top of page
Dramatic Leaves

അതിഥി

അതിഥി       ചെറുകഥ        അളകനന്ദിനി

ആദ്യഭാഗം

അതിഥി       ചെറുകഥ        അളകനന്ദിനി

ആദ്യഭാഗം

എന്നും വൈകുന്നേരം നഗരഹൃദയത്തിൽ,കായലിൻ്റെ തീരത്തുള്ള   ഉദ്യാനത്തിൽ ഒരു മദ്ധ്യവയസ്ക്കൻ എത്തി   സിമൻറ് ബെഞ്ചിൽ  കുറെസമയം ചിലവഴിക്കും. നഗരത്തിൻ്റെ തിക്കും തിരക്കും വർദ്ധിച്ചു വരുന്നതേയുള്ളു. മധ്യാഹ്നത്തിൽ മയക്കത്തിലാകുന്ന നഗരം ഉണരുന്നത് നാലു മണിയോടടുത്താണ്. രാത്രി പതിനൊന്നുവരെ അവൾക്ക് തിരക്കോടു തിരക്കാണ്.

 

 സന്ധ്യക്ക് കായലിൽ ഒരു കോടി നിലവിളക്കുകൾ  കൊളുത്തി വെച്ച് അവൾ അതിഥികൾക്കായി ദീപാരാധന നടത്തും. പിന്നെ കായലഴിച്ചിട്ട തങ്കത്തിരകളിൽ അവൾ മദാലസയായി കടൽകാററിൻ്റെ താളത്തിൽ നൃത്തച്ചുവടുകൾ വെക്കാൻ തുടങ്ങും.

 

" അങ്കിൾ സ്വപ്നത്തിലാണോ? "

അയാൾ ഞെട്ടിത്തിരിഞ്ഞു. മെലിഞ്ഞു പൊക്കമുള്ള സുന്ദരിയായ സ്ത്രീ ചിരിച്ചു കൊണ്ട് മുന്നിൽ നില്ക്കുന്നു. രണ്ടു കുഞ്ഞുങ്ങൾ.  അവളുടെ വിടർന്ന കണ്ണുകളും എപ്പോഴും പുഞ്ചിരി മായാത്ത മുഖവും എവിടെയോ കണ്ടു മറന്നപോലെ.  പക്ഷെ അവരുടെ നിറം മങ്ങിയ വേഷവിധാനങ്ങളിൽ ദാരിദ്രത്തിൻ്റെ ഒളിമിന്നൽ വ്യക്തമാണ്. അയാളുടെ മുഖത്തെ ഇരുളിമ മാഞ്ഞു. ചിരിക്കാൻ ശ്രമിച്ചു. 

"ഞാൻ എവിടെയോ വെച്ച് നിങ്ങളെ കണ്ടിട്ടുണ്ടല്ലോ? എവിടെയാണെന്നു നിശ്ചയമില്ല". 

 

അയാൾ തലയുടെ രണ്ടു വശങ്ങളിലും പയ്യെ കൈപ്പത്തി കൊണ്ട് അടിച്ചു. ഓർമ്മിക്കാനുള്ള ഒരു ടിപ്പു് അയാൾക്ക് ആരോ പറഞ്ഞു കൊടുത്തതാണ്. അയാൾ ഓർക്കാൻ പാടുപെടുമ്പോൾ ചിരിച്ചു കൊണ്ട് ആ കൃശഗാത്രി പറഞ്ഞു.

 "തലയടിച്ചു പൊട്ടിക്കണ്ടാ. യുക്തിവാദി സംഘത്തിൽ വച്ചാണ്. മൂന്നു മാസം മുമ്പാണ് ഞാൻ ആദ്യമായി അവിടെ വന്നതു്. സാറ് പ്രസംഗം കഴിഞ്ഞ് സദസ്സിലേക്ക് വന്നപ്പോൾ  ഞാൻ എന്നെ പരിചയപ്പെടുത്തി" 

 

 

"യെസ്, യെസ്, ഞാൻ ഓർക്കുന്നു. പക്ഷെ പേരു്? അയാൾ വീണ്ടും തലയിലടിക്കാൻ  ശ്രമിച്ചപ്പോൾ

അവൾ ചിരിച്ചു. " സുജാതാ ഭാസ്ക്കരൻ"

"രണ്ടു കുഞ്ഞുങ്ങൾ? ഭർത്താവ് എന്തു ചെയ്യുന്നു?"

