top of page
Copilot_20260511_084654_edited.jpg

കാശിത്തുമ്പകൾ

കാശിത്തുമ്പകൾ     നീണ്ടകഥ     അളകനന്ദിനി 

 കോൺസ്റ്റബിൾ കുര്യനോടു സബ് ഇൻസ്പെക്ടർ പറഞ്ഞു. " ആ പുറത്തിരിക്കുന്ന ചെറുപ്പക്കാരനെ അകത്തേയ്ക്കു വിളിക്കൂ". 

ഞാൻ ഭവ്യതയോടെ അകത്തു കയറിയപ്പോൾ ആ ഉദ്യോഗസ്ഥൻ ഇരിക്കാൻ ആംഗ്യം കാട്ടി. 

" പേര്?" 

"അരവിന്ദൻ " 

 

"മിസ്റ്റർ അരവിന്ദൻ, തൻ്റെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്. അതിനാണു തന്നെ വിളിപ്പിച്ചത്.

ഇൻസ്പെക്ടർ തുടർന്നു   " പരാതിക്കാരി താങ്കൾ സ്നേഹിക്കുന്ന പെണ്ണിൻ്റെ വിധവയായ അമ്മ. താങ്കൾ പല കത്തുകളും അവളുടെ വീട്ടിലേക്ക് അയച്ചു. അവസാനത്തെ കത്തിൽ ആ സ്ത്രീയുടെ മകളായ ശോശന്നയെ തനിക്കു വിവാഹം ചെയ്തു തന്നില്ലെങ്കിൽ ആ വീടിൻ്റെ മോന്തായത്തിൽ കെട്ടിത്തൂങ്ങി മരിക്കുമെന്ന് താങ്കൾ  ഭീഷണിപ്പെടുത്തിയിരിക്കുന്നു; ശരിയല്ലേ മിസ്റ്റർ അരവിന്ദൻ ?" 

"പറയൂ, ശരിയല്ലേ?"'  

" അതേ .

എൻ്റെ ശോശന്നയെ എനിക്കു വിവാഹം കഴിച്ചു തന്നില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യുമെന്നുള്ളത് തീർച്ചയാണ്, സാർ എതിർത്താലും ഇല്ലെങ്കിലും '' 

ഇൻസ്പെക്ടറും അടുത്തു നിന്ന പോലീസുകാരും ഞെട്ടി. "ഇവൻ നമുക്കു പണി തരുമെന്നാ തോന്നുന്നത് " 

recreate-this-photo-of-the-puthenvelikkara-police-.jpeg

അവർ പരസ്പരം പിറുപിറുത്തു. 

എസ്.ഐ. ആദ്യം ഭീഷണിയുടെ സ്വരം 

പുറത്തെടുത്തു.    "ശോശന്നയുടെ കത്തിൽ താൻ അവളെ പലവട്ടം പീഡിപ്പിച്ചു എന്നാണ്. അതിനു തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഇത് പോക്സോ കേസാണ്. കോടതിയിൽ പോയാൽ താൻ ജീവപര്യന്തം ജയിലിൽ കഠിനശിക്ഷ അനുഭവിക്കണം.അതു വേണോ?ആ പെൺകുട്ടിയുടെ അമ്മ പറഞ്ഞത് അവൾക്ക് അരവിന്ദനോടു യാതൊരു പ്രേമവും ഇല്ലെന്നാണല്ലോ." 

 

"സാറെ അവൾ ഒരിക്കലും എനിക്കെതിരായി അങ്ങിനെ പറയില്ല. അവൾക്കു കള്ളം പറയാനുള്ള മന:പ്രാപ്തി ഇല്ല. ഞാൻ  മുന്നു മാസം അവളുടെ വീട്ടിൽ എത്തി അവൾക്കു മലയാളത്തിനും കണക്കിനും ട്യൂഷൻ എടുത്തിട്ടുണ്ട്. ഞാൻ അതിനു ഫീസ് വാങ്ങിയിട്ടില്ല. അവളോടുള്ള എൻ്റെ സ്നേഹമാണ് അതിനു കാരണം സാറിനറിയാമോ?''  

''എന്നിട്ടും അവൾ പരീക്ഷ പാസായില്ലല്ലോ? എസ്.ഐ വാദിച്ചു. 

"ശരിയാണ്. മൂന്നു വട്ടവും അവൾ തോറ്റു. അവസാനം ഞാനാണ് പറഞ്ഞത് അവൾ പരീക്ഷ എഴുതണ്ടാന്ന്."  

"അതെന്താ താൻ അങ്ങിനെ പറഞ്ഞത്?" എസ്.ഐ പുരികം ചുളിച്ചു.

" അവൾ എത്ര എഴുതിയാലും ജയിക്കില്ല കാരണം  ചോദ്യങ്ങൾക്കുള്ള ഉത്തരമല്ല അവൾഎഴുതുന്നത്. " 

 

"പിന്നെ?" 

