
കുയിലമ്മ
കുയിലമ്മ
ചെറുകഥ| അളകനന്ദിനി
"അതെ, ഞാൻ തങ്കപ്രഭ സ്പീക്കിംഗ്. "
"നിങ്ങൾ?"
"ഓ, സംവിധായകനാണ്, അല്ലേ?, പറഞ്ഞോളു "
"നല്ല റോൾ കിട്ടിയാൽ തയ്യാറാണ്."
"മദർ ക്യാരക്ടറോ?"
"നായികയായിട്ടാണെങ്കിൽ നോക്കാം ".
"എന്തു കൺസഷൻ?"
"എന്തു അഡ്ജസ്റ്റമെൻ്റൊണ് ഞാൻ ചെയ്യേണ്ടത്?" "ഈശ്വരാ മോൻ്റെ പ്രായം?"
"ഇരുപത്തിമൂന്ന് " .
"എനിക്കു വളരെ ഇഷ്ടമായി. അമ്മ വീട്ടിലുണ്ടോ?എൻ്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കണം".
" പിന്നെ മോൻ ചോദിച്ചതിൻ്റെ മറുപടി. അമ്മയെപ്പോലൊരു സ്വർണ്ണക്കട്ടി വീട്ടിലിരിക്കുമ്പോൾ കാക്കപ്പൊന്നിൻ്റെ പുറകേ പോകണോ തങ്കപ്പാ? ഷട്ട അപ്പ് യുവർ ബ്ലഡി മൗത്ത്. "
"കൊച്ചമ്മാ, ആരാണു വിളിച്ചത്?
തമിഴരശ്ശി ചോദിച്ചു.
"ഏതോ ഒരു ഗൾഫുകാരൻ മോൻ. അവൻ പടം പിടിക്കാൻ നടക്കുന്നു. കഴുത "
തങ്കപ്രഭ ഓർമ്മകളിൽ മുങ്ങി.
പണ്ട് ഇവിടം എന്നും തിരക്കായിരുന്നു. പ്രൊഡ്യൂസർമാരും സംവിധായകരും പിന്നെ ആരാധകരും.

അന്ന് മക്കളുമൊത്ത് ഓണമുണ്ണാനൊ ഷോപ്പിംഗ് നടത്താനോ പോലും സമയം കിട്ടിയിട്ടില്ല. എങ്ങിനെ കിട്ടും? രാത്രിയും പകലും ഷൂട്ടിംഗിൻ്റെ തിരക്ക്. അല്ലെങ്കിൽ അഭിമുഖം, പത്ര സമ്മേളനം.
കാരവനിലിരുന്നാണ് ഉറക്കം. മക്കൾ അവധിക്കു വീട്ടിൽ വരുമ്പോൾ ഞാൻ വിദേശത്തു ഷൂട്ടിംഗിൻ്റെ തിരക്കിലായിരിക്കും അല്ലെങ്കിൽ വിദേശത്തുള്ള മലയാളി സദസ്സുകളിൽ ചീഫ് ഗസ്റ്റ് ആയിരിക്കും. എനിക്കു പകരം മമ്മിയേയോ അക്കയേയോ അയയ്ക്കും.
ഒരിക്കൽ മകൾ രാധ പറഞ്ഞതോർക്കുന്നു. "ഞങ്ങൾക്കു ഡൂപ്പി"നെ അല്ല വേണ്ടത്. ഞങ്ങളുടെ മമ്മിയെ ആണ്. ഇത് സിനിമയല്ല, ജീവിതമാണെന്ന് ".
അവർ വന്നുവെന്നു തോന്നുന്നു. തമിഴരശി ബദ്ധപ്പെട്ട് താഴേക്ക് ഓടി ഗേറ്റ് തുറക്കുന്ന ശബ്ദം
കേൾക്കുന്നു. തങ്കപ്രഭ ബാൽക്കണിയിൽ നിന്ന് താഴേയ്ക്കെത്തി നോക്കി. രണ്ടു കാറുകൾ ഗേറ്റ് കടന്ന് മുറ്റത്തെത്തി.
ബാലൻ മുഖം കുനിച്ച് മൗനിയായി അവൻ്റെ മുറിയിലേക്ക് നടന്നു.
എങ്കിലും പിറകെ വന്ന മരുമകൾ വാസന്തി ഓടി വന്നു കെട്ടിപ്പിടിച്ചു.
