top of page
AQMXWHNL455iQAeJGu8mBPV-nZVyP-YDur4lqZyLDy8QnkL3YCMGLebMpS44Tv93DKunVBqH-64w4J5y6W-xUgXb.j

തണൽ

തണൽ      ചെറുകഥ         അളകനന്ദിനി
ആദ്യഭാഗം 

മാത്തുക്കുട്ടി  വരാന്തയിലെ ചാരുകസേരയിൽ പത്ര വായനയിൽ മുഴുകിയിരിക്കുമ്പോഴാണ് അവർ കാറിൽ വന്നിറങ്ങിയത്. 

"പത്രപ്പരസ്യം കണ്ടു വന്നതാണ്‌ " 
പുഞ്ചിരിച്ചു കൊണ്ട് പുറത്തിറങ്ങിയ പുരുഷൻ പറഞ്ഞു. പിറകിൽ അയാളുടെ ഭാര്യയും രണ്ടു പെൺമക്കളും ഇറങ്ങി. അയാൾ എല്ലാവരേയും അകത്തേക്കു ക്ഷണിച്ചു. "ചായയുണ്ടാക്കാൻ വേലക്കാരില്ല"
അയാൾ ഭവ്യമായി പറഞ്ഞു. 

"ഞങ്ങൾക്ക് ഇരിക്കാൻ സമയമില്ല. വീടും പരിസരവും കണ്ടിട്ടു വേഗം പോണം" 
അതിഥികൾ തിടുക്കം കൂട്ടി.  ആതിഥേയൻ വാതിലുകൾ തുറന്നു കൊടുത്തു. 
" എല്ലാം നടന്നു കണ്ടോളൂ". 
"എത്ര മനോഹരമാണ് ഈ പൂന്തോട്ടം. ഏറ്റവും അപൂർവങ്ങളായ പൂച്ചെടികളും അവിടെ ആർത്തു ചിരിച്ചു കാറ്റിലാടുന്നത് കണ്ട് പുരുഷനും അയാളുടെ ഭാര്യയും മക്കളും മയങ്ങി നിന്നു. 

പടർന്നു പന്തലിച്ചു നില്ക്കുന്ന അരയാൽ മരത്തിൻ്റെ  തണലിലെ കസേരകളിലിരുന്നവർ കായൽക്കാററിൻ്റ കുളിരാസ്വദിച്ചു.
വീടു മുഴുവൻ അരിച്ചുപെറുക്കി  പരിശോധിച്ചു. വീട്ടിലെ നടുമുറ്റം അവർക്കു നന്നേ ബോധിച്ചു. മുറ്റത്ത് ഓടിനടന്നുമ്മ കൊടുക്കുന്ന സൂര്യാംശു അവരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. 

പരസ്യത്തിൽ കാണിച്ചിരിക്കുന്ന തുക തീരെ തുച്ഛമാണന്ന് അവർക്ക് ബോദ്ധ്യമായപ്പോൾ വിലപേശലിനൊന്നും മിനക്കെടാതെ കച്ചവടം ഉറപ്പിക്കാൻ അയാൾ തീരുമാനിച്ചു.  

എങ്കിലും അയാളുടെ ഭാര്യക്ക് സംശയം മാറുന്നില്ല. എന്തോ ഉഡായിപ്പിൻ്റെ ഗന്ധം അവൾ മണത്തു. അവർ തമ്മിൽ കുറെ നേരം കുശുകുശുത്തു. അയാളുടെ ആത്മവിശ്വാസത്തിൻ്റെ അടിത്തറയിളകി.
"ഞങ്ങൾ അടുത്ത ദിവസം വന്ന് ഉറപ്പിക്കാം''. 

ആതിഥേയൻ വായനയുടെ മയക്കത്തിൽ മൂളി. അവർ പോയി. അയാൾ ഓർമ്മകളിലേയ്ക്കു വീണ്ടും വീണു.

"എനിക്ക് മക്കളോടൊത്ത് വിദേശ രാജ്യങ്ങൾ കാണണം, ജീവിതം ആസ്വദിക്കണം. നിങ്ങളോടുത്തുള്ള സന്യാസീ ജീവിതം എനിക്കു മടുത്തു മനുഷ്യാ." 

