top of page
homestay 2.jpeg

കാശിത്തുമ്പകൾ

കാശിത്തുമ്പകൾ 
നീണ്ട കഥ || അവസാന ഭാഗം

പിറ്റേന്നു വൈകുന്നേരം ഞാൻ കാസർഗോഡിനു മടങ്ങി.
അപ്രതീക്ഷിതമായി വന്ന വെള്ളപ്പൊക്കവും പിന്നാലെ വന്ന കൊറോണ രോഗവും കേരളത്തെ പിച്ചിച്ചീന്തി. 

നീണ്ട പതിമൂന്നു മാസങ്ങൾക്കു ശേഷമാണ് ഞാനെന്ന  അരവിന്ദനലക്സ് യാതൊരു മുന്നറിയിപ്പുമില്ലാതെ പാലോലിം കടപ്പുറത്തു കാലു കുത്തിയത്. കാരണം ഞാൻ വിളിച്ചപ്പോഴൊന്നും അവൾ ഫോൺ എടുത്തില്ല. 

flood.jpeg

മിറാൻഡയുടെ കുടിലിൻ്റെ മുന്നിലെത്തിയപ്പോൾ  ഞാൻ പകച്ചു നിന്നു.  തിരിച്ചറിയാൻ പറ്റാത്ത മാറ്റങ്ങൾ. 
"യരുശലേം റെസ്റ്റോറൻ്റ് ആൻഡ് ഹോംസ്റ്റേ.'' പുതിയ കസേരകൾ, അലമാരകൾ, തറയിൽ ചുവപ്പു പരവതാനികൾ.
  മറ്റൊരു ബോർഡിൽ വിഭവങ്ങളുടെ പേരുകൾ. ദോശ, ഇഡ്ഡലി, കേരള മീൽസ്, സന്യാസി വട. എനിക്കു ചിരി വന്നു. അകത്തിരുന്ന് സായിപ്പും മദാമ്മയും ദോശയും ചമ്മന്തിയും വെട്ടി വിഴുങ്ങുന്നു. 

ടോപ്പും മിഡിയും ഹൈഹീൽഡ് ഷൂസും ധരിച്ചു നില്ക്കുന്ന മിറാൻഡാ പൂർവ്വാധികം സുന്ദരിയായി കാണപ്പെട്ടു. ഇപ്പോൾ ജോലിക്കാരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. കൗണ്ടറിൽ പുതിയ ജോലിക്കാരിയായി കാത്തി വന്നിരിക്കുന്നു. കൃഷ്ണൻ അടുക്കളയിൽ ഷെഫായി ജോലി ചെയ്യുന്നു. 

ഒരു മൂലയിലെ കസേരയിലിരുന്നു നല്ല സ്വാദിഷ്ടമായ ഇഡ്ഡലിയും ചമ്മന്തിയും ഞാൻ കഴിച്ചു കൊണ്ടിരുന്നപ്പോൾ   മിറാൻഡ വന്ന് എന്നെ കെട്ടിപ്പിടിച്ചു വിങ്ങിപ്പൊട്ടി.
"വാര്യരേ, ഞാൻ എത്ര വട്ടം നിങ്ങളെ വിളിച്ചു. ഒന്നിനു പോലും മറുപടിയില്ല". 

homestay 2.jpeg

ഞാൻ കുറ്റബോധത്തോടെ തല കുനിച്ചു.  കയ്യും മുഖവും കഴുകി വന്നപ്പോൾ മിറാൻഡാ എൻ്റെ കയ്യിൽ ബലമായി പിടിച്ചു മറ്റൊരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. 
പെട്ടെന്ന് ഒരു ജോലിക്കാരി വന്ന് മിറാൻഡയുടെ ചെവിയിൽ അടക്കം പറഞ്ഞു. അവൾ അടുക്കളയിലേയ്ക്ക് പാഞ്ഞു. ഞാൻ ആ മുറിയിൽ കയറി. 
അവിടെ രണ്ടു തൊട്ടിലുകളിൽ ഇരട്ടക്കുരുന്നുകൾ  കളി ചിരികളിൽ ലയിച്ചു കിടക്കുന്നു. നല്ല ആരോഗ്യമുള്ള കുരുന്നുകൾ. ചെന്തൊണ്ടിപ്പഴം പോലെ തുടുത്ത കവിൾത്തടങ്ങൾ . ഞാൻ വിസ്മയത്തുമ്പത്തു നിന്നു. 

