്നോട്ടു പോയി.
ഒരു കുഞ്ഞു ജനിച്ചതോടെ ദുരിതങ്ങളുടെ നിലയില്ലാക്കയത്തിൽ പിടഞ്ഞുവീണു.
പടങ്ങളെല്ലാം എട്ടു നിലയിൽപൊട്ടിയപ്പോൾ, ആരും സംവിധാനത്തിനു വിളിക്കാതായപ്പോൾ അയാൾ വീണ്ടും മദ്യലഹരിയിൽ മുങ്ങി ഒരു മൃഗമായി മാറാൻ തുടങ്ങി. അയാൾക്കു വേണ്ടത് ഒരു ഭാര്യയെ ആയിരുന്നില്ല, മറിച്ച് കൂട്ടുകാർക്കും പ്രൊഡ്യൂസർമാർക്കും കാഴ്ച വെക്കാനുള്ള ലൈംഗിക തൊഴിലാളിയെ ആയിരുന്നു എന്ന ഭീകര സത്യം മനസ്സിലാക്കിയതോടെ ഞാൻ അയാളെ വെറുത്തു. ചെറുത്തുനില്പിനൊടുവിൽ രക്ഷപെട്ടോടി നാട്ടിലെത്തി അമ്മയുടെ മടിയിൽ തല ചായ്ച്ചു.
അവസാനം നല്ലൊരു ജോലി ചൂണ്ടയിൽ കുരുങ്ങി. നഗരത്തിലെ ഒരു ന്യൂ ജനറേഷൻ ബാങ്കിൽ.
" നിൻ്റെ ഫോണല്ലേ അടിച്ചു കൊണ്ടിരിക്കുന്നത്? പോയി എടുക്കൂ "
അമ്മയുടെ ശബ്ദം കേട്ടാണ് ഓർമ്മകളിൽ നിന്നുണർന്നത്
" ഞാൻ സേവ്യർ കുട്ടിയാണ്. ഗൾഫിലായിരുന്നു. അവൻ ക്ലാവു പിടിച്ച ഓർമ്മകൾ തേച്ചുമിനുക്കിയപ്പോൾ ഞാനും ചിലതു ഓർമ്മിച്ചു.
" എൻ്റെ വിവാഹവും, പിന്നെ........ഡൈവോഴ്സും കഴിഞ്ഞു " ഞാൻ മടിച്ചു മടിച്ചു മനസ്സിൻ്റെ കിളിവാതിൽ പാതി തുറന്നു.
"എല്ലാം ഞാൻ അറിയുന്നുണ്ട്. ഇനി എന്താ പരിപാടി? നമുക്ക് ഒന്നിച്ചാലോ?''
"ഒന്നും നിശ്ചയിച്ചിട്ടില്ല. ബാങ്കിലെ ജോലി സ്ഥിരമാകട്ടെ. അതിനു ശേഷം ആലോചിക്കാം. ഞാൻ താല്പര്യമില്ലാതെ മൊഴിഞ്ഞു
"ഇപ്പോൾ എവിടെയാണ് കുടുംബസമേതം താമസം ?" ഞാൻ ചൂണ്ട വെള്ളത്തിൽ തുടിപ്പിച്ചു. അവൻ കൊത്തി.
"സോറി, സൂര്യാ, രണ്ടാമത്തെ കല്യാണവും അലസ്സിപ്പിരിഞ്ഞു. അവൾ ഒട്ടും ശരിയല്ല. മൂന്നു വർഷം കൂടെ താമസിച്ചു.
"എന്തായിരുന്നു പിരിയാൻ കാരണം?" അവൾക്കു കിട്ടുന്ന ശമ്പളത്തിൻ്റെ പകുതി എനിക്ക് തരണമെന്നു പറഞ്ഞത് അവൾക്ക് പിടിച്ചില്ല. ഒന്നും രണ്ടും പറഞ്ഞ് ഞങ്ങൾ കലഹിച്ചു. അവൾ കുഞ്ഞുങ്ങളെയും കൊണ്ട് ഇറങ്ങിപ്പോയി. അയാൾ തുടർന്നു. "അവൾ പോയതു നന്നായി.ആ കറുത്ത സാധനത്തെ ആർക്കു വേണം?