 

 

 

 

 

 

 

 

 

 

 

 

 

 


ചുണ്ടിൽ ലിഫ്സ്റ്റിക്ക് തേയ്ക്കുന്നതിനിടയിൽ നീല ജീൻസും മഞ്ഞ ബനിയനും ധരിച്ച മദ്ധ്യവയസ്കയായ സൂസി പറഞ്ഞു.  "ഇന്നേ വരെ താൻ എതെങ്കിലും വിദേശ രാജ്യത്ത് എന്നെ കൊണ്ടു പോയിട്ടുണ്ടോ?" അവൾ പരാതികളുടെ ഭാണ്ഡക്കെട്ട് തുറന്നപ്പോൾ മാത്തുക്കുട്ടി മൗനിയായി. അതാണയാളുടെ രീതി. 
  ശരിയാണ്. മൂന്നു ആൺമക്കൾക്കും ഉന്നത വിദ്യാഭ്യാസം കൊടുക്കുന്ന തത്രപ്പാടിൽ വിദേശ രാജ്യത്തെ ടൂറിനേക്കുറിച്ചൊന്നും ചിന്തിക്കാൻ തുച്ചമായ വരുമാനം  മാത്തുക്കുട്ടിയെ അനുവദിച്ചില്ല. പാവപ്പെട്ട ഒരു ട്യൂഷൻ മാസ്റ്റർക്ക് എന്തു വിദേശ രാജ്യം? മൂത്ത മക്കളെ ഡോക്ടർമാരാക്കി. മൂന്നാമനെ എൻജിനീയറാക്കി.അവർക്ക് കല്യാണം നടത്തിക്കൊടുത്തു. അവർ മൂന്നും കാനഡക്കു കുടിയേറി. നല്ലത്. അവരും അവരുടെ കുടുംബങ്ങളും വിദേശ രാജ്യത്ത് പോയതിൽ അവരെ കുറ്റം പറയാൻ കഴിയില്ല. അയാളോർത്തു. പക്ഷെ സൂസി തന്നെ നിഷ്ക്കരുണം ഉപേക്ഷിച്ച് അവരോടൊപ്പം കൂടിയപ്പോൾ മാത്തുക്കുട്ടി തകർന്നു പോയി. 
ജീവിതത്തിൻ്റെ നാരായവേര് അറ്റുപോയതായി അയാൾക്കു തോന്നി. 

പിന്നീടുള്ള നാളുകളിൽ ആത്മഹത്യയെക്കുറിച്ചായിരുന്നു അയാൾ സദാ  ചിന്തിച്ചിരുന്നത്. ധൈര്യമില്ലാതിരുന്നത് താൻ മരിച്ചാൽ  ആരും തിരിഞ്ഞു നോക്കാതെ ശവം  നാറി പുഴുവരിച്ച് ഈ വീട്ടിൽ കിടക്കുമെന്നോർത്തിട്ടാണ്. 

സൂസിയും മക്കളും പോയ ശേഷം വീട് ഉറക്കത്തിൽ വീണിട്ട്  ഒരു വർഷത്തോളമാകുന്നു. ഏകാന്തതയുടെ ഭീകരത വർണ്ണിക്കാനാവില്ല. രാത്രിയിൽ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കും.
ആ വീട് ഒരു വലിയ ശവക്കല്ലറയായും അയാൾ  മരിച്ചു കിടക്കുകയാണെന്നും അയാൾക്കു തോന്നി. അതു കൊണ്ട് വീട് വിറ്റ്  നാടുചുറ്റാനിറങ്ങാം. അവസാനം ഹിമാലയസാനുക്കളിൽ ഏതെങ്കിലുമൊരാശ്രമത്തിൽ ശിഷ്ടകാലം  സന്യാസിയായി ജീവിച്ചു മരിക്കാം.

പത്രത്തിൽ പരസ്യം കൊടുത്തു വീടു വാങ്ങാൻ വരുന്നവരെ കാത്തിരുന്നു മടുത്തപ്പോൾ, ഒരു രാത്രിയിൽ പതിവില്ലാത്തവണ്ണം ഇടിയും മിന്നലും കൊടുങ്കാറ്റും ആഞ്ഞടിച്ചു. 
രാത്രി മുഴുവൻ മഴ തകർത്തു പെയ്തു. 
രാവിലെ മുറ്റത്തിറങ്ങിയ മാത്തുക്കുട്ടി കണ്ടത്   അരയാലിൻ്റെ ഒരു ചില്ല ഒടിഞ്ഞു വീണിരിക്കുന്നു. അതിൽ കൂടു കൂട്ടിയിരുന്ന പക്ഷികൾ പറന്നു പോയിരുന്നു. 
പക്ഷെ ഒരു കിളി മാത്രം താഴെ തകർന്നു കിടക്കുന്ന കൂടിൻ്റെ സമീപം മുകളിൽ വട്ടത്തിൽ പറന്നു കരയുന്നു. അതിലെ മുട്ടകളിൽ ചിലത് പൊട്ടിയൊലിച്ചിരുന്നു. 

