
മൂക്കുത്തിയക്കാ
മൂക്കുത്തിയക്കാ കഥ അളകനന്ദിനി
ആദ്യഭാഗം
കരിമലപുഴയുടെ തീരത്തുറങ്ങുന്ന വെള്ളരിശ്ശേരി ഗ്രാമത്തിലെ സ്കൂളിലേയ്ക്കു അദ്ധ്യാപകനായി എത്തിയപ്പോൾ എനിക്കു വളരെ ആഹ്ളാദം തോന്നി.
എല്ലാ വൈകുന്നേരങ്ങളിലും ഞാൻ ആ നദീ തീരത്തുകൂടി നടക്കും. മലമടക്കുകളാൽ നാലുപാടും മതിലുകൾ തീർത്ത മനോഹരിയായ ഗ്രാമം. അതിനു ചുറ്റും വെള്ളിയരഞ്ഞാണമായി കുണുങ്ങിയൊഴുകുന്ന പുഴ. മുകളിൽ അപ്പൂപ്പൻ താടികളെ ചുമലിൽ വെച്ചൊഴുകുന്ന ആകാശം.
നാണം കുണുങ്ങിയായ പുഴയുടെ നഗ്നതയെ മറയ്ക്കാനെന്നോണം മാനംമുട്ടെ കാവൽ നില്ക്കുന്ന കാട്ടുമരങ്ങൾ.
ഒരു സായന്തനത്തിലെ തങ്കരശ്മികളുടെ തലോടലേറ്റ് ഞാൻ നടന്നു ചെന്നത് പുഴയുടെ തീരത്തുറങ്ങുന്ന ആ സിമത്തേരിക്കു മുന്നിലാണ്. അവിടെ കാറ്റിലാടുന്ന
ശവം നാറിപ്പൂക്കൾ എന്നെ നോക്കി എന്തോ പറഞ്ഞു കളിയാക്കിച്ചിരിച്ചു. ഞാൻ ഒരു മാത്ര ശങ്കിച്ചു നിന്നു ചുറ്റും നോക്കി. ഹൃദയഹാരിയായ, സാമ്യമകന്നോരുദ്യാനം പോലെ പരിലസിക്കുന്ന ശവക്കോട്ട. നിറയെ നിത്യനിദ്രകുടീരങ്ങൾ മുട്ടുകുത്തി പ്രാർത്ഥിക്കുന്നു. കുടുംമ്പക്കല്ലറകൾക്കു ചുറ്റും റോസും വാടാമല്ലിയും ബോഗൻ വില്ലകളും വിളറിച്ചിരിച്ചു നില്ക്കുന്നു.
അടുത്ത നാളുകളിൽ മരിച്ചവരുടെ ആത്മാക്കൾ സ്വർഗ്ഗത്തിലേക്ക് പറന്നപ്പോൾ തൊട്ടി കളിലുപേക്ഷിച്ച മുഷിഞ്ഞ വസ്ത്രങ്ങളിൽ നിന്നും ജീവൻ്റെ തുടിപ്പുള്ള പ്രാണികൾ വീണ്ടും പുറം ലോകത്തേയ്ക്കിറങ്ങുന്നതു ഞാൻ കണ്ടു.
"സാർ ഇവിടെ ?"
"ഞാൻ നടക്കാൻ വന്നതാണ് ".
സ്ക്കൂളിലെ പീയൂൺ.
"തങ്കപ്പൻ നായർ എങ്ങോട്ടാ?"
"ഞാൻ കൊച്ചമ്മയെ കാണാൻ പോയതാ എനിക്കു കുറച്ചു പണം അഡ്വാൻസ് വേണമായിരുന്നു. കിട്ടി "
"ഏതു കൊച്ചമ്മ എന്നു പിടികിട്ടാതെ വലഞ്ഞ എൻ്റെ മുഖം കണ്ട് അയാൾ പറഞ്ഞു.
"മാമ്മച്ചൻ സാറിൻ്റെ ഭാര്യ സൂസന്നകൊച്ചമ്മ."
എനിക്ക് അതൊരു പുതിയ അറിവായിരുന്നു. ഞാൻ മുന്നോട്ടു നടന്നു.
പാലത്തിന്നരുകിലുള്ള ഭാർഗ്ഗവിയമ്മയുടെ തട്ടുകടയിലക്ക് ഞാൻ കയറി വൈകിട്ടത്തെ ഭക്ഷണത്തിനായി. കഞ്ഞിയും പപ്പടവും ചെറുപയർ ഉലർത്തിയതും പിന്നെ ഉപ്പിലിട്ടതും കാണും.