സ്വർഗ്ഗത്തിലെ നക്ഷത്രങ്ങൾ മനുഷ്യരൂപം പൂണ്ടതോ? പെട്ടെന്നു മിറാൻഡാ കടന്നു വന്നു. 
"പുറത്തു കാറ്റു കൊള്ളുന്ന സായിപ്പിൻ്റെയും മദാമ്മയുടേതുമാണോ ഈ കുഞ്ഞുങ്ങൾ?" 
ഞാൻ മിറാൻഡയോടു ചോദിച്ചു. 
അവൾ ഒരു നിമിഷം തളർന്നു നിന്നു. പിന്നെ രൂക്ഷമായി എന്നെ നോക്കി. ആ മിഴികളിലെ അഗ്നിജ്വാലയിൽ ഞാൻ ചാമ്പലായി മാറുമെന്നു  ഭയന്നു.   പിന്നെ ഊർജ്ജം വീണ്ടെടുത്ത് അവൾ പുച്ഛത്തിൽ തുപ്പി. 
" എൻ്റെ പൊന്നോമനകൾ " 
അവളുടെ ധർമ്മരോഷത്തിൻ്റെ അമ്പുകൾ എൻ്റെ ഹൃദയത്തിൽ ആഞ്ഞു തറച്ചു.
ഒരു കൊടുങ്കാററായി അവൾ വീഞ്ഞിരിക്കുന്ന കലവറയിലേക്കു പാഞ്ഞു.  ഞാൻ അവിടെ മിഴിച്ചു നിന്നു. 

വീണ്ടും ഞാൻ ആ സൗന്ദര്യ ധാമങ്ങളെ ഉറ്റുനോക്കി.  ആ തൊട്ടിലിൽ തൊട്ടു. അവൾ ചിരിക്കുന്നു. ആരേയും മയക്കുന്ന നിഷ്ക്കളങ്കമായ പാൽപ്പുഞ്ചിരിയിൽ ഞാൻ സ്വയം മറന്നു നിന്നു.  ആദ്യം അവളെയെടുത്ത് ആ പൂങ്കവിളിൽ തെരുതെരെ ഉമ്മ വച്ചു. ആ കുഞ്ഞിൻ്റെ കവിൾ ചുവന്നു തുടുത്ത്  കരയുമെന്ന ഘട്ടത്തിൽ ഞാൻ ആ പൂമൊട്ടിനെ തൊട്ടിലിൽ കിടത്തി അടുത്ത തൊട്ടിലിൽ കിടക്കുന്ന ആൺകുഞ്ഞിലേക്കു തിരിഞ്ഞപ്പോൾ ആയ ഓടി വന്നു രണ്ടാമത്തെ തൊട്ടിലിൽ നിന്നും കുഞ്ഞിനെ എടുത്ത് മിറാൻഡയുടെ മുറിയിലേക്ക് നടന്നു. ഞാൻ പിന്നെ അവിടെ നിന്നില്ല. പുറത്തേയ്ക്കു നടന്നു. 