മാത്തുക്കുട്ടി ഒരു ഗോവണിയുടെ സഹായത്തോടെ  ആ കൂട് മറ്റൊരു ചില്ലയിൽ  ഭദ്രമായി കെട്ടിവെച്ചു. 

പിന്നെ എല്ലാ ദിവസവും ആ കിളിയുടെ വരവും പോക്കും ശ്രദ്ധിക്കാൻ തുടങ്ങി. മഞ്ഞച്ചിറകുകളും ചുവന്ന കാലുകളുമുള്ള സുന്ദരിയായ ആ പക്ഷിയോട് അയാൾക്ക് മതിപ്പു തോന്നി. 

ഉറക്കം വരാതെ കിടന്ന ഒരു രാത്രിയുടെ നിശ്ശബ്ദതയിൽ ഒരു അഭൗമ സംഗീതം കേട്ട് അയാൾ ചാടി എഴുന്നേറ്റു.  
വാതിൽ തുറന്നു മുറ്റത്തേക്കിറങ്ങിയപ്പോൾ അയാൾ അമ്പരന്നു നിന്നു. പൂനിലാവിൽ മുങ്ങിക്കുളിച്ചു നില്ക്കുന്ന അരയാൽ ചില്ലയിലിരുന്ന് ആ പക്ഷി ഹൃദയം തുറന്നുപാടുന്നു തിണ്ണയിലിരുന്ന്  ആ പാട്ടിൻ്റെ സ്വരമാധുരിയിൽ അയാൾ ലയിച്ചുറങ്ങി. 

പിറ്റേന്നു രാത്രിയിലും അതേ നേരത്ത് ആ പക്ഷിയുടെ പാട്ട് അയാൾ കേട്ടു. അയാൾക്കത് ഉറക്ക ഗുളികയായിരുന്നു. അയാൾ അവളെ " ഉണ്ണിമായ " എന്നു വിളിച്ചു.

കുറെ ദിവസങ്ങൾ പിന്നിട്ടപ്പോൾ   ഒരു മഴ തോർന്ന സന്ധ്യയിൽ കറുത്ത തള്ള പുച്ചയും അതിൻ്റെ നാലു മക്കളും ഗേറ്റിൽ  വന്നു കരഞ്ഞു. മാത്തുക്കുട്ടി ഗേറ്റു തുറന്നു. "വരൂ മക്കളെ ". അവർ കയറി വന്നു.  

ആ മാർജ്ജാരത്തിനെ മാത്തുക്കുട്ടി. മേഴ്സി എന്നു വിളിച്ചു. അന്നു മുതൽ അയാൾ ചുറ്റുപാടും സൂഷ്മമായി ശ്രദ്ധിക്കാൻ തുടങ്ങി. 

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു തെരുവുപട്ടിയും അതിൻ്റെ  അഞ്ചു മക്കളും  എന്നും  അയാളുടെ സായഹ്നസവാരിയിൽ അനുധാവനം ചെയ്യാൻ തുടങ്ങി. 
അയാൾ  വിളിച്ചു " മേരി ". അവൾ വാലാട്ടി അടുത്തു വന്നു കാൽച്ചുവട്ടിൽ ഉരുമ്മി നിന്നു. മക്കളും അമ്മയെ അനുകരിച്ചു. ദിവസവും വഴിയോരക്കടയിൽ നിന്നും ഒരു പായ്ക്കറ്റ് ബിസ്ക്കറ്റ് വാങ്ങി അവയ്ക്കു കൊടുക്കും.അവ ആർത്തിയോടെ ഭക്ഷിക്കുമ്പോൾ അയാൾ തൃപ്തിയോടെ വീട്ടിലേക്കു മടങ്ങും. 