അവൾ ബൈബിളിലെ യോഹന്നാൻ്റെ സുവിശേഷം ഒന്നാം അദ്ധ്യായമാണ് എഴുതിയത് " 

എസ്.ഐയും പോലീസുകാരും വാ പൊളിച്ചിരുന്നു. പിന്നെ ഓർത്തോർത്തു പൊട്ടിച്ചിരിച്ചു. 

ഞാൻ കണ്ണീരൊപ്പി കൊണ്ട് തുടർന്നു."  അവൾ എനിക്കെതിരായി കോടതിയിൽ പരാതി കൊടുത്താൽ ആ നിമിഷം ഞാൻ ആത്മഹത്യ ചെയ്യും''

ജനമൈത്രി പോലീസ് സ്റ്റേഷൻ  നടുങ്ങി വിറച്ചു. 

 

എസ്.ഐ സ്വരം മയപ്പെടുത്തി അനുരഞ്ജനത്തിൻ്റെ വഴിതേടി.

"മോനെ, അരവിന്ദാ നീ വളരെ ചെറുപ്പമാണ്. നമുക്ക് ഈ നസ്രാണിപ്പെണ്ണിനെ വേണ്ടാ. ആ പെണ്ണിനു എന്തോ മനോവൈകല്യമുണ്ട്.  നിനക്ക് നല്ല വിദ്യാഭ്യാസം ഉണ്ട്. ഇപ്പോൾ ജോലിയും കിട്ടി. 

 

"ഞങ്ങൾ ഈയാഴ്ച തന്നെ സമ്പന്നമായ ഏതെങ്കിലും വാര്യർ തറവാട്ടിലെ  സുന്ദരിയായ ഒരു  പെൺകുട്ടിയെ കണ്ടു പിടിച്ചു നിനക്കു മംഗല്യം ചെയ്തു തരാം. ഇതെൻ്റെ വാഗ്ദാനമാണ് ".

പിന്നെ എസ്.ഐ തൻ്റെ സഹപ്രവർത്തകരെ നോക്കി.

"ഉറപ്പായും "

. പോലീസുകാർ തലയാട്ടി.  എസ്.ഐ തൻ്റെ സ്നേഹ സന്ദേശം തുടർന്നു.  

"മോനെ, അരവിന്ദാ ഞങ്ങളെ നിനക്ക്  വിശ്വസിക്കാം. ഇതു ജനമൈത്രി പോലീസ് സ്റ്റേഷനാണ്. ഞങ്ങൾക്കു നീ പണി തരരുത് ". എസ് ഐ യാചിച്ചു.

എല്ലാവരും പ്രതീക്ഷയോടെ എന്നെ നോക്കി. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. ഞാൻ എഴുന്നേറ്റു. പിന്നെ ദൃഢസ്വരത്തിൽ പറഞ്ഞു. " എൻ്റെ ശോശയെക്കൂടാതെ എനിക്കു ജീവിതമില്ല. ഞാൻ പോകുന്നു. 

എസ് ഐ  കസേരയിൽ തളർന്നിരുന്നു. 

 

"അവൻ്റെ പോക്കു കണ്ടിട്ട് ലക്ഷണപ്പിശകാണു സാറെ ''  ഹെഡ്കാൺസ്റ്റബിൾ പൈലിപ്പിള്ള  ഓർമ്മിപ്പിച്ചു. ഏമാൻ ചിന്തയിൽ മുഴുകി. നെറ്റി വിയർത്തു. ദിവസവും ഓരോ വയ്യാവേലി വന്നു കേറും. ഇവൻ പറഞ്ഞതുപോലെ ഒരു കത്തും എഴുതി വെച്ചിട്ട് ആത്മഹത്യ ചെയ്താൽ തനിക്കു മുകളിൽ നിന്നും ശകാരം കിട്ടും. ഒരു പക്ഷെ പണിഷ്മെൻ്റ് ട്രാൻസ്ഫർ തന്നെ തരും അങ്ങു വടക്കു കണ്ണൂർ ജില്ലയിലെ വല്ല പാർട്ടി ഗ്രാമത്തിലെ സ്റ്റേഷനിലാണെങ്കിൽ,  ഓ അതിനേക്കാൾ ഭേദം .... 

 

"അവനെ വിളിക്കൂ' എസ്.ഐ അവിടെയിരുന്ന കോൺസ്റ്റബിളിനോടു അലറി. കോൺസ്റ്റബിൾമാർ ഒന്നിനു പിറകെ ഒന്നായി  വെടി കൊണ്ട പന്നികളെപ്പോലെ പുറത്തേയ്ക്കോടി, എന്നെ വട്ടം പിടിച്ചു തിരികെ സ്റ്റേഷൻ വരാന്തയിലെ ബഞ്ചിലിരുത്തി. 

 

ഇതിനിടയിൽ ആ പോലീസ് ഉദ്യോഗസ്ഥൻ വിധവയുമായി കുറേ നേരം രഹസ്യമായി ഫോണിൽ സംസാരിച്ചു. എന്നെ അകത്തേക്കു വിളിച്ചിരുത്തി ചായയും പരിപ്പുവടയും നല്കി സൽക്കരിച്ചശേഷം അറിയിച്ചു. 