 

 അവൾക്കു വീണ്ടുംചിരി വന്നു. ഒപ്പം നാണവും.

 

 "ഈ കുഞ്ഞുങ്ങൾ എൻ്റെ ചേച്ചിയുടെ മക്കളാണ്".

 

 അവളുടെ തുടുത്ത കവിളത്തെ നുണക്കുഴികൾ വിടർന്നത് അയാൾ ശ്രദ്ധിച്ചു. അയാളുടെ മുഖത്ത് വിളറിയ ചിരി പടർന്നു മാഞ്ഞു. ഒരു ചോദ്യം കൂടി ചോദിക്കാൻ അയാൾക്ക് ധൈര്യം പോരാ.

പിന്നെ അവരുടെ വിഷയം സമൂഹത്തിലെ അനാചാരങ്ങളെക്കുറിച്ചും അന്ധവിശ്വാസങ്ങളെക്കുറിച്ചുമായി. 

 സുമ തുമ്പിയെ പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. സുമിയുടെ ശ്രദ്ധ പൂക്കളിലാണ്.  സുജാത ഒരമ്മയുടെ വാത്സല്യത്തോടെ ആ ഇരട്ടകളുടെ പ്രവർത്തികളെ ഒളികണ്ണിലൂടെ ആസ്വദിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ പെരുമഴയിൽ  അവൾക്കു തണുപ്പും ശ്വാസം മുട്ടലും  തോന്നിയെങ്കിലും അനിഷ്ടം പുറത്തു കാണിക്കാതെ  " ശരിയാ, ശരിയാ" എന്ന് പുട്ടിനു തേങ്ങ ഇടുന്നതു പോലെ യാന്ത്രികമായി ആവർത്തിച്ചുകൊണ്ടിരുന്നു. 

 

അപ്പോഴാണ് അല്പ്പം അകലെ സിമൻ്റ് ബെഞ്ചിലിരുന്ന കാഷായ വസ്ത്രധാരിയായ താടിക്കാരൻ ഇടപെട്ടത്. 

 "മർത്യ ജീവിതത്തിലെ അനുഭവങ്ങൾ മിക്കതും യുക്തിരഹിതങ്ങളും അവിശ്വസനീയവുമാണ്'' .കാഷായ വസ്ത്രധാരി ആമുഖ പ്രഖ്യാപനം നടത്തി.

 

പുതിയ ചർച്ചയ്ക്കുള്ള ഊർജ്ജം കിട്ടാൻ ദാഹിച്ചിരുന്ന യുക്തിവാദിക്ക്  വെടിമരുന്ന കിട്ടിയതുപോലായിരുന്നു ആ വിഷയം.

വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്നു തന്നെ എന്ന് സുജാതക്കു തോന്നി.

"ചേച്ചി " എന്നു  വിളിച്ചപ്പോഴേക്കും സുജാത അവിടെ നിന്നും ഓടി രക്ഷപെട്ടു് സുമയുടെ അടുത്തെത്തി തുമ്പിയെ പിടിച്ചു അവൾക്കു കൊടുക്കാൻ ശ്രമിച്ചു പക്ഷെ തുമ്പി ചിറകടിച്ചു മൂളിയപ്പോൾ ആ കുരുന്നിൻ്റെ കണ്ണുകളിൽ ഭയം. സുജാത തുമ്പിയുടെ പ്രാണഭയം ആ കുരുന്നിനെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമത്തിൽ വിജയം കണ്ടു. പിന്നെ ആ കുരുന്നിൻ്റെ മൗനസമ്മതത്തോടെ തുമ്പിയെ സ്വതന്ത്രയാക്കി. ആ ജീവി പറന്നു പറന്നു് അടുത്ത പൂവിൽ ചെന്നിരുന്നു. സുജാതയും കുഞ്ഞുങ്ങളും ആ പുൽത്തകിടിയിലൂടെ പൂക്കളേയും പറവകളെയും ആസ്വദിച്ചുകൊണ്ട് നടന്നു. 

 

സുമി ഒരു റോസാപ്പൂ ഇറുത്തെടുക്കാൻ ശ്രമിച്ചപ്പോൾ സുജാത തിടുക്കത്തിൽ അവളുടെ അടുത്തുചെന്നു അവൾക്ക് സാർവ്വലൗകിക സ്നേഹം കോരി വിളമ്പി.