" ക്ഷമിക്കണം മമ്മീ ,ഞങ്ങൾ വരുന്ന വഴി ഒരു സുഹൃത്തിൻ്റെ വീട്ടിൽ കയറി. അവർക്കു നിർബന്ധം ഊണു കഴിച്ചിട്ട് പോയാൽ മതിയെന്ന് "
രാധയും ഭർത്താവും കൊച്ചുമകനും മകളും
വന്നു " ഹൈ " പറഞ്ഞ് അവരുടെ മുറികളിലേക്ക് ഒതുങ്ങി. തങ്കപ്രഭ ഡൈനിംഗ് ഹാളിലേക്ക് നടന്നു.
അവിടെ തമിഴരശി സഹായി സുജയും പന്ത്രണ്ടു മണിക്കു തന്നെ
വിരുന്നുമേശയിൽ വിഭവസമൃദ്ധമായ ഓണസദ്യ അതിഥികള കാത്തിരിന്നു ആറിത്തണുത്തു ശ്മശാനത്തിലെ ശവക്കൂനകളായി തോന്നിച്ചു .

ഇന്ന് എന്തെല്ലാം പ്രതീക്ഷകളോടാണ് ഉണർന്നത്. മക്കളോടും കൊച്ചു മക്കളോടുമൊപ്പം ഊണുകഴിക്കണം. മൂന്നു വക പായസം ഉണ്ടാക്കി. '
മുകളിലത്തെ നിലയിൽ ആട്ടവും പാട്ടും തുടങ്ങിക്കഴിഞ്ഞു. രാധയെങ്കിലും താഴെവന്ന് തന്നോടു സംസാരിക്കാമായിരുന്നു.
ഞാൻ പണം വാരിക്കോരി ഈ രണ്ടു മക്കൾക്കും വേണ്ടി ചിലവഴിച്ചു. അവർക്കറിഞ്ഞുകൂടാ എൻ്റെ മമ്മിയും ഞാനും എത്ര പ്രൊഡ്യൂസർമാരുടെ വീടുകളിൽ കയറിയിറങ്ങിയതെന്ന്. എത്ര അപമാനം സഹിച്ചുവെന്ന്. ബാലനും രാധയ്ക്കും ഊട്ടിയിലെ പ്രസിദ്ധമായ ഹൈസ്ക്കൂളിലാണു വിദ്യാഭ്യാസം നല്കിയത്. പ്ലസ് ടൂ കഴിഞ്ഞപ്പോൾ ബാലനെ മെഡിസിനു വിട്ടു. ഡൽഹിയിലെ ഉന്നത മെഡിക്കൽ കോളജിൽ .
കോടികൾ മുടക്കി ആർഭാടപൂർവ്വം രാധയെ കാർഡിയാക് സർജൻ ജയശങ്കറിനു വിവാഹം കഴിച്ചയച്ചു.
അതോർക്കുമ്പോഴാണ് ചിരി വരുന്നത്. എൻ്റെ മമ്മിയും അക്കയുമാണ് ചെറുക്കൻ്റെ വീട്ടിൽ പോയത്. അപ്പോഴും ഞാൻ മലേഷ്യയിൽ ഷൂട്ടിംഗിലായിരുന്നു.
മോബൈൽ ഫോൺ മുഴങ്ങി. ആരാണെന്നു നോക്കി. സൂര്യചക്രവർത്തിയാണ്. ബംഗാളിൽ നിന്നും ചെന്നൈയിൽ വന്ന് തെന്നിന്ത്യൻ സിനിമകളിൽ സൂര്യനെപ്പോലെ ഉദിച്ചു നിന്നവൾ. മൂന്നു ഡൈവോഴ്സു കഴിഞ്ഞു. ഇപ്പോൾ ഏകാകിനിയായി താംബരത്തു താമസം. എന്നെപ്പോലെ തന്നെ.
"എന്താ തങ്കം ഓനം ഹൌ യു സെലിബ്രേറ്റ്? മക്കൾ വന്നോ?"
"വന്നു ". എന്താ ആർ യൂ നോട്ട് വെൽ?