 

"അവർ  മകളെ താങ്കൾക്കു വിവാഹം കഴിച്ചു തരാൻ തയ്യാറാണ്. പക്ഷെ ചില വ്യവസ്ഥകളുണ്ട്.   താങ്കൾക്കു കാസർഗോഡ് ഹൈസ്കൂളിൽ ജോലി കിട്ടിയതിൻ്റെ ഉത്തരവുകൾ നാളെ ഇവിടെ ഹാജരാക്കണം. രണ്ടു്. നിങ്ങൾ പെൺവീട്ടിൽ ദത്തു നില്ക്കണം. മൂന്ന്. നിങ്ങൾ ക്രിസ്തുമതം സ്വീകരിച്ചു പേരു മാറ്റി മാമ്മോദീസാ സ്വീകരിക്കണം. ആദ്യ രണ്ടു വ്യവസ്ഥകളും ഞാൻ അംഗീകരിച്ചു കാരണം കെട്ടിച്ചു വിട്ട ഇളയ പെങ്ങൾ വിധവയായി രണ്ടു കുഞ്ഞുങ്ങളോടൊപ്പം എൻ്റെ വീട്ടിൽ കഴിയുന്നു.  ആകെയുള്ള സ്വത്തെന്നു പറയുന്നത് പത്തു സെൻ്റ് സ്ഥലവും ഓടിട്ട ഒരു പഴയ വീടുമാണ്.  പേരു മാറ്റുന്ന കാര്യം കൂട്ടുകാരൻ കണ്ണനോട് ആലോചിച്ചിട്ട് ചെയ്യാമെന്നു പറഞ്ഞു.

 

അന്നു വൈകിട്ടു തന്നെ ഞാൻ മുരളീധരൻ്റെ മുമ്പിൽ  ആവലാതിയിട്ടു.   എപ്പോഴും മുരളീഗാനത്തിൽ മുഴുകിയിരിക്കുന്ന കണ്ണൻ എല്ലാം കേട്ടു കണ്ണിറുക്കി ചിരിച്ചു. "അഹം ബ്രഹ്മാസ്മി" എന്നു കൽപ്പിച്ചു,

ഞാൻ അരവിന്ദനലക്സ് എന്ന പേരിൽ മാമ്മോദിസാ മുങ്ങി പള്ളിയിൽ വെച്ച് എൻ്റെ പ്രിയപ്പെട്ട ശോശന്നയെ മിന്നുകെട്ടി. 

Copilot_20260511_084654_edited.jpg

അന്നു രാത്രി  തറയിൽ രണ്ടു പേരും മുട്ടുകുത്തി നിന്നു കൊന്ത ചൊല്ലി. പ്രത്യേക പ്രാർത്ഥനകൾ ഒന്നൊന്നായി ചൊല്ലിക്കൊണ്ടിരുന്നു. 

 

ഉറക്കം തൂങ്ങി ഞാൻ ഒരു വിധം തട്ടിയും തടഞ്ഞും പ്രാർത്ഥിച്ചു. ഇടക്കിടെ കോട്ടുവായിട്ടു  പുതുമണവാട്ടിയെ ദയനീയമായി  നോക്കി.  പക്ഷെ അവൾ കണ്ണടച്ചു പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നു. 

 

  നാളുകൾ കടന്നു പോയപ്പോൾ ആ എസ്. ഐ പറഞ്ഞതിൽ കഴമ്പില്ലാതില്ല എന്ന തോന്നൽ ഇടയ്ക്കിടെ എൻ്റെ മനസ്സിൽ ഒരു കൂരമ്പുപോലെ 

കുത്തിക്കൊണ്ടിരുന്നു.  

 

കാസർഗോഡു നിന്ന് ഒരു മാസത്തെ ക്ലാസ്സും കഴിഞ്ഞ് തളർന്ന് നാട്ടിലേക്ക് തീവണ്ടിയിൽ തിരിക്കുമ്പോൾ എൻ്റെ മനസ്സിൽ മുല്ലപ്പൂ ചൂടി   ലജ്ജാവതിയായി തന്നെ കാത്തിരിക്കുന്ന ശോശന്നയുടെ വർണ്ണചിത്രം തിളങ്ങി.  

 

അവൾ അമ്മയും സഹോദരിമാരുമൊത്ത് പള്ളിയിൽ നിന്നും  വേളാങ്കണ്ണിക്കു തീർത്ഥാടനത്തിനു പോയിരിക്കുകയാണെന്നും ശനിയാഴ്ചയേ തിരിച്ചു വരികയുള്ളു എന്ന കുറിമാനം മേശപ്പുറത്തു കണ്ടപ്പോൾ ആ വർണ്ണചിത്രം സ്പടികം പോലെ തറയിൽ വീണുടഞ്ഞു. 

ഞാൻ തിങ്കളാഴ്ച കാസർഗോഡിനു തിരിച്ചു.

