top of page
sddddddddddd.png

കാശിത്തുമ്പകൾ

കാശിത്തുമ്പകൾ 
നീണ്ട കഥ || ഭാഗം രണ്ട്

ഉച്ചയ്ക്കു ഊണ് കഴിഞ്ഞ് മിറാൻഡയുടെ കയ്യിൽ പണം കൊടുത്തപ്പോൾ അവളുടെ കണ്ണുകളിൽ നന്ദിയുടെ നനവു കണ്ടു. " പോയി വരൂ " അവൾ എൻ്റെ മുഖത്തു നോക്കാനാവാതെ പെട്ടെന്ന് അകത്തേക്കു മറഞ്ഞു പൂനിലാവു മായുന്നതുപോലെ. 
ഞാൻ ബാഗും തോളിലേറ്റി തീരത്തെ നനഞ്ഞ മണ്ണിലൂടെ നഗ്നപാദനായി നടന്നു റോഡിലെത്തി കാലിൽ ചെരിപ്പിട്ടു.  ബസ്സിൽ കാസർഗോഡിനു പുറപ്പെട്ടു. 

ഇത്തവണ ഞാൻ വീട്ടിലെത്തിയപ്പോൾ ശോശന്ന പറഞ്ഞു.  അവൾക്കു പീരീഡാണ്. 

പോകാൻ നേരം അവൾ റയിൽവേ സ്റ്റേഷൻ വരെ വന്നു എന്നെ കെട്ടിപ്പിടിച്ച് ആട്ടോയിൽ ഇരുന്നു സ്റ്റേഷനിലെ ബെഞ്ചിലിരുന്ന് ഞങ്ങൾ ഒന്നിച്ച് ചായ കുടിച്ചു. പിന്നെ അവളുടെ ബാഗിൽ നിന്ന് ഒരു
പുതിയ  ബൈബിൾ കയ്യിൽ തന്നു കൊണ്ട് ചെവിയിൽ മന്ത്രിച്ചു. 
"വികാരിയച്ചൻ പ്രത്യേകം വെഞ്ചരിച്ചു തന്നതാണ്. നാളെ അമ്പതു ദിവസത്തെ വലിയ നോമ്പു തുടങ്ങുകയാണ്. നിങ്ങൾ പുതു ക്രിസ്ത്യാനികൾക്ക് ഇതൊന്നും പരിചയമില്ലാത്തതു കൊണ്ടു പറേവാ.  ഓടി ഓടി ഇങ്ങോട്ടു വരണ്ട. അവിടെ രാത്രിയിൽ ബൈബിളിൽ ഞാൻ അടയാളപ്പെടുത്തിയ ഭാഗങ്ങൾ ഭക്തിയോടെ വായിച്ചുറങ്ങണം. പിശാച് പ്രലോഭനങ്ങൾ കൊണ്ടുവരും.
അപ്പോൾ വണ്ടി സ്റ്റേഷനിൽ വന്നു. അവളുടെ വാചകമഴ നിന്നു.
അവൾ എന്നെ കൈ വീശി യാത്രയയച്ചു. ഞാൻ കാസർഗോഡ് റയിൽവേ സ്റ്റേഷനിലിറങ്ങി മുറിയിലേക്ക് നടന്നു.  രാവിലെ ക്ലാസിൽ പോയി. 

മൂന്നു മാസത്തിനു ശേഷമാണ് ഞാൻ വീണ്ടും പാലോലിം കടപ്പുറത്തെത്തിയത്. അന്തിച്ചുവപ്പിൽ കടൽത്തീരം ലജ്ജാവതിയായ മുക്കുവപ്പെണ്ണിനേപ്പോലെ കാണപ്പെട്ടു. 

"ഹലോ അങ്കിൾ " ഞാൻ തിരിഞ്ഞു. കൃഷ്ണനും കാത്തിയും.  അവരുടെ പനമ്പു കുട്ടകളിൽ നിറയെ പിടക്കുന്ന മത്സ്യങ്ങൾ.
'ക്ലാര ആൻറിക്കു കൊടുക്കാനാ". 
പോക്കു വെയിലിലെ ചൂടിൽ ആ കുഞ്ഞുങ്ങൾ വിയർപ്പിൽ കുളിച്ച് തീരത്തെ നനഞ്ഞു കുഴഞ്ഞ മണലിലൂടെ തോളിലെ ഭാരത്താൽ വേച്ചു വേച്ചു നടക്കുന്നു. കൊട്ടകളിൽ നിന്നും മീൻ വെള്ളം മണലിൽ വീണു വട്ടത്തിലുള്ള ചെറിയ അപ്പങ്ങൾ ചുട്ടെടുക്കുന്നു. കാത്തി വല്ലാതെ അണയ്ക്കുന്നുണ്ട്. 