 

"ഓരോ പൂവിനും ജീവനുണ്ട്. ഒരിക്കൽ മാത്രമാണ് അതു വിടരുന്നതു്. കൊഴിയാൻ വിനാഴിക മാത്രമുള്ള ജീവിതം. നമ്മെപ്പോലെയാണ്. സന്തോഷവും വേദനയും അവർക്കും ഉണ്ടു് ". 

സുമി പൂവിറുത്തില്ല പകരം അതിൻ്റെ ലോലമായ ഇതളുകളിലേക്ക് അവളുടെ മിഴി ഉടക്കി നിന്നു. അതിൻ്റെ ഇതളുകൾ കാറ്റിനോടു കുശലം പറയുന്നതും വണ്ടിനോടു സല്ലപിക്കുന്നതും അവളുടെ മനസ്സിൽ പുതു സ്വപ്നങ്ങൾ വിടർത്തി.  

 

കാഷായ ധാരിയുമായുള്ള ചർച്ച പാതി വഴിയിൽ കലഹിച്ചു  നിന്നപ്പോൾ  നിരാശനായ യുക്തിവാദിക്ക് ഒരു കുസൃതി തോന്നി. അയാൾ വിളിച്ചു. 

"പൊന്നുമക്കളേ, ഇങ്ങു വന്നേ " 

ആ കുസൃതിക്കുരുന്നുകൾ ചേച്ചിയുടെ പിടിവിട്ട് അയാളുടെ അടുത്തേക്ക് ഓടി വന്നു. അയാൾ വാങ്ങിയ കപ്പലണ്ടി പൊതികളിൽ ഒന്നെടുത്ത് അവർക്കു നീട്ടി. അവർ ആ പൊതിക്കുവേണ്ടി ശണ്ഠകൂടുന്നത്  കാണാൻ അയാളുടെ മനസ് വെമ്പി. പക്ഷെ സുമി പൊതി വാങ്ങി സുമക്കു കൊടുത്തു. സുമ ആ പൊതി സുജാതയെ ഏൽപ്പിച്ചു.   അവർ മൂവരും ആ കപ്പലണ്ടി ആർത്തിയോടെ

കൊറിച്ചുകൊണ്ടിരുന്നപ്പോൾ സുജാത ഏറു കണ്ണിട്ട് യുക്തിവാദിയുടെ വിളറിയ മുഖത്തേക്ക് നോക്കി ഉള്ളിൽ ചിരിച്ചു.  

അയാൾ സുമയോടു ചോദിച്ചു. 

 

" ഞാൻ മോൾക്ക് നല്ല അഴകുള്ള ഒരു തുമ്പിയെ പിടിച്ചു തരട്ടെ "

 "അയ്യോ വേണ്ട അങ്കിൾ. അതിനു വേദനിക്കും. അതു പറന്നു നടക്കുന്നതു കാണാനാണ് എനിക്കിഷ്ടം." സുജാതയുടെ മുഖത്തു തെളിഞ്ഞ ചിരി അയാളെ അസ്വസ്ഥനാക്കി. അയാൾ എഴുന്നേറ്റു.  സുജാത ചോദിച്ചു

 "എന്താ സാർ പെട്ടെന്നു പോകുന്നത്?"

 

" കണ്ടില്ലേ മാനം കാർമേഘം മൂടി എപ്പോൾ വേണമെങ്കിലും പെയ്യാൻ ദേഷ്യപ്പെട്ട് നിൽക്കയാണ്. ശരി ഗുഡ് ബൈ .നാളെക്കാണാം ". 

അയാൾ പുറത്തു പാർക്കുചെയ്തിരുന്ന കാറിൽ കയറി ഓടിച്ചു പോയി.

 

പെട്ടെന്ന് മഴ ചാറാൻ തുടങ്ങി. സുജാത തൻ്റെ ചെറിയ ബാഗിൽ നിന്നും നിറം മങ്ങിയ കുട എടുത്തു നിവർത്തി കുഞ്ഞുങ്ങൾക്കു കൊടുത്തു.  ടവ്വൽ തലയിലിട്ടു കൊണ്ട്  ഉദ്യാനത്തിൽ നിന്നും അവൾ കുഞ്ഞുങ്ങളുമായി   കായലോളങ്ങളിൽ കളിയൂഞ്ഞാലാടുന്ന നീർപ്പോളപ്പൂക്കളെ ശ്രദ്ധിച്ചു കൊണ്ട് വെള്ളിത്തിരകളിലുടെ നടന്നു.