അടുത്ത തവണ അവധിക്കു വന്നപ്പോൾ,

മഞ്ഞുമ്മൽ ധ്യാന കേന്ദ്രത്തിൽ അവളും അമ്മയും ഒരാഴ്ചയായി ഉപവാസ പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന വാർത്ത അയൽപക്കക്കാർ പറഞ്ഞാണ് ഞാനറിയുന്നത്. പാമ്പുകടിച്ചവനെ ഇടിവെട്ടിയതുപോലെയായി. 

 

ഞാൻ നിരാശയോടെ ആഴ്ചയവസാനം കാസർഗോഡിനു മടങ്ങി. 

 

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വിരലേൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമായിരുന്നു ഞാനും ശോശന്നയും ശാരീരികമായി ബന്ധപ്പെട്ടതെങ്കിലും അവൾ  ഗർഭിണിയാണെന്നറിഞ്ഞപ്പോൾ എവറസ്റ്റ് കീഴടക്കിയ എഡ്മണ്ടു് ഹില്ലാരി പോലും ഇത്രയധികം സന്തോഷവും കഷ്ടപ്പാടും അനുഭവിച്ചിട്ടില്ലെന്നു എനിക്കു തോന്നി. പക്ഷെ സന്തോഷം അധികം നീണ്ടില്ല. 

 

ക്ലാസ്സിൽ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്മായിയമ്മയുടെ ഫോൺ വന്നത്. "അലക്സു മോൻ ദുഃഖിക്കരുത്. ശോശന്നയുടെ ഗർഭം അലസ്സി. വേനലിൽ വെള്ളിടി വെട്ടിയപോൽ ഞാൻ മുറിയിൽ തളർന്നിരുന്നു. 

  

പിറ്റേന്നു രാവിലെ വരാന്തയിലൂടെ ക്ലാസ്സിലേയ്ക്ക് നടക്കുമ്പോൾ എതിരേ സുലോചന ടീച്ചർ വരുന്നു. 

 

"എന്താ ടീച്ചർ,  ഒരു മാസമായി അവധിയിലായിരുന്നല്ലോ? എന്താ വിശേഷം?" 

 

"ഓ വാര്യരേ, ഞങ്ങൾ കുടുംബസമേതം ഗോവയിലായിരുന്നു. കടൽത്തീരത്തെ റിസോർട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. എത്ര സുന്ദരമാണ് ഗോവാ കടൽത്തീരം " 

 

ശനിയും ഞായറും അവധിയാണ്. ആരോടും ഒന്നും ഉരിയാടാതെ  ഞാൻ ഗോവയ്ക്ക് പാസഞ്ചർ തീവണ്ടിയിൽ വെച്ചുപിടിച്ചു. മനുഷ്യനു മനസ്സമാധാനമാണ് ഏറ്റവും പ്രധാനം.

നഗരത്തിലെ ഒരു റിസോർട്ടിൽ  മുറിയെടുത്തു. 

 

അതിരാവിലെ അഞ്ചു മണിക്ക്  നടക്കാനിറങ്ങി. മനോഹരമായ കൊങ്കൺ കടൽത്തീരത്തുകൂടി നടക്കുമ്പോൾ രണ്ടു കുട്ടികൾ തീരത്തിരുന്ന് മണലിൽ കളിക്കുന്നു. പെൺകുട്ടി നന്നായി വെളുത്ത സുന്ദരി. ഏതോ ഒരു സായിപ്പിന് ഭാരത സ്ത്രൈണതയിൽ പൂത്തു വിടർന്ന റോസപ്പൂവ് "  ഞാൻ മനസ്സിൽ പറഞ്ഞു.  ചെക്കനും പന്ത്രണ്ടു വയസ്സിൽ താഴെയാണ്. നല്ല എണ്ണക്കറുമ്പൻ .

"ഹലോ ഞാൻ പുഞ്ചിരിച്ചു കൊണ്ട് അടുത്തുചെന്നു. "ഹലോ അങ്കിൾ " രണ്ടു കൊച്ചു സൂര്യ മുഖങ്ങൾ. പേരു ചോദിച്ചു.  കൃഷ്ണനും കാത്തിയും. അവർ നാളത്തെ കൃസ്മസ്സിനു പുൽക്കൂട് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.  

 

ആരോ കടലിൽ വലിച്ചെറിഞ്ഞ വാടിയ പൂമാലകൾ അവർ പരസ്പരം കഴുത്തിലണിയാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ ക്യാമറ ക്ലിക്കു ചെയ്തു. അവർ നാണിച്ചു നിന്നപ്പോൾ ഞാൻ നടന്നു നീങ്ങി. 

 

എതിരേ വന്ന  മുക്കുവനോടു കൊങ്കിണിയും ഹിന്ദിയും കലർന്ന വ്യാജ മൊഴിയിൽ ഞാൻ ചോദിച്ചു. അയാൾ കയ്യിലെ വീശു വലയും കൂടയും താഴെ വച്ചിട്ട്  പറഞ്ഞു " ഇത് പാലോലിം കടപ്പുറം. 