"ബൈ ദ ബൈ ഇന്ന് മക്കളെ എടയാറിൽ വച്ചു മീറ്റു ചെയ്തു. അവരോടൊപ്പം നിൻ്റെ മേയ്ക്കപ്പ് അസിസ്റ്റൻ്റ് പൂർണിമയും ഡോട്ടറുമുണ്ടായിരുന്നു ".
ആയിരം വാൾമുനകൾ ഹൃദയത്തിൽ കുത്തിയിറക്കിയതുപോലെ. ഒളിച്ചു പിടിച്ചതെല്ലാം വെളിച്ചത്തിൽ വീണതുപോലെ. പൂർണ്ണ നഗ്നയായതുപോലെ.
" ബാലേട്ടൻ്റെ മമ്മി" ഞാൻ അകത്തേയ്ക്കു വരട്ടെ" "യേസ് "
സമ്മതം മൂളി.
വാസന്തിയായിരുന്നു.
തങ്കം എഴുന്നേറ്റ് കിടക്കയിൽ ഇരുന്നു. സ്നേഹമുള്ള മരുമകൾ - അവൾ ഓർത്തു.
"മമ്മിയുടെ സദ്യ കഴിക്കാനായിരുന്നു എനിക്കു താല്പ്പര്യം പക്ഷെ ബാലേട്ടനും രാധേടത്തിക്കും ആ അമ്മച്ചിയുടേയും മോളുടേയും കൂടെ സദ്യ കഴിക്കണമെന്നു വാശി പിടിച്ചു ".
"എന്താ മോളെ, നിനക്കു സുഖമാണോ? തങ്കപ്രഭ വിഷയം മാറ്റാൻ ശ്രമിച്ചു.
"എനിക്കു സുഖമാണമ്മേ ."
"നീ രണ്ടാമതും ഗർഭിണിയായോ? നിനക്ക് അല്പം വിളർച്ചയുണ്ട്. സൂക്ഷിക്കണം.
"എനിക്കു് ബാലേട്ടൻ്റെ പരിരക്ഷണം നന്നായി
കിട്ടുന്നുണ്ട് "
വാസന്തിയുടെ ചിരി പൂത്തിരി പോലെ കത്തി." ഇപ്പോഴല്ലേ ഇതൊക്കെ സാധിക്കൂ. ബാലേട്ടൻ പറയുന്നത് പഞ്ചപാണ്ഡവന്മാരെ വേണമെന്നാണ് "
വാസന്തി നാണത്തിൽ പൊതിഞ്ഞ ചിരിയിലമർന്നു. കാട്ടാറിൻ്റെ സംഗീതം പോലെ.
തങ്കത്തിൻ്റെ മനസ്സിലേയ്ക്കു കൂരമ്പുകൾ തറഞ്ഞുകൊള്ളുന്നു. തന്നോടുള്ള വെറുപ്പും പകയും അവനു കൂടിയിരിക്കുന്നു.
"ഇതേതുമാസം? "
"നാലാം മാസം".
വാസന്തി മന്ദഹാസത്തോടെ മൊഴിഞ്ഞു.
"ഞങ്ങളുടെ കുടുംബത്തിൽ ആൺതരികളില്ലാത്തതു നികത്തണമെന്നാണ് എൻ്റെ അമ്മയും അച്ഛനും പറയുന്നത്. പക്ഷെ എൻ്റെ കഷ്ടപ്പാട് എനിക്കല്ലേ അറിയൂ". വാസന്തി തുടർന്നു.
" നിനക്കു ബാലനോട് തുറന്നു പറഞ്ഞു കൂടെ? തങ്കപ്രഭ പിടിവള്ളിയിൽ മുറുകെപ്പിടിച്ചു കയറാൻ ശ്രമിച്ചു.
പക്ഷെ വാസന്തി ആ പിടിവള്ളി അറുത്തു മാറ്റി. "എനിയ്ക്കും ബാലേട്ടൻ പറഞ്ഞതാണു ശരിയെന്നു തോന്നി. പെണ്ണിനു പ്രസവം ഒരനുഗ്രഹമാണ്. ഈശ്വരനും പ്രകൃതിയും സ്ത്രീയെയാണ് ആ ജോലി എല്പ്പിച്ചത് "
കയത്തിൽ മുങ്ങിത്താഴുന്നതായി തങ്കപ്രഭക്കു തോന്നി.