വൈകിട്ടത്തെ ഭക്ഷണം കഴിഞ്ഞ് ഞാൻ മുറിയിൽ വന്നു കിടന്നു. മിറാൻഡാ എൻ്റെ മുറിയിലേക്കു വരുമെന്ന് ഞാൻ വ്യാമോഹിച്ചു.
അടുത്ത കുടിലിൽ പ്രത്യേകം തയ്യാറാക്കിയ കിടക്കയിൽ കുഞ്ഞുങ്ങളോടു സല്ലപിച്ചുകൊണ്ട് മെല്ലെ മെല്ലെ മയക്കത്തിലേക്കു മിറാൻഡാ വീണു കാണും. തൊട്ടടുത്ത കട്ടിലിൽ ആയ മാർത്തയും മയങ്ങിയിരിക്കണം. 
രാത്രിയുടെ അന്ത്യയാമങ്ങളിൽ ഞാൻ എഴുന്നേറ്റു പുറത്തേക്കു നടന്നു. എൻ്റെ മനസ് അസ്വസ്ഥനായിരുന്നു. ഇടക്കിടെ ഞാൻ പിറകോട്ടു നോക്കി. പക്ഷേ, തീരം തിരകളുമായി കലഹത്തിലായിരുന്നു. വമ്പൻതിരകൾ തീരത്തേക്കാഞ്ഞടിച്ചു അവരുടെ കോപം വെളിവാക്കുന്നു. 
ഒരന്യനേപ്പോലെ അവിടെ ഞാൻ ചുറ്റിപ്പറ്റി നടന്നു. പിന്നെ  കടൽത്തീരത്തുകൂടി നടന്നു അങ്ങകലെ വനവൃക്ഷങ്ങളാൽ പൊതിഞ്ഞു നിൽക്കുന്ന എൻ്റെ കണ്ണൻ്റെ അമ്പലത്തിലെത്തി തൊഴുതു പ്രാർത്ഥിച്ചു.

അന്നു രാവിൽ എൻ്റെ മനസ്സിലേക്ക് ദിവ്യ വെളിച്ചമെത്തി. രാവിലെ ഞാൻ ആ കുഞ്ഞുങ്ങളെ കാണാൻ ഭ്രാന്തനെപ്പോലെ, മുറിയിലേക്കോടി  കുഞ്ഞുങ്ങളെ വാരിയെടുത്തു ചുംബിച്ചു. അവർ കരഞ്ഞില്ല, എന്നെ നോക്കി ഇളകി ചിരിച്ചു. കൈകാലുകൾ നൃത്തമാടി  സന്തോഷം പ്രകടിപ്പിച്ചു. ആ മിഴികളിൽ ദിവ്യപ്രകാശം. ഞാൻ അന്ധാളിച്ചു. ആ സ്പർശം, അവാച്യമായ അനുഭൂതി എൻ്റെ മനസ്സിനെ ഇളക്കിമറിച്ചു. ഈ സൗന്ദര്യ ധാമങ്ങൾ എൻ്റേതാണ് എൻ്റേതു മാത്രം.  

ആദ്യമായി ഞാൻ അച്ഛൻ്റെ ആനന്ദം അനുഭവിച്ചു.  ഒരു ഭ്രാന്തനെപ്പോലെ ഞാൻ പുലമ്പിക്കൊണ്ടിരുന്നു. അടുത്ത നിമിഷം കുറ്റബോധം എന്നെ വേട്ടയാടാൻ തുടങ്ങി. ഞാൻ മന്ത്രിച്ചു. ദൈവമേ,  എത്ര വലിയ പാപിയാണ് ഞാൻ. എൻ്റെ മക്കളെ തിരിച്ചറിയാൻ കഴിയാത്ത പാപി. 

അപ്പോൾ ആയ വന്നു എന്നെ തുറിച്ചു നോക്കിയിട്ട്, കുഞ്ഞുങ്ങളെ ഒന്നൊന്നായി മിറാൻഡയുടെ അടുത്തെത്തിച്ചു. അവൾ കുഞ്ഞുങ്ങൾക്ക് മുലപ്പാലേകി. വീണ്ടും ആയ കുഞ്ഞുങ്ങളെ തൊട്ടിലാട്ടിക്കൊണ്ടിരുന്നു. സ്പീക്കറിലൂടെ താരാട്ടുപാട്ടിൻ്റെ സംഗീതം കടൽക്കാറ്റിൻ്റെ താളത്തിൽ മൃദുവായി ഒഴുകിക്കൊണ്ടിരുന്നു. ആ മുറി എത്ര കരുതലോടെയാണ് അലങ്കരിച്ചിരിക്കുന്നത്. 