ഞാൻ യരുശലേം സത്രത്തിലെത്തി.വാതുക്കൽ ഒരു സായിപ്പും മദാമ്മയും നീന്തൽ വേഷത്തിൽ മണലിലെ സോഫയിൽ അന്തിവെയിലിൽ കുളിച്ചിരുന്നു ബിയർ കുടിക്കുന്നു. മദാമ്മ സിഗററ്റു പുക വായുവിലേക്കൂതി വിടുന്നു. 
രണ്ടു മുറികളിലും വിദേശ ടൂറിസ്റ്റുകൾ. വീഞ്ഞും ബിയർ കുപ്പികളും പൊട്ടുന്നതിൻ്റെ സീൽക്കാര ശബ്ദങ്ങൾ. പാശ്ചാത്യ സംഗീതം തിളച്ചുമറിയുന്നു. പൊട്ടിച്ചിരികൾ, ചീയേഴ്സ് വിളികൾ കൊണ്ടു മുഖരിതം. 

homestay 2_edited.jpg

മിറാൻഡാ അടുക്കളയിൽ നിന്നും കിതച്ചെത്തി.  ധരിച്ചിരിക്കുന്ന കറുത്ത ഓവർ കോട്ടിലെ തൂവാലയെടുത്തു കൈ തുടച്ചിട്ട് 
ലഗ്ഗേജ് എൻ്റെ മുറിയിൽ കൊണ്ടുപോയി വെച്ചു. ഞാൻ ഫോണിൽ പറഞ്ഞതനുസരിച്ച് അവൾ മുറി എനിക്കായി കരുതിയിരുന്നു. ലൈറ്റിട്ടു. ഞാൻ വാതിൽ അടച്ചു. ശബ്ദങ്ങൾ മാഞ്ഞുപോയി. 
വാസ്ക്കോഡ ഗാമയും യേശുവും ഭിത്തിയിൽ നിന്നും എന്നെ നോക്കി ചിരിച്ചു. എൻ്റെ മുഷിഞ്ഞ വസ്ത്രങ്ങൾ അവൾ മെഷീനിൽ അലക്കാനിട്ടു. 

മരത്തടികൾക്കടിയിൽ കടൽത്തിരകൾ ഗർജ്ജിക്കുന്നു. വേലിയേറ്റമാണ്.
കുളിച്ചു ഭക്ഷണം കഴിച്ചു ഞാൻ ഉറങ്ങാൻ കിടന്നു. 

രാത്രിയിൽ ഞാൻ ശാന്തിയുടെ ചിറകുകളിലേറി നിദ്രയുടെ തീരത്തെത്തി. കടൽക്കാറ്റിൻെറ കരാംഗുലികൾ എന്നെ വാരിപ്പുണർന്നുകൊണ്ട്  ചെവിയിൽ കടലമ്മയുടെ സംഗീതം പൊഴിച്ചു കൊണ്ടിരുന്നു.  ഉണർന്നപ്പോൾ മൂന്നര മണി. ഞാൻ നിശ്ശബ്ദം വാതിൽ തുറന്നു നഗ്നപാദനായി തീരത്തുകൂടി നടന്നു. നിശയുടെ കറുത്ത സിൽക്കു സാരിയിൽ പുതച്ചുറങ്ങുന്ന പാലോലിം തീരം  അവളുടെ നഗ്നപാദങ്ങളെ പാദസരമണിയിക്കുന്ന തിരകൾ. നീലാകാശം അവൾക്കു മേലാപ്പു ചാർത്തി  നിൽക്കുന്നു. 

പെട്ടെന്ന് എൻ്റെ പിറകിൽ നനഞ്ഞ മണ്ണിൽ കാൽപ്പാടുകൾ തെരുതെരെ വീഴുന്ന ശബ്ദം അടുത്തടുത്തു വന്നു കൊണ്ടിരുന്നു. 

നേരിയ ഇരുട്ടിലും ഞാൻ ആളെ തിരിച്ചറിഞ്ഞു. മിറാൻഡാ മഞ്ഞ നൈറ്റ് ഗൗണിൽ. അവളുടെ പാദസരങ്ങളുടെ മൃദുമന്ത്രണം എൻ്റെ കാതിൽ അമ്മയുടെ സ്നേഹവിളി. ഞാൻ ചോദിച്ചു.
" മിറാൻഡേ നിനക്കുറക്കമില്ലേ?"
"ഈ ചോദ്യം ഞാൻ സന്യാസിയോടു ചോദിക്കാൻ ഓടി വന്നതാ ". 
അവളുടെ ചിരിയിൽ കടലിൻ്റെ കുപ്പിവളകൾ കിലുങ്ങി. 

ഞങ്ങൾ കൈകൾ കോർത്തു നടന്നു നീണ്ടു വളഞ്ഞു കിടക്കുന്ന പുഞ്ചിരിപ്പാൽ പതയുന്ന തീരത്തിലെ നനഞ്ഞ മണലിൽ വീഴുന്ന ഞങ്ങളുടെ കാൽപ്പാടുകൾ തിരകൾ വന്നു വാശിയോടെ മായ്ച്ചുകൊണ്ടിരുന്നു മർത്യ ജന്മത്തിൻ്റെ നിസ്സാരത പോലെ. 