 

തൽക്കാലം മഴ മാറി.  എങ്കിലും ആകാശത്തിൽ കാർമേഘപടലങ്ങൾ ഉരുണ്ടുകൂടുന്നു. അവൾ കുട ചുരുക്കി കാറ്റിൽ വീശി മഴത്തുള്ളികൾ തെറിപ്പിച്ചു കളഞ്ഞിട്ട്  ബാഗിൽ വെച്ചു. സാരിയുടെ അറ്റം പൊക്കിപ്പിടിച്ചു കൊണ്ട് മണൽ നിരപ്പിലെ വെള്ളത്തിൽ നിന്നു കുഞ്ഞുങ്ങളെ ഓരോരുത്തരെയായി വളളത്തിൽ കയറ്റി. മുന്നോട്ടു വള്ളം തള്ളി പെട്ടെന്ന് അവൾ വള്ളത്തിൽ കയറി അറ്റത്തെ പടിയിലിരുന്ന് തുഴയെടുത്ത് തുഴയാൻ തുടങ്ങി. 

 

കായലോരത്തെ കൊച്ചോളങ്ങളെ മുറിച്ച് ആ പഴയ കൊതുമ്പുവള്ളം മുന്നോട്ടു കുതിച്ചു. ഏറ്റവും മുന്നിലെ പടിയിൽ സുമയും നടുവിലത്തെ പടിയിൽ സുമിയും ഏറ്റവും പിറകിൽ സുജാതയും ഇരുന്നു. അങ്ങകലെ കടലും കായലും സംഗമിക്കുന്നിടത്തെ ചീനവലകൾ മനുഷ്യരെപ്പോലെ മുങ്ങാംകുഴിയിടുകയും പിന്നെ പൊങ്ങി നിവരുകയും ചെയ്തു കൊണ്ടിരുന്നു. പൊങ്ങിവരുമ്പോൾ വെള്ളി മൽസ്യങ്ങളുടെ ജീവനു വേണ്ടിയുള്ള പിടച്ചിൽ ആ കുരുന്നുകളുടെ മനസിൽ വേദനയുണ്ടാക്കി.

" ചേച്ചി കണ്ടോ ആ പാവം മത്സ്യങ്ങളുടെ പിടയ്ക്കൽ. " അപ്പോൾ സുജാത ന്യായീകരിക്കും.

"നിങ്ങൾ കഴിക്കുന്ന മീൻകറിയിലെ മീനിൻ്റെ കരച്ചിൽ കേൾക്കാറില്ലെ?"

 

അവർ മൗനം പൂകും.

 " അവരുടെ മൗനം കാണുമ്പോൾ സുജാതയുടെ മനസു ചിരിക്കും. അവർ ഇനി എന്തെല്ലാം വൈരുദ്ധ്യങ്ങൾ കാണാനിരിക്കുന്നു. അവൾ ഒരു ദീർഘനിശ്വാസം വിട്ടു.

  അവൾ വിഷയം മാറ്റി.

" നോക്കു മക്കളെ, വളരെ താഴ്ന്നു പറക്കുന്ന ആ വിമാനം വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തിനെപ്പോലെയല്ലേ?" 

 

"ഓ ശരിയാ എത്ര താഴ്ന്നാണ് അതു പറക്കുന്നതു്?"

രണ്ടു പേരും ഒരുപോലെ കയ്യടിച്ചു സമ്മതിച്ചു.

പെട്ടെന്നു  മീൻകാരൻ പത്രോസ് മൂപ്പൻ്റെ വള്ളം എതിരേ വന്നു.

 അയാൾ  വള്ളം സുജാതയുടെ വള്ളത്തോടടുപ്പിച്ചു. 

 

"മോളെ,  നല്ല പിടയ്ക്കണ ചാള, നെയ്യുള്ള നാടൻ ചാള, ഇപ്പം മേടിച്ചാൽ കൂടുതൽ ലാഭം".