"എനിക്ക് ഒന്നു മയങ്ങണം ഞാൻ മുകളിലേയ്ക്കു പോകുന്നു മമ്മി"
"ശരി മോളെ "
വാസന്തി വാതിൽ ചാരി പുറത്തു കടന്നപ്പോൾ തങ്കത്തിന് ലോകം തനിക്കു ചുറ്റും വേഗത്തിൽ കറങ്ങുന്നപോലെ തോന്നി. വാസന്തിയുടെ ഉന്തിയവയർ അവൾക്കാനന്ദമാണ്. അവിശ്വസനീയം!
പക്ഷെ ഓട്ടത്തിനിടയിൽ പലതും കൈമോശം വന്നു. ജീവിത പങ്കാളികൾ മാറി മാറി വന്നു, പോയി.

പഴയ സാരി മാറ്റി പുതുപുത്തൻ ഉടയാട ധരിക്കുന്നതു പോലെ. കുറച്ചു കൂടി കനത്ത അലങ്കാരം പറഞ്ഞാൽ, പാമ്പു പടം പൊഴിക്കുന്ന പോലെ ഞാൻ ഭർത്താക്കന്മാരെ മാറ്റിക്കൊണ്ടിരുന്നു എന്നു പറയുന്നതാവും ശരി.
അന്ന് രവിശങ്കർ തെന്നിന്ത്യയിലെ മുടിചൂടാമന്നൻ. താൻ ലേഡി സൂപ്പർ സ്റ്റാർ. തൻ്റെ ഭർത്താവു് ഒരു പത്രപ്രവർത്തകനെ ചാരപ്പണിക്കു നിയോഗിച്ചു. ഒളിക്യാമറയിൽ എല്ലാം പകർത്തി ചാനലുകളിൽ ചൂടുവാർത്തകൾ തിരമാലകളായി ആഞ്ഞടിച്ചു.
രവിശങ്കറും ഞാനും വേർപിരിഞ്ഞു. പക്ഷെ അതിനു മുമ്പേ ഇരട്ടകൾക്കു ജന്മം കൊടുത്തു കഴിഞ്ഞിരുന്നു.
ആ വിടവു നികത്തിയത് വീരഭദ്രനായിരുന്നു. അക്കാലത്തെ തെന്നിന്ത്യൻ സിനിമകളിലെ 'ഇടി' സീനുകളിലെ പ്രതിഭാസം ആറരയടിപ്പൊക്കവും നിറഞ്ഞ മസിലുകളുമുള്ള വീരഭദ്രൻ എനിക്കെന്നും നിറഞ്ഞ ആവേശമായിരുന്നു. കരിവീട്ടിയിൽ കടഞ്ഞെടുത്ത ഒരു ദാരുശില്പം പോലെ പൗരുഷത്തിൻ്റെ പ്രതീകം.
വാതിലിൽ മുട്ടുകേട്ട് എഴുന്നേറ്റു വാതിൽ തുറന്നു. രാധയും മക്കളും ഹസ്ബൻ്റ് വിനോദ്.
തങ്കപ്രഭ ചിരിച്ചു. മങ്ങിയ ചിരി. ദുഃഖവും ചമ്മലും കുഴച്ചു വെച്ച വളിച്ച ചോറു പോലെ.
രാധക്കു രണ്ടു കുട്ടികൾ, സ്നേഹ, ലിയോണ. ലിയോണയ്ക്കു രാധയുടെ മുഖച്ഛായ. സ്നേഹ അവളുടെ അച്ഛൻ്റെ തനി ഛായയാണ്.
" മമ്മി മുടങ്ങാതെ മരുന്നു കഴിക്കണം ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്"
എല്ലാവരും നന്നായി അഭിനയിക്കുന്നു.
രാധ മക്കളുമായി പൂന്തോപ്പിലേയ്ക്കു നടക്കുമ്പോൾ മനസ്സു നടുങ്ങി. അവൾ ഒന്നും ഉരിയാടിയില്ല.
പണ്ടാണെങ്കിൽ പോടാ പുല്ലേ എന്ന മട്ടിൽ മുന്നോട്ടു പോകുമായിരുന്നു.
പക്ഷെ ഇപ്പോൾ വയ്യ. ബൈപ്പാസ് സർജറി കഴിഞ്ഞ ഒരു ഹൃദ് രോഗിയ്ക്കു് ഒന്നും താങ്ങാൻ വയ്യാ.