പൂനിലാവിൽ കളിച്ചീറനണിഞ്ഞു നിൽക്കുന്ന  ശാന്തിയുടെ തീരം. അങ്ങകലെ വള്ളക്കാർ വലവീശി മത്സ്യം പിടിക്കുന്നു. 

പായൽ പിടിച്ചപാറയിടുക്കിൽ അവൾ എന്നെ ബലമായി പിടിച്ചിരുത്തി. എൻ്റെ തോളിൽ  മുഖമമർത്തി. ഞങ്ങൾ മൗനത്തിൻ്റെ മാന്ത്രിക വലയത്തിലിരുന്നു.  അവളുടെ ഹൃദയമിടിപ്പിൻ്റെ താളം എൻ്റെ മനസ്സിൻ്റെ സംഗീതമായി.അവൾ മന്ത്രിച്ചു.
"എന്നെ ആദ്യമായി മൂൺ ലൈറ്റ്സത്രത്തിൽ വെച്ചു കണ്ടപ്പോൾ  വാര്യർ എന്തോ അന്വേഷിച്ചു വന്നതാണെന്നും, പക്ഷെ കിട്ടിയില്ല എന്നും. എന്താണത്? " 

Copilot_20260526_183929.png

" ഈ സ്നേഹത്തിൻ്റെ തലോടൽ, ഈ മന:ശാന്തിയുടെ സ്പർശം " 
ഞാൻ അവളുടെ മിഴികളിലേക്ക് നോക്കി.
" ശരിക്കും? വേറേ ഒന്നുമില്ലേ?" അവളുടെ ജിജ്ഞാസ മിഴികളിൽ കത്തി നിന്നു. ഞാൻ മൗനിയായി.
"സന്യാസി  അദ്ധ്യാപകനാണല്ലേ? വിവാഹിതനാണോ?" "അതെ " 
എന്നു പറഞ്ഞപ്പോൾ ആ നേരിയ ഇരുട്ടിലും അവളുടെ മുഖം വാടുന്നതു ഞാൻ ശ്രദ്ധിച്ചു. അവൾ വിരലുകളുടെ ഞൊട്ട ഒടിച്ചു കൊണ്ടിരുന്നു. ഞാനോർത്തു എൻ്റെ അമ്മയും ചിന്താധീനയാകുമ്പോൾ വിരലുകളിൽ പ്രതിഷേധവും ദുഃഖവും പ്രകടിപ്പിക്കും. 
" മക്കളുണ്ടോ?"
ഇല്ല. 
"പ്രേമിച്ചു കല്യാണം കഴിച്ചതാണോ?
"അതെ ".
"ഭാര്യ സുന്ദരിയാണല്ലേ?" 
"നിന്നെപ്പോലെ തന്നെ സുന്ദരിയാണ്" ഞാൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഒരു നുള്ളു കൊടുത്തു. 
"ഞാൻ ആദ്യമായിട്ടാണ് മദ്യവും മദിരാക്ഷിയും പുകവലിയും വേണ്ടാത്ത ഒരു യുവ സന്യാസിയെ കണ്ടെത്തിയത്. അതുകൊണ്ടാണ് ക്ലാരയാൻ്റിയെ വഞ്ചിച്ചു കൊണ്ട്   വീട്ടിലേക്കു ക്ഷണിച്ചത്. പിന്നെ വാടകയും ഭക്ഷണച്ചിലവും കിട്ടുമല്ലോ" ' 
"ക്ലാര പറഞ്ഞത് നീ അവളുടെ മകളാണന്നല്ലേ?" 

"അവർ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. കാത്തിയും കൃഷ്ണനും അവരുടെ ആരുമല്ല. ഏതോ സായിപ്പിന് ഏതോ കാശിത്തുമ്പയിൽ പിറന്ന കുഞ്ഞുങ്ങൾ. ഞങ്ങളെല്ലാം കാശിത്തുമ്പപൂക്കൾ.  ആ കുഞ്ഞുങ്ങളും അല്ലറ ചില്ലറ വേല ചെയ്തു ജീവിക്കുന്നു.  ഇവിടെ സത്യവും മിത്ഥ്യയും കുഴഞ്ഞു കിടക്കുന്നു തീരത്തെ കറുപ്പും വെളുപ്പും കലർന്ന മണൽത്തരികൾ പോലെ". 
മിറാൻഡാ പറഞ്ഞു നിർത്തി. 
ആ നിലാവിൽ ഞാൻ അവളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. ഏറിയാൽ ഇരുപത്തിരണ്ടു വയസ്സ് തോന്നിക്കും. നല്ല ഗോതമ്പു നിറം.         
ഞങ്ങൾ തിരിച്ചു നടന്നു ഉപ്പു കലർന്ന തണുത്ത കാറ്റ് ഞങ്ങൾക്കകമ്പടിയായി. 
പിറ്റേ ദിവസം ഞാൻ കാസർഗോഡിനു മടങ്ങി.
നീണ്ട അമ്പതു ദിവസത്തെ നോമ്പു തീരാറായപ്പോൾ ഞാനെന്ന അരവിന്ദന ലക്സ് അനുസരണയോടെ ശോശന്നയുടെ അടുത്തെത്തി. പെസഹാ വ്യാഴാഴ്ച അപ്പവും വീഞ്ഞും വാഴ്ത്തി  ഭാര്യയ്ക്കും അമ്മായിയമ്മയ്ക്കും സഹോദരിമാർക്കും നൽകി. ദുഃഖവെള്ളിയാഴ്ച പളളിയിൽ പോയി തിരുക്കർമ്മങ്ങളിൽ പങ്കുകൊണ്ടു.  