നേരിയ നീല സിൽക്കു കർട്ടൻ ഭിത്തികളെ അലങ്കരിച്ചിരിക്കുന്നു. കടൽക്കാറ്റിൽ തുള്ളിക്കളിക്കുന്ന മൃദു സംഗീതം. ധാരാളം കളിപ്പാട്ടങ്ങൾ. കുഞ്ഞുങ്ങളെ ശുശ്രൂഷിക്കാൻ വേണ്ടി മാത്രം പരിശീലനം കിട്ടിയ ഒരു ആയ.  മിറാൻഡയുടെ കുഞ്ഞുങ്ങളോടുള്ള കരുതലും വാത്സല്യവും എന്നെ അതിശയിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്തു. 

രണ്ടു ദിവസം ഞാൻ അവിടെ തങ്ങിയെങ്കിലും മിറാൻഡ എൻ്റെയടുത്തു വന്നില്ല. അവൾ തിരക്കിലായിരുന്നു. മിറാൻഡയും ആയ മാർത്തയും അടുക്കളയിലായിരുന്ന സമയങ്ങളിൽ ഞാൻ എൻ്റെ കുഞ്ഞുങ്ങളെ വാരിയെടുത്തു ചുംബനങ്ങൾ കൊണ്ടു വീർപ്പുമുട്ടിച്ചു. അവരുടെ ചിരിയും കൊഞ്ചലും എനിക്കു സ്വർഗ്ഗീയ ലഹരിയായിരുന്നു.   

പോകാൻ നേരം, ഞാൻ കൗണ്ടറിൽ പണമടച്ചു. ബില്ലു വാങ്ങി. കാത്തിയോടു കുശലം പറഞ്ഞു. പിന്നെ കുറെ നേരം മിറാൻഡയെ കാത്തു നിന്നു. 
അവസാനം അവൾ അടുക്കളയിൽ നിന്നും ധൃതിയിൽ വന്നു. ഞാൻ ഒരു വലിയ തുക അവളുടെ നേരേ നീട്ടി. 
"നീ ഇതു വാങ്ങണം". 
"വേണ്ട വാര്യരേ. ഇപ്പോൾ എനിക്കു ആവശ്യത്തിനു പണമുണ്ട്.  പണത്തിനു പഞ്ഞം നേരിടുമ്പോൾ ഞാൻ വിളിക്കും. അപ്പോൾ തന്നാൽ മതി. '
മിറാൻഡ തുടർന്നു. "ഞാൻ ഗർഭിണിയായിരുന്ന നാളുകളിലായിരുന്നു വാര്യരുടെ സാമീപ്യവും സഹായവും ഞാൻ വളരെയധികം കൊതിച്ചിരുന്നത്. ഒരു ഫോൺ വിളിയെങ്കിലും ഞാൻ പ്രതീക്ഷിച്ചു. കിട്ടിയില്ല. അതിനു പകരം വധ ഭീഷണിയാണ് എൻ്റെ ചെവിയിലേക്ക് വന്നത്. നിങ്ങളുടെ ബന്ധുക്കളുടെ ഭീഷണികൾ.  ഇനി  വിളിച്ചാൽ ഇവിടെ വന്നു കൊല്ലുമെന്ന ഭീഷണി. ഞാൻ പുതിയ സിം കാർഡ് ഫോണിൽ ഇട്ടു. അവരുടെ ഭീഷണി നിലച്ചു.
"എന്നിട്ടും ഞാൻ നിങ്ങളുടെ ഫോണിലേയ്ക്കു രാവിലെ മുതൽ രാത്രി വരെ വിളിച്ചുകൊണ്ടിരുന്നു 
ദിവസങ്ങളോളം ". 