 

സമ്മതം മൂളും മുമ്പേ പത്രോസു മൂപ്പൻ മീൻ തൂക്കി കെട്ടി സുജാതയുടെ വള്ളത്തിലിട്ടു കൊടുത്തു മുന്നോട്ടു നീങ്ങി.

 

 സുജാതയ്ക്കു ചിരി പൊട്ടി.

" എന്നാ ചേച്ചി ചിരിക്കുന്നേ?" കുരുന്നുകൾ ജിജ്ഞാസ്സാലുക്കളായി. "ചുമ്മാ " അവൾ കണ്ണിറുക്കി - അവർ ചിരിച്ചു. കായലിൻ്റെ കുപ്പിവളകൾ കിലുങ്ങി.

 

 

 സുജാതയുടെ മുടിച്ചുരുളുകളും സാരിത്തലപ്പും കുസൃതിക്കാററിനോടു സല്ലപിച്ചുകൊണ്ടിരുന്നു. അമ്പലപ്പറമ്പിൻ്റെ മതിലിനോടു ചേർന്നൊഴുകുന്ന തോട്ടിലൂടെ ഇരുവശങ്ങളിലും വളർന്നു നില്ക്കുന്ന കണ്ടൽചെടികളെ ഉരുമ്മി  ആ വള്ളം അവരുടെ വീടിൻ്റെ കടവിലെ ഇലഞ്ഞിച്ചോട്ടിൽ എത്തി. 

 

അമ്മ ഏന്തി വലിഞ്ഞ് വന്നു, വാതുക്കൽ  നിൽപ്പുണ്ടായിരുന്നു. സുജാത  വള്ളത്തിൻ്റെചങ്ങല മരത്തിലേക്കു കെട്ടിയിട്ടു.

 അവർ മൂവരും  മുറ്റത്തേക്ക് കയറി. മണലിൽ അവരുടെ പാദങ്ങൾ ഞെരിഞ്ഞമർന്നു. ഓടുമേഞ്ഞ, മൂന്നു മുറിയും അടുക്കളയും തിണ്ണയുമുള്ള, കുമ്മായം പൂശിയ വൃത്തിയുള്ള വീട് അവരെ എതിരേറ്റു. കായൽക്കാറ്റിലെ ഉപ്പു രസത്തിൽ ഭിത്തിയിലെ കമ്മായം അടർന്നുവീണു കൊണ്ടിരുന്നു.

 

ജോക്കു ഓരോരുത്തരുടെയും കാലുകളിൽ മണത്തു വാലാട്ടി തൻ്റെ സന്തോഷം പ്രകടിപ്പിച്ചു. മീനിൻ്റെ മണം പിടിച്ച് കുറിഞ്ഞിപ്പൂച്ച എവിടെ നിന്നോ ചാടി വന്നു ങ്യാവൂ ങ്യാവുവിലൂടെ തൻ്റെ സാന്നിദ്ധ്യം അറിയിച്ചു.

 

വസ്ത്രം മാറ്റി വന്നു് മുറ്റത്ത് ഒരു കൊരണ്ടിയിട്ടു് സുജാത മീൻ വെട്ടാനിരുന്നു.  ജോക്കു കടവിലെ ചവിട്ടുകല്ലിൽ മുൻകാലുകൾ നിലത്തൂന്നി ഇരുന്നു. അവൻ്റെ കണ്ണുകൾ എല്ലായിടത്തും അലയുന്നുണ്ടെങ്കിലും പ്രധാനമായും സുജാതയുടെ മീൻചട്ടിയിലാണ്  ഉടക്കുന്നത്. കുറിഞ്ഞിക്ക് ഇടക്കിടെ ചെറിയ ചെകിളകൾ ഇട്ടു കൊടുക്കുമ്പോൾ ജോക്കു ചെറുതായി മുറുമുറുക്കും. കുറുഞ്ഞിപ്പൂച്ച സുജാതയുടെ അരികിൽ ദേഹം ഉരുമ്മി നിന്നു. അതൊരു മണിയടിക്കലാണ്. ജോക്കുവിന് അതറിയാം.