" ഗൗതമേട്ടൻ എന്താ വൈകിയേ?" ചൂടുകഞ്ഞി മുന്നിൽ വയ്ക്കുമ്പോൾ ചിത്ര ശൃംഗാരച്ചിരിയോടെ ചോദിച്ചു. ഞാൻ കണ്ണിറുക്കി. അവളുടെ ശിരസ് നാണം കൂമ്പി കുനിഞ്ഞു മഴത്തുള്ളികളുടെ തലോടലേറ്റ് പൂമൊട്ട് വിടരുന്നപോലെ.
" എനിക്ക് സ്കൂളിൻ്റെ മാനേജരെ കാണണമായിരുന്നു.
" ആര്? ശിവകാമിയോ?"
"എൻ്റെ സാറെ തങ്കപ്പെട്ട മനസ്സാ അവരുടേത്.
ഈ തട്ടുകട തുടങ്ങാൻ പണം തന്നു് എന്നെ സഹായിച്ചത് അവരാ ".
പിന്നെ ഒരു മഹാ രഹസ്യം ചുരുളഴിക്കുന്നപോലെ ഭാർഗ്ഗവിയമ്മ മന്ത്രിച്ചു. "മലപ്പുറംകാരി ഖമറുന്നീസയ്ക്ക് തമിഴൻ കന്തസാമിയിലുണ്ടായ മോളാണ് ശിവകാമി ".
"ദേ പല്ലി സത്യം ചൊല്ലുന്നു."
ഇത്തവണ ഞാൻ ചിരിച്ചതു ചിത്ര കണ്ടു. അവൾ വാ പൊത്തി
"നീയെന്താടി എന്നെ കൊഞ്ഞനം കാണിക്കുന്നേ? പോടീ അകത്ത് "
ഭാർഗ്ഗവിയമ്മ മോളുടെ നേരെ തിരിഞ്ഞു. "എനിക്ക് ഒരു പപ്പടം കൂടി വേണം.'' അതുകേൾക്കാതെ ഭാർഗ്ഗവിയമ്മ തുടർന്നു.
"മാമ്മച്ചനുപദേശി ഖമറുന്നീസയുടെ കുടിലിൽ ഉപവാസ പ്രാർത്ഥനക്കു പതിവായി പോയ കൂട്ടത്തിൽ ശിവകാമിയെ കണ്ടുമുട്ടി. സുഖമില്ലാതെ കിടക്കുന്ന മാമ്മച്ചൻ്റെ ഭാര്യയെ ശുശ്രൂഷിക്കാൻ അവളെ വീട്ടിൽ കൊണ്ടുവന്നു നിർത്തി എന്തോ ഒരു വിചിത്ര പേരിട്ടു് നസ്റാണിയാക്കി. ഇപ്പം അവരാ മാനേജരു"
ഞാൻ കൈ കഴുകി പറ്റു ബുക്കിൽ എഴുതിയിട്ട് പുറത്തേക്കു നടന്നു.
പിറ്റേന്നു ക്ളാസ് കഴിഞ്ഞ് ഞാൻ മാമ്മച്ചൻ്റെ വീട്ടിലേയ്ക്കു നടന്നു.
ഗേറ്റ് തുറന്നു പടിക്കെട്ട് കയറി ചുവരിലെ കാളിംഗ് ബെല്ലിൽ അമർത്തിയപ്പോൾ ഒരു സ്ത്രീ വാതിൽ തുറന്നു.
നല്ല ഐശ്വര്യമുള്ള മുഖം. നീണ്ടു വളഞ്ഞ മൂക്ക്. തീഷ്ണമായ നക്ഷത്രക്കണ്ണുകൾ, ഗോതമ്പു നിറം. ഏറിയാൽ മുപ്പത്തഞ്ചു വയസു തോന്നിക്കും. കഴുത്തിലും കൈകളിലും നിറയെ സ്വർണ്ണാഭരണങ്ങൾ. വൈരമൂക്കുത്തി.
പെട്ടെന്ന് മറവിയുടെ മാറാലകളിൽ എവിടെയോ ആ വൈരമൂക്കുത്തി തൂങ്ങിക്കിടക്കുന്നതായി എനിക്കു തോന്നി.
" ഗൗതമനല്ലേ?''