calling.jpeg

ഞാൻ ഒരു നിമിഷം സ്തബ്ധനായി നിന്നു. ആകാശവും ഭൂമിയും കീഴ്മേൽ മറിയുന്നതായി എനിക്കു തോന്നി.
പിന്നെ വേച്ചു വെച്ചു കുഞ്ഞുങ്ങളുടെ മുറിയിലേയ്ക്കു നടക്കാൻ നേരം മിറാൻഡ പറഞ്ഞു. " 
"ആയ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുകയാണ് " 

ഞാൻ എന്തു പറഞ്ഞാലും അവൾ വിശ്വസിക്കയില്ലെന്നെനിക്കറിയാം. ശോശന്ന 
അവളുടെ ചേച്ചിയുടെ മകൻ്റെ സഹായത്തോടെ എൻെറ ലാപ് ടോപ്പിൽ നിന്നും ഫോട്ടോകൾ കണ്ടുപിടിച്ചതും മിറാൻഡയുടെ ബന്ധുക്കളുടെ ശബ്ദത്തിൽ എന്നെ ഭീഷണിപ്പെടുത്തിയതും അവളോടു വിവരിച്ചിട്ടു കാര്യമില്ല. 

ഇപ്പോഴാണ് എനിക്കു സത്യം മനസ്സിലായത്. ഈ സംഭവങ്ങളൊന്നും പാവം മിറാൻഡ അറിഞ്ഞിട്ടുപോലുമില്ല എന്ന്. 

മിറാൻഡയുടെ പുതിയ നമ്പർ കാത്തിയിൽ നിന്നും ഞാൻ ഇരുന്നു വാങ്ങി. 

ലഗ്ഗേജും തൂക്കി ഞാൻ പുറത്തേക്കു നടന്നു. പിറകോട്ടു  പലവട്ടം നോക്കി. പക്ഷേ അവൾ വന്നില്ല.  തീരത്തെ പതഞ്ഞു പതഞ്ഞു വരുന്ന വൻതിരകളുടെ ആക്രോശങ്ങളേറ്റ്  നനഞ്ഞു കുഴഞ്ഞ മണ്ണിൽ എൻ്റെ നഗ്നപാദങ്ങൾ അമർത്തിച്ചവിട്ടി മുന്നോട്ടു നടന്നു, തീരത്തു മുട്ടയിട്ടു മുട്ടയിട്ടു നീങ്ങുന്ന സ്വാർത്ഥനായ കടലാമയെപ്പോലെ. ഒരിക്കൽക്കൂടി യരുശലേം ഹോംസ് റ്റേയിലേക്കു തിരിഞ്ഞു നോക്കി, കാസർഗോട്ടെ റയിൽവേ സ്റ്റേഷനിലേക്ക് നടന്നു.

നാളുകൾ പറന്നു പോയി. ഇതിനിടയിൽ പലതും സംഭവിച്ചു. ജീവിതമെന്ന മല കയറിയിറങ്ങി തളർന്നു. സ്ക്കൂളിൽ നിന്നും പെൻഷൻ പറ്റി. വരുമാനം കുറഞ്ഞപ്പോൾ ശോശന്നയും ബന്ധുക്കളും എന്നെ കുതിര കയറാൻ തുടങ്ങി.  വല്ലപ്പോഴും രാത്രിയുടെ അന്ത്യയാമങ്ങളിൽ പറമ്പിൻ്റെ മൂലയിലുള്ള വയസ്സൻ പ്ലാവിൻ്റെ മറപറ്റി നിന്ന് ഞാൻ മിറാൻഡയെ വിളിച്ച് സുഖാന്വേഷണങ്ങൾ ചോദിക്കുമായിരുന്നു.  പിന്നെ പിന്നെ, നാളുകൾ പറന്നപ്പോൾ,  വഴിയോരത്തെ ദ്രവിച്ച ടാപ്പിലെ ഇറ്റിറ്റു വീഴുന്ന ജലത്തുള്ളി പോലെ അതും നിന്നു.