ശരിയാണ്, എനിക്ക് വളരെയധികം മുള്ളുകളിലും ചെളിയിലും ചവിട്ടേണ്ടി വന്നു. എൻ്റെ തൊഴിൽ അങ്ങിനെയുള്ളതായിരുന്നു. സംവിധായകരെയും പ്രൊഡ്യൂസർമാരേയും തൃപ്തിപ്പെടുത്തേണ്ടി വന്നിട്ടുണ്ട്.
സിനിമയിൽ നിന്നും ഞാൻ പുറത്തായി. തമിഴ് സീരിയലുകളിൽ മുഖം കാണിക്കാൻ ശ്രമിച്ചു. പക്ഷെ ഫലിച്ചില്ല.
ഇപ്പോൾ ബാലനും രാധയ്ക്കും പോലും ഞാൻ ഒരു അധികപ്പററായി മാറിയിരിക്കുന്നു.
വാതിലിൽ മുട്ടുന്നതു കേട്ട് ഓർമ്മകളുടെ കയത്തിൽ നിന്നും പൊങ്ങി നിവർന്നു ചുറ്റും നോക്കി.
" പറഞ്ഞോളു തമിഴരശി "
കൊച്ചമ്മേ ,അവരെല്ലാവരും പുറത്തു പോവുകയാണ്.ഇവിടെ ഭക്ഷണമൊന്നും തയ്യാറാക്കണ്ടന്നാണ് രാധമോൾ പറഞ്ഞിരിക്കുന്നത്.
തമിഴരശി മൊഴിഞ്ഞു.
"കൊച്ചമ്മക്കു ഓട്ട്സും പാലും തയ്യാറാക്കാം, അല്ലേ?"
/തങ്കപ്രഭ തലയാട്ടി. തമിഴരശി പുറത്തേക്കു വലിഞ്ഞു.
മാലപ്പടക്കം പോലുള്ള ചിരി കേട്ടിടത്തേക്ക് പയ്യെ നടന്നു.
"കുയിലമ്മ അടയിരിക്കില്ല. കാക്കയുടെ കൂട്ടിൽ മുട്ടകൾ നിക്ഷേപിക്കും. പാവം കാക്ക കുയിലമ്മയുടെ മുട്ടകൾ കൂടി തൻ്റെ മുട്ടകളോടു ചേർത്തുവച്ച് വിരിയിക്കും.
"അതെന്താ കുയിലമ്മ അടയിരിക്കാത്തെ?"
"അത് നിൻ്റെ ഗ്രാൻമയോടു് ചോദിക്ക്?"
പൊട്ടിച്ചിരികൾ.
"ശ് ഗ്രാൻമ കേൾക്കും".
"കേട്ടാലെന്താ?"
നിഷ്ക്കളങ്കമായ ചോദ്യത്തിനു രാധയുടെ അമർത്തിച്ചിരി. തങ്കലത തിരിഞ്ഞു നടന്നു.
മനസ്സു വിങ്ങുന്നു.
അവൾ കിടക്കറയിലേക്ക് മറഞ്ഞു.
മനസ്സിൽ കാക്കയുടെ ചിത്രം പൊന്തി വന്നു.
പൗർണമി തൻ്റെ മേയ്ക്കപ്പു് ആർട്ടിസ്റ്റായിരുന്നു. വളരെ സുന്ദരിയായ നർത്തകിയായിരുന്നു പൗർണ്ണമി. നടിയാകാൻ കൊതിച്ച് ചെന്നൈയിൽ വന്നതാണ്.
അവൾ തൻ്റെ ശരീരം കലയ്ക്കു വേണ്ടി പങ്കുവെക്കാൻ തയ്യാറല്ലായിരുന്നു. അതായിരുന്നു അവളുടെ പോരായ്മ.
അവൾ വിശ്വസ്തയായിരുന്നു.
ഞാൻ സിനിമയിൽ നിറഞ്ഞു നില്ക്കുന്ന കാലം. ഭർത്താവ് രവിശങ്കർ ആശയം പറഞ്ഞു. പ്രസവിച്ചാൽ സൗന്ദര്യം നഷ്ടപ്പെടും. മുലകൾ ഇടിഞ്ഞു വീഴും. പിന്നെ, ടൂത്തു് ബ്രഷുകൾ ഉപയോഗിച്ചു പൊക്കി നിർത്തണം. മുഖത്ത് ചുളിവുകൾ വീഴും, ശരീരവടിവു മാഞ്ഞു പോകും.