 

കഴിഞ്ഞ രാത്രിയിൽ കടലിൽ മീൻ തേടിപ്പോയ വള്ളങ്ങൾ തീരത്തേക്കു മത്സ്യങ്ങളുമായി മടങ്ങിക്കൊണ്ടിരിക്കുന്നു. കാക്കകളും പരുന്തുകളും  വഴിക്കണ്ണുമായി വള്ളക്കാരെ കാത്തിരിക്കുന്നു. ഈ കൊങ്കൺ തീരം പൊതുവേ ശാന്തമാണ്. നീന്തൽ വേഷത്തിൽ തീരത്തിലൂടെ നടക്കുന്ന യൂറോപ്യൻ അതിഥികൾ പാലോലിം ബീച്ചിൻ്റെ പുളകമാണ്. 

ചക്രക്കസേരയിൽ എന്നെ കാത്തിരിക്കുന്ന എമിലി എന്നെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു 

 

  സ്ക്കോട്ട്ലൻഡിൽ നിന്നും വന്ന, മിഴികളിൽ മരതകം ഒളിപ്പിച്ചു വച്ച ആ യുവസുന്ദരിയെ ഗോവയിലെ സെയിൻ്റ് ഫ്രാൻസീസ് സേവ്യറിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന പള്ളിയിലെ ശ്മാശനത്തിൽ വെച്ച് ഇന്നലെയാണ് ഞാൻ  പരിചയപ്പെട്ടത്.  

 

വികലാംഗയായ എമിലി എല്ലാ വർഷവും പതിവായി ഗോവയിലെത്തും. അവളുടെ പപ്പയും മമ്മയും രണ്ടു സഹോദരിമാരും ഗോവയിൽ കാർ വിപത്തിൽ കൊല്ലപ്പെട്ടു. അന്ന് പന്ത്രണ്ടു വയസ്സുകാരി എമിലി മാത്രം സാരമായ  പരിക്കുകളോടെ രക്ഷപ്പെട്ടു. 

 

ഞാൻ വൈകുന്നേരം കടപ്പുറത്തു നടക്കുമ്പോൾ കാത്തിയും കൃഷ്ണനും  എൻ്റെ നേരെ കടലപ്പൊതികൾ നീട്ടിക്കൊണ്ട്‌   " അങ്കിൾ ചൂടു കപ്പലണ്ടി ". ഞാൻ ഓരോരുത്തരിൽ നിന്നും ഓരോ പൊതി കപ്പലണ്ടി വാങ്ങി കൊറിച്ചു കൊണ്ടു നടന്നു.

വാസക്കോഡാ ഗാമയുടെ നാട്ടിൽ വേരുകളുള്ള ആഷ്ലിയെ എനിക്കു പരിചയപ്പെടുത്തിയത് എമിലിയാണ്.  ആഷ്ലിയുടെ ഗിത്താറിൻ്റെ ഗാനധാരയിൽ എല്ലാം മറന്നിരുന്നു ഭക്ഷണം കഴിക്കുന്ന എമിലിയുടെ  വദനം എൻ്റെ മിഴികൾ ഒപ്പിയെടുത്തു. "Love is blind" ഞാൻ ഷേക്സ്പിയറിൻ്റെ മെർച്ചൻറ് ഓഫ് വെനീസ് ഓർത്തു. അവളുടെ കണ്ണുകളിൽ ആഷ്ലിയോടുള്ള ആരാധനയുടെ ദീപക്കാഴ്ച ഞാനാണ് ഏറ്റവും ആസ്വദിച്ചത്. 

 

ഇടവേളകളിൽ ആഷ്ലി തോളിൽ തൂക്കിയിട്ടിരിക്കുന്ന ഗിത്താറുമായി അവളുടെ അടുത്തുവന്ന് സംഗീതം മീട്ടുമ്പോൾ ആ നാലു കണ്ണുകളിൽ പ്രണയം പൂത്തിറങ്ങുന്നതായി ഞാൻ സങ്കൽപ്പിച്ചു. 

 

കൊങ്കൺ തീരം ഒരു നവോഢയെപ്പോലെ സ്വർണ്ണക്കസവു പുതച്ചു നാണം കുണുങ്ങി നിന്നപ്പോൾ  ഞാൻ   "മൂൺ ലൈറ്റ് സത്രത്തിൻ്റെ മുറ്റത്തെത്തി. ധാരാളം വർണ്ണ നക്ഷത്ര വിളക്കുകൾ  മിന്നിത്തിളങ്ങുന്നു. 

" ആഷ്ലി ഉണ്ടോ? ഞാൻ ശബ്ദം താഴ്ത്തി ഇംഗ്ലീഷിൽ ചോദിച്ചു. മുറ്റത്തെ മഞ്ഞ സൂര്യകാന്തിപൂക്കൾ   മൗനമായി കുലുങ്ങിച്ചിരിച്ചു.  കൂട്ടിലെ കിളികൾ ചിലച്ചു. വാതിൽ തുറന്നു ആകർഷകമായി ചിരിച്ചു കൊണ്ട് മെലിഞ്ഞു സുന്ദരിയായ ഒരു സ്ത്രീ വന്നു.   "കയറി വരു".  