ആർക്കു വേണ്ടിയും കാത്തു നില്ക്കാതെ വർഷവും ശിശിരവും ഹേമന്തവും പലവട്ടം കടന്നുപോയി. പല തവണ കരുണാമയിയായ പാലോലിം കടലമ്മ തൻ്റെ അരുമയായ  പുഴയിലേക്ക് വെള്ളം തികട്ടിക്കൊണ്ടിരുന്നു. കഴിഞ്ഞതെല്ലാം ഒരു കിനാവായി, മനസ്സിൻ്റെ ശ്മശാനത്തിൽ ഒരു പുനർജന്മത്തിനായി കാത്തു കിടന്നു കഥയിലെ ഫീനിക്സ് പക്ഷിയെപ്പോലെ. 

പറമ്പിൽ പണിയെടുക്കുമ്പോൾ, ഇടയ്ക്കിടെ നെഞ്ചുവേദന ഒരു കള്ളനെപ്പോലെ  കയറി വന്നു തുടങ്ങി. അവഗണിച്ചപ്പോൾ,അവൻ പതിവായി വന്നു മോർച്ചറിയുടെ നിഴൽ പോലെ. പണിയെടുക്കാൻ വയ്യാതായി. 

മരണത്തിൻ്റെ ഇടനാഴിയിലൂടെയാണ് ഞാൻ നടക്കുന്നതെന്ന ബോദ്ധ്യം എനിക്കു തോന്നിത്തുടങ്ങി. കുടുംബ ക്ഷേത്രത്തിൽ ആരുമറിയാതെ, ഒരു കള്ളനെപ്പോലെ ഞാൻ ചെന്നു എൻ്റെ മുരളീധരനെ വണങ്ങി,എൻ്റെ മിറാൻഡയേയും കുഞ്ഞുങ്ങളെയും കുറിച്ചു കരഞ്ഞു പ്രാർത്ഥിച്ചു. 

വീട്ടിൽ  ചാരുകസേരയിൽ പത്രം വായിച്ചു കൊണ്ടിരുന്നപ്പോഴാണ് എനിക്ക് തല ചുറ്റൽ അനുഭവപ്പെട്ടത്. വേഗം ഓട്ടോ വിളിച്ച് ഞങ്ങൾ ആശുപത്രിയിലെത്തി. പരിശോധിച്ച ഡോക്ടർ മെഡിക്കൽ കോളജിലേയ്ക്ക് കുറിപ്പെഴുതി.

 

 

 

 


 

auto.jpeg

വീട്ടിലെത്തിയ ഞാൻ രാത്രി ശോശന്ന ഉറങ്ങുന്നതുവരെ കാത്തിരുന്നു.  പിന്നെ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു പറമ്പിൻ്റെ അങ്ങേത്തലയ്ക്കലേക്കു നടന്നു വയസ്സൻ പ്ലാവിൻ്റെ മറവിലിരുന്ന്  മിറാൻഡയെ വിളിച്ചു. ദുരഭിമാനം വെടിഞ്ഞു പലവട്ടം വിളിച്ചിട്ടും കിട്ടാഞ്ഞതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. പക്ഷെ പ്ലാവിൻ ചോട്ടിൽ കുത്തിയിരുപ്പു തുടർന്നു.  മനസു പറഞ്ഞു "അവൾ വിളിക്കും, വിളിക്കാതിരിക്കില്ല." 

കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ശബ്ദിച്ചു. 
"എന്താ വാര്യരേ പതിവില്ലാതെ പാതിരായ്ക്ക് " ഉറക്കച്ചടവോടെ മിറാൻഡയുടെ വാക്കുകൾ. 

  ഞാൻ കാര്യം പറഞ്ഞു. എൻ്റെ വാക്കുകളിൽ തളർച്ചയുണ്ടായിരുന്നു. കുറ്റബോധമുണ്ടായിരുന്നു,  പശ്ചാത്താപത്തിൻ്റെ കണ്ണീരുണ്ടായിരുന്നു, വേദനയുണ്ടായിരുന്നു, പ്രത്യാശയുണ്ടായിരുന്നു. 