ഒരു സായന്തനത്തിൽ അയാൾ കണ്ടത്, ചീറിപ്പാഞ്ഞു വന്ന ഒരു കാർ  വഴിയോരത്തു  കാത്തു നിന്നിരുന്ന മേരിയേയും മക്കളെയും ഇടിച്ചിട്ടു പോകുന്ന ഭീകര കാഴ്ച. സീറ്റിലിരുന്ന് മൂന്നു യുവ ഇരുകാലികൾ തങ്ങളുടെ വീരകൃത്യത്തിൽ പൊട്ടിച്ചിരിക്കുന്ന അശ്ലീലവും മാത്തുക്കുട്ടി കണ്ടു. 

മേരിയും അവളുടെ അഞ്ചു മക്കളിൽ മൂന്നും റോഡിൽ ചത്തുമലച്ചു കിടന്നു. രണ്ടു കുഞ്ഞുങ്ങൾ വിറങ്ങലിച്ചു നിന്നു. മരണഭയം അവരെ നിശ്ചലരാക്കിയിരുന്നു. 
അയാൾ അവർക്ക് ബിസ്ക്കറ്റ് പായ്ക്കറ്റ് ഇട്ടു കൊടുത്തു. പക്ഷെ ആ  കുഞ്ഞുങ്ങൾ മണത്തു നോക്കാൻ പോലും തയ്യാറായില്ല. 

അടുത്ത ദിവസം  ആ രണ്ടു കുഞ്ഞുങ്ങൾ  അയാളെ കണ്ടപ്പോൾ വാലാട്ടി അടുത്തുവന്നു. അയാൾ കൊടുത്ത ബിസ്ക്കറ്റുകൾ അവ ആർത്തിയോടെ തിന്നു. അയാൾ നടന്നപ്പോൾ  പിറകേ  നടന്നു,  അച്ഛനുമമ്മയും നഷ്ടപ്പെട്ട തൻ്റെ ബാല്യം  ഓർമ്മിപ്പിച്ചുകൊണ്ട്. 

ആ നായ്ക്കുട്ടികൾക്ക് അയാൾ പേരു കൊടുത്തു.  ബോബിയും ബാനുവും. 

ഭക്ഷണത്തിനു നേരമാകുമ്പോൾ പാത്രങ്ങൾക്കു മുമ്പിൽ മുൻകാലുകൾ നീട്ടി ക്ഷമയോടെ കാത്തിരിക്കും മേഴ്സിയും മക്കളും, ബോബിയും ബാനുവും.  യജമാനൻ ചാരുകസേരയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനു മുമ്പ് മൗന പ്രാർത്ഥന നടത്തും. ആ സമയത്ത് താഴെയിരിക്കുന്നവരും  മുഖം കുനിച്ച് പ്രാർത്ഥനയിൽ പങ്കുചേരും. 

കുറെ നാൾ കഴിഞ്ഞപ്പോൾ മറ്റൊരതിഥി കൂടി മാത്തുക്കുട്ടിയുടെ വീട്ടിലെത്തി.നല്ല എണ്ണക്കറുമ്പി. 
രാവിലെ കടവിൽ മാത്തുക്കുട്ടി നില്ക്കുമ്പോൾ, ഒഴുകി വന്ന നീർപ്പോളക്കൂട്ടങ്ങൾക്കിടയിൽ  കറുത്ത എന്തോ ഒന്ന് ദൃശ്യമായി. വേലിയേറ്റ സമയങ്ങളിൽ കായലിൽ നിന്നും അനാഥ പ്രേതങ്ങൾ തോട്ടിലൂടെ ഒഴുകിപ്പോകാറുണ്ട്. പക്ഷെ ഈ കറുത്ത ഭാണ്ഡം ഉയരുകയും താഴുകയും ചെയ്യുന്നു. മുളങ്കമ്പുകൊണ്ട് തോണ്ടി നോക്കിപ്പോൾ ഒരു പശുക്കിടാവിൻ്റെ ജഢം പോലെ.  സൂക്ഷിച്ചു നോക്കിയപ്പോൾ ജീവൻ്റെ തുടിപ്പുകൾ. അയാൾ അതിനെ കടവിലടുപ്പിച്ചു പ്രഥമ ശുശ്രൂഷകൾ ചെയ്തപ്പോൾ 

മരണത്തിൻ്റെ ചെളിക്കുഴിയിൽ നിന്നും  അവൾ തലപൊക്കി . അയാൾ വിളിച്ചു "രമണി ".   ദിവസങ്ങൾക്കുള്ളിൽ രമണി  പറമ്പിൽ തുള്ളിച്ചാടി  മേയാൻ തുടങ്ങി. 