ഞാൻ വിസ്മയിച്ചു.
"അതേ "
" ക്ലാസ്സിൽ ജോയിൻ ചെയ്തിട്ടും ഇവിടെ എന്തേ വരാൻ വൈകിയേ?" ചെറുപുഞ്ചിരിയോടെ അവർ ചോദിച്ചു.
എന്നോടു സംസാരിക്കുമ്പോഴും അവരുടെ കണ്ണും കാതും മനസ്സും ടി വി സ്ക്രീനിലായിരുന്നു. പെട്ടെന്നവർ കൊച്ചു പെൺകുട്ടിയേപ്പോലെ കയ്യടിച്ചു
ലയണൽ മെസ്സി അകലെ നിന്നു തൊടുത്തുവിട്ട പന്ത് ചാട്ടുളി പോലെ വളഞ്ഞ് ഫ്രാൻസിൻ്റെ ഗോൾവലയത്തിലെ പടിയിലുരുമ്മി വലയിൽ വീണു വലിയൊരു മത്സ്യത്തെപ്പോലെ
പിടഞ്ഞു.
ജനക്കൂട്ടത്തിൻ്റെ ആർപ്പുവിളി. സ്തബ്ധനായ ഗോൾകീപ്പറുടെ മുഖത്തും അത്ഭുതാദരങ്ങൾ പീലി വിടർത്തി.
സൂസന്ന കൊച്ചമ്മ മെസ്സിക്കു വായുവിൽ ചുംബനം കൊടുത്തു, ഒന്നല്ല, പലവട്ടം. ഞാൻ നാണിച്ചു തല താഴ്ത്തി.
" പിന്നെ വരാം." ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു .
സോറി, ഗൗതമൻ " അവർ ടി.വി.മൂകമാക്കി. പക്ഷെ കുറുക്കൻ്റെ കണ്ണുകൾ അപ്പോഴും കോഴിക്കൂട്ടിൽത്തന്നെയായിരുന്നു.
"സാർ എപ്പോൾ വരും?
"ഉപവാസ പ്രാർത്ഥനക്ക് പോയേക്കുവാ. ഇനി ബുധനാഴ്ചയേ മാമ്മച്ചൻ വരൂ ".
"എനിക്ക് കുറച്ചു പണം വേണമായിരുന്നു." "അതിനെന്താ ഞാൻ തരാമല്ലോ?
രശീതിൽ ഒപ്പിട്ടു തന്നാൽ മതി"
എനിക്കു സന്തോഷമായി.ഞാൻ തുക പറഞ്ഞു. അവർ വേഗം അകത്തേക്കു നടന്നു. വേലക്കാരി കപ്പിൽ ചായ കൊണ്ടുവന്നു.
" മെസ്സിയുടെ ആരാധികയാണല്ലേ?" ഞങ്ങൾക്കിടയിലെ മൗനം ഊതിക്കെടുത്താൻ ഞാൻ ചോദിച്ചു.
അവർ നാണത്തിൽ ചാലിച്ച ചിരിലൊതുക്കി. "പക്ഷെ മാമ്മച്ചായൻ പറേണത് ഇതെല്ലാം പാപമാണ്. എപ്പോഴും ബൈബിൾ വായിക്കാനാ".
അവർക്കു നന്ദി പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി.
പടിക്കലെത്തിയിട്ട് തിരിഞ്ഞു നോക്കി. പൂത്തുലഞ്ഞ വാകമരം പോലെ അവർ വാതുക്കൽ നില്ക്കുന്നു. ആ കണ്ണുകളിൽ ആയിരം മിന്നാമിനുങ്ങുകളുടെ ദീപാരാധന ഞാൻ കണ്ടു!
പടിക്കെട്ടുകളിറങ്ങുമ്പോൾ ഗൗരി എതിരേ വരുന്നു. '
"എന്താ, ഇന്ന് ഓട്ടം പോയില്ലേ?"
"ഇല്ല സാറേ,ഓട്ടോ വർക്ക് ഷാപ്പിലാ. ലേശം പണീണ്ടു്".
സൂസന്നകൊച്ചമ്മയെ കാണാൻ വന്നതാ "
"ആൾ അകത്തുണ്ട്."
"
അവൾ കൈകൂപ്പിക്കൊണ്ട് പടിക്കെട്ടുകൾ കയറിപ്പോയി.
ഞാൻ ലോഡ്ജിലേയ്ക്കു നടന്നു.
ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ഗ്രാമത്തിൻ്റെ മുകളിലെ ആകാശം ഗർജ്ജിച്ചു. ഇടിവെട്ടി.
രാത്രിയായപ്പോൾ കോരിച്ചൊരിയുന്ന മഴയും ഇടിയും മിന്നലും കൊടുങ്കാറ്റും. മരങ്ങൾ കടപുഴകി വീണു. ദിവസങ്ങളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആർക്കും പരാതിയില്ല പരിഭവമില്ല. പക്ഷെ എല്ലാ
രാത്രിയിലും മാമ്മച്ചൻ്റെ ബഗ്ളാവിൽ വെളിച്ചമുണ്ട്. പരിസരത്തുള്ള കുടിലുകളിൽ മണ്ണെണ്ണ വിളക്കുകളുടെ ചുറ്റും ഈയാംപാറ്റകൾ പാറിപ്പറന്നു കൊണ്ടിരുന്നു.
"എന്താണ് ആരും പരാതിപ്പെടാത്തത്?'' ഞാൻ ചോദിച്ചു.
"അതെല്ലാം വലിയ മെനക്കേടാ. ഞങ്ങളുടെ വീടുകളിൽ എമർജൻസി വിളക്കുണ്ട് ".
ആ രാത്രിയിൽ റാന്തലിൻ്റെ വെട്ടത്തിൽ ഞാൻ തലകുനിച്ചിരുന്ന് അടുത്ത ദിവസത്തെ ഗൃഹപാഠം ചെയ്യുകയായിരുന്നു.
വാതിലിൽ മുട്ടുകേട്ട് തലപൊക്കി പിന്നെ ജാഗ്രതയോടെ വാതിൽ തുറന്നു.
മഴയത്ത് മാമ്മച്ചൻ ഒരു ചെറിയ വൈദ്യുതി ട്രാൻസ്ഫർ ഉപകരണവുമായി വാതുക്കൽ.
"അല്പം കേടൊണ്ടു്. ഗൗതമന് നന്നാക്കാനറിയാല്ലോ. ഉപയോഗിച്ചോളൂ"
"ശരി. ഞാൻ നോക്കട്ടെ"
ആ ചെറിയ എമർജൻസി വിളക്ക് തന്നതിന് ഞാൻ അദ്ദേഹത്തിന് മനസ്സിൽ നന്ദി പറഞ്ഞു.
അദ്ദേഹം മഴയിൽ മാഞ്ഞു.
രാത്രി മുഴുവൻ കിണഞ്ഞു പരിശ്രമിച്ചപ്പോൾ വൈദ്യുത വിളക്കിൻ്റെ ദേഷ്യം മാറി. അവൾ മനസ്സു നിറഞ്ഞു ചിരിച്ചു. അവളെ പ്രത്യേക സ്ഥലത്തു പ്രതിഷ്ഠിച്ചു. ഇനി എന്നും ഇവൾ എനിക്കു പ്രകാശം തരുന്നവൾ. ഞാൻ
ഉറക്കത്തിലേക്കു തലകുത്തി വീണു.
വെളുപ്പിന് കറണ്ട് കറങ്ങിത്തിരിഞ്ഞ് എൻ്റെ മുറിയിലും എത്തിയിരുന്നു. പക്ഷെ ഞാൻ അറിഞ്ഞില്ല. ഒന്നും ഓഫാക്കിയില്ല. അവൾ കത്തിക്കിടന്നു.
വാതിലിൽ തുടർച്ചയായ മുട്ടു കേട്ടാണ് ഉണർന്നത്. മാമ്മച്ചൻ മുന്നിൽ.
"കറണ്ടു വന്നല്ലോ മാഷേ, ആ എമർജൻസി ഇങ്ങോട്ടു തന്നേരെ".
ഞാൻ കണ്ണു തിരുമ്മിച്ചെന്ന് ആ വൈദ്യുത ട്രാൻസ്ഫർ എടുത്ത് അദ്ദേഹത്തിനു കൊടുത്തു. അദ്ദേഹം പോയി. വീണ്ടും കറണ്ടു അവളുടെ വഴിക്ക് പൊയി. ഞാൻ ഇരുട്ടിൽ.