വേനലവധി കഴിഞ്ഞ് ഞാൻ തീവണ്ടിയിൽ കാസർഗോഡിനു പുറപ്പെട്ടു. 

  അധ്യയന വർഷമാരംഭിച്ചു. പുതിയ തലമുറ ക്ലാസിലേക്കു വന്നു. കംപ്യൂട്ടറിൻ്റെ സഹായത്തോടെയുള്ള പഠനം ആസ്വദിക്കുന്ന പുതിയ ഇതളുകൾ. പക്ഷെ ഏകാന്തരാവുകളിൽ  പാലോലിം കടൽത്തീരം ഒരു കാമിനിയെപ്പോലെ എന്നെ മാടി വിളിച്ചുകൊണ്ടിരുന്നു.
ഒരു വെള്ളിയാഴ്ച വൈകുന്നേരം ക്ലാസ്സു കഴിഞ്ഞ് ഞാൻ പാസഞ്ചറിൽ പുറപ്പെട്ടു ഒരു കള്ളക്കാമുകനെപ്പോലെ. കൊങ്കൺ തീരത്തെ മിറാൻഡയുടെ യരുശലേം സത്രത്തിലെത്തി. 

"ഞാൻ വഴിക്കണ്ണുമായി കാത്തിരിക്കുകയായിരുന്നു." അവൾ എൻ്റെ കാതിൽ അടക്കം പറഞ്ഞു. 

മിറാൻഡാ എനിക്കായി ചോറും കറികളും തയ്യാറാക്കിയിരുന്നു. ഭക്ഷണത്തിനു ശേഷം എനിക്കു ക്ഷീണം തോന്നി.ഞാൻ ഉറക്കത്തിലേക്കു വീണു. മൂന്നരയായപ്പോൾ അവൾ എന്നെ ഉണർത്തി. ഞങ്ങൾ പാലോംലിം തീരത്തിലൂടെ നടന്നു.എല്ലാ ദുഃഖങ്ങൾക്കും വിട നല്കി നഗ്നപാദരായി മണിക്കൂറുകളോളം നടന്നിരിക്കണം. അവൾ എന്നെ ആ പായൽ വിരിച്ച പാറയിൽ പിടിച്ചിരുത്തി. എൻ്റെ തോളിൽ തല ചായ്ച്ചു. മഞ്ഞിൻ്റെ കമ്പളം ഞങ്ങളെ പൊതിഞ്ഞു. പാദങ്ങളെ തിരകൾ ചുംബിച്ചു കൊണ്ടിരുന്നു. 

പിറ്റേ ദിവസം വൈകുന്നേരം പതിവുപോലെ ഞാൻ കൃഷ്ണൻ്റെ അമ്പലത്തിൽ പോയി തൊഴുതു മടങ്ങി തീരത്തു കൂടി നടക്കുമ്പോൾ ആഷ്ലി ഒരു ചക്രകസേര തള്ളിക്കൊണ്ട് പോകുന്നു. അതിൽ എമിലി സുസ്മേരവദനയായി ഇരിക്കുന്നു. എന്നെ കണ്ടപ്പോൾ ആഷ്ലി വണ്ടി നിർത്തി കുശലം ചോദിച്ചു. 