ഒരു ദിവസം വൈകുന്നേരം പതിവുപോലെ അയാൾ അരയാൽ മരത്തിൽ നിന്നും തൻ്റെ വള്ളത്തിൻ്റെ കെട്ടഴിച്ചു.  അപ്പോഴേക്കും ബോബിയും ബാനുവും വള്ളത്തിൽ ചാടിക്കയറി. പിറകെ മേഴ്സിയും മക്കളും.  രാവിലെ മുതൽ അവർ  ഈ സായന്തനത്തിനായി കാത്തിരിക്കുകയായിരുന്നു. 

മാത്തുക്കുട്ടി കായലിൽ വല വീശുമ്പോൾ മത്സ്യങ്ങൾ കയറും. ചെറിയ മത്സ്യങ്ങൾ അവർക്കുള്ളതാണ്.   വള്ളത്തിനു ചുറ്റം മീൻ തീറ്റ വിതറി കാത്തിരുന്നു.  പടിഞ്ഞാറെ ചക്രവാളത്തിൽ അന്തിച്ചോപ്പ് അണയാൻ വിതുമ്പി. വെള്ളിമേഘങ്ങൾ മാലാഖാമാരെപ്പോലെ സ്തോത്രഗീതം ആലപിച്ചുകൊണ്ടിരുന്നു. 

അയാൾ  നീലാകാശത്തിലേക്ക് ആഞ്ഞുവീശിയ വല വിശാലമായി ഉയർന്നുപൊങ്ങി ഒരു മാത്ര നീലപ്പൂക്കൂടയായി അന്തരീക്ഷത്തിൽ  വിരിഞ്ഞു നിന്നു. പിന്നെ കായലിൻ്റെ വിരിമാറിലേയ്ക്ക് മൗനമായി ആണ്ടിറങ്ങി. 

 അയാൾ  സാവധാനത്തിൽ താളാത്മകമായി ചരടുവലിക്കാൻ തുടങ്ങി. ബോബനും ബാനുവും മുരണ്ടു. കൊതിയുള്ള നാവുകൾ പുറത്തേക്കു നീട്ടി.  മേഴ്സിയും മക്കളും ങ്യാവൂ, ങ്യാവൂ  തുടങ്ങി. വലയിൽ കുടുങ്ങിയ വലിയ മൽസ്യങ്ങളെ അയാൾ ഒന്നൊന്നായി പുറത്തെടുത്തു. ഇതിനിടയിൽ നാലുപേരും അച്ചടക്കത്തോടെ ശാപ്പാടു തുടങ്ങി. 

അങ്ങകലെ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന യാനങ്ങളിലും വിദേശ കപ്പലുകളിലും വെളിച്ചം മിന്നാമിനുങ്ങുകളെപ്പോലെ കൺചിമ്മിക്കൊണ്ടിരുന്ന ആ മൂവന്തിയിൽ  തൊട്ടടുത്ത പാലത്തിൽ നിന്നും ആരോ കായലിലേക്കു വീഴുന്ന മുഴക്കം. വെളളം ചിതറിത്തെറിച്ചു പൂക്കുറ്റി പോലെ. 
ശക്തമായ തിരകളിൽപ്പെട്ട് വള്ളം ആടിയുലഞ്ഞു. നക്ഷത്രങ്ങൾ കണ്ണു ചിമ്മി.
അൽപ്പം അകലെയായി എന്തോ പൊന്തി വന്നു. പിന്നെ താഴുന്നു. മാത്തുക്കുട്ടി തുഴ വെള്ളത്തിൽ ധൃതിയിൽ ആഞ്ഞുവീശി അടുത്തെത്തി. അതൊരു സ്ത്രീയായിരുന്നു. 