കാക്കകളെ ഓടിക്കുന്ന ജോലി ജോക്കുവിനാണ്. കോഴികളെയും താറാവിനേയും കുറുഞ്ഞിപ്പൂച്ച കൈകാര്യം ചെയ്യും. താറാവുകൾ തത്തി തത്തി തോട്ടിൽ ചാടി നീന്തും. കോഴികൾ കൊക്കോക്കൊ ശബ്ദം ഉണ്ടാക്കി പ്രതിഷേധിക്കും. കുറുഞ്ഞി അതൊന്നും കാര്യമാക്കാറില്ല. ഇലഞ്ഞിമരത്തിൽ കൂടു കൂട്ടി കുടുംബസമേതം താമസിക്കുന്ന മഞ്ഞക്കിളികൾ ഇടക്കിടെ മൂളിപ്പാട്ട് പാടും. അവരും ആരേയോ വഴിക്കണ്ണുമായി കാത്തിരിക്കുന്നു.

 

സുജാത മീൻ വെട്ടിക്കഴുകി വൃത്തിയാക്കിയ ശേഷം ജോക്കുവിനും കുറുഞ്ഞിക്കും പ്രത്യേകം പ്രത്യേകം മീൻ ചവറു്  അവരുടെ സ്ഥലങ്ങളിൽ കൊടുക്കും.അവർ തിന്നതിൻ്റെ ബാക്കി തിന്നാൻ ഓടിപ്പോയ താറാവുകളും കോഴികളും എത്തും.

 

ജോക്കുവിനെ പൂട്ടിയിടാറില്ല. അവൻ കുറുഞ്ഞിയെപ്പോലെ തന്നെ സ്വതന്ത്രനായി ആ വീടിൻ്റെ ചുറ്റുവട്ടത്തു കഴിയുന്നു.  പക്ഷെ കുറുഞ്ഞിക്ക് വീടിനകത്തും സർവ്വ സ്വതന്ത്രയാണ്. അത്രയും സ്വാതന്ത്ര്യം ജോക്കുവിനില്ല. കാരണം അവൻ പോലീസും കാവൽ ഭടനുമാണ്. പോലീസിന് അകത്തു പ്രവേശനമില്ല.  ജോക്കുവിന് സ്വാതന്ത്യത്തിൻ്റെ വിലയും പരിമിതിയും നന്നായി അറിയാം. 

 

ഇവർക്കെല്ലാം പരിശീലനം നല്കിയത് സുജാതയാണ്. അവൾ അടയാളപ്പെടുത്തിയിട്ടുള്ള ലക്ഷമണരേഖ ആ  ജീവികൾ ലംഘിക്കാറില്ല. രാത്രിയും പകലും ജോക്കുവിൻ്റെ നിതാന്ത ജാഗ്രതയിലാണ് ആ കൊച്ചു ഭവനത്തിൻ്റെ സുരക്ഷിതത്വം നിലകൊള്ളുന്നത്. ഭക്ഷണത്തിനു ശേഷം ഓരോരുത്തരും ഒരു കൈപ്പിടി ഭക്ഷണം ജോക്കുവിന് കൊടുക്കണം.

 

 വേലിയേറ്റത്തിൽ ഏറ്റവും കൂടുതൽ അനാഥ ശവങ്ങൾ അടിഞ്ഞുകൂടുന്ന സ്ഥലമാണ് കടലിനും കായലിനും ഇടക്കുള്ള ആഞ്ഞിലിക്കാട്. വേലിയിറക്കത്തിൽ ചിലത് ഒഴുകി കടലിലേക്കു പോകും. അവിടെ മൂന്നു പടുകൂറ്റൻ ആഞ്ഞിലിമരങ്ങൾ ഇടതൂർന്നു നില്ക്കുന്നു. നഗരത്തിലെ ഏറ്റവും കൂടുതൽ പറവകളുടെ വിശ്രമസ്ഥലമാണ് ആ വൃക്ഷ ശിഖരങ്ങൾ. പകൽ പോലും പ്രേതങ്ങൾ അലയുന്ന പുരാതന ഫ്രഞ്ച് ശ്മശാനം കാടുപിടിച്ചു കിടക്കുന്നു. വിവിധ തരം പക്ഷികൾ, ഉരഗങ്ങൾ, അപൂർവ്വ സസ്യജീവജാലങ്ങളുടെ സങ്കേതം ! തോടിൻ്റെ ഇരുവശങ്ങളിലും ഇടതൂർന്നു വളർന്നു നില്ക്കുന്ന കണ്ടൽച്ചെടികൾ സമൃദ്ധമായ ജലജീവികളുടെ ആവാസ കേന്ദ്രമാണ്. സുന്ദരികളായ വെള്ള കൊക്കുകളാണ് ഇവിടെ ആധിപത്യം പുലർത്തുന്നത്.