വിദേശത്തെ പ്രസിദ്ധനായ ഡോക്ടറുടെ ക്ലിനിക്കിലേക്ക് ഞങ്ങൾ രണ്ടു പേരും പറന്നു. പൗർണ്ണമിയേയും കൂട്ടി വീണ്ടും പറന്നു. നിരവധി ടെസ്റുകൾ നടത്തി. പരമരഹസ്യമായി എല്ലാം ക്രമീകരിച്ചു. ഡോക്ടർ പ്രവചിച്ച തീയതിയിൽത്തന്നെ പൗർണ്ണമി ഇരട്ട കുഞ്ഞുങ്ങൾക്കു ജന്മമേകി.
നാട്ടിൽ ഞാൻ ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്ക് കാരവനിലെ സുഖശീതളിമയിൽ തിരക്കിട്ട് സ്ക്രിപ്റ്റ് വായിച്ചു കൊണ്ടിരുന്നു.
പ്രസിദ്ധ നടി തങ്കപ്രഭ അനാഥരായ ഇരട്ടക്കുഞ്ഞുങ്ങളെ ദത്തെടുത്ത വാർത്ത തമിഴ്, തെലുങ്ക്, കന്നട, മലയാളം പത്രങ്ങളും ചാനലുകാരും വലിയ ആഘോഷമാക്കി. തങ്കപ്രഭയ്ക്ക് പത്മശ്രീ അവാർഡിന് അർഹത ഉണ്ടെന്നു വരെ എടുത്തു കാച്ചി.
ഇരട്ടക്കുഞ്ഞുങ്ങളുടെ മുലകുടി കഴിയുന്നതുവരെ പൂർണ്ണിമയെ തൻ്റെ ബംഗ്ലാവിൽ എല്ലാ സൗകര്യങ്ങളോടും കൂടി ഞാൻ ജോലിയിൽ നിർത്തി. എല്ലാം പരമ രഹസ്യമായിരുന്നു.
പക്ഷെ ആ ബന്ധം ആത്മബന്ധമായി മാറാൻ തുടങ്ങിയപ്പോൾ, ഇരട്ടകൾക്ക് അവൾ മാത്രം മതി, എന്നെ വേണ്ട എന്ന അവസ്ഥ വന്നപ്പോൾ, പൂർണ്ണിമയെ പിരിച്ചുവിടാൻ ഞാൻ നിർബന്ധിതയായി.
കുഞ്ഞുങ്ങളുടെ വിരഹ ദുഃഖം മാറ്റാൻ ഞാൻ വിദേശ ടൂർ ഏർപ്പാടു ചെയ്തു. പക്ഷെ ഷൂട്ടിംഗിൽ നിന്നും മാറി നില്ക്കാൻ എനിയ്ക്കു കഴിഞ്ഞില്ല. പകരം അക്കനും അമ്മായിയും മമ്മിയുമായിരുന്നു ഇരട്ടകുഞ്ഞുങ്ങളുടെ കൂടെ പോയത്.
പക്ഷെ കാലം ആർക്കുവേണ്ടിയും കാത്തു നില്ക്കാത്ത കണിശ്ശക്കാരനാണ്.
വിദേശത്തെ മെഡിക്കൽ കോളജിൽ ഹൗസ് സർജനായി പ്രാക്ടീസ് ചെയ്യുന്ന അവസരത്തിലാണ് ഡോക്ടർ വെങ്കിട്ടരാമനെ ബാലൻ പരിചയപ്പെടുന്നത്.
യാദൃശ്ചികമായി അദ്ദേഹം ബാലനുമായി രോഗികളുടെ രഹസ്യങ്ങൾ പങ്കു വെച്ചപ്പോഴാണ് തൻ്റെ ജന്മ രഹസ്യം ബാലന് ചുരുൾ നിവർന്നത്. അത് ബാലനു കിട്ടിയ ജീവിതത്തിലെ ഏറ്റവും വലിയ ക്ഷോക്കായിരുന്നു.
പിന്നെ അതിൻ്റെ ഉറവിടം തേടി അയാൾ ലാബുകളിൽ അലഞ്ഞു.

സത്യം കണ്ടെത്തി.