മഴ മാറി. ആകാശം ചിരിച്ചു. നല്ല തെളിഞ്ഞ സായന്തനം പടിഞ്ഞാറെ മലമടക്കുകളിലൂടെ സൂര്യാംശു പുഴയെ വാരിപ്പുണരുന്നു. തീരത്തിലൂടെ ഞാൻ ചെന്നു കയറിയത് വിജനമായ പടിക്കെട്ടിലാണ്. മൗനമായൊഴുകുന്ന പുഴയിൽ നീന്തിക്കളിക്കുന്ന മത്സ്യങ്ങളെ നോക്കിയിരുന്നു. പെട്ടെന്ന് എൻ്റെ കണ്ണുകൾ അകലെയുള്ള മാഞ്ചുവട്ടിലെ കൽബെഞ്ചിലിരുന്നു പുസ്തകം വായിക്കുന്ന സൂസന്ന കൊച്ചമ്മയിലേക്ക് പറന്നിറങ്ങി. തിളക്കുന്ന യൗവനം മായാൻ മടിച്ചു നിൽക്കുന്നു.
അവർ വന്ന മാരുതി കാർ അടുത്തുണ്ട്. എൻ്റെ ശ്രദ്ധ പതറി. ഞാൻ മരങ്ങളുടെ മറപറ്റി മാറിയിരുന്നു. എത്ര നേരം അങ്ങിനെ നോക്കിയിരുന്നെന്നറിഞ്ഞുകൂടാ. നദിയുടെ കുറുകെയുള്ള പാലത്തിലെ വിളക്കുകൾ ഞെട്ടിയുണർന്നപ്പോൾ അവർ പുസ്തകം വാനിറ്റി ബാഗിൽ വെച്ചെഴുന്നേറ്റു ഹൈഹീൽഡ് ഷൂസിൽ നൃത്തമാടുന്ന ഒരു വനദേവതയെപ്പോലെ. കാർ അകന്നുപോയി. പിറ്റേ ദിവസവും നടത്തത്തിനൊടുവിൽ ഞാൻ ആ കടവിൽ വിശ്രമിച്ചു. ചെറിയ ചാറ്റൽ മഴ പുഴയുടെ മാറിലേക്ക് വികാരവായ്പോടെ വീണുകൊണ്ടിരുന്നു. പുളകിതയായ പുഴ അവരെ വാരിപ്പുണർന്നുകൊണ്ടിരുന്നു.
സൂസന്നയുടെ കാറിൻ്റെ മൃദു സ്വരം. ഇന്ന് നീല ജീൻസും മഞ്ഞ ഷർട്ടുമാണ് വേഷം. തോളിലിട്ടിരുന്ന ലതർ ബാഗിൽ നിന്നും പുസ്തകമെടുത്ത് കടവിലെ കൽപ്പടവിലിരുന്ന് കാലിൽമേൽകാൽ കയറ്റി വെച്ച് വായന തുടങ്ങി. പെട്ടെന്ന് അതുവഴി വന്ന തെരുവുനായ എന്നെ നോക്കി കുരയ്ക്കാൻ തുടങ്ങി. പുസ്തകത്തിൽ നിന്നു കണ്ണെടുത്തു ചുറ്റും നോക്കി.
" ഗൗതമൻ എന്താ ഇവിടെ?"
ഞാൻ ആദരവോടെഎഴുന്നേറ്റ് അവരോടു് എൻ്റെ നടത്തത്തെക്കുറിച്ചു പറഞ്ഞു.
പ്രകൃതിയുടെ കാമുകനാണല്ലേ? അവളുടെ കുസൃതി പൊതിഞ്ഞ ആ വശ്യമാർന്ന പുഞ്ചിരി എൻ്റെ പൊടിപിടിച്ച ഓർമ്മച്ചിത്രങ്ങളിലെവിടെയോ പ്രതിദ്ധ്വനിക്കുന്നു. എൻ്റെയടുത്തു കൽപ്പടവിലിരുന്നപ്പോൾ അവളുടെ മാംസളമേനിയിലെ വിയർപ്പിൽ പൊതിഞ്ഞ മാദകഗന്ധം എന്നെ വരിഞ്ഞു മുറുക്കി.
ചാറ്റൽ മഴയിൽ ഞാൻ തൂവാലയെടുത്തു തലയിലിട്ടു. പക്ഷെ സൂസന്ന മഴത്തുള്ളികളുടെ തോഴിയായി അവിടെ നനഞ്ഞിരുന്നു.