അവൾ എല്ലാം ശ്രദ്ധിച്ചു കേട്ടു.  വീട്ടിലേയ്ക്ക് വരേണ്ട വഴി ഞാൻ പറഞ്ഞു കൊടുത്തു.
"വിഷമിക്കണ്ടാ ഞങ്ങൾ കാലത്തു വരാം." ഫോൺ കണ്ണടച്ചു.
പ്രാതൽ കഴിച്ചിട്ട് വരാന്തയിലെ ചാരുകസേരയിൽ പത്രം വായിച്ചിരിക്കുമ്പോൾ ഒരു ബി.എം.ഡബ്ലിയു കാർ പൂച്ചയെപ്പോലെ, ശബ്ദിക്കാതെ,  പടിപ്പുരയോ വാതിലോ ചുറ്റുമതിലോ ഇല്ലാത്ത എൻ്റെ ജീർണ്ണിച്ച വീടിൻ്റെ  മുറ്റത്തേക്കു വന്നെന്നെ മിഴിച്ചു നോക്കി. 

ഞാൻ കണ്ണട മാറ്റി അതിഥികളെ അമ്പരപ്പോടെ ശ്രദ്ധിച്ചു. സാരിയിൽ പൊതിഞ്ഞു നിൽക്കുന്ന മിറാൻഡയെ തിരിച്ചറിഞ്ഞു. 
പക്ഷെ ചെറുപ്പക്കാരായ ആണിനേയും പെണ്ണിനേയും മനസ്സിലായില്ല. ഓർമ്മയുടെ താളുകളിൽ ഒരന്ധനെപ്പോലെ ഞാൻ പരതി. മനസ്സു മന്ത്രിച്ചു.
"എൻ്റെ മക്കൾ " 

" മക്കളെ ", ഞാൻ വിളിച്ചു. എൻ്റെ പതറിയ അലർച്ചയിൽ ചമ്മലും വിറയലുമുണ്ടായിരുന്നു. അവർ എൻ്റെ മുമ്പിൽ തല കുമ്പിട്ടു കാലിൽ തൊട്ടു വണങ്ങി. 
ഡോക്ടറുടെ കുറിപ്പുകൾ മക്കൾ പരിശോധിച്ചു.
ഞാൻ പറഞ്ഞു. " മക്കളേ, നിങ്ങളുടെ അമ്മ, എൻ്റെ ഭാര്യ മിറാൻഡ  ഒരു വിശുദ്ധയാണ്‌ "
മൂന്നു പേരും ചിരിച്ചു. നമുക്കു വേഗം പുറപ്പെടണം ഡാഡി. മക്കൾ ഒന്നിച്ചു പറഞ്ഞു
"എന്തിനാ വാര്യരേ ഇപ്പോൾ കരയണത്? മിറാൻഡ എൻ്റെ കണ്ണു തുടച്ചു.  
"സന്തോഷം കൊണ്ട് "
ഞാൻ വിക്കി വിക്കിപ്പറഞ്ഞു. 

" ശോശന്നയെവിടെ?" മിറാൻഡയുടെ കണ്ണുകൾ അവിടെങ്ങും പരതി. 

' ''അവൾ ഇന്ന് വീടു വീടാന്തരമുള്ള സുവിശേഷ പ്രഘോഷണത്തിനു അതിരാവിലെ പോയി.

 "ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോകാനാണ് ഞങ്ങൾ വന്നത്''. മക്കൾ പറഞ്ഞു. ഞാൻ എതിർപ്പൊന്നും പറയാതെ വസ്ത്രം മാറി. ശോശന്നയെ ഫോണിൽ വിളിച്ചു. 
" മെഡിക്കൽ കോളജിലേയ്ക്ക് ഞാൻ പോവുകയാണ്‌.  അവിടെ ചെന്നിട്ടു വിളിക്കാം" 

ഞാൻ കാറിൽ കയറി.  
മിറാൻഡ എൻ്റെ കയ്യിൽ അമർത്തിപ്പിടിച്ചു. എൻ്റെ ഓർമ്മകൾ പിറകോട്ട് വേച്ചു വേച്ചു നടന്നു.  