 

ഞാൻ ചെരുപ്പഴിക്കാൻ നേരം അവൾ തടഞ്ഞു. ഞാൻ അകത്തു കയറി സോഫയിൽ ഇരുന്നപ്പോൾ പ്രായം ചെന്ന ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. 

 

" ഇന്നു രാവിലത്തെ പരിപാടി കഴിഞ്ഞയുടൻ ആഷ്ലി ലിസ്ബണിലേക്കു പോയി.അവൻ്റെ മമ്മിക്കു തീരെ സുഖമില്ല. തന്നെയുമല്ല, എല്ലാ വർഷവും ക്രിസ്മസിനു അവൻ അമ്മയോടൊപ്പമായിരിക്കും' 

 

അപ്പോൾ ആ പെൺകുട്ടിയുടെ മിഴികളിൽ മയൂഖം പീലി വിടർത്തിയാടി. 

 

"ഹലോ അങ്കിൾ ഇവിടെ? ആ രണ്ടു കുട്ടികൾ വാതിൽക്കൽ ചിരിച്ചു നില്ക്കുന്നു സൂര്യോദയം പോലെ." കാത്തിയും കൃഷ്ണനും. 

" ഞങ്ങളുടെ കുട്ടികൾ "

ക്ലാര കുട്ടികളെ ചേർത്തു നിർത്തി പറഞ്ഞു. 

 

അപ്പോൾ മിറാൻഡായുടെ മിഴികൾ എന്നെ അകത്തേക്കു ക്ഷണിച്ചു. 

അവൾ ധൃതിയിൽ തിരശ്ശീല വലിച്ചിട്ടു. ഞാൻ മുറിയിൽ അന്ധാളിപ്പോടെ നോക്കി. ഒരു കട്ടിലിൽ കിടക്ക വിരിച്ചിരിക്കുന്നു. രണ്ടു തലയണകൾ. ജനാലയിലൂടെ കടൽക്കാറ്റ് തള്ളിക്കയറുന്നു. ആരേയും ഭ്രമിപ്പിക്കുന്ന പാശ്ചാത്യ സംഗീതം ഒഴുകുന്നു.  ഭിത്തിയിൽ യേശുവിൻ്റേയും വാസ്ക്കോഡ ഗാമയുടെയും ചിത്രങ്ങൾ എന്നെ സഹതാപത്തോടെ നോക്കുന്നതായി എനിക്കു തോന്നി.  

 

മിറാൻഡ ഒരു ട്രേയിൽ രണ്ടു കുപ്പി വീഞ്ഞും ബീയറും ഗ്ലാസ്സുകളുമായി തിരശ്ശീല മാറ്റി അകത്തു വന്നു. അവൾ ധരിച്ചിരുന്ന വെള്ള ഗൗണിലൂടെ അവളുടെ വടിവൊത്ത മേനിയും ബ്രേസിയറും  വ്യക്തമായി എല്ലാം വിളിച്ചോതുന്നു. ചുവന്ന ലിഫ്സ്ററിക്ക് തേച്ച മലർന്ന ചുണ്ടുകൾ. 

മാർ വിരിഞ്ഞ മലർ പോലെ അവൾ എൻ്റെ മുമ്പിൽ നാണം നടിച്ചു നിന്നു. 

"എന്താ പേരു് ?" ഞാൻ പേരു പറഞ്ഞു. 

resort.jpeg

"ഞാൻ മദ്യം കഴിക്കില്ല, മിറാൻഡാ ഫെർണാണ്ടസ്'" 

അവളുടെ മുഖം വാടി. ഞാൻ പേഴ്സെടുത്ത്  അഞ്ഞൂറു രൂപാ നോട്ട് അവൾക്കു കൊടുത്തിട്ട് എഴുന്നേൽക്കാൻ നേരം അവൾ എൻ്റെ കൈ തടഞ്ഞ് എന്നെ അമ്പരപ്പിച്ചു.

"സാറിൻ്റെ സൗജന്യം എനിക്കു വേണ്ട". 

 

ശുദ്ധ മലയാളത്തിലുളള അവളുടെ വാക്കുകൾ എനിക്കു കൂരമ്പുകളായിത്തോന്നി. അവൾ തുടർന്നു.

"സർ, ഇവിടെ രണ്ടു സാധനങ്ങൾ വിൽക്കുന്നു. മദ്യവും മദിരാക്ഷിയും" 

" പക്ഷെ, ഇതു രണ്ടും എനിക്കു വേണ്ട. ഞാൻ മറ്റൊന്നാണ് അന്വേഷിച്ചു വന്നത്. ക്ഷമിക്കണം" "എന്തോന്ന്?‌ അവൾ പരിഹസിച്ചു. ഞാൻ തിരശ്ശീല മാറ്റി   പുറത്തേക്ക് നടന്നു. 

 

പിറ്റേ ദിവസം ഞായറാഴ്ചയായിരുന്നു..  ഞാൻ രാവിലെ കടൽത്തീരത്തുള്ള കൃഷ്ണൻ്റെ അമ്പലത്തിലേക്കു നടന്നു.  തൊഴുതു പ്രാർത്ഥിച്ചു. മിഴികളിൽ നിറഞ്ഞ കണ്ണീർ തുടച്ചു തലയുയർത്തിയപ്പോൾ പുഞ്ചിരിപ്പാലിൽ കണ്ണിറുക്കുന്ന കണ്ണൻ! എൻ്റെ മനം തേങ്ങി.