താൻ കണ്ടെത്തിയ സത്യം ബാലൻ സഹോദരി രാധയുമായി പങ്കുവെച്ചു. തങ്ങൾ അച്ഛനുമമ്മയും നഷ്ടപ്പെട്ട അനാഥക്കുട്ടികളല്ലെന്ന സത്യം അവർ തിരിച്ചറിഞ്ഞു.
നീണ്ട നിരത്തിലൂടെ കാർ വേഗത്തിൽ പാഞ്ഞുകൊണ്ടിരുന്നു.
ഒരു കടക്കാരനോടു് വിലാസം തിരക്കി. അയാൾ കൈ ചൂണ്ടിയ ഭാഗത്തേക്ക് കാർ ഓടി ഒരു കൊച്ചു വീടിൻ്റെ മുന്നിൽ നിന്നു.
ബാലനും രാധയും കാറിൽ നിന്നും പുറത്തിറങ്ങി.
ഒരു വൃദ്ധ ആടിനെ കറന്നു കൊണ്ടിരിക്കുന്നു.
ഓർമ്മകളുടെ മൂടൽ മഞ്ഞിലേക്ക് രണ്ടു കുരുന്നുകളുടെ ആത്മാവു് സഞ്ചരിച്ചു.
നിറയെ ചുംബനങ്ങൾ കൊണ്ടു തങ്ങളെ അടിമുടി മൂടുന്ന ഒരു മാലാഖ. അവളുടെ വലിയ മുലകളിൽ നിന്നും ചുരന്ന പാലിൽ കുളിച്ച ചുണ്ടുകൾ. ആ മാലാഖയുടെ മാറിൽ ഒട്ടിക്കിടന്ന രണ്ടോമനകൾ.
സായം സന്ധ്യകളിൽ പൂന്തോപ്പിലെ പുല്ലിൽ ആ മാലാഖയുടെ പുറത്തു കയറി രണ്ടോമൽക്കുരുന്നുകൾ "ആനപ്പുറത്തു " സഞ്ചരിക്കുന്നതും ആ മാലാഖയുടെ കൈ തുമ്പിക്കൈയായി നീണ്ട് കുളത്തിലെ താമര പറിക്കാൻ ശ്രമിച്ചതും പാവം മാലാഖ കുളത്തിനരുകിൽ വീണതും രാധ ഓർത്തു. ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ!
" അമ്മാ ഉങ്കൾ പൂർണ്ണിമ താനേ? രാധ ചോദിച്ചു.
" ആമാ. നാൻ താൻ പൂർണ്ണിമ " പാൽ കറന്നു കൊണ്ട് അവർ പറഞ്ഞു.
"ഞങ്ങൾ ബാലനും രാധയും "
ആ പേരുകൾ കെട്ട മാത്രയിൽ ആ വൃദ്ധ ഒരു നിമിഷം പതറി. ഓർമ്മകളിൽ പരതി പിന്നെ അവരെ സൂക്ഷിച്ചു നോക്കി. പാൽപ്പാത്രം താഴെ വെച്ച്, എഴുന്നേറ്റു വേച്ചു വേച്ചു വന്നു.
"ഉങ്കൾ ബാലനും രാധയുമാ? നിജമാ? സത്യമാ?"
"ആമാ. നാങ്കൾ ബാലനും രാധയും " .
ആ വൃദ്ധ ആകാശത്തേക്ക് ദൃഷ്ടികളുയർത്തി
" എൻ കടവുളേ നീ കാപ്പാററിയ എൻ അരുമൈ തങ്കക്കുടങ്ങൾ "
ആ വൃദ്ധ ബാലനെ വാരിപ്പുണർന്നു. മൂർദ്ധാവിൽ വീണ്ടും വീണ്ടും ചുംബിച്ചു.
തുരുമ്പിച്ച തകരപ്പാട്ടയടിച്ച മേൽക്കൂരയും മണ്ണു ഭിത്തിയിൽ കുമ്മായം പൂശിയ രണ്ടു മുറിയും തകരപ്പാട്ടവാതിലുമുള്ള വീടു്. വൃത്തിയുള്ള മുറ്റത്ത് അരിപ്പൊടിക്കോലങ്ങൾ വരച്ചിരിക്കുന്നു.