ആഷ്ലി അരവിന്ദൻ്റെ കയ്യിൽ മുറുകെപ്പിടിച്ചു കൊണ്ട് പറഞ്ഞു " വി ഹാവ് ഏ ഗ്ലാഡ് ന്യൂസ് ഫോർ യൂ അരവി. "ഞങ്ങൾ വിവാഹിതരാകുന്നു അടുത്ത മാസം 29-ാം തീയതി."  
"വാര്യർ മറക്കാതെ വരണം ". എമിലി നാണത്തോടെ മൊഴിഞ്ഞപ്പോൾ അവളുടെ  മരതകമിഴികളിലെ തിളക്കം  ഞാൻ ശ്രദ്ധിച്ചു.    
"മിറാൻഡയാണ് എമിലിയെ അണിയിച്ചൊരുക്കുന്നത് " ആഷ്ലി കൂട്ടിച്ചേർത്തു. '
"ഓ റിയലി?'' 
എനിക്ക് അതു പുതിയ അറിവായിരുന്നു. 
" ആഷ്ലി ,ഞാൻ തീർച്ചയായും ഉണ്ടാകും''.
"വളരെ നന്ദി അരവി '', ആഷ്ലി കൈ കൊടുത്തു പിരിഞ്ഞു. ചക്രക്കസേര അകന്നകന്നു പോയി 

സീ ക്യൂൻ റിസോർട്ടിൽ വെച്ചു നടന്ന ആഷ്ലിയുടെ വിവാഹച്ചടങ്ങിൽ  മിറാൻഡയും  ഞാനും പങ്കെടുത്തു.  കാത്തിയും കൃഷ്ണനും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.  ഭക്ഷണം കഴിക്കുമ്പോൾ മിറാൻഡ എന്നെ മുട്ടിയുരുമ്മിയിരുന്നു. 

അന്ന് പൗർണ്ണമിയായിരുന്നു. ഞാൻ വൈകുന്നേരം ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ, കടൽക്കരയിൽ എന്നെ കാത്തു മിറാൻഡാ നിൽക്കുന്നു. അവളോടൊത്തു ഞാൻ യരുശലേം ഹോംസ് റ്റേയിലേക്കു നടന്നു. ഭക്ഷണം കഴിഞ്ഞപ്പോൾ മിറാൻഡാ  മന്ത്രിച്ചു. 
"നമുക്കു  കടപ്പുറത്തുകൂടി രണ്ടു മൈൽ നടക്കണം. അവിടെ ഈ രാവിൽ ഒരു അത്ഭുതം നടക്കുന്നത് സന്യാസിയെ കാണിച്ചു തരാം''. 

വിജനമായ തീരത്തുകൂടി കുളിർകാറ്റിൽ, സ്വപ്നത്തിലെന്ന പോലെ ഞങ്ങൾ കൈകോർത്തു  നടന്നു. 
പൂനിലാവിൽ കുളിച്ചു നിൽക്കുന്ന മദാലസയായ കൊങ്കൺ തീരം  പുരാണത്തിലെ ഋതുദ്ധ്വജനെ സ്വപ്നം കണ്ടു മലർന്നു കിടക്കുന്നു. തിരകൾ അവളുടെ നഗ്നമേനിയെ  പുൽകി പുൽകി അവളിലെ
വികാരവതിയെയുണർത്തുന്നു. 

sddddddddddd.png

മിറാൻഡ എൻ്റെ ചെവിയിൽ മന്ത്രിച്ചു. "നമുക്കു നമ്മുടെ ബാല്യത്തിലേക്കു പോകാം'' അവളുടെ ചുണ്ടുകളുടെ വിറയലിൽ വികാരമുണ്ടായിരുന്നു. 

ഒരു വലിയ മണൽത്തിട്ടയുടെ മുകളിലേക്കു ഞങ്ങൾ കയറി. അപ്പുറത്ത് വറ്റിവരണ്ട നദിയുടെ കണ്ണീർച്ചാലുകൾ. സ്നേഹനിധിയായ കടലമ്മ  വലിയ തിട്ടയുടെ മുകളിലൂടെ തൻ്റെ ജലം മകൾക്കു ദാനമായി കൊടുക്കുന്ന  അപൂർവ്വ വിസ്മയം. 
വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രകൃതിയുടെ ഈ പ്രതിഭാസത്തെ നാട്ടുകാർ വിളിക്കുന്നത് പുഴയിലേക്കുള്ള കടലമ്മയുടെ ''തികട്ടൽ '' എന്നാണ്. 

ഞങ്ങൾ ആ മണൽത്തിട്ടയിൽ നീണ്ടു നിവർന്നു കിടന്നു കൈവിരലുകൾ കോർത്തുകൊണ്ട് .നീലാകാശത്തിലെ താരകങ്ങൾ ഞങ്ങളെ നോക്കി മിഴികൾ ചിമ്മി. 