വീണ്ടും പൊങ്ങി വന്നപ്പോൾ അയാൾ അവളുടെ നനഞ്ഞ  കേശഭാരത്തിൽ പിടിമുറുക്കി, സാവധാനം ആ സ്ത്രീയെ വള്ളത്തിലേക്ക് കയറ്റിയിട്ടു. അബോധാവസ്ഥയിൽ അവളുടെ വസ്ത്രങ്ങൾ മെലിഞ്ഞ ദേഹത്തോടൊട്ടി 
കിടന്നു. അയാൾ അവളെ കമഴ്ത്തി കിടത്തി. മൂക്കിൽ നിന്നും വായിൽ നിന്നും വെള്ളമൊഴുകി. 

അയാൾ വേഗത്തിൽ തുഴയെറിഞ്ഞു. വള്ളം കടവിലടുത്തു.  സൂസിയുടെ കട്ടിലിൽ അവളെ കിടത്തിയപ്പോൾ അവളുടെ നിറഞ്ഞ മാറിടം വേഗത്തിൽ ഉയർന്നും താഴ്ന്നുമിരുന്നതു അയാൾക്കാശ്വാസമായി. 

അവൾ സാവധാനം കണ്ണു തുറന്നപ്പോൾ അയാൾ അവൾക്ക് സൂസിയുടെ  വസ്ത്രങ്ങൾ കൊടുത്തിട്ടു പറഞ്ഞു. 
" ബാത്തു റൂമിൽ കയറി കുളിച്ചോളൂ. ആഹാരം അടുക്കളയിൽ ഉണ്ട്" 

കതകു ചാരി അയാൾ പുറത്തു കടന്നു. 

രാവിലെ വാതിലിൽ പതിവില്ലാത്ത മുട്ടുകേട്ട് മാത്തുക്കുട്ടി ഉണർന്നു.  അവൾ ചായയുമായി നില്ക്കുന്നു. അയാൾ വിസ്മയത്തോടെ അവളെ നോക്കി. നിതംബം മൂടിക്കിടക്കുന്ന കേശഭാരം, അതിൽ മുല്ലപ്പൂമാല, വായുവിൽ കവിതയെഴുതുന്ന ചഞ്ചലമിഴികൾ.
സൂസി ഒരിക്കലും വെളുപ്പിന് എഴുന്നേറ്റു ചായയുണ്ടാക്കി തനിക്കു തന്നിട്ടില്ല. ആദ്യ നാളുകളിൽ പലവട്ടം പറഞ്ഞു നോക്കി.  പക്ഷെ അവൾക്ക് ഉറക്കമാണ് 
തന്നേക്കാൾ പ്രിയപ്പെട്ടത്.  അതു കൊണ്ട് താൻ തന്നെ വെളുപ്പിന് എഴുന്നേറ്റ് ചായയുണ്ടാക്കും.അവൾക്കും കൊടുക്കും. 

ഒന്നുമുരിയാടാതെ മാത്തുക്കുട്ടി ചായ വാങ്ങിക്കുടിച്ചു.
" ഉങ്കൾ പേര്?"
"നാഗപഞ്ചമി ''
ലേശം നാണം പൊതിഞ്ഞ നയനങ്ങൾ നിലത്തൂന്നി അവൾ പറഞ്ഞു. 
"ഊര് ? "
"തഞ്ചാവൂർ പക്കത്തില്."
"ഇനി തർക്കൊലൈ പണ്ണമാട്ടാർകൾ " 
"ചാകണ്ട. ഇവിടെക്കഴിയാം." അയാൾ അനുവാദം കൊടുത്തു.
ഒരു കവിൾ കുടിച്ചിട്ട് അയാൾ പറഞ്ഞു. 
"രൊമ്പ നല്ല തേനീർ'' 
അവളുടെ കണ്ണുകളിൽ നന്ദിയുടെ തിളക്കം. 

മാത്തുക്കുട്ടി അവളെക്കുറിച്ചൊന്നും അന്വേഷിച്ചില്ല. അതിനയാൾ കണ്ട ഉത്തരം വളരെ ലളിതമായിരുന്നു. അവിടേക്ക് തണൽ തേടി വന്ന ആരുടേയും ഭൂതകാലം അയാൾ അന്വേഷിച്ചില്ല. പിന്നെന്തിത് നാഗപഞ്ചമിയുടെ മാത്രം ചരിത്രം തിരയണം? 