"എന്തിനാണ് അമ്മ ചെന്നൈയിൽ നിന്നും ഇത്ര ദൂരം വന്ന് ഈ പട്ടിക്കാട്ടിൽ താമസിക്കുന്നത്?"
ആ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
"നിങ്ങളെ പത്തു മാസം ചുമന്ന് പാലാട്ടിയതിന് തങ്കപ്രഭ എനിക്ക് അഞ്ചുലക്ഷം തന്ന് പിരിച്ചുവിടാൻ തയ്യാറായി. ഞാൻ പണം എടുത്തില്ല. പകരം ഞാൻ അവിടെ വേല ചെയ്ത് കഴിഞ്ഞോളാം. എൻ്റെ കുഞ്ഞുങ്ങളെ കാണാമല്ലോ? പക്ഷെ തങ്കപ്രഭ കൊച്ചമ്മ എന്നെ പുറത്താക്കി.
"ഇനി അമ്മയ്ക്കു ഞങ്ങളുണ്ട് "
"ബാലനും രാധയും ഉറപ്പുകൊടുത്തു.'' ആ ചുണ്ടുകൾ വിതുമ്പി.
"എൻ തങ്കക്കുടങ്ങൾ "
"മോളുടെ പേര്?
"പൂങ്കുഴലി"
രാധ പൂങ്കുഴലിയെ മാറോടണച്ചു.
" ഉങ്കൾ എൻ അരുമൈ തങ്കൈ "
ചെറിയ രണ്ടു നില വീടു്. പണി തീർന്നതേ ഉള്ളു. പത്തു സെൻ്റ് സ്ഥലത്തിൽ മനോഹരമായ ഭവനം. "പൂർണ്ണിമാലയം" മലയാളത്തിലും തമിഴിലും എഴുതി വച്ചിരിക്കുന്ന ഫലകം ആ അമ്മയും മകളും വായിച്ചു തരിച്ചുനിന്നു.
ബാലൻ പോക്കറ്റിൽ നിന്നും താക്കോലെടുത്ത് അമ്മക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.
" ഇത് അമ്മയ്ക്ക് ഞങ്ങൾ മക്കളുടെ പരിശ് "
അമ്മ വാതിൽ തുറക്കണം"
ബാലൻ സ്വിച്ചിട്ടപ്പോൾ പ്രകാശം പരന്നു. എല്ലാവിധ സൗകര്യങ്ങളും വീട്ടിൽ സജ്ജമാക്കിയിരുന്നു. ഏറ്റവും അത്യാധുനിക അടുക്കളയായിരുന്നു അമ്മയേയും മകളെയും എതിരേറ്റത്. വാതിലിനും ജനാലകൾക്കും മനോഹരമായ കർട്ടൻ. ടി.വി., ഫ്രിഡജ്, എല്ലാ ഫർണിച്ചറുകളും അവിടെ അടുക്കും ചിട്ടയിലും വച്ചിരുന്നു.
"അമ്മ കവലപ്പെടമാട്ടേൻ. എല്ലാമാസവും ഞാൻ ഒരു തുക അമ്മയുടെ അക്കൗണ്ടിലേക്ക് ഇട്ടു തരാം".
ഒരാഴ്ച മക്കളും കൊച്ചുമക്കളും വീട്ടിലുണ്ടായിരുന്നപ്പോൾ മുകളിലത്തെ നിലയിൽ പൊട്ടിച്ചിരിയും കളിയും ബഹളവുമായിരുന്നു. അതെങ്കിലും മതിയായിരുന്നു തങ്കപ്രഭയ്ക്കു സന്തോഷത്തിന്.
ഇന്നു വെളുപ്പിന് അവർ പുറപ്പെടാൻ നേരം മാത്രം തൻ്റെ അടുക്കൽ വന്നു മുഖം കാണിച്ചു .ബാലനും രാധയും കവിളത്തു ഉമ്മ വച്ചു ഒരു ചടങ്ങു പോലെ.
രാധയുടെ മക്കളും ബാലൻ്റെ മക്കളും മടിച്ചു മടിച്ചു വന്ന് "ഗുഡ് ബൈ " പറഞ്ഞു പിരിഞ്ഞു. ഇപ്പോൾ വീണ്ടും ശ്മശാന മൂകതയുടെ ഇരുട്ട് ഈ ബംഗ്ലാവിൽ ചിലന്തിവല കെട്ടാൻ തുടങ്ങി.