 

ജോക്കു ഒരു പ്രത്യേക രീതിയിൽ മെല്ലെ കുരച്ചു. പരിചയക്കാർ കടവിൽ അടുക്കുമ്പോഴാണ് ജോക്കു അങ്ങിനെ കുരയ്ക്കുന്നത്

 

" പത്രോസ് മൂപ്പൻ വന്നു "

 

 സുമിയും സുമയും ഒന്നിച്ചു വിളിച്ചു കൂവി. ശബ്ദം കേട്ട് സുജാത പാത്രത്തിൽ ശേഖരിച്ച താറാം മുട്ടകളും കോഴിമുട്ടകളുമായി മുറ്റത്തെ ചരലിലൂടെ കടവിലെ കൽപ്പടവിൽ വന്നു. ജോക്കു ഭവ്യമായി വാലാട്ടിക്കൊണ്ട് സുജാതയുടെ സാരിയിൽ ചാരി നിന്നു. 

 

വള്ളത്തിലിരുന്നു കൊണ്ട് പത്രോസ് മൂപ്പൻ മുട്ടകൾ എണ്ണി തിട്ടപ്പെടുത്തി രണ്ടു കുട്ടകളിലെ വൈക്കോലിൽ വെച്ചിട്ട് കണക്കു തീർത്തു ബാക്കി പണം സുജാതയെ ഏല്പ്പിപ്പിച്ചു.

 

 പതിവുപോലെ വള്ളത്തിൽ ബാക്കി വന്ന ചെറു മീനുകളെ കരയിൽ കൊതിയൂറി നാക്കും നീട്ടിനില്ക്കുന്ന ജോക്കുവിനും കുറിഞ്ഞിയ്ക്കും പരിവാരങ്ങൾക്കുമായി പത്രോസ് മൂപ്പൻ എറിഞ്ഞു കൊടുത്തു. 

 

പത്രോസ് മൂപ്പൻ്റെ വള്ളമടുക്കുമ്പോഴേക്കും കോഴികളും താറാവുകളും കടവിൽ നിരന്നു കഴിഞ്ഞിരിക്കും. പള്ളിയിലെ പുണ്യാളൻ്റെ നേർച്ചസദ്യയ്ക്കു ഭക്തജനങ്ങൾ കൂടുന്നതു പോലെ. മൂപ്പൻ്റെ വള്ളം അകന്നു പോകുമ്പോൾ കൂട്ടവും പിരിഞ്ഞു പോകും. ഇരുട്ടു മൂടുപടമിട്ടാൽ പിന്നെ  ആരും ആ തോട്ടിലൂടെ വള്ളത്തിൽ വരില്ല. എല്ലാവർക്കും ജീവനിൽ കൊതിയുണ്ട്.

 

 

തോട്ടിലേക്ക് ചാഞ്ഞു നില്ക്കുന്ന അരയാൽ മരത്തിൽ വർഷങ്ങളായി കൂടുകൂട്ടിയിരിക്കുന്ന കിളികളും ഏതോ വിരുന്നുകാരിയെ  കാത്തിരിക്കുന്ന മട്ടിൽ ഇരുട്ടിൽ കാ, കാ, കാ എന്നു വിളിച്ചുകൊണ്ടിരിക്കും.

 

അത്താഴം കഴിഞ്ഞ് സുജാത നൈറ്റി ധരിച്ചു കിടപ്പറയിലേക്കു ചെന്നു.  മുറിയിൽ സുമിയും സുമയും കെട്ടിപ്പിടിച്ചുറങ്ങുന്നു. 

 

"എൻ്റെ  സുധചേച്ചിയുടെ പിഞ്ചോമനകൾ ".  അവൾ നെടുവീർപ്പെട്ടു.

തുടരും

1_edited_edited.jpg
a_hyperrealistic_watercolor_depiction_of_an_indian_edited.jpg
AQMBnHy7KrZxQTmRPdODQX9Vr3U55OJObcIlMfyLfBg2_kEnaD0jgI_2BFWtuodOufyix3eKmN_-N6O3oKLZBU_S_e

Read part 2

athithi 2.png

@StoryHubCentral

bottom of page