"ഇവിടേയ്ക്ക് നാട്ടുകാർ ആരും വരില്ല. ദേ നോക്കൂ, പിറകിൽ ശവക്കോട്ടയാണ്. അവളുടെ ഭംഗിയുള്ള വിരലുകൾ വായുവിൽ നൃത്തമാടി. അതിനപ്പുറം കാണുന്നത് പഴയൊരു സർപ്പക്കാവാണ്. അതിനടുത്തു കാണുന്ന പഴയ കെട്ടിടം എൻ്റെ
bastille.
"അത് ഫ്രഞ്ചു ജയിലല്ലേ?" ഞാൻ പുരികം ചുളിച്ചു. അവൾ ചിരിച്ചു. "അതെ"
എനിക്കൊന്നും മനസ്സിലായില്ല.
ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു. എല്ലാം സ്ക്കൂൾ നടത്തിപ്പിനെക്കുറിച്ചായിരുന്നു. പാലത്തിൽ വിളക്കുകൾ ഉണർന്നപ്പോൾ അവൾ എഴുന്നേറ്റു.
" ഗൗതമൻ വരുന്നോ?
"നന്ദി. എനിക്കു നടക്കുന്നതാണ് ഇഷ്ടം'' "ഒ.കെ.ഗുഡ് നൈറ്റ് "
അവരുടെ കാർ അകന്നുപോയി.
എനിക്ക് അവരെക്കുറിച്ചറിയാനുള്ള ജിജ്ഞാസ വർദ്ധിച്ചു വന്നതേയുള്ളു.
ഞാൻ ഗ്രാമത്തെ തൊട്ടറിഞ്ഞപ്പോൾ
അറുപത്തഞ്ചു കഴിഞ്ഞ മാമ്മച്ചൻ ഉപദേശിക്ക് സ്കൂളിൻ്റെ മാനേജ്മെൻ്റിൽ യാതൊരധികാരവു മില്ലെന്നെനിക്കു ബോദ്ധ്യമായി.
മാത്രമല്ല സൂസമ്മക്കൊച്ചമ്മയെക്കുറിച്ചു നാട്ടുകാർക്ക് നൂറു നാവാണുള്ളത്. എല്ലാം ഊഹാപോഹങ്ങളാണെന്നു മനസ്സിലാക്കാൻ സാമാന്യ ബുദ്ധിമതി.
വേനൽക്കാലം ഓടി മറഞ്ഞു. മഴക്കാലം തുടങ്ങി.
ഒരു സന്ധ്യയിൽ പ്രകൃതി നടത്തിയ താണ്ഡവ നൃത്തത്തിൽ ആ വെള്ളരിശ്ശേരി ഗ്രാമം ആടിയുലഞ്ഞു. മരങ്ങളെ അവൾ കടപുഴക്കിയെറിഞ്ഞു. കോരിച്ചൊരിയുന്ന മഴയിലും കൊടുങ്കാറ്റിലും ഗ്രാമം വിറങ്ങലിച്ചു. എങ്ങും ഇരുട്ടു മാത്രം. മലവെള്ളപ്പാച്ചിലിൽ റോഡുകൾ തോടുകളായി. സന്ധ്യയിൽ വലിയൊരു ശബ്ദം കേട്ടാണ് ഞാൻ കതകു തുറന്നുത്. തെരുവുകളിലൂടെ മലവെള്ളം കുത്തിയൊലിച്ചൊഴുകുന്നു. ഭുമിയിലേക്കു നീണ്ടു വരുന്ന മൃത്യുവിൻ്റെ മിന്നൽപ്പിണരുകൾ.
വലിയ നിലവിളി മഴയുടെയും കാറ്റിൻ്റെയും അലർച്ചയിലും വ്യക്തമായി കേട്ടപ്പോൾ ഞാൻ മറ്റുള്ളവരോടൊപ്പം പുറത്തേക്കോടി.
മാമ്മച്ചൻ്റെ വീടിനു മുന്നിൽ നിന്നിരുന്ന ഭീമൻ മാവു് കടപുഴകി വീടിൻ്റെ മുകളിലേക്കു വീണു കിടക്കുന്നു.
അതിൻ്റെ ചില്ലകളും ഇലക്കൂമ്പാരവും ആ കൊട്ടാര സദൃശമായ വീടിനെ മറച്ചിരുന്നു. ചില്ലകൾ പെയ്തു കൊണ്ടിരുന്നു. ഞങ്ങൾ വളരെ സാഹസികമായി ആ തകർന്ന ബംഗ്ലാവിനുള്ളിലേക്ക് നുഴഞ്ഞു കയറി.