"ഇപ്പോൾ ഞാൻ ഏകനാണ്. എനിക്ക് ഒരാളെ കൂടിയേ തീരു."
സേവ്യർ ചൂണ്ടയെറിഞ്ഞു.
"സേവീ, നീ നന്നായി കറുത്തവനല്ലേ? നിനക്കെങ്ങിനെ അവളെ അധിക്ഷേപിക്കാൻ കഴിയും?''
"സൂര്യാ ആണുങ്ങൾക്ക് കറുപ്പു് പൗരുഷത്തിൻ്റെ പ്രതീകമാണ്. പക്ഷെ പെണ്ണിനു അതു പോരായ്മയാണ് "
ഞാൻ ചിരി ചിന്തയിലൊതുക്കി. ഞായറാഴ്ച ബീച്ചിൽ വെച്ച് കാണാൻ പറ്റുമോ സൂര്യാ?" സേവ്യർ ചൂണ്ട വെള്ളത്തിൽ ഒന്നു കൂടി തുടുപ്പിച്ചു.
"തീരെ താൽപ്പര്യമില്ല " പക്ഷെ അവൻ വിടുന്ന മട്ടില്ല.
"മതി. നന്നായി ആലോചിച്ചു പറഞ്ഞാൽ മതി. ഒ.കെ."
തിങ്കളാഴ്ച പതിവുപോലെ ബസ്സിൽ നല്ല തിരക്കായിരുന്നു. മൂന്ന് അച്ചായന്മാരും എന്നെ ചേർന്നു നിന്നു കോഴിക്കുഞ്ഞുങ്ങൾ തള്ളക്കോഴിയുടെ ചിറകിൻ കീഴിൽ പതുങ്ങുന്നതുപോലെ.
എനിക്കു് ഇറങ്ങേണ്ട സ്ഥലമായപ്പോൾ അവർ ബെല്ലടിച്ചു യാത്രക്കാരോടു് എനിക്കു വഴിയൊരുക്കാൻ അലറി. ഞാൻ വേഗത്തിൽ ചാടിയിറങ്ങി അരികു പററി നടന്നു.
പലവട്ടം മോഹൻ വീഡിയോ കാളിൽ വന്നെങ്കിലും ഞാൻ അതെല്ലാം കട്ടാക്കി. ഇപ്പോൾ വാട്ട്സാപ്പിൽ സന്ദേശം അയച്ചിരിക്കുന്നു. "തെറ്റുപറ്റിപ്പോയി. വീണ്ടും ഒന്നാകണം പോലും. മകനേയും നിന്നെയും കണ്ണിലെ കൃഷ്ണമണി പോലെ ഞാൻ നോക്കിക്കോളാം"
ഞാൻ ശബ്ദസന്ദേശം ( Voice Message) അയച്ചു.
" പണ്ടത്തെ പെണ്ണുങ്ങൾ തല്ലുകൊണ്ടു മോങ്ങുന്ന പട്ടിയെപ്പോലെയായിരുന്നു. യജമാനൻ കൈയൊന്നു ഞൊടിച്ചാൽ പട്ടി വീണ്ടും വാലാട്ടി പാദം നക്കും. പക്ഷേ മോഹൻ, ഞാൻ നിൻ്റെ വാലാട്ടിപ്പട്ടിയല്ല, ഗുഡ് നൈറ്റ്.''
ഫോൺ കട്ടു ചെയ്ത് ഞാൻ ബാങ്കിൻ്റെ അകത്തു കസേരയിൽ ഇരുന്നപ്പോഴും കിതപ്പു മാറിയിരുന്നില്ല.
മൂന്നു മാസം പറന്നകന്നപ്പോൾ കോശിച്ചായൻ പരമേശ്വരൻ ജിയെയും റോയി മാത്യുവിനെയും എനിക്കു പരിചയപ്പെടുത്തി. അവർ ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങി. താമസിയാതെ ധാരാളം അക്കൗണ്ടുകൾ ഫിക്സഡ് ഡെപ്പോസിറ്റുകൾ ഒഴുകി വന്നു. എനിക്ക് പ്രമോഷനായി.