   നടകളിറങ്ങുമ്പോൾ  പിറകിൽ നിന്നൊരു കളമൊഴി. 

 

" ഹേ, മിസ്റ്റർ അരവിന്ദൻ " , ഞാൻ തിരിഞ്ഞു നോക്കി. ഇളം ചുവപ്പു സാരിത്തുമ്പിൽ ശിരസുമൂടി കയ്യിൽ കൊന്തയും പ്രാർത്ഥനാ പുസ്തകവുമായി   മിറാൻഡാ  എൻ്റെ അടുത്തെത്തി. "എവിടെപ്പോയതാ എന്ന ചോദ്യത്തിന് അകലെ കുന്നിൻചരിവിലെ പള്ളിയിലേക്കവൾ വിരൽ ചൂണ്ടി .

പാതി വിടർന്ന ചുവന്ന റോസമലർ പോലെ അവൾ എൻ്റെ മുന്നിൽ പരുങ്ങിനിന്നു. അവൾ ഒരു വേശ്യയാണെന്നു എനിക്കു വിശ്വസിക്കാനേ കഴിയുന്നില്ല. ഞാൻ അമ്പരപ്പോടെ അവളെ നോക്കി. തങ്ങി നിന്ന മൗനത്തിനൊടുവിൽ അവൾ മടിച്ചു മടിച്ചു    ചോദിച്ചു 

"എവിടെയാ താമസം?"

  ഞാൻ റിസോർട്ടിൻ്റെ പേരു പറഞ്ഞു. 

 

"ഓ അതു വലിയ ചിലവുള്ള സ്ഥലമല്ലേ. അരവിന്ദനെപ്പോലുള്ള പിശുക്കന്മാർ അവിടെ താമസിച്ചാൽ കീശ കീറുമല്ലോ". 

 

അവൾ പരിഹസിച്ചതാണെങ്കിലും പറഞ്ഞത് സത്യമാണെന്നെനിക്കറിയാം.  ഞാൻ മൗനിയായി. അവൾ ചുറ്റും നോക്കിയിട്ടു മന്ത്രിച്ചു.

"എൻ്റെ വീട്ടിൽ താമസിക്കാം. വാടക വളരെ കുറവ്. കേരളീയ ഭക്ഷണം ഞാൻ ഉണ്ടാക്കിത്തരാം സന്യാസിക്ക് " അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു. 

"  ആലോചിച്ചു പിന്നെ പറയാം" 

ഞാൻ മുന്നോട്ടു നടന്നപ്പോൾ അവൾ പിന്നാലെ കൂടി  ഫോൺ നമ്പർ വാങ്ങി നടന്നു. ഞാൻ മുറിയിൽ ചെന്നു വിശ്രമിച്ചപ്പോൾ അവളുടെ ഫോൺ എന്നെ തേടി വന്നു 

 

" സന്യാസിക്കുള്ള മുറിയും ഭക്ഷണവും ഞാൻ തയ്യാറാക്കിയിട്ടുണ്ട്. ഇഷ്ടപ്പെട്ടെങ്കിൽ  മാത്രം പണം തന്നാൽ മതി. പിന്നെ ഒരു കാര്യം ആ ക്ലാരക്കിളവി അറിയരുത്. ഞാൻ കൃഷ്ണനെ അയക്കാം" 

 

അന്തി ചുവപ്പണിഞ്ഞ സൂര്യൻ വിടപറയും മുന്നേ തൻ്റെ കാമുകിയായ കടലിന് സ്വർണ്ണ നാണയങ്ങൾ വാരിവിതറുന്ന സമയത്ത്  വാതിലിൽ മുട്ടുകേട്ടു . 

 

ഞാൻ തീരത്തുകൂടി നടന്നു.

വെള്ളിത്തിരകൾ കാലുകളെ ഉമ്മ വെയ്ക്കുന്നു പിന്നെ യകലുന്നു വീണ്ടുമടുക്കാൻ. തണുത്ത കാറ്റ് വീശിയടിക്കുന്നു.  കൈതോലക്കാടിനോടു  ചേർന്നു നിൽക്കുന്ന കുറെ ഓലക്കുടിലുകളുടെ മുന്നിലെത്തി. നിറയെ നക്ഷത്ര വിളക്കുകൾ തൂക്കിയിട്ടിരിക്കുന്ന         "യെരുശലേം സത്രം " 

 

തീരത്ത് ഒരു വലിയപാറക്കെട്ടിൽ മരക്കുറ്റികളിൽ മരത്തട്ടുകളുണ്ടാക്കി പണിത ഓലക്കുടിലുകളാണ്. 