മാമ്മച്ചൻ മരച്ചില്ലകൾക്കിടയിൽ അനക്കമില്ലാതെ കിടക്കുന്നു. റ്റി.വി തകർന്നു സോഫകളും കസേരകളും മരച്ചില്ലകൾക്കിടയിൽ ഞെരിഞ്ഞമർന്നു കിടന്നു.
അദ്ദേഹത്തേയും ഭാര്യയെയും താങ്ങിപ്പിടിച്ച് പുറത്തെത്തിച്ചു. ഞാനും സഹപ്രവർത്തകരും മഴു കൊണ്ട് മരച്ചില്ലകൾ വെട്ടിമാറ്റി.
മാമ്മച്ചൻ സാറിനേയും ഭാര്യയേയും ആംബുലൻസിൽ ഹോസ്പിറ്റലിലെത്തിച്ചു. ബോധരഹിതനായ മാമ്മച്ചനെ ഐസിയുവിലേയ്ക്കും. നിസ്സാര പരിക്കുള്ള സൂസന്ന കൊച്ചമ്മയെ കാഷ്യാൽററിയിലേക്കും മാറ്റി.
അന്നു രാത്രി സൂസന്ന കൊച്ചമ്മ എന്നെ അരുകിലേക്കു വിളിച്ചു. മുറി അകത്തുനിന്നു പൂട്ടാൻ പറഞ്ഞു.
"വീട് ഭദ്രമായി പൂട്ടി താക്കോൽ കൂട്ടവുമായി വേഗം തിരിച്ചെത്തണം. എൻ്റെ അരഞ്ഞാണത്തിൽ താക്കോലുണ്ട്"
അവൾ എൻ്റെ ചെവിയിൽ മന്ത്രിച്ചു. അവരുടെ തടിച്ച അരക്കെട്ടിലെ മാംസളതയിൽ എൻ്റെ വിറയാർന്ന കൈകൾ പതറി നടന്നു കള്ളൻ കക്കാൻ കയറുന്നപോലെ. ഇരുട്ടിൽ വെട്ടിത്തിളങ്ങുന്ന തടിച്ച സ്വർണ്ണ അരഞ്ഞാണത്തിൽ നിന്നും താക്കോൽ കൂട്ട മടങ്ങിയ പഴ്സ് ഒരു വിധം ഞാൻ ഊരിയെടുത്തു.
രാത്രിയിൽ ഞാൻ ആ തകർന്നു കിടക്കുന്ന ബംഗ്ലാവിലേക്ക് ടോർച്ചുമായി നുഴഞ്ഞു കയറി. എല്ലാ മുറികളിലും ടോർച്ചുമിന്നിച്ച് സൂഷ്മ നിരീക്ഷണം നടത്തി. അവരുടെ കിടപ്പറയിൽ ഒരു മിന്നലാട്ടം! നോക്കിയപ്പോൾ കിടക്കയിൽ വിരിച്ചിരിക്കുന്ന തുണികൾ ചിതറിക്കിടക്കുന്നു.
വളരെ കഷ്ടപ്പെട്ട് ആ ഡബിൾ മെത്ത പൊക്കി നോക്കി. കറുത്ത ബഡ്ഷീറ്റുകൾക്കുള്ളിൽ റബ്ബർഷീറ്റുകൊണ്ടു പൊതിഞ്ഞ പെട്ടി. എൻ്റെ കണ്ണു മഞ്ചിപ്പോയി.
സ്വർണ്ണാഭരണങ്ങളുടെ കലവറ. അതിനോടു ചേർന്ന പെട്ടിയിൽ നിന്നും അഞ്ഞൂറിൻ്റെ അനേകം നോട്ടുകെട്ടുകൾ. ചില കെട്ടുകൾ ചിതറിക്കിടുന്നു. അതെല്ലാം ഞാൻ അടുക്കി വെയ്ക്കുമ്പോൾ, രണ്ടു തടിച്ച ബുക്കുകൾ കണ്ണിൽ പെട്ടു .
ഞാൻ ആദ്യ പേജുകൾ മറിച്ചു. അതിൽ അവരുടെ ഡയറിക്കുറിപ്പുകളായിരുന്നു. നല്ല വടിവൊത്ത അക്ഷരങ്ങൾ! ഞാൻ തേടിയലഞ്ഞതു കാലിൽ ചുറ്റിയ പ്രതീതി.