ഒരു മനോഹര സായാഹ്നത്തിൽ ഞാനും അമ്മയും അനിയത്തി സുഷമയുമായി നഗരത്തിൽ ഷോപ്പിംഗിനു പോയി.

ജോലിയിൽ പ്രമോഷനായതിൻ്റെ ആഘോഷമായിരുന്നു.
ആര്യഭവനിൽ മസാല ദോശയും ചായയും എല്ലാവർക്കുമായി ഞാൻ ഓർഡർ കൊടുത്തു. പെട്ടെന്നു മുന്നിൽ സേവ്യർ കുട്ടി സുസ്മേരവദനനായി നില്ക്കുന്നു.
ക്ഷണിക്കപ്പെടാത്ത അതിഥി.
പക്ഷെ സേവ്യർ പഴയ തറവാട്ടിലെ കാരണവരായി അടുത്ത മേശയിലെ ഒരു കസേര വലിച്ചിട്ട് ഇരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിന്നു കിതച്ചു. പിന്നെ സ്വയം നിയന്ത്രിച്ചു മുഖത്ത് പുഞ്ചിരി നിറച്ചു സേവ്യറുടെ തോളിൽ പിടിച്ചു കൊണ്ട് ഞാൻ പരിചയപ്പെടുത്തി
"ഇത് സേവ്യർ കുട്ടി. മഹാരാജാസിലും ഞാൻ തൊട്ടടുത്തുള്ള സെൻ്റ് തെരേസാസിലും പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. ".
വെയിറ്റർ വന്നപ്പോൾ ഒരു മസാല ദോശക്കു കൂടി ഞാൻ ഓർഡർ ചെയ്യാൻ തുടങ്ങുമ്പോൾ അയാൾ കല്പ്പിച്ചു.
"സൂര്യ, നീയവിടെയിരിക്കു. ഞാൻ കാര്യങ്ങൾ നോക്കിക്കോളാം".
പിന്നെ വെയിറ്ററുടെ നേരേ തിരിഞ്ഞു് അവൻ ഓർഡർ കൊടുത്തു.
"എല്ലാവർക്കും ഓരോ ഓംലെറ്റും ചായയും പിന്നെ എനിക്കു മസാല ദോശയും ഒരു ബുൾ സൈയും കടുപ്പത്തിൽ ഒരു കോഫിയും."
വെയ്റ്റർ കുനിഞ്ഞ ശിരസ്സുമായി നടക്കുമ്പോൾ അയാൾ വിളിച്ചു പറഞ്ഞു. എല്ലാം വേഗം വേണം " "ഒ.കെ.സർ"
സേവ്യർ സുഷമയെ ചൂണ്ടയിൽ കൊത്താനാരംഭിച്ചു.
കാര്യങ്ങൾ പന്തിയല്ലെന്നു കണ്ടപ്പോൾ, അടുത്ത മേശയിലേയ്ക്ക് എൻ്റെ മിഴിപ്രാവുകൾ ചിറകടിച്ചു ചെന്നു ഞാൻ കൈ വീശി ഉറക്കെ വിളിച്ചു. "പരമേശ്വരൻജി, റോയി മാത്യു, കോശിച്ചായാ ".
തിളങ്ങുന്ന കഷണ്ടിയുള്ള കോശിച്ചായനും മുണ്ടും ജുബ്ബയും ധരിച്ച്, മുടി നീട്ടിവളർത്തി നെറ്റിയിൽ ഭസ്മക്കുറിയണിഞ്ഞ പരമേശ്വരൻ ജിയും സദാ നാണം കുണുങ്ങിയായ റോയി മാത്യുവും വന്നു അദ്ധ്യാപികയുടെ കസേരക്കു പിറകിൽ ആജ്ഞ കാത്തു നില്ക്കുന്ന ഒന്നാം ക്ലാസ്സിലെ കുട്ടികളെപ്പോലെ.
സുഷമയുടേയും അമ്മയുടേയും കണ്ണുകളിൽ അതിശയത്തിൻ്റെ തിളക്കം. അവർ പുഞ്ചിരി പൊഴിച്ചു കൊണ്ടു് അവരെ സ്വാഗതം ചെയ്തു.