ഒരു ദിവസം രാവിലെ ആ പുരുഷനും സ്ത്രീയും പടി കടന്നു വന്നു.
" ഞങ്ങൾ വീടുവാങ്ങാൻ തയ്യാറാണ്‌ " 
പക്ഷെ മാത്തുക്കുട്ടി പറഞ്ഞു. 
" ക്ഷമിക്കണം ഞാൻ വീടു വില്ക്കാൻ ഉദ്ദേശിക്കുന്നില്ല" അവരുടെ അമ്പരപ്പ്  മുഖങ്ങളിൽ വ്യക്തമായിരുന്നു. പിന്നെ അവർ പരസ്പരം ആലോചിച്ചിട്ട് വീണ്ടും മുന്നോട്ടുവന്ന് മുരടനക്കി.
" വില കൂടുതൽ വേണമെങ്കിൽ... "   
"ഇല്ല. ഞാൻ ഈ വീടു വിൽക്കുന്നില്ല" 
അയാൾ വീണ്ടും പത്രത്താളുകളിൽ മുഖം പൂഴ്ത്തി.
അവർ തളർന്നു നിന്നു. 

കുറച്ചു കഴിഞ്ഞ് വായനയിൽ നിന്നും മാത്തുക്കുട്ടി തലയുയർത്തി ചോദിച്ചു 
"അവർ പോയോ?"
മാത്തുക്കുട്ടിയുടെ കാൽക്കൽ കിടന്നിരുന്ന ബോബൻ ചാടി എഴുന്നേറ്റ് ഗേറ്റു വരെ പോയി കിഴക്കോട്ടു നോക്കി ഉറപ്പു വരുത്തിയ ശേഷം പാഞ്ഞു വന്ന് വാലാട്ടി മുരണ്ടു. പിറകേ ബാനുവും അതു തന്നെ ആവർത്തിച്ചു.  അടുത്ത ഊഴം മേഴ്സിയുടേയും മക്കളുടേതുമായിരുന്നു. അവരും രണ്ടു വട്ടം ങ്യാവൂ, ങ്യാവു പറഞ്ഞു ഉറപ്പു വരുത്തി.

ഒരു ദിവസം വൈകുന്നേരം പതിവുള്ള നടത്തം കഴിഞ്ഞു മാത്തുക്കുട്ടി വന്നപ്പോൾ നടുമുറ്റത്തു നിന്നു് തമിഴ് നൃത്ത ഗാനത്തിൻ്റെ ശീലുകൾ പറന്നു വന്ന് അയാളെ ആശ്ളേഷിച്ചു.    അടച്ചിട്ടിരുന്ന വാതിലിൻ്റ വിടവിലൂടെ അയാൾ എത്തി നോക്കി. അവിടെ കണ്ട കാഴ്ച അയാളെ വിസ്മയത്തുമ്പത്തു നിർത്തിപ്പൊരിച്ചു.  
തൻ്റെ യൗവ്വനകാലത്തു ബ്രസീലിൽ വച്ചു കണ്ട സാംമ്പാ നൃത്തം തൻ്റെ  നടുമുറ്റത്തു അരങ്ങു തകർക്കുന്നു.
നാഗപഞ്ചമിയുടെ  കവിതയെഴുതുന്ന കണ്ണുകളും മെലിഞ്ഞ ഉടലും  കരാംഗുലികളും വായുവിൽ നാട്യകലയുടെ മാരിവിൽവർണ്ണങ്ങൾ വിരിയിക്കുന്നു. അവൾ ഒരു ചിത്രശലഭമായി പറക്കുന്നു. അവളുടെ ഉടയാടകൾ കാറ്റിൽ ചിറകുകളായി. ആയിരം അമിട്ടുകൾ അന്തരീക്ഷത്തിൽ പൂത്തുലയുന്ന സർഗ്ഗ ലഹരിയിൽ ആ വൃദ്ധ മനസ്സും ഹൃദയവും മുങ്ങിക്കുളിച്ചു. 
മിലാനിയുമൊത്തുള്ള സാംമ്പാ നൃത്തത്തിൻ്റെ തിളക്കമാർന്ന ഓർമ്മകൾ അയാളിലേക്ക് ഒഴുകി വന്നു.  നാഗപഞ്ചമിയല്ല, മിലാനിയാണ് ആ ചടുലമായ നൃത്തം നടത്തുന്നതെന്ന് അയാൾ വ്യാമോഹിച്ചു.  