വീടു പുറത്തു നിന്നു പൂട്ടി ഞാൻ ഹോസ്പിറ്റലിലേയ്ക്കു ചെന്നു.
സൂസന്ന എന്നെ കാത്തു കിടക്കുകയാണെന്ന് എനിക്കു തോന്നി. ഞാൻ വാതിൽ അകത്തുനിന്നു ബന്ധിച്ച ശേഷം അവരുടെ സമീപം ചെന്നു.
താക്കോൽ അടങ്ങിയ പേഴ്സ് അരഞ്ഞാണത്തിലെ കൊളുത്തിൽ ഒരു വിധം കുടുക്കി. അപ്പോഴും എൻ്റെ കൈത്തണ്ടയിൽ അവരുടെ കൈവിരലുകൾ മുറുകെപ്പിടിച്ചിരുന്നു. എൻ്റെ ചെവിയിൽ അവരുടെ മൃദുസ്വനം "വളരെ നന്ദി ."
ഞാൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി ഓട്ടോയിൽ കയറി എൻ്റെ മുറിയിലെത്തി ആ രണ്ടു ഡയറികൾ തുറന്നു. പല ദിവസങ്ങളിലെ ശ്രമഫലമായി
അവർ തന്നെ ഉണ്ടാക്കിയ വിചിത്ര കോഡുകൾ ഞാൻ തുറന്നു. സംഖ്യകളും ചിഹ്നങ്ങളുമാണ് പലപ്പോഴും അക്ഷരങ്ങൾക്കു പകരം ഉപയോഗിച്ചിരിയ്ക്കുന്നത്.
താളുകൾ മറിയും തോറും എൻ്റെ ഉറക്കവും ക്ഷീണവും പമ്പ കടന്നു. ജനൽചില്ലകളിലൂടെ സൂര്യകിരണങ്ങൾ ഒളിഞ്ഞു നോക്കി ചിരിച്ചപ്പോഴാണ് ഞാൻ ആ രഹസ്യശേഖരം അടച്ചു കിടക്കയിലേയ്ക്കു മറിഞ്ഞത്.
അന്നു രാത്രി എൻ്റെ മുറിയിൽ ഞാൻ പകർത്തിയെഴുതിയ മാഡത്തിൻ്റെ ഡയറിക്കുറിപ്പിലെ പ്രസക്തഭാഗങ്ങൾ വീണ്ടും വീണ്ടും വായിച്ചു. വരികൾക്കിടയിലൊളിഞ്ഞു കിടക്കുന്ന മുത്തുമണികൾ കണ്ടെത്താനുള്ള ശ്രമം.
ഇപ്പോൾ മറവിയുടെ കനത്ത മൂടൽമഞ്ഞിലൂടെ മൂക്കുത്തിയക്കയുടെ മെലിഞ്ഞു പോക്കമുള്ള രൂപം സാവധാനം തെളിഞ്ഞു വരുന്നു.
എൻ്റെ തറവാട്ടിലെ അടുക്കളയുടെ പിറകിലുള്ള ഇരുട്ടുമുറിയിൽ നിന്നും അവർ ഭക്ഷണം കഴിക്കാൻ പതുങ്ങിപ്പതുങ്ങി അടുക്കളയിലേയ്ക്കു വരുമ്പോഴാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്. അവരുടെ തിളങ്ങുന്ന വൈരമൂക്കുത്തിയാണ് എന്നെ ആകർഷിച്ചത്. ഞാൻ "മൂക്കുത്തിയക്കാ" എന്നു വിളിച്ചു.
ഞാൻ ഓർക്കുന്നു ചിലപ്പോൾ ആപാദചൂഡം കറുത്ത പർദ്ദ ധരിച്ച മുസ്ളീം പെണ്ണായും മറ്റവസരങ്ങളിൽ ചുരിദാറും കമ്മീസും ധരിച്ച പഞ്ചാബി പെണ്ണായും, നെറ്റിയിൽ ചുവന്ന സുമംഗലിപ്പൊട്ടു ധരിച്ച ഹിന്ദു പെൺകുട്ടിയായും ക്രസ്ത്യൻ കന്യാസ്ത്രീയുടെ വേഷത്തിലും വന്നിരുന്ന അക്കാ നാടക ട്രൂപ്പിൽ അഭിനയിക്കുകയാണെന്നാണ് അമ്മ എന്നോടു പറഞ്ഞിരുന്നത്.
തുടരും....