 അടുത്ത വൈകുന്നേരം ശോശന്നയും ബന്ധുക്കളും ഗോവ മെഡിക്കൽ കോളജിലെത്തി  ഡോക്ടർ സൗപർണ്ണികയെ കണ്ടു. ശോശന്ന ഡോക്ടറുടെ കയ്യിൽ കുറെ പണം രഹസ്യമായി കവറിലിട്ടു കൊടുത്തിട്ടു ശബ്ദം താഴ്ത്തിപ്പറഞ്ഞു. "ഈ പണം വാങ്ങി
എൻ്റെ ഇച്ചായനെ രക്ഷിക്കണം"
അപ്പോഴേക്കും മിറാൻഡയും മകൻ സന്ദീപും എത്തിച്ചേർന്നു.
സൗപർണ്ണിക പുഞ്ചിരിയോടെ ശോശന്നയോടു ചോദിച്ചു. 

"എൻ്റെ ഡാഡിയെ ചികിത്സിക്കാൻ അമ്മ എന്തിനാ എനിക്കു കൈക്കൂലി തരുന്നത്? ഇത് ശിക്ഷാർഹമായ കുറ്റമാണ്‌ " 
അവർ ചിരിച്ചപ്പോൾ ശോശന്നയുടെ മുഖത്ത് സംശയങ്ങളുടെ കാർമേഘം ഉരുണ്ടു കയറി. 

ശോശന്നയും ബന്ധുക്കളും അന്ധാളിച്ചു നിൽക്കുമ്പോൾ, കിടക്കയിൽ കിടന്നിരുന്ന ഞാൻ  ശോശന്നയുടെ സംശയം പരിഹരിച്ചു.
"ഈ രണ്ടു ഡോക്ടർമാരും എൻ്റെ മക്കളാണ്. എനിക്കിപ്പോൾ നല്ല സുഖമുണ്ട് ". അപ്പോൾ മിറാൻഡ ഇടപെട്ടു. 
"വാര്യർ ഞങ്ങളുടെ കൂടെ താമസിക്കട്ടെ, അല്ലേ ശോശന്ന?" 
"അമ്മ പൊക്കോളൂ. ഞങ്ങൾ ഡാഡിയെ നോക്കിക്കോളാം. സൗപർണ്ണിക ശോശന്നയോടു അടക്കം പറഞ്ഞു. ശോശന്ന തലയാട്ടി.

അന്ധാളിച്ചു നിന്ന ശോശന്നയും ബന്ധുക്കളും മനസ്സില്ലാ മനസ്സോടെ നാട്ടിലേക്കു മടങ്ങി. 

അതിരാവിലെ പതിവുപോലെ  പള്ളിയിലെ തിരുക്കർമ്മങ്ങളിൽ ശോശന്ന പങ്കെടുത്തു. 
അവൾ പുണ്യവാളൻ്റെ പ്രതിമയ്ക്കു മുമ്പിൽ മുട്ടുകുത്തി നിന്നു വളരെ നേരം പ്രാർത്ഥിച്ചു. പിന്നെ ചുറ്റും നോക്കിയിട്ട് ആരുമടുത്തില്ലെന്നു കണ്ടപ്പോൾ, അവൾ  ആ പ്രതിമയുടെ നേരേ  ആക്രോശിച്ചു. 

"ന്നാലും എൻ്റെ പുണ്യാളച്ചാ ഈ കൊലച്ചതി എന്നോടു വേണ്ടായിരുന്നു." 
പിന്നെ ബെഞ്ചിലിരുന്ന് അവൾ പൊട്ടിക്കരഞ്ഞു.

@StoryHubCentral

bottom of page