സേവ്യറിൻ്റെ മുഖം കടന്നൽ കുത്തേറ്റതു പോലെ കുറച്ചു കൂടി കറുത്തു.
അയാൾ ആരേയും ശ്രദ്ധിക്കാതെ വേഗം ആഹാരം കഴിച്ച് കൈ കഴുകാൻ വാഷ്ബേസിനിലേക്ക് നടന്നു മറഞ്ഞു.
ആ കസേരയിൽ കോശിച്ചായൻ ഇരിപ്പുറപ്പിച്ചു. ഈ തക്കം നോക്കി പരമേശ്വർ ജി ഒരു കസേര കൊണ്ടുവന്ന് എൻ്റെ അടുത്തിരുന്നു. റോയി മാത്യു നാണം കുണുങ്ങി മിഴിച്ചു നിന്നു. എൻ്റെ ഇരിപ്പിടം റോയി മാത്യുവിനു കൊടുത്തിട്ട് കുടുംബാംഗങ്ങൾക്ക് എൻ്റെ ത്രിമൂർത്തികളെ പരിചയപ്പെടുത്തി.അമ്മയും സുഷമയും തലയാട്ടി ചിരിച്ചു കുഴഞ്ഞു. വെയിറ്റർ ബില്ലുമായി വന്നപ്പോൾ പരമേശ്വർ ജി അതു വാങ്ങി.
"ടീച്ചർ ഈ ബിൽ അടക്കാൻ എനിക്ക് അനുവാദം തരണം .ഇതെൻ്റെ അവകാശമാണ്. ടീച്ചറിൻ്റെ ജോലി സ്ഥിരമായതിൻ്റെ ആഘോഷം ".
ഞാൻ ചിരിച്ചു കൊണ്ട് അനുവാദം നല്കി
ഞാൻ ഹാരി മോനെ കയ്യിലെടുത്തു കൊണ്ടു് അവരെ കൈ വീശി യാത്രയയച്ചു.
അന്നു രാത്രി ഊണു കഴിഞ്ഞ് ഞാൻ മോനെ താരാട്ടു പാടി ഉറക്കുമ്പോൾ, ഫോൺ കരയാൻ തുടങ്ങി.
" ഞാൻ സേവ്യറാണ് "
മനസ്സിൽ ഇടിയും മിന്നലും. നാവു വരണ്ടു.
"ഏതാ ആ പരട്ട കിളവന്മാർ? നീ എന്തിനാണ് അവരോടു് കൊഞ്ചിക്കുഴയുന്നത്? എനിക്ക് അത് ഒട്ടും പിടിച്ചില്ല.അതുകൊണ്ടാണ് ഇറങ്ങിപ്പോന്നത്. സേവിയുടെ യുവരക്തം വാക്കുകളിൽ തിളയ്ക്കുന്നതിൻ്റെ ചൂടും ആവിയും എനിക്കു പൊള്ളി.
"സേവി, എനിക്കു അവരുടെ സൗഹാർദ്ദം വളരെ വിലപ്പെട്ടതാണ്."
"സൂര്യാ നീ മണ്ടിയാകരുത്. നീയും ഞാനും വളരെ ചെറുപ്പമാണ്. നിൻ്റെ നിറഞ്ഞ സൗന്ദര്യത്തേയും യൗവ്വനത്തേയും ആസ്വദിക്കാൻ പറ്റുന്ന എന്നെപ്പോലുള്ള ഒരു ചെറുപ്പക്കാരനെയാണ് നിനക്കു വേണ്ടത്. "
സേവി കത്തുന്നു.
ഞാൻ മൗനിയായി.
ബലൂൺ പൊട്ടേണ്ട സമയമായെന്ന് മനം മന്ത്രിച്ചു.
"നീയെന്താ ഒന്നും മിണ്ടാത്തത്?"