അന്നാദ്യമായി മിറാൻഡ എന്നോടു മനസ്സു തുറന്നു.  "ഞാൻ ശ്രീദേവിയാണ്. വാര്യരേ,നീ എന്നോടു ചോദിച്ചില്ലേ എൻ്റെ വേരുകളെക്കുറിച്ച്. എൻ്റെ അമ്മ ഭാർഗ്ഗവി സുന്ദരിയായ ഒരു മുക്കുവപ്പെണ്ണായിരുന്നു. എന്നെപ്പോലെ തന്നെ മൂൺ ലൈറ്റ് ഹോം സ്റ്റേയിൽ മദ്യവും മദിരാക്ഷിയും വിളമ്പലായിരുന്നു ജോലി. ലിസ്ബണിൽ നിന്നും എല്ലാ വർഷവും പതിവായി മൂൺലൈറ്റ് ഹോംസ്റ്റേയിൽ വന്ന് ആഴ്ചകളോളം താമസിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന ഫ്രെഡി ഫെർനാണ്ടസിന് ഭാർഗ്ഗവിയോടു  കടുത്ത പ്രണയം. കൂടെ കല്യാണമെന്ന സ്ഥിരം നിക്ഷേപവും ഉണ്ടായിരുന്നു. ഭാർഗ്ഗവി അതിൽ കുടുംബമെന്ന സ്വപ്നക്കൂടു തീർത്തു. അതിൽ വിരിഞ്ഞിറങ്ങിയ പക്ഷിയാണ് ഞാൻ എന്ന മിറാൻഡ ഫെർണാണ്ടസ് ". 

 ഭാർഗ്ഗവി  ആൻ മേരിയായി മാമ്മോദീസാ മുങ്ങി ക്രിസ്ത്യാനിയായി. അമ്മയുടെ പ്രിയപ്പെട്ട ശ്രീദേവിയായ ഞാനും ജീവിക്കാൻ വേണ്ടി മിറാൻഡാ ഫെർണാണ്ടസ്സായി പള്ളിയിലെ വെള്ളത്തിൽ മുങ്ങിപ്പൊങ്ങി കർത്താവിൻ്റെ  മാലാഖയായി. 

പക്ഷെ എൻ്റെ അച്ഛനെന്നു പറയുന്ന സായിപ്പിനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല.
  അമ്മ  സാരിയിൽ ഉടുത്തൊരുങ്ങി, പൂ ചൂടി, പൊട്ടും തൊട്ട് നെറ്റിയിൽ മംഗല്യക്കുറിയും ചാർത്തി സുമംഗലിയായി സായം സന്ധ്യകളിൽ തൻ്റെ പ്രിയതമൻ ഫ്രെഡിയെ കാത്തിരുന്ന്  ഒടുവിൽ മരിച്ചു. അമ്മ എന്നോടു പറയുമായിരുന്നു.
"നമ്മളെല്ലാം കാശിത്തുമ്പകളാണ്. പൂജ കഴിയുമ്പോൾ പുറത്തേക്കു വലിച്ചെറിയുന്ന വെറും കാശിത്തുമ്പകൾ " ! 

ഫ്രെഡ്ഡി എന്ന കടലാമ പിന്നെ ഒരിക്കലും ഈ വഴിക്കു വന്നില്ല. ആൻ മേരി ഗർഭിണിയാണെന്നറിഞ്ഞതോടെ അയാൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയി. വെയിലുള്ളപ്പോഴല്ലേ മീനുണക്കാൻ പറ്റൂ എന്നു സായിപ്പിനുമറിയാം".
അവൾ പറഞ്ഞു ചിരിച്ചു. വേദന നിറഞ്ഞ ചിരി.  

 മിറാൻഡ പറഞ്ഞു. "എൻ്റെ അമ്മയുടെ അനുഭവത്തിൽ നിന്നും ഒരു കാര്യം എനിക്കു മനസ്സിലായി. എല്ലാ പുരുഷന്മാരും കടലാമയെപ്പോലെയാണ്. തീരത്തു മുട്ടയിട്ടു മുട്ടയിട്ടു മുന്നോട്ടു പോകും. പിന്നെ പിറകോട്ട് വരില്ല. വേശ്യയുടെ മകളായ വേശ്യക്ക് കുടുംബ ജീവിതത്തിനെന്തർഹത? 

"വാര്യരേ, ആകാശത്തിലെ താരകങ്ങൾ  ഭുമിയിൽ മനുഷ്യരായി പിറക്കാറുണ്ടോ?'' 
" എനിക്കറിയില്ല". 
നഗ്നയാം തീരത്തെ പുടവയുടുപ്പിക്കാൻ തെറുത്തു തെറുത്തു മുന്നേറുന്ന കാമിനിത്തിരകൾ നാണത്തോടെ പിന്തിരിയുന്ന ആ കൊങ്കൺ തീരത്ത്  മിറാൻഡയും ഞാനും കൈകോർത്തു കിടന്നു. അവൾ പെട്ടെന്ന് എന്നെ വരിഞ്ഞുമുറുക്കി. കടൽത്തീരം ഞങ്ങളുടെ മണവറയായി. 
നിശയുടെ നേരിയ മഞ്ഞിൽ കുതിർന്നാടും ആതിരപൊന്നാടകൾ ഒന്നൊന്നായി അഴിഞ്ഞു വീണു.
  രാത്രിയുടെ യാമങ്ങളിലെപ്പോഴോ നീലാകാശത്തിൽ നിന്നു രണ്ടു  നക്ഷത്രങ്ങൾ ഭൂമിയിലേക്കിറങ്ങി വന്നു മിറാൻഡയുടെ അടിവയറ്റിലൊളിച്ചു.   
പാലോലിം കടൽത്തീരത്തെ പഞ്ചാര മണലിൽ ഒരോ നിശയിലും ഞാനും മിറാൻഡയും ദുഃഖങ്ങൾക്കവധി നൽകി, കൈവിരലുകൾ സ്പർശിച്ചു കൊണ്ട് മാനത്തെ നക്ഷത്രങ്ങളെ നോക്കി കിടന്നു. മിന്നാമിനുങ്ങുകളെപ്പോലെ ഞങ്ങളുടെ മനസ്സ് പാറി നടന്നു.  തിരകൾ  കൈകൊട്ടി ആർത്തലച്ചു. 