ചുറ്റും നിന്ന കാണികളും അയാളെ അമ്പരപ്പിച്ചു. 
ബോബിയും ബാനുവും മേഴ്സിയും മക്കളും മുൻകാലുകൾ നീട്ടി  ആ ലാസ്യ ലഹരിയിൽ മതിമയങ്ങിയിരിക്കുന്നു. 

നൃത്തം തീർന്നപ്പോൾ നർത്തകി തൻ്റെ മൊബൈൽ ഓഫാക്കി. മാത്തുക്കുട്ടി അറിയാതെ കയ്യടിച്ചു പോയി.  ആ തരുണി തലയുയർത്തി ചുറ്റും നോക്കി. മാത്തുക്കുട്ടിച്ചായൻ്റെ മുഖം കണ്ടപ്പോൾ നാണിച്ചു തല താഴ്ത്തി വിരൽ കടിച്ചു നിന്നു. 

" വളരെ നന്നായി "എനിക്ക് പെരുത്തു മകഴ്ചി. " അയാൾ അവളുടെ മൈലഞ്ചിയണിഞ്ഞ കൈയ്യിൽ മുത്തമിട്ടു കൊണ്ടു മൊഴിഞ്ഞു. ഇവൾ എൻ്റെ യൗവ്വനംതിളച്ചു നിന്ന കാലത്തു എൻ്റെ അടുക്കൽ വന്നിരുന്നെങ്കിൽ എന്നയാൾ അറിയാതെ കൊതിച്ചു പോയി.  

ഏതാനും ദിവസങ്ങൾ കൊഴിഞ്ഞു പോയപ്പോൾ കായൽക്കരയിൽ തൻ്റെ ഏറുമാടത്തിന്നരികിൽ " നാട്യാഞ്ജലി " അയാൾ കെട്ടിപ്പൊക്കി. പടിക്കൽ ഒരു ബോർഡ് പ്രത്യക്ഷപ്പെട്ടു."ഗുരുകുലം നാട്യാഞ്ജലി ". 

കുറെ ദിവസങ്ങൾ മാത്തുക്കുട്ടിയും നാഗപഞ്ചമിയും അടുത്തുള്ള വീടുകളിൽ കയറിയിറങ്ങി. രണ്ടാഴ്ച പിന്നിട്ടപ്പോൾ അഞ്ചു പെൺകുട്ടികൾ നൃത്തം പഠിക്കാനെത്തി. 

ജ്വലിച്ചു കത്തുന്ന നിലവിളക്കിൻ്റെ സ്വർണ്ണ പ്രഭയിൽ നടനം കത്തിക്കയറി.

 

 

 

 

 

 

 

 

 

 

 

 

 


നാഗപഞ്ചമിയുടെ നാമം എങ്ങും പരന്നു. കുട്ടികൾ പെരുകി.
രാത്രി ഊണു കഴിയുമ്പോൾ, അടുക്കള വൃത്തിയാക്കി നാഗപഞ്ചമി വന്ന് നോക്കുമ്പോൾ തിണ്ണയിൽ വിരിച്ച പുൽപ്പായയിൽ മാത്തുക്കുട്ടി ചിന്താധീനനായിരിക്കുന്നതു കണ്ടു. അവൾ ക്ഷീണമകറ്റാനെന്ന പോലെ മാത്തുക്കുട്ടിയുടെ മടിയിൽ തല ചായ്ച്ചു കിടന്നു. അവളുടെ നേർത്ത കരാംഗുലികൾ ആവൃദ്ധ മുഖത്തെ തൻ്റെ നിറഞ്ഞ മാറിലേക്കടുപ്പിച്ചു. അവൾ മന്ത്രിച്ചു. 

"ഉങ്കൾ എനക്ക് കടവുൾ മാതിരി "'        തുടരും

AQMXWHNL455iQAeJGu8mBPV-nZVyP-YDur4lqZyLDy8QnkL3YCMGLebMpS44Tv93DKunVBqH-64w4J5y6W-xUgXb_e
AQMf64Kprm7uD5AJ8Mi7sz0ptCY1gazZGNCQmdybCsrDuWN6o3Ov-LgobYjKmqcyn4-4zzrMf4EF0aMz8-mdrG59_e
AQPZwvdqvIDfFaXC21YBx_XaLuI1Vse-7uWrTd5ZuCcwVMkJMfRTYYKrmetz3c2TJcTUt8ld-PEK8y6PljSe3uM0_e

@StoryHubCentral

bottom of page