"സോറി, സേവി, നിന്നെപ്പോലൊരുവനെ സുഹൃത്തായിട്ടോ ഭർത്താവായിട്ടോ എനിക്കു വേണ്ട. അത് നനഞ്ഞ കമ്പിളിപ്പുതപ്പു പോലെ ഭാരമുള്ളതും ദുർഗന്ധം വമിക്കുന്നതുമാണ്. നിൻ്റെ അഹങ്കാരം താങ്ങാനുള്ള ക്ഷമ എനിക്കില്ല.ഇനി എന്നെ വിളിക്കരുത്. ഗുഡ് നൈറ്റ് ".
പിറ്റെ ദിവസം തന്നെ ഞാൻ പഴയ സിംകാർഡു് നശ്ശിപ്പിച്ചു, പുതിയ സിംകാർഡും പുതിയ നമ്പരും ഫോണിൽ ഇട്ടു. അങ്ങിനെ ചില ചങ്ങലകളെ ഞാൻ പൊട്ടിച്ചെറിഞ്ഞുപ്പോൾ,
പട്ടിണി കിടന്നിരുന്ന കൂട്ടിൽ നിന്നും നീലവിഹായസ്സിലേക്ക് ചിറകടിച്ചു പറക്കുന്ന പക്ഷിയുടെ ആഹ്ളാദം എനിക്കു തോന്നിയ അപൂർവ്വ നിമിഷം.
ദിവസങ്ങൾ മഴയുടെ അകമ്പടിയോടെ കടന്നു പോയി. ഞായറാഴ്ച രാവിലെ കോശിച്ചായൻ്റെ കാർ ഗേറ്റ് കടന്ന് എൻ്റെ മുറ്റത്തു വന്നു നിന്നു. കോശിയും പരമേശ്വർജിയും റോയി മാത്യുവും
ഡിക്കിയിൽ നിന്നും പല തരം ചെടികളും പുല്ലുകെട്ടുകളും പുറത്തിറക്കി. ഞാനും സുഷമയും അവരെ സഹായിച്ചു. വീട്ടിലെ പണിക്കാരൻ വാസു തൂമ്പ കൊണ്ട് കുഴികളെടുത്തു. പരമേശ്വർ ജി ചൂണ്ടിക്കാണിച്ച സ്ഥലത്ത് മേൽത്തരം ഞാവലും, തെങ്ങും പ്ലാവിൻതൈകളും നട്ടു. പൂച്ചെടികൾ വച്ചുപിടിപ്പിച്ചു. വെള്ളമൊഴിച്ച് മണ്ണിൽ പുല്ലു പിടിപ്പിച്ചു.
പതിവുപോലെ ഞായറാഴ്ച വൈകുന്നേരം എൻ്റെ ത്രിമൂർത്തികൾ എൻ്റെ വീട്ടിൽ വരുന്നു. കായൽ തീരത്തെ ഞങ്ങളുടെ പൂന്തോപ്പിൽ ഒന്നിച്ചു ഞങ്ങൾ ഒന്നിച്ചു കൂടും. ഏലക്കാചായയും എടനയിലയിലുണ്ടാക്കിയ ചക്കയടയുമായിരുന്നു ഇന്നത്തെ പ്രധാന വിഭവങ്ങൾ.
മനോഹരമായ പച്ചപ്പുൽപ്പരപ്പിൽ ഞങ്ങൾ ഇരുന്നു. കായൽക്കാറ്റ് താളമടിച്ചു കൊണ്ടിരുന്നു. കോശിച്ചായൻ പഴയ മലയാളഗാനങ്ങൾക്ക് തുടക്കമിട്ടു.
" അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് " എന്ന ഗാനം സുഷമ പാടി. അവർ ഏറ്റു പാടി. ഞങ്ങൾ കഥകളും കവിതകളും അവതരിപ്പിച്ചു. നാണം കുണങ്ങിയായ റോയി മാത്യു മിമിക്രി അവതരിപ്പിക്കുമ്പോൾ എല്ലാവരും അലതല്ലി ചിരിക്കും. അതൊരു കുടുംബ സാഹിത്യ സദസ്സായി മാറി.
സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ കുമ്പളങ്ങി കായൽ തീരത്തെ വൃക്ഷങ്ങളിൽ ചിറകടിച്ചുപറക്കുന്നത് ഞാൻ ശ്രദ്ധിച്ചു.