അടുത്ത വൈകുന്നേരം ഞാൻ കാസർഗോഡിനു മടങ്ങി.
അപ്രതീക്ഷിതമായി വന്ന വെള്ളപ്പൊക്കവും പിന്നാലെ വന്ന കൊറോണ രോഗവും കേരളത്തെ പിച്ചിച്ചീന്തി. 

നീണ്ട പതിമൂന്നു മാസങ്ങൾക്കു ശേഷമാണ് ഞാനെന്ന  അരവിന്ദനലക്സ് യാതൊരു മുന്നറിയിപ്പുമില്ലാതെ പാലോലിം കടപ്പുറത്തു കാലു കുത്തിയത്. കാരണം ഞാൻ വിളിച്ചപ്പോഴൊന്നും അവൾ ഫോൺ എടുത്തില്ല. 

മിറാൻഡയുടെ കുടിലിൻ്റെ മുന്നിലെത്തിയപ്പോൾ  ഞാൻ പകച്ചു നിന്നു.  തിരിച്ചറിയാൻ പറ്റാത്ത മാറ്റങ്ങൾ. 
"യരുശലേം റെസ്റ്റോറൻ്റ് ആൻഡ് ഹോംസ്റ്റേ.'' പുതിയ കസേരകൾ, അലമാരകൾ, തറയിൽ ചുവപ്പു പരവതാനികൾ.
  മറ്റൊരു ബോർഡിൽ വിഭവങ്ങളുടെ പേരുകൾ. ദോശ, ഇഡ്ഡലി, കേരള മീൽസ്, സന്യാസി വട. എനിക്കു ചിരി വന്നു. അകത്തിരുന്ന് സായിപ്പും മദാമ്മയും ദോശയും ചമ്മന്തിയും വെട്ടി വിഴുങ്ങുന്നു. 

ടോപ്പും മിഡിയും ഹൈഹീൽഡ് ഷൂസും ധരിച്ചു നില്ക്കുന്ന മിറാൻഡാ പൂർവ്വാധികം സുന്ദരിയായി കാണപ്പെട്ടു. ഇപ്പോൾ ജോലിക്കാരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. കൗണ്ടറിൽ പുതിയ ജോലിക്കാരിയായി കാത്തി വന്നിരിക്കുന്നു. കൃഷ്ണൻ അടുക്കളയിൽ ഷെഫായി ജോലി ചെയ്യുന്നു. 

ഒരു മൂലയിലെ കസേരയിലിരുന്നു നല്ല സ്വാദിഷ്ടമായ ഇഡ്ഡലിയും ചമ്മന്തിയും ഞാൻ കഴിച്ചു കൊണ്ടിരുന്നപ്പോൾ   മിറാൻഡ വന്ന് എന്നെ കെട്ടിപ്പിടിച്ചു. ആദ്യമായിട്ടാണ് മിറാൻഡാ വിങ്ങിക്കരയുന്നത്. 
"വാര്യരേ, ഞാൻ എത്ര വട്ടം നിങ്ങളെ വിളിച്ചു. ഒന്നിനു പോലും മറുപടിയില്ല". 

ഞാൻ കുറ്റബോധത്തോടെ തല കുനിച്ചു.  കയ്യും മുഖവും കഴുകി വന്നപ്പോൾ മിറാൻഡാ എൻ്റെ കയ്യിൽ ബലമായി പിടിച്ചു മറ്റൊരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. 
പെട്ടെന്ന് ഒരു ജോലിക്കാരി വന്ന് മിറാൻഡയുടെ ചെവിയിൽ അടക്കം പറഞ്ഞു. അവൾ അടുക്കളയിലേയ്ക്ക് പാഞ്ഞു. ഞാൻ ആ മുറിയിൽ കയറി. 

അവിടെ രണ്ടു തൊട്ടിലുകളിൽ ഇരട്ടക്കുരുന്നുകൾ  കളി ചിരികളിൽ ലയിച്ചു കിടക്കുന്നു. നല്ല ആരോഗ്യമുള്ള കുരുന്നുകൾ. ചെന്തൊണ്ടിപ്പഴം പോലെ തുടുത്ത കവിൾത്തടങ്ങൾ . ഞാൻ വിസ്മയത്തുമ്പത്തു നിന്നു. 