 

മിറാൻഡാ ഇറങ്ങി വന്ന് ചുറ്റും കണ്ണോടിച്ചിട്ട് എൻ്റെ കൈ പിടിച്ച് ധൃതിയിൽ "യരുശലേം സത്രത്തി"ലേക്കു  കയറി.  നല്ല വൃത്തിയും വെടിപ്പുമുണ്ട് . മൂന്നാമത്തെ മുറിയാണ് എനിക്കു കിട്ടിയത്.  മറ്റു രണ്ടു മുറികളിലും വിദേശ അതിഥികളുണ്ട്. ഒരു മുറി അടുക്കളയും അതിനോടു ചേർന്ന് വീഞ്ഞും ബിയറും ഉണ്ടാക്കുന്ന കലവറയും. പാശ്ചാത്യ റാപ്പ് സംഗീതം ഇടിയും മിന്നലുമായി തകർത്തു പെയ്യുന്നു.

തറയുടെ താഴെ കടൽത്തിരകൾ തല്ലു കൂടുന്നു. 

 

ജനാലയിലൂടെ ഞാൻ കണ്ടു അങ്ങകലെ, നീലപുടവയായി നിലാവുലഞ്ഞു മറിയുന്നു. മൗനരാഗമായി  ചന്ദ്രലേഖ നിന്നു. ഋതുപരിണയം തുടങ്ങിക്കഴിഞ്ഞു. നേർത്ത മഞ്ഞിൻ പാളികളിൽ പൊതിഞ്ഞു കിടക്കുന്ന മദാലസയായ പാലോലിം കടൽത്തീരം.എത്ര മനോഹരമാണ് ഈ കൊങ്കൺ തീരം! 

 

"എന്താ സന്യാസി നാമം ജപിക്കുകയാണോ? മിറാൻഡാ ചോറും കറികളും മേശപ്പുറത്തു വച്ചു കൊണ്ട് ചോദിച്ചു. ഞാൻ നിശ്ശബ്ദം ഊണു കഴിച്ചു. അവൾ വാതുക്കൽ ചാരിനിന്നു. ഞാൻ ഓർത്തു അച്ഛൻ ഭക്ഷണം കഴിച്ചു തീരുന്നവരെ അമ്മ വാതിൽ ചാരിനിൽക്കുമായിരുന്നു.

"ഇത്രയും സ്വാദുള്ള  കറികൾ ഞാൻ മുമ്പ് കഴിച്ചിട്ടുണ്ട്. അമ്മ ഉണ്ടാക്കിയ  കറികൾ. " 

"അമ്മ ഇപ്പോൾ?"

"സ്വർഗ്ഗത്തിൽ " 

ഞാൻ ആകാശത്തേയ്ക്ക് വിരൽ ചൂണ്ടി. അന്ന് അമ്മ അരകല്ലിൽ അരച്ചാണ് കറികൾ ഉണ്ടാക്കിയിരുന്നത്. " "ഞാനും കല്ലിൽ അരച്ചാണ് ഈ കറികൾ ഉണ്ടാക്കിയത് ".

അവൾ മെല്ലെ പറഞ്ഞു. 

ഞാൻ അത്താഴം കഴിഞ്ഞു ഉറക്കത്തിലേയ്ക്കാണ്ടു വീണു. 

അതിരാവിലെ തീരത്തുകൂടി നഗ്നപാദനായി നടത്തമാരംഭിച്ചു. 

മൂൺ ലൈറ്റ് സത്രത്തിനടുത്തെത്തിയപ്പോൾ കണ്ട കാഴ്ച എന്നെ വിസ്മയിപ്പിച്ചു. നീന്തൽ വേഷത്തിൽ എമിലിയും ആഷ്ലിയും. അദ്ദേഹം സോഫയിൽ ഇരുന്ന് ഗിത്താർ മീട്ടുന്നു. ഹരേ രാമ ഹരേ കൃഷ്ണയിലെ ശ്രുതിമധുരമായ ഗാനങ്ങൾ പാലോലിം കടപ്പുറത്തു പുനർജ്ജനിക്കുന്നു.  അടുത്ത് ചക്രക്കസേരയിൽ എമിലി പരിസരം മറന്നു ഗാനത്തിൽ ലയിച്ചിരിക്കുന്നു പാതി വിടർന്ന പാരിജാതം പോലെ. 

എന്നെ കണ്ടപ്പോൾ ആഷ്ലി അഭിവാദ്യം ചെയ്തു. ഞാൻ ആഷ്ലിയെ കണ്ണു കാണിച്ചു ദേവതയെ ഉണർത്തേണ്ടെന്ന്. അവൻ ചിരിതൂകി. ഞാൻ മുന്നോട്ടു നടന്നു. 

ഉച്ചയ്ക്കു ഊണ് കഴിഞ്ഞ് മിറാൻഡയുടെ കയ്യിൽ പണം കൊടുത്തപ്പോൾ അവളുടെ കണ്ണുകളിൽ നന്ദിയുടെ നനവു കണ്ടു. " പോയി വരൂ " അവൾ എൻ്റെ മുഖത്തു നോക്കാനാവാതെ പെട്ടെന്ന് അകത്തേക്കു മറഞ്ഞു.

@StoryHubCentral

bottom of page