സ്വർഗ്ഗത്തിലെ നക്ഷത്രങ്ങൾ മനുഷ്യരൂപം പൂണ്ടതോ? പെട്ടെന്നു മിറാൻഡാ കടന്നു വന്നു. 
"പുറത്തു കാറ്റു കൊള്ളുന്ന സായിപ്പിൻ്റെയും മദാമ്മയുടേതുമാണോ ഈ കുഞ്ഞുങ്ങൾ?" 
ഞാൻ മിറാൻഡയോടു ചോദിച്ചു. 
അവൾ ഒരു നിമിഷം തളർന്നു നിന്നു. പിന്നെ രൂക്ഷമായി എന്നെ നോക്കി. ആ മിഴികളിലെ അഗ്നിജ്വാലയിൽ ഞാൻ ചാമ്പലായി മാറുമെന്നു  ഭയന്നു.   പിന്നെ ഊർജ്ജം വീണ്ടെടുത്ത് അവൾ പുച്ഛത്തിൽ തുപ്പി. 
" എൻ്റെ കുഞ്ഞുങ്ങൾ " 
അവളുടെ ധർമ്മരോഷത്തിൻ്റെ അമ്പുകൾ എൻ്റെ ഹൃദയത്തിൽ ആഞ്ഞു തറച്ചു.
ഒരു കൊടുങ്കാററായി അവൾ വീഞ്ഞിരിക്കുന്ന കലവറയിലേക്കു പാഞ്ഞു.  ഞാൻ അവിടെ മിഴിച്ചു നിന്നു. 

വീണ്ടും ഞാൻ ആ സൗന്ദര്യ ധാമങ്ങളെ ഉറ്റുനോക്കി.  ആ തൊട്ടിലിൽ തൊട്ടു. അവൾ ചിരിക്കുന്നു. ആരേയും മയക്കുന്ന നിഷ്ക്കളങ്കമായ പാൽപ്പുഞ്ചിരിയിൽ ഞാൻ സ്വയം മറന്നു നിന്നു.  ആദ്യം അവളെയെടുത്ത് ആ പൂങ്കവിളിൽ തെരുതെരെ ഉമ്മ വച്ചു. അവസാനം ആ കുഞ്ഞിൻ്റെ കവിൾ ചുവന്നു തടിച്ചു കുഞ്ഞു കരയുമെന്ന ഘട്ടത്തിൽ ഞാൻ അതിനെ തൊട്ടിലിൽ കിടത്തി അടുത്ത തൊട്ടിലിൽ കിടക്കുന്ന ആൺകുഞ്ഞിലേക്കു തിരിഞ്ഞപ്പോൾ ആയ ഓടി വന്നു രണ്ടാമത്തെ തൊട്ടിലിൽ നിന്നും കുഞ്ഞിനെ എടുത്ത് മിറാൻഡയുടെ മുറിയിലേക്ക് നടന്നു. ഞാൻ പിന്നെ അവിടെ നിന്നില്ല. പുറത്തേയ്ക്കു നടന്നു. 

വൈകിട്ടത്തെ ഭക്ഷണം കഴിഞ്ഞ് ഞാൻ മുറിയിൽ വന്നു കിടന്നു. മിറാൻഡാ എൻ്റെ മുറിയിലേക്കു വരുമെന്ന് ഞാൻ വ്യാമോഹിച്ചു.
പക്ഷേ, അവൾ തിരക്കിലായിരുന്നു.   അടുത്ത കുടിലിൽ പ്രത്യേകം തയ്യാറാക്കിയ കിടക്കയിൽ കുഞ്ഞുങ്ങളോടു സല്ലപിച്ചുകൊണ്ട് മെല്ലെ മെല്ലെ മയക്കത്തിലേക്കു മിറാൻഡാ വീണു കാണും. തൊട്ടടുത്ത കട്ടിലിൽ ആയ മാർത്തയും മയങ്ങിയിരിക്കണം. 
രാത്രിയുടെ അന്ത്യയാമങ്ങളിൽ ഞാൻ എഴുന്നേറ്റു പുറത്തേക്കു നടന്നു. ഞാൻ അസ്വസ്ഥനായിരുന്നു. ഇടക്കിടെ ഞാൻ പിറകോട്ടു നോക്കി. പക്ഷേ, തീരം തിരകളുമായി കലഹത്തിലായിരുന്നു. വമ്പൻതിരകൾ തീരത്തേക്കാഞ്ഞടിച്ചു അവരുടെ കോപം വെളിവാക്കുന്നു. 
ഒരന്യനേപ്പോലെ അവിടെ ഞാൻ ചുറ്റിപ്പറ്റി നടന്നു. 
തുടരും..........

@StoryHubCentral